7 Saturday
December 2024
2024 December 7
1446 Joumada II 5

റശീദ് രിദയുടെ വിദ്യാഭ്യാസ പരിഷ്‌കരണം

എ കെ അബ്ദുല്‍ഹമീദ്‌


ആലുഇംറാനിലെ 18-ാമത്തെ ആയത്ത് വിശദീകരിച്ച് സയ്യിദ് റശീദ് രിദ വിജ്ഞാനത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി. അധ്യാപകന്റെ മാഹാത്മ്യവും ഉന്നതസ്ഥാനവും പറഞ്ഞുകൊണ്ട് അല്ലാഹു തന്റെ ഏകത്വത്തെക്കുറിച്ച് സാക്ഷ്യം പറഞ്ഞശേഷം മലക്കുകളും മൂന്നാമതായി ജ്ഞാനികളും അതിനു സാക്ഷ്യം വഹിക്കുന്നു എന്ന വചനത്തില്‍ പ്രവാചകരും ജ്ഞാനികളും അതിന്റെ താഴെ ഉന്നതസ്ഥാനീയരായ വിവരമുള്ളവരും ഉള്‍ക്കൊള്ളുന്നതായി സമര്‍ഥിക്കുന്നു.
മുജാദില 11-ാം വചനം വിശ്വാസികളെയും ജ്ഞാനികളെയും ഉയര്‍ത്തിയത് ചൂണ്ടിക്കാണിക്കുന്നു. ത്വാഹായിലെ 114-ാം വചനം എടുത്തുദ്ധരിച്ചുകൊണ്ട് അല്ലാഹു തന്റെ പ്രവാചകരോട് ‘റബ്ബേ, വിജ്ഞാനം വര്‍ധിപ്പിച്ചുതരേണമേ’ എന്ന് പ്രാര്‍ഥിക്കാന്‍ കല്‍പിച്ചത് ചൂണ്ടിക്കാണിക്കുന്നു. മുഹമ്മദ് അബ്ദയും റശീദ് രിദയും തങ്ങളുടെ പ്രയത്‌നങ്ങള്‍ വിദ്യാഭ്യാസ വിജ്ഞാന പുരോഗതിക്കായി ചെലവഴിച്ചത് അതിന്റെ പ്രാധാന്യവും അതിലൂടെ സമൂഹത്തിന്റെ ഉന്നമനവും ലക്ഷ്യമിട്ടുകൊണ്ടായിരുന്നു.
ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ സാമ്പത്തിക രംഗത്തുള്ള വീഴ്ചകള്‍ പരിഹരിക്കുന്നതിന്ന് മുഹമ്മദ് അബ്ദയും റശീദ് രിദയും പരിശ്രമങ്ങള്‍ നടത്തി. വിശേഷിച്ച് അവര്‍ക്കു രണ്ടു പേര്‍ക്കും ഭരണകര്‍ത്താക്കളുടെയും നേതാക്കളുടെയും സാമ്പത്തിക ഇടപാടുകളിലും, തൊഴിലാളികളും കര്‍ഷകരുമായ ആളുകളുടെ സാമ്പത്തിക ഇടപാടുകളിലും ദൃശ്യമായ ന്യൂനതകള്‍ പരിഹരിക്കപ്പെടേണ്ടത് ആവശ്യമാണെന്ന ബോധ്യമുണ്ടായിരുന്നു. പുരോഹിതരും പണ്ഡിതരും അതു ചൂണ്ടിക്കാണിക്കാന്‍ ആര്‍ജവം കാണിച്ചിരുന്നില്ല. അത്തരമൊരു പശ്ചാത്തലത്തിലാണ് ഈ ധീരമായ നിലപാട് എടുക്കാന്‍ അവര്‍ തയ്യാറാവുന്നത്. സാമ്പത്തികരംഗത്ത് അതിന്റെ മാനേജ്‌മെന്റിനും ശരിയായ ദിശയിലുള്ള വിനിമയത്തിനും ഇസ്‌ലാമിക ശരീഅത്തിന്റെ പ്രത്യേകതകള്‍ വ്യക്തമാക്കുന്ന കൃത്യമായ കാഴ്ചപ്പാടുകള്‍ അവര്‍ മുന്നോട്ടുവെച്ചു.
ജൂതന്മാരുടെയും ക്രിസ്ത്യാനികളുടെയും സയണിസ്റ്റുകളുടെയും ക്യാപിറ്റലിസ്റ്റുകളുടെയും സാമ്പത്തിക വീക്ഷണത്തില്‍ നിന്ന് വ്യത്യസ്തമായി ഇസ്‌ലാമിന്റെ സാമ്പത്തിക വീക്ഷണത്തെ അവര്‍ ഉയര്‍ത്തിക്കാണിക്കുകയുണ്ടായി. ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രം വ്യക്തിയുടെ സാമ്പത്തിക അധികാരം ഉള്‍ക്കൊള്ളുന്നതോടൊപ്പം തന്നെ ചൂഷണമാര്‍ഗങ്ങളില്‍ നിന്ന് വ്യക്തിയെ മുക്തമാക്കുന്നു. പലിശമുതല്‍ ഭക്ഷിക്കുക, അന്യായമായ നിലയ്ക്ക് ജനങ്ങളുടെ സ്വത്ത് ഭുജിക്കുക, ചൂതാട്ടത്തിലൂടെ സ്വത്ത് സമ്പാദിക്കാനുള്ള ശ്രമം തുടങ്ങിയവ നിഷിദ്ധമാണെന്നും അപ്രകാരം തന്നെ സമ്പത്ത് സമ്പന്നരുടെ കൈകളില്‍ മാത്രം ചുറ്റിക്കറങ്ങരുതെന്നും അവര്‍ എടുത്തുകാണിക്കുകയുണ്ടായി. വിശുദ്ധ ഖുര്‍ആനിന്റെയും തിരുസുന്നത്തിന്റെയും അടിസ്ഥാനത്തില്‍ പവിത്രമായ സാമ്പത്തിക വിനിമയരീതിയിലേക്ക് അവര്‍ ജനങ്ങളെ ക്ഷണിച്ചു. അനുവദനീയവും അനുഗൃഹീതവുമായ മേഖലകളെ അവര്‍ സമൂഹത്തിനു മുമ്പില്‍ തുറന്നുകാണിക്കാന്‍ ശ്രദ്ധിച്ചു.
രാഷ്ട്രീയ നവോത്ഥാനം
അല്‍ബഖറയിലെ 250-252 വചനങ്ങളുടെ വിശദീകരണത്തില്‍ റശീദ് രിദ ദാവൂദിന്റെയും താലൂത്തിന്റെയും കഥ വിശദീകരിച്ചുകൊണ്ട് പറഞ്ഞത് ഇസ്‌ലാമിലെ രാഷ്ട്രീയ വ്യവസ്ഥ ശൂറ അഥവാ കൂടിയാലോചന ആണെന്നാണ്. ”അവര്‍ ജാലൂത്തിനോടും അവന്റെ സൈന്യങ്ങളോടും (യുദ്ധത്തില്‍) മുഖാമുഖം വന്നപ്പോള്‍ അവര്‍ പറഞ്ഞു: ഞങ്ങളുടെ റബ്ബേ, ഞങ്ങളുടെ മേല്‍ ക്ഷമ ചൊരിഞ്ഞുതരുകയും ഞങ്ങളുടെ പാദങ്ങളെ ഉറപ്പിച്ചുതരുകയും ചെയ്യണമേ. അവിശ്വാസികള്‍ക്കെതിരില്‍ ഞങ്ങളെ നീ സഹായിക്കുകയും ചെയ്യേണമേ.
അങ്ങനെ അവര്‍ അല്ലാഹുവിന്റെ അനുമതിയോടെ അവരെ തോല്‍പിച്ചുകളഞ്ഞു; ജാലൂത്തിനെ ദാവൂദ് കൊല്ലുകയും ചെയ്തു. അദ്ദേഹത്തിന് അല്ലാഹു രാജത്വവും വിജ്ഞാനവും നല്‍കുകയും ചെയ്തു. അവന്‍ ഉദ്ദേശിക്കുന്ന ചിലത് അദ്ദേഹത്തിന് അവന്‍ പഠിപ്പിച്ചുകൊടുക്കുകയും ചെയ്തു. അല്ലാഹു മനുഷ്യരെ അവരില്‍ ചിലരെ ചിലരെക്കൊണ്ട് തടുക്കുന്നില്ലായിരുന്നെങ്കില്‍ ഭൂമി കുഴപ്പത്തിലാകുമായിരുന്നു. പക്ഷേ, അല്ലാഹു ലോകരുടെ മേല്‍ ദയവുള്ളവനാകുന്നു.
അതെല്ലാം അല്ലാഹുവിന്റെ ‘ആയത്തു’കളാകുന്നു(ലക്ഷ്യം). യഥാര്‍ഥപ്രകാരം നാം അവയെ നിനക്ക് ഓതിത്തരുകയാണ്. നിശ്ചയമായും നീയും ‘മുര്‍സലു’കളില്‍ (ദിവ്യദൗത്യം നല്‍കപ്പെട്ടവര്‍) പെട്ടവന്‍ തന്നെയാകുന്നു” (അല്‍ബഖറ 250-252).
നേതാവിനെ തിരഞ്ഞെടുക്കുന്നിടത്ത് അഭിപ്രായ ഭിന്നത പ്രകടമാകാറുണ്ട്. അത് ഛിദ്രതയിലേക്ക് നയിക്കും. അവിടെയാണ് സമൂഹം അംഗീകരിക്കുന്ന ഒരാള്‍ നേതൃത്വത്തിലേക്ക് വരിക എന്നത് അനിവാര്യമായിത്തീരുന്നത്. അതുകൊണ്ടാണ് ഇസ്രായേലിലെ പ്രധാനികള്‍ അവരുടെ നബിയോട് തങ്ങള്‍ക്ക് ഒരാളെ രാജാവായി നിശ്ചയിച്ചുതരാന്‍ ആവശ്യപ്പെട്ടത്. ഇസ്‌ലാം മുസ്‌ലിംകള്‍ക്ക് ഇമാമിനെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ മുന്‍ഗണന നല്‍കുന്നത് ഈ അംഗീകാരത്തിനാണ്. സമൂഹത്തിന്റെ നന്മ ലക്ഷ്യം വെച്ചുകൊണ്ട് അവര്‍ നിശ്ചയിക്കുന്ന ആളെ എല്ലാവരും പിന്തുണയ്ക്കുക എന്നതാണ് ഇസ്‌ലാമിക രീതി. അതുകൊണ്ടുതന്നെ തന്റെ കാലശേഷം ആര് ഭരണകര്‍ത്താവാകണമെന്നു നിര്‍ദേശിക്കാതെയാണ് പ്രവാചകന്‍(സ) ലോകത്തോട് വിടപറഞ്ഞത്.
എന്നാല്‍ റസൂല്‍ നമസ്‌കാരത്തിന് ഇമാമായി നിശ്ചയിച്ചിരുന്നത് അബൂബക്കര്‍ സിദ്ദീഖിനെ(റ) ആയതിനാല്‍ നമസ്‌കാരത്തിന് റസൂല്‍ ഇഷ്ടപ്പെട്ട ആളെ തങ്ങളുടെ ഭൗതിക കാര്യത്തിലും ഇമാമാക്കാം എന്ന് തീരുമാനിക്കുകയായിരുന്നു അനുയായികള്‍. എന്നാല്‍ അബൂബക്കര്‍ തന്റെ കാലശേഷം ജനസമ്മതനായ ഒരു പിന്‍ഗാമിയെ കണ്ടെത്തി. അദ്ദേഹത്തിന്റെ ഭരണസാരഥ്യം ജനങ്ങളുടെ താല്‍പര്യങ്ങള്‍ പരിഗണിച്ചു ചെയ്യുന്നതിലൂടെയാണ് പൂര്‍ണതയില്‍ എത്തുന്നത് എന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ഇവിടെ റഷീദ് രിദ രാഷ്ട്രീയമായ ഒരു പരിഷ്‌കരണം എന്ന നിലയ്ക്ക് ഖുര്‍ആനിന്റെയും സുന്നത്തിന്റെയും മാര്‍ഗരേഖ പിന്‍പറ്റിക്കൊണ്ട് സഹാബികള്‍, സലഫുസ്വാലിഹുകള്‍ എന്നിവര്‍ സ്വീകരിച്ച ആ മാര്‍ഗം സ്വീകരിക്കലാണ് രാഷ്ട്രീയമായി നന്നാവുക എന്ന് അഭിപ്രായപ്പെടുന്നു.
”കാര്യങ്ങളില്‍ നീ അവരോട് കൂടിയാലോചിക്കുക” (ഖുര്‍ആന്‍ 3:159) എന്ന വചനം സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് എല്ലാ പൊതുകാര്യങ്ങളിലും ഭരണകര്‍ത്താക്കളില്‍ നിന്ന് ഉണ്ടാകേണ്ട ‘ശൂറ’ (അഭിപ്രായം ആരായല്‍)യുടെ പ്രാധാന്യം എടുത്തുകാണിക്കുന്നു. ഭയാവസ്ഥയിലും നിര്‍ഭയാവസ്ഥയിലും ഭൗതിക നന്മ ലക്ഷ്യംവെച്ചും അല്ലാതെയും അത് അനിവാര്യമാണെന്ന് സമര്‍ഥിക്കുന്നു.
പ്രവാചകന്‍ ഉഹ്ദ് യുദ്ധാവസരത്തില്‍ പ്രവര്‍ത്തിച്ചതുപോലെ കൂടിയാലോചനയിലൂടെ കാര്യങ്ങള്‍ തീരുമാനിക്കുക എന്നത് മുസ്‌ലിം ഉമ്മത്തിന്റെ നന്മയ്ക്ക് അനിവാര്യമാണെന്ന തീരുമാനത്തിനു വിരുദ്ധമായി പ്രവര്‍ത്തിച്ചത് നിമിത്തം ഉണ്ടായ കഷ്ടനഷ്ടങ്ങളെ കുറിച്ച് സൂചിപ്പിച്ച ശേഷം, ഒരു നേതാവിന്റെ കല്‍പനയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുമ്പോള്‍ അതുമൂലം ഉണ്ടാകുന്ന നഷ്ടങ്ങളെ എടുത്തുകാണിച്ചുകൊണ്ട് ഭാവിയിലും കൂടിയാലോചനയിലൂടെ തീരുമാനങ്ങള്‍ എടുക്കാനും തീരുമാനത്തില്‍ ഉരുത്തിരിയുന്ന കാര്യങ്ങള്‍ നടപ്പാക്കുമ്പോള്‍ അത് അനുസരിക്കാനുമുള്ള ബാധ്യത അദ്ദേഹം എടുത്തുകാണിക്കുന്നുണ്ട്. ഒരു സംഘം തീരുമാനമെടുക്കുമ്പോള്‍ വ്യക്തി എടുക്കുന്ന തീരുമാനത്തേക്കാള്‍ തെറ്റ് സംഭവിക്കാനുള്ള സാധ്യത കുറവാണെന്ന് സൂചിപ്പിക്കുന്നു. ഏകാധിപത്യപരമായ ഒരു വ്യക്തിയുടെ തീരുമാനം പലപ്പോഴും സമൂഹത്തിന് ഏറെ അപകടകരമാവുമെന്നും വ്യക്തമാക്കുന്നു.

Back to Top