രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനു പിന്നാലെ ‘ഗോധ്ര’ ആവര്‍ത്തിച്ചേക്കാം: മുന്നറിയിപ്പുമായി താക്കറെ
അയോധ്യയില്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനു പിന്നാലെ കലാപത്തിനു സാധ്യതയെന്ന മുന്നറിയിപ്പുമായി മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഗോധ്രയിലേതിനു സമാനമായ സംഭവത്തിനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു. ‘ഇത് സംഭവിക്കാം, ആക്രമണം നടന്നേക്കാം. ചില കോളനികളില്‍ അവര്‍ ബസുകള്‍ കത്തിക്കും, കല്ലെറിയും, കൂട്ടക്കൊലകള്‍ സംഭവിക്കും, രാജ്യം വീണ്ടും കലാപാഗ്‌നിയില്‍ എരിയും, ആ അഗ്‌നിയില്‍ അവര്‍ തങ്ങളുടെ രാഷ്ട്രീയത്തിന്റെ അപ്പങ്ങള്‍ ചുട്ടെടുക്കും’- താക്കറെ പ്രസ്താവിച്ചു. 2002ല്‍ ഗുജറാത്തിലെ ഗോധ്ര റെയില്‍വേ സ്‌റ്റേഷനില്‍ സബര്‍മതി എക്‌സ്പ്രസിന്റെ ഏതാനും കോച്ചുകള്‍ ഒരു സംഘം അഗ്നിക്കിരയാക്കിയ ദുരന്തത്തില്‍ 58 പേര്‍ കൊല്ലപ്പെട്ടിരുന്നു. രാജ്യമൊട്ടാകെ നടുക്കമുണ്ടാക്കിയ സംഭവമായിരുന്നു അത്. പിന്നാലെ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. സംഭവത്തിന് ഒമ്പതു വര്‍ഷത്തിനു ശേഷം 31 പേരെ പ്രാദേശിക കോടതി ശിക്ഷിച്ചു.