22 Sunday
December 2024
2024 December 22
1446 Joumada II 20

വിവിധ പേരുകളില്‍ അറിയപ്പെടുന്ന രാത്രി നമസ്‌കാരം

അനസ് എടവനക്കാട്‌


മുന്‍ സമുദായക്കാര്‍ക്കു മുതല്‍ ഉണ്ടായിരുന്നതും ഇസ്‌ലാമിന്റെ ആദ്യകാലത്ത് ഒരു വര്‍ഷത്തോളം ഫര്‍ദാക്കപ്പെട്ടതും പിന്നീട് സുന്നത്താക്കപ്പെട്ടതുമായ നമസ്‌കാരമാണ് രാത്രി നമസ്‌കാരം അഥവാ ഖിയാമുല്ലൈല്‍. ‘രാത്രിയിലെ നിന്നുള്ള നമസ്‌കാരം’ എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. അഞ്ചു നേരത്തെ നിര്‍ബന്ധ നമസ്‌കാരങ്ങള്‍ക്കു ശേഷം ഏറ്റവും പുണ്യമേറിയ നമസ്‌കാരമാണിത്. രാത്രിയില്‍ ഒരു മണിക്കൂര്‍ നിന്ന് നമസ്‌കരിച്ചാലും, രാത്രിയുടെ ഏതെങ്കിലും യാമങ്ങള്‍ മുഴുവനായും നിന്ന് നമസ്‌കരിച്ചാലും ഉറങ്ങിയ ശേഷമോ ഉറങ്ങുന്നതിനു മുമ്പോ നമസ്‌കരിച്ചാലും ഖിയാമുല്ലൈലിന്റെ പരിധിയില്‍ വരും. (പക്ഷേ പ്രവാചകന്‍ ഒരിക്കലും രാത്രി പൂര്‍ണമായും ഉറക്കം ഒഴിവാക്കി നമസ്‌കരിച്ചിരുന്നില്ല).
വിശുദ്ധ ഖുര്‍ആനില്‍ ഈ നമസ്‌കാരത്തിനു സ്വീകരിച്ചിരിക്കുന്ന പേരില്‍ ഒന്ന് ഇതുതന്നെയാണ്. തഹജ്ജുദ് എന്ന പേരും ഖുര്‍ആനില്‍ വന്നിട്ടുണ്ട്. രാത്രി അല്‍പം ഉറങ്ങിയ ശേഷം ഉണര്‍ന്ന് നമസ്‌കാരം നിര്‍വഹിക്കുമ്പോഴാണ് പ്രസ്തുത രാത്രിനമസ്‌കാരത്തിന് തഹജ്ജുദ് എന്നു പറയുക എന്നതാണ് ചില പണ്ഡിതന്മാരുടെ നിരീക്ഷണം. അവര്‍ തെളിവാക്കാറുള്ളത് ഈ ഹദീസാണ്:
ഹജ്ജാജ് ഇബ്‌നു അംറുല്‍ അന്‍സ്വാരി(റ) പറയുന്നു: ”നിങ്ങളില്‍ ഒരാള്‍ വിചാരിക്കുന്നു, അവന്‍ രാത്രിയില്‍ എഴുന്നേറ്റ് രാവിലെ വരെ നമസ്‌കരിച്ചാല്‍ താന്‍ ചെയ്തത് തഹജ്ജുദാണെന്ന്. വാസ്തവത്തില്‍ തഹജ്ജുദ് എന്നാല്‍ ഉറക്കത്തിനു ശേഷം നമസ്‌കരിക്കുക, വീണ്ടും ഉറങ്ങിയ ശേഷം നമസ്‌കരിക്കുക. അങ്ങനെയാണ് അല്ലാഹുവിന്റെ റസൂല്‍(സ) പ്രാര്‍ഥിച്ചത്” (ഖുര്‍ആന്‍ 17:79).
പരസ്പരവിരുദ്ധമായ കാര്യങ്ങളായ ഉറക്കവും ഉണര്‍വും വന്നതിനാലാണ് ഹുജൂദ് എന്ന പദത്തില്‍ നിന്നു തഹജ്ജുദ് ഉണ്ടായത്. ഒറ്റയായി അവസാനിപ്പിക്കുന്ന നമസ്‌കാരമായതിനാല്‍ ഇതിനെ മൊത്തത്തില്‍ വിത്ര്‍ എന്നും, നമസ്‌കാരത്തിന്റെ അവസാനത്തെ ഒറ്റയായ റക്അത്തുകളെ മാത്രം ചേര്‍ത്ത് പ്രത്യേകമായി വിത്ര്‍ എന്നും വിളിക്കാറുണ്ട്. റമദാനില്‍ ഈ നമസ്‌കാരം നിര്‍വഹിക്കുമ്പോള്‍ ഖിയാമു റമദാന്‍ എന്നോ തറാവീഹ് എന്നോ പേര് പറയുന്നു. നമസ്‌കാര ശേഷം ഇടയ്ക്ക് വിശ്രമം എടുക്കുന്നതിനാലാണ് തറാവീഹ് എന്ന പേര് വന്നത്. പ്രവാചകന്റെ കാലത്ത് തറാവീഹ് എന്നു പറഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ ഹദീസിന്റെ പദങ്ങളില്‍ അത്തരം ഒരു വാക്ക് കടന്നുവരുന്നുമില്ല.
റമദാനിലെ രാത്രിനമസ്‌കാരത്തിനു പ്രത്യേക പുണ്യം ഹദീസുകളില്‍ പറയുന്നത് കാണാം. അബൂഹുറയ്‌റ(റ) പറയുന്നു: റമദാനിലെ സുന്നത്ത് നമസ്‌കാരത്തെപ്പറ്റി (തറാവീഹ് ആണ് ഉദ്ദേശ്യം) റസൂല്‍(സ) കൂടുതല്‍ പ്രോത്സാഹനം നല്‍കിക്കൊണ്ടിരുന്നു. പക്ഷേ, നിര്‍ബന്ധമായി അത് കല്‍പിച്ചിരുന്നില്ല. അവിടന്ന് പറയാറുണ്ട്: റമദാനില്‍ വല്ലവനും വിശ്വാസദാര്‍ഢ്യത്തോടെയും പ്രതിഫലേച്ഛയോടെയും നമസ്‌കാരം (തറാവീഹ്) നിര്‍വഹിക്കുന്നുവെങ്കില്‍ മുന്‍കഴിഞ്ഞ ചെറുപാപങ്ങള്‍ അവനു പൊറുക്കപ്പെടും (മുസ്‌ലിം 759).
അബൂഹുറയ്‌റ(റ) പറയുന്നു: ലൈലത്തുല്‍ ഖദ്‌റിന്റെ രാത്രിയില്‍ വല്ലവനും വിശ്വാസം കാരണമായും പ്രതിഫലം ആഗ്രഹിച്ചുകൊണ്ടും എഴുന്നേറ്റു നമസ്‌കരിച്ചാല്‍ അവന്റെ പാപങ്ങളില്‍ നിന്നു പൊറുക്കപ്പെടും. വല്ലവനും റമദാനില്‍ നോമ്പനുഷ്ഠിച്ചാല്‍ അവന്റെ പാപങ്ങളില്‍ നിന്ന് പൊറുക്കപ്പെടും. അവന്റെ പ്രേരകം വിശ്വാസവും പ്രതിഫേലച്ഛയുമായിരിക്കണം (ബുഖാരി).
ഖിയാമുല്ലൈല്‍
എങ്ങനെ
നമസ്‌കരിക്കണം?

അബ്ദുല്ലാഹിബിനു ഉമര്‍(റ) പറയുന്നു: ഒരു മനുഷ്യന്‍ എഴുന്നേറ്റു നിന്ന് ഇങ്ങനെ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, രാത്രിയിലെ നമസ്‌കാരം എങ്ങനെയാണ്? അവിടന്ന് പറഞ്ഞു: രാത്രിയിലെ നമസ്‌കാരം ഈരണ്ട് (റക്അത്ത്) ആണ്. അങ്ങനെ സുബ്ഹി ആകുന്നുവെന്ന് നീ ശങ്കിച്ചാല്‍ അന്നേരം ഒരു റക്അത്ത് കൊണ്ട് വിത്ര്‍ ആക്കുക (മുസ്‌ലിം 1241, തിര്‍മിദി, നസാഈ).
റസൂല്‍ തിരുമേനിയുടെ പതിവുരീതി, രാത്രിയുടെ ആദ്യഭാഗം ഉറങ്ങുകയും അവസാന ഭാഗം എഴുന്നേറ്റ് നമസ്‌കരിക്കുകയുമായിരുന്നു എന്നാണ് പൊതുവായി മനസ്സിലാക്കാന്‍ കഴിയുന്നത് (ബുഖാരി 1078). എന്നിരുന്നാലും റസൂല്‍(സ) രാത്രിയുടെ എല്ലാ ഭാഗങ്ങളിലും- അതിന്റെ ആദ്യസമയത്തും മധ്യസമയത്തും അവസാന സമയത്തും- വിത്ര്‍ നമസ്‌കരിച്ചിട്ടുണ്ട്. അത്താഴസമയം വരെ അദ്ദേഹത്തിന്റെ വിത്ര്‍ എത്തിയിട്ടുണ്ട് എന്നും ഹദീസുകളില്‍ വന്നിട്ടുണ്ട് (മുസ്‌ലിം 1231, അഹ്മദ്).
നബി(സ) പറയുന്നു: രാത്രിയിലെ നമസ്‌കാരത്തില്‍ അവസാനത്തേത് നിങ്ങള്‍ വിത്ര്‍ (ഒറ്റ) ആക്കുക (ബുഖാരി 943, മുസ്‌ലിം).
തറാവീഹിന്റെ റക്അത്തുകള്‍
മുസ്‌ലിം പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ ഐക്യമില്ലാത്ത സംഗതിയാണിത്. ഇത് 11, 13, 20, 24, 34, 36, 46, 47 റക്അത്തുകളാണ് എന്നിങ്ങനെ വിവിധ അഭിപ്രായങ്ങള്‍ പണ്ഡിതന്മാര്‍ പ്രകടിപ്പിച്ചതു കാണാം. ഇതില്‍ ഒറ്റയായത് വിത്ര്‍ കൂട്ടിയതും അല്ലാത്തത് വിത്ര്‍ കൂട്ടാത്തതുമാണ്. ഈ അഭിപ്രായങ്ങളെല്ലാം ഫത്ഹുല്‍ ബാരി (4:235, 230, 253, 254), താരീഖുല്‍ ഖരീസ് (2:306, 356), മുഹാദ്വറാത്തു താരീഖില്‍ ഉമ്മില്‍ ഇസ്‌ലാമി (2:22) തുടങ്ങിയവയിലും മറ്റും കാണാവുന്നതാണ്.
അബൂസലമ(റ) പറയുന്നു: റമദാന്‍ മാസത്തിലെ നബി(സ)യുടെ രാത്രി നമസ്‌കാരം എങ്ങനെയായിരുന്നുവെന്ന് ഞാന്‍ ആയിശ(റ)യോട് ചോദിച്ചു. അവര്‍ പറഞ്ഞു: നബി(സ) റമദാനിലും റമദാനല്ലാത്ത കാലത്തും പതിനൊന്ന് റക്അത്തിലധികം നമസ്‌കരിച്ചിട്ടില്ല (ബുഖാരി). ചില നിവേദനങ്ങളില്‍ 13 റക്അത്ത് എന്ന് സ്വഹീഹായി വന്നിട്ടുള്ളത് ഇശാക്ക് ശേഷമുള്ള രണ്ടു റക്അത്ത് സുന്നത്തോ സുബ്ഹിക്കു മുമ്പുള്ള രണ്ടു റക്അത്ത് സുന്നത്തോ ചേര്‍ത്തുപറയുന്നതാണെന്ന് മറ്റു ഹദീസുകളില്‍ നിന്ന് വ്യക്തമാകുന്നതാണ്.
ജനങ്ങള്‍ക്ക് ഇമാമായി നിന്നുകൊണ്ട് റസൂല്‍(സ) മൂന്നു ദിവസം മാത്രമേ റമദാനിലെ രാത്രിനമസ്‌കാരം (തറാവീഹ്) നിര്‍വഹിച്ചിട്ടുള്ളൂ. പിന്നീട് അത് ജനങ്ങള്‍ക്കു മേല്‍ ഫര്‍ദാക്കപ്പെടുമെന്നു ഭയന്ന് നബി(സ) ഉപേക്ഷിക്കുകയായിരുന്നു എന്ന് ആയിശ(റ) ഉദ്ധരിക്കുന്ന ഹദീസില്‍ വന്നിട്ടുണ്ട് (ഫത്ഹുല്‍ ബാരി 4:251). ഈ ദിവസങ്ങളില്‍ പ്രവാചകന്‍(സ) 11 റക്അത്തായിരുന്നു നിര്‍വഹിച്ചിരുന്നത് എന്ന് അബൂയഅ്‌ലയും ത്വബ്‌റാനിയും റിപോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ വന്നിട്ടുണ്ട്.
ജാബിര്‍(റ) ഉദ്ധരിക്കുന്നു: റമദാനില്‍ നബി(സ) (എട്ട് റക്അത്തും വിത്‌റും) ഞങ്ങള്‍ക്ക് ഇമാമായി നമസ്‌കരിച്ചു. അടുത്ത രാത്രിയില്‍ ഞങ്ങള്‍ പള്ളിയില്‍ ഒരുമിച്ചുകൂടി. നബി(സ) ഞങ്ങളുടെ അടുത്തേക്ക് പുറപ്പെടുമെന്ന് ഞങ്ങള്‍ ആശിച്ചു. പ്രഭാതം വരെ തിരുമേനി പുറപ്പെട്ടില്ല. പിന്നീട് ഞങ്ങള്‍ നബിയുടെ അടുത്തു ചെന്നു പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, ഞങ്ങള്‍ പള്ളിയില്‍ ഒരുമിച്ചുകൂടിയിരുന്നു. അവിടന്ന് ഞങ്ങള്‍ക്ക് ഇമാമായി നമസ്‌കരിക്കുമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചു. അവിടന്ന് പറഞ്ഞു: ഇത് നിങ്ങളുടെ മേല്‍ നിര്‍ബന്ധമാക്കപ്പെടുമെന്ന് ഞാന്‍ ഭയന്നു. (മജ്മൂഅ് അല്‍സവാഇദ് വ മന്‍ബഅല്‍ ഫവാഇദ്, ഇമാം ഹൈതമി 3:172). ഈ ഹദീസിന്റെ പരമ്പരയില്‍ വരുന്ന ഈസബ്‌നു ജാരിയ എന്ന റിപോര്‍ട്ടര്‍ യോഗ്യനാണെന്ന് ഇബ്‌നു ഹിബ്ബാനും മറ്റുള്ളവരും പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇബ്‌നു മഈന്‍ വിമര്‍ശനം പറഞ്ഞിട്ടുണ്ട്. കൂടാതെ ഇമാം ദഹബി പറയുന്നു: ഇതിന്റെ പരമ്പര മധ്യമനിലവാരം പുലര്‍ത്തുന്നു (മീസാനുല്‍ ഇഅ്തിദാല്‍: 311).
ഉമറിന്റെ(റ) കാലം വരെയും ഒരൊറ്റ ജമാഅത്തായി പള്ളികളില്‍ തറാവീഹ് നമസ്‌കാരം നടന്നിരുന്നില്ല. എന്നാല്‍ റസൂലിന്റെ(സ) മാതൃക ഉള്ളതുകൊണ്ടും ഇനി തറാവീഹ് നിര്‍ബന്ധമാക്കപ്പെടുമെന്ന ഭയം ഇല്ലാത്തതുകൊണ്ടും ഒറ്റയ്ക്കും ചെറിയ കൂട്ടങ്ങളായും പള്ളിയില്‍ നിര്‍വഹിക്കപ്പെട്ടുപോന്ന തറാവീഹ്, ഒരൊറ്റ ഇമാമിനു കീഴില്‍ നിര്‍വഹിക്കപ്പെടുന്ന ഒന്നാക്കി ഉമര്‍(റ) മാറ്റി. അത് ഹിജ്‌റ 14-നായിരുന്നു. സാഇബിബ്‌നു യസീദ് പറയുന്നു: ഉബയ്യിനോടും തമീമുദ്ദാരിയോടും ജനങ്ങള്‍ക്ക് 11 റക്അത്ത് ഇമാമായി നിന്ന് നമസ്‌കരിക്കാന്‍ ഉമര്‍(റ) കല്‍പിച്ചു. എന്നാല്‍ ഇമാം നൂറുകണക്കിന് ആയത്തുകള്‍ ഓതിയിരുന്നു. അങ്ങനെ ഞങ്ങള്‍ നിര്‍ത്തത്തിന്റെ ദൈര്‍ഘ്യത്തില്‍ വടികള്‍ ഊന്നി നില്‍ക്കാറുണ്ടായിരുന്നു. പ്രഭാതോദയത്തോടെയല്ലാതെ ഞങ്ങള്‍ പിരിഞ്ഞുപോവാറുണ്ടായിരുന്നില്ല (മുവത്വ 1:239).
ഈ ഹദീസ് വളരെയധികം സ്വീകാര്യമായ പരമ്പരയിലൂടെ സ്ഥിരപ്പെട്ടതാണെന്ന് ശൈഖ് അല്‍ബാനി പറയുന്നു (ഖിയാമു റമദാന്‍).
രാത്രിനമസ്‌കാരം ഏറ്റവും കുറവ് എത്ര റക്അത്താണ് എന്ന വിഷയത്തില്‍ പ്രവാചകനില്‍ നിന്ന് ഒന്നും സ്ഥിരപ്പെട്ടു വന്നത് കണ്ടിട്ടില്ല. എന്നാല്‍ മുആവിയയും (റ) സഅദിബ്‌നു അബീവഖാസും(റ) ഒരു റക്അത്ത് മാത്രമായി നമസ്‌കരിച്ചത് ഉദ്ധരിക്കപ്പെടുന്നുണ്ട് (ബുഖാരി 3764, 3765, 6356).
പ്രവാചകന്റെ രാത്രിനമസ്‌കാര രീതികള്‍
ചില സന്ദര്‍ഭങ്ങളില്‍ റസൂല്‍(സ) ഒമ്പതു റക്അത്ത് നമസ്‌കരിച്ച് സലാം വീട്ടും. എട്ടാമത്തെ റക്അത്തിലും ഒമ്പതാമത്തെ റക്അത്തിലും മാത്രമേ അത്തഹിയാത്തിനു വേണ്ടി ഇരിക്കൂ. ശേഷം ഇരുന്നുകൊണ്ട് രണ്ടു റക്അത്ത് നമസ്‌കരിച്ച് പതിനൊന്ന് പൂര്‍ത്തിയാക്കും (മുസ്‌ലിം 746ന്റെ ആശയം).
പ്രവാചകന് പ്രായമായപ്പോള്‍ അവിടന്ന് ഏഴു റക്അത്ത് നമസ്‌കരിച്ച് സലാം വീട്ടിയ ശേഷം ഇരുന്നുകൊണ്ട് രണ്ടു റക്അത്ത് നമസ്‌കരിക്കും. അങ്ങനെ 9 റക്അത്ത് പൂര്‍ത്തിയാക്കും (മുസ്‌ലിം 746ന്റെ ആശയം).
ചിലപ്പോള്‍ നബി(സ) ഈരണ്ട് റക്അത്ത് വീതം നമസ്‌കരിക്കുകയും അവയെ സലാം കൊണ്ട് വേര്‍പെടുത്തുകയും ശേഷം ഒരു റക്അത്ത് കൊണ്ട് വിത്ര്‍ ആക്കുകയും ചെയ്യാറുണ്ട് (മുസ്‌ലിം 753ന്റെ ആശയം).
ചിലപ്പോള്‍ തിരുമേനി(സ) നാല് റക്അത്ത് നമസ്‌കരിച്ച് സലാം വീട്ടും. വീണ്ടും നാല് റക്അത്ത് നമസ്‌കരിച്ച് സലാം വീട്ടും. പിന്നീട് മൂന്നു റക്അത്ത് നമസ്‌കരിച്ച് സലാം വീട്ടും. ശൈഖ് അല്‍ബാനി എഴുതുന്നു: ഈ നാലിലെയും മൂന്നിലെയും രണ്ടാമത്തെ റക്അത്തില്‍ ഇരിക്കാറുണ്ടോ? ഇക്കാര്യത്തില്‍ വ്യക്തമായ ഒരു മറുപടിയും നാം കണ്ടിട്ടില്ല. പക്ഷേ മൂന്നില്‍ (വിത്‌റില്‍) ഇരിക്കാവതല്ല (ഖിയാമു റമദാന്‍, ശൈഖ് അല്‍ബാനി).

ഖിയാമുല്ലൈല്‍: പാലിക്കേണ്ട മര്യാദകള്‍
വായ വൃത്തിയാക്കുക, ദിക്‌റുകള്‍ ചൊല്ലുക
ഹുദൈഫ(റ) പറയുന്നു: റസൂല്‍(സ) രാത്രിയില്‍ എഴുന്നേറ്റാല്‍ മിസ്‌വാക്ക് കൊണ്ട് തന്റെ വായ വൃത്തിയാക്കുമായിരുന്നു (ബുഖാരി 238, മുസ്‌ലിം). ചിലപ്പോള്‍ അവിടന്ന് നമസ്‌കാരത്തിന്റെ ഇടവേളകളില്‍ ഉറങ്ങുകയാണെങ്കില്‍ ഓരോ ഉണര്‍ച്ചയിലും മിസ്‌വാക്ക് ചെയ്യുകയും വുദ്വൂ പുതുക്കുകയും ചെയ്യാറുണ്ടായിരുന്നു (മുസ്‌ലിം 763).
നബി(സ) നമസ്‌കാരത്തിനായി ഉണര്‍ന്നാല്‍ അല്ലാഹു അക്ബര്‍, അല്‍ഹംദുലില്ലാഹ്, സുബ്ഹാനല്ലാഹി വബിഹംദിഹി, സുബ്ഹാനല്‍ മാലികുല്‍ ഖുദ്ദൂസ്, അസ്തഗ്ഫിറുല്ലാഹ്, ലാ ഇലാഹ ഇല്ലല്ലാഹ് എന്നീ ദിക്‌റുകള്‍ പത്തു തവണ വീതം ചൊല്ലാറുണ്ടായിരുന്നു. ശേഷം

Microsoft Word – Document1


അല്ലാഹുവേ, ഇഹലോകത്തിന്റെയും പുനരുദ്ധാരണനാളിന്റെയും പ്രയാസങ്ങളില്‍ നിന്ന് ഞാന്‍ നിന്നില്‍ അഭയം തേടുന്നു എന്ന പ്രാര്‍ഥന പത്തു തവണ ചൊല്ലുകയും ശേഷം നമസ്‌കാരം ആരംഭിക്കുകയും ചെയ്യും. (അബൂദാവൂദ് 5085. ഹസനായി ഉദ്ധരിച്ച ഹദീസിന്റെ ആശയം).
തുടക്കം ലഘുവാക്കുക
ആയിശ(റ) പറയുന്നു: റസൂല്‍(സ) രാത്രിനമസ്‌കാരത്തിനായി എഴുന്നേറ്റു നിന്നാല്‍, ലഘുവായ രണ്ടു റക്അത്ത് കൊണ്ടായിരുന്നു തന്റെ നമസ്‌കാരത്തിനു തുടക്കം കുറിച്ചിരുന്നത് (മുസ്‌ലിം 1286).
പാരായണം ഉറക്കെയും പതുക്കെയുമാകാം
റസൂലിന്റെ(സ) രാത്രിനമസ്‌കാരത്തിലെ പാരായണത്തെപ്പറ്റി ആയിശയോട് (റ) ചോദിക്കപ്പെട്ടപ്പോള്‍ അവര്‍ മറുപടി നല്‍കി: അതെല്ലാം തന്നെ അവിടന്ന് ചെയ്തിരുന്നു. ചിലപ്പോള്‍ തിരുമേനി പാരായണം പതുക്കെയാക്കിയിരുന്നു. ചിലപ്പോള്‍ ഉറക്കെയുമാക്കിയിരുന്നു (തിര്‍മിദി 411).
റുകൂഉം സുജൂദും ദീര്‍ഘിപ്പിക്കല്‍
റുകൂഇലെ ദിക്‌റുകള്‍ ആവര്‍ത്തിച്ചു പാരായണം ചെയ്യുന്ന കാരണത്താല്‍ ഒരിക്കല്‍ നബി(സ)യുടെ റുകൂഅ് അല്‍ബഖറ, നിസാഅ്, ആലുഇംറാന്‍ എന്നീ മൂന്നു സൂറഃകള്‍ ഓതിക്കൊണ്ടുള്ള നിര്‍ത്തത്തോളം ദീര്‍ഘിച്ചിട്ടുണ്ട്. പ്രസ്തുത റുകൂഉകളില്‍ പാപമോചനം തേടലും പ്രാര്‍ഥനകളും ഉള്‍പ്പെടും (സിഫതു സ്വലാത്തിന്നബി, അല്‍ബാനി).
നബി(സ)യുടെ സുജൂദിന്റെ ദൈര്‍ഘ്യത്തെപ്പറ്റി ആയിശ(റ) പറയുന്നു: ഒരാള്‍ അമ്പത് ആയത്ത് ഓതിത്തീരുന്ന സമയം വരെ നബി(സ) സുജൂദില്‍ ചെലവഴിക്കാറുണ്ടായിരുന്നു (ഇബ്‌നു ഹിബ്ബാന്‍ 2610). എന്നാല്‍ റുകൂഇലും സുജൂദിലും ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് റസൂല്‍(സ) വിലക്കിയിട്ടുണ്ട് (മുസ്‌ലിം 479ന്റെ ആശയം).
നമസ്‌കാരം അവസാനിപ്പിക്കുമ്പോള്‍
അബ്ദുര്‍റഹ്മാനിബ്‌നു അബ്‌സാ(റ) പറയുന്നു: റസൂല്‍(സ) വിത്‌റില്‍ സബ്ബിഹിസ്മ റബ്ബികല്‍ അഅ്‌ലാ, കുല്‍ യാ അയ്യുഹല്‍ കാഫിറൂന്‍, കുല്‍ ഹുവല്ലാഹു അഹദ് എന്നിവ ഓതുമായിരുന്നു (നസാഈ 1712, അഹ്മദ്).
രാത്രിനമസ്‌കാരം അവസാനിപ്പിക്കേണ്ടത് വിത്ര്‍ (ഒറ്റ) ആയിക്കൊണ്ടാണ്. അത് ഒരു റക്അത്ത് മാത്രമായോ 3, 5, 7 റക്അത്തുകള്‍ മാത്രമായോ നിര്‍വഹിക്കാം. ഏതാണെങ്കിലും അവയില്‍ അവസാനത്തെ റക്അത്തില്‍ മാത്രമേ റസൂല്‍(സ) അത്തഹിയ്യാത്തിനു വേണ്ടി ഇരിക്കാറുണ്ടായിരുന്നുള്ളൂ എന്ന് ഹദീസുകളില്‍ കാണാം (മുസ്‌ലിം 1217). അതായത്, മൂന്നു റക്അത്ത് വിത്‌റാക്കുകയാണെങ്കില്‍ മഗ്‌രിബിന്റേതു പോലെ രണ്ടാം റക്അത്ത് കഴിഞ്ഞ് ഇരിക്കാറുണ്ടായിരുന്നില്ല എന്നര്‍ഥം. രാത്രി നമസ്‌കാരത്തിലെ വിത്‌റിലെ സുജൂദില്‍ ഇപ്രകാരം ചൊല്ലുന്നത് സുന്നത്താണ്:

Microsoft Word – Document1


(അല്ലാഹുവേ, നിശ്ചയം, ഞാനിതാ നിന്റെ പ്രീതി കൊണ്ട് നിന്റെ കോപത്തില്‍ നിന്നും നിന്റെ വിട്ടുവീഴ്ച കൊണ്ട് നിന്റെ ശിക്ഷയില്‍ നിന്നും അഭയം തേടുന്നു. നിന്നില്‍ നിന്നുള്ള എല്ലാ വിഷമങ്ങളില്‍ നിന്നും നിന്നോട് ഞാന്‍ കാവല്‍ തേടുന്നു. നിന്റെ മേലുള്ള സ്തുതിയെ കണക്കാക്കാന്‍ എനിക്ക് കഴിയില്ല. നീ നിന്നെക്കുറിച്ച് പ്രകീര്‍ത്തിച്ചത് എങ്ങനെയാണോ അങ്ങനെയാണ് നീ (നസാഈ 1100, തിര്‍മിദി 3566).
വിത്ര്‍ നമസ്‌കാരം അവസാനിപ്പിക്കുമ്പോള്‍

Microsoft Word – Document1


(പരമ പരിശുദ്ധനായ രാജാധിപതിയുടെ വിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു) എന്ന് മൂന്നു തവണ പറയുക. അത് നീട്ടിച്ചൊല്ലുകയും അവസാനത്തേതില്‍ ശബ്ദം ഉയര്‍ത്തുകയും ചെയ്യുക എന്ന് ഹദീസില്‍ കാണാം. (നസാഈ 1733).

Back to Top