5 Tuesday
March 2024
2024 March 5
1445 Chabân 24

രാഷ്ട്രീയക്കളി അതിരുവിടുന്നുവോ?


ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടലുകളുടെ പരമ്പരയാണ് കേരളത്തിന്റെ ഇപ്പോഴുള്ള രാഷ്ട്രീയ ചിത്രം. ഈ ഏറ്റുമുട്ടലുകള്‍ ഗവര്‍ണറുടെ പങ്കിനെയും സംസ്ഥാന സര്‍ക്കാരിന്റെ സ്വയംഭരണാധികാരത്തെക്കുറിച്ചുമുള്ള ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്. രാജ്യത്തെ ഭരണവ്യവസ്ഥ സംബന്ധിച്ച പല സംവാദങ്ങളിലും ഗവര്‍ണര്‍ പദവി സംബന്ധിച്ച് ചൂടേറിയ ചര്‍ച്ചകള്‍ ഉണ്ടായിട്ടുണ്ട്. നിയമസഭാ ചരിത്രത്തില്‍ ആദ്യമായി ഒന്നര മിനുറ്റിനുള്ളില്‍ നയപ്രഖ്യാപന പ്രസംഗം അവസാനിപ്പിച്ച നടപടിയും ഗവര്‍ണറുടെ ഭാഗത്തു നിന്നുണ്ടായി. തന്റെ ഭരണഘടനാപരമായ പദവി പ്രതീകാത്മകമായി നിര്‍വഹിക്കുക മാത്രമാണ് ഗവര്‍ണര്‍ ചെയ്തത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇടതുപക്ഷവും ഗവര്‍ണറും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ തുടരുകയാണ്. യൂണിവേഴ്‌സിറ്റികളുടെ ചാന്‍സലര്‍ എന്ന നിലയില്‍ അദ്ദേഹം നടത്തിയ ഇടപെടലുകള്‍ പാര്‍ട്ടിയെ ചൊടിപ്പിച്ചിരുന്നു. അതില്‍ പ്രതിഷേധിച്ചുകൊണ്ട് വഴിയിലുടനീളം ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ അദ്ദേഹത്തെ തടയുകയുണ്ടായി. അതിനെത്തുടര്‍ന്നുള്ള ഗവര്‍ണറുടെ പ്രതികരണം നാം കണ്ടതാണ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ അദ്ദേഹത്തിനെതിരെ പതിച്ച പോസ്റ്ററുകള്‍ നീക്കം ചെയ്യാന്‍ നേരിട്ട് ഇറങ്ങുകയും പിന്നീട് കോഴിക്കോട് മിഠായി തെരുവിലൂടെ സാധാരണ ജനങ്ങളുമായി കുശലം പറഞ്ഞ് നടന്നുപോവുകയും ചെയ്യുന്ന കാഴ്ചയാണ് നാം കണ്ടത്. ഇപ്പോള്‍ വീണ്ടും തനിക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വാഹനത്തില്‍ നിന്ന് പുറത്തിറങ്ങുന്ന സംഭവമുണ്ടായി. സാധാരണ ഗതിയില്‍ ഒരു ഭരണഘടനാ പദവിയില്‍ ഇരിക്കുന്ന വ്യക്തി എന്ന നിലയില്‍ ഉണ്ടാവുന്ന പ്രതികരണങ്ങള്‍ ഒന്നുമല്ല ഇപ്പോഴുണ്ടാകുന്നത്. കൃത്യമായ രാഷ്ട്രീയക്കളി യാതൊരു മറയുമില്ലാതെ പുറത്തുവരുന്നു എന്നത് ഗൗരവകരമാണ്. കേന്ദ്രം ഭരിക്കുന്ന കക്ഷികള്‍ക്ക് വേണ്ടി മണ്ണൊരുക്കുന്ന അനുഭവമാണ് ഓരോ വിവാദവും നമ്മെ ഓര്‍മിപ്പിക്കുന്നത്. എന്നാല്‍, ഇതിന് ആക്കം കൂട്ടുന്ന വിധം സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്ത് നിന്നു ചില രാഷ്ട്രീയ നീക്കങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നത് വസ്തുതയാണ്. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം സുപ്രീംകോടതി റദ്ദാക്കിയത് ഒടുവിലത്തെ ഉദാഹരണമാണ്.
അതേസമയം, സംസ്ഥാന നിയമസഭ പാസാക്കിയ നിരവധി ബില്ലുകള്‍ക്ക് അനുമതി നല്‍കുന്നതില്‍ കാലതാമസം നേരിടുന്നത് ഗവര്‍ണറും സര്‍ക്കാറും തമ്മിലുള്ള നിയമപോരാട്ടത്തിലേക്ക് നയിച്ചിട്ടുണ്ട്. അകാരണമായി ബില്ലുകള്‍ തടഞ്ഞുവെക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് അധികാരമില്ല എന്ന് നിരവധി വിധിന്യായങ്ങളിലൂടെ സുപ്രീംകോടതി വ്യക്തമാക്കിയതാണ്. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ രാഷ്ട്രീയ ഏജന്റായി ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ച് സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണറുടെ നടപടികളെയും അധികാര ദുര്‍വിനിയോഗത്തെയും സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യുകയുണ്ടായി. ഗവര്‍ണറുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണഘടനാപരമായ പഴുതുകളിലൂടെ ന്യായീകരണം കണ്ടെത്താന്‍ ചിലപ്പോള്‍ സാധിച്ചേക്കാം. എന്നാല്‍ നമ്മുടെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന സഹകരണ ഫെഡറലിസത്തിന്റെ ആത്മാവ് ചോര്‍ന്നുപോകുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്. ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരിനെ അനാവശ്യ ഇടപെടലുകളില്ലാതെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം. ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം ഫെഡറലിസത്തെ മാത്രമല്ല, കേരളത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തെയും സ്ഥാപനങ്ങളുടെ സ്വയംഭരണത്തെയും കൂടി ബാധിക്കുന്നുണ്ട്.
ഇന്ത്യയെ സംബന്ധിച്ചേടത്തോളം സഹകരണ ഫെഡറലിസം എന്നത് കേന്ദ്ര സര്‍ക്കാരും സംസ്ഥാനങ്ങളും തമ്മിലുള്ള സഹകരണത്തിന് ഊന്നല്‍ നല്‍കുന്ന മാതൃകയാണ്. ഭരണഘടനയുടെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുകയും നയങ്ങള്‍ നടപ്പിലാക്കുകയും തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുന്ന സംവിധാനമാണിത്. ഈ മാതൃക പരസ്പര ബഹുമാനത്തിന്റെയും ധാരണയുടെയും തത്വത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഗവണ്‍മെന്റിന്റെ രണ്ടു തലങ്ങളും പരസ്പരം ഭരണഘടനാപരമായ ചുമതലകളും ഉത്തരവാദിത്തങ്ങളും അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യണം. സന്തുലിത വികസനം, സാമൂഹിക നീതി, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ക്ഷേമം എന്നിവ ഉറപ്പാക്കുന്നതിനുള്ള ഒരു മാര്‍ഗമാണ് ഇന്ത്യയിലെ സഹകരണ ഫെഡറലിസം. ഇത് ഇന്ത്യയുടെ അടിസ്ഥാന സ്വഭാവമായ നാനാത്വത്തില്‍ ഏകത്വത്തെ പ്രോത്സാഹിപ്പിക്കുന്നതുമാണ്. എന്നിരുന്നാലും, സഹകരണ ഫെഡറലിസത്തിന്റെ പ്രായോഗികമായ നടത്തിപ്പിന് ഗവര്‍ണറും സംസ്ഥാന സര്‍ക്കാറും തമ്മിലുള്ള സഹകരണവും പരസ്പര ധാരണയും ആവശ്യമാണ്. സംസ്ഥാനത്തിന്റെ ഭരണത്തില്‍ ഗവര്‍ണര്‍ക്ക് ഒരു പങ്കുണ്ട്. ഈ പങ്ക് തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തെ ദുര്‍ബലപ്പെടുത്തുന്നത് ആവരുത്. സംസ്ഥാനത്തിന്റെ പുരോഗതിയും വികസനവും ഉറപ്പാക്കാന്‍ സഹകരണ ഫെഡറലിസത്തിന്റെ ആത്മാവ് ഉയര്‍ത്തിപ്പിടിക്കണം.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x