3 Tuesday
December 2024
2024 December 3
1446 Joumada II 1

റമദാനും ദുര്‍ബല ഹദീസുകളും

പി കെ മൊയ്തീന്‍ സുല്ലമി


റമദാനോടും തറാവീഹ് നമസ്‌കാരത്തോടും ബന്ധപ്പെട്ട് ദുര്‍ബല ഹദീസുകളുടെ അടിസ്ഥാനത്തില്‍ പല അനാചാരങ്ങളും നാട്ടില്‍ നടന്നുവരുന്നുണ്ട്. ചില ദുര്‍ബല ഹദീസുകള്‍ ശ്രദ്ധിക്കുക: ”നബി(സ) അരുളിയതായി അനസ്(റ) പ്രസ്താവിച്ചു: നബി(സ) റജബ് മാസത്തിലേക്ക് പ്രവേശിച്ചാല്‍ ഇപ്രകാരം പറയുമായിരുന്നു: അല്ലാഹുവേ, ഞങ്ങള്‍ക്കു റജബിലും ശഅ്ബാനിലും ബര്‍കത്ത് നല്‍കേണമേ. റമദാനിനെ ഞങ്ങളില്‍ എത്തിക്കുകയും ചെയ്യേണമേ” (ത്വബ്‌റാനി).
ഇമാം ദഹബി മേല്‍ ഹദീസിനെ കുറിച്ച് രേഖപ്പെടുത്തുന്നു: ”ഈ ഹദീസിന്റെ പരമ്പരയില്‍ സാഇദതുബ്‌നു അബീദിവാദ്, സിയാദുന്നമീരി എന്നീ രണ്ടു വിശ്വസ്തരല്ലാത്ത വ്യക്തികളുണ്ട്” (മീസാനുല്‍ ഇഅ്തിദാല്‍ 2:65). പ്രസ്തുത ഹദീസ് ദുര്‍ബലമാണെന്ന് ഇബ്‌നു ഹജറുല്‍ അസ്ഖലാനി തബ്‌യീനുല്‍ അജബി ബിമാ വറദഫീ ഫള്‌ലി റജബിന്‍ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. (പേജ് 19)
നബി(സ)യില്‍ നിന്നു സല്‍മാനുല്‍ ഫാരിസി വഴിയായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റൊരു ഹദീസ് ഇപ്രകാരമാണ്: ”റമദാനില്‍ ആദ്യഭാഗം (പത്ത്) റഹ്മത്തും മധ്യഭാഗം (നടുവിലെ പത്ത്) പാപമോചനവും അവസാനം (പത്ത്) നരകമോചനവുമാകുന്നു” (ഇബ്‌നു ഖുസൈമ). ഈ ഹദീസിനെക്കുറിച്ച് ഖത്വീബുല്‍ ബഗ്ദാദി രേഖപ്പെടുത്തി: ”ഇതിന്റെ പരമ്പരയില്‍ സലാമുബ്‌നു സുലൈമാന്‍ എന്ന വിശ്വസ്തനല്ലാത്ത ഒരു വ്യക്തിയുണ്ട്” (ദിഹാമുല്‍ ജംഇ വത്തഫ്‌രീഖി 2:147). ഇബ്‌നു അദിയ്യ് ഈ ഹദീസ് രേഖപ്പെടുത്തിയത് ദുര്‍ബല ഹദീസുകളുടെ കൂട്ടത്തിലാണ് (അല്‍കാമില്‍ 4:325). നാസിറുദ്ദീന്‍ അല്‍ബാനി(റ) ഈ ഹദീസിനെക്കുറിച്ച് രേഖപ്പെടുത്തുന്നു: ”ദുര്‍ബലമാണ്” (സില്‍സിലത്തുല്‍ അഹാദിസി ള്ളഈഫത്തി വല്‍ മൗദ്വൂഅത്തി, നമ്പര്‍ 1569).
”നിങ്ങള്‍ നോമ്പനുഷ്ഠിക്കുന്നപക്ഷം രാവിലെ പല്ലുതേക്കുക. വൈകുന്നേരം നിങ്ങള്‍ പല്ലു തേക്കരുത്” (ദാറഖുത്‌നി, ബസ്സാര്‍). നാസിറുദ്ദീന്‍ അല്‍ബാനി പറയുന്നു: ”ഈ ഹദീസ് ദുര്‍ബലമാകുന്നു” (ഇര്‍വാഇല്‍ ഗാലീന്‍, നമ്പര്‍ 67. സില്‍സില നമ്പര്‍ 401). ”ഈ ഹദീസിന്റെ പരമ്പര ദുര്‍ബലമാകുന്നു” (ഇബ്‌നു ഹജര്‍, തല്‍ഖീസ് 1:91).
”നോമ്പുകാരന്റെ ഉറക്കം ഇബാദത്താകുന്നു. അവന്റെ നോമ്പ് തസ്ബീഹാകുന്നു. അവന്റെ കര്‍മങ്ങളുടെ പ്രതിഫലം ഇരട്ടിയാണ്. അവന്റെ പ്രാര്‍ഥന സ്വീകരിക്കപ്പെടും. അവന്റെ പാപങ്ങള്‍ പൊറുക്കപ്പെടും” (ബൈഹഖി, ശഅബുല്‍ ഈമാന്‍). ഈ ഹദീസ് സത്യവും അസത്യവും കൂടിക്കലര്‍ന്നതാണ്. ഹദീസ് ഉദ്ധരിച്ച് ബൈഹഖി തന്നെ ഈ ഹദീസിനെക്കുറിച്ച് രേഖപ്പെടുത്തി: ”ഈ ഹദീസിന്റെ പരമ്പരയില്‍ വിശ്വാസയോഗ്യരല്ലാത്ത മഅ്‌റൂഫുബ്‌നു ഹസനും സുലൈമാനുബ്‌നു അംറുന്നഖ്ഇയുമുണ്ട്. അദ്ദേഹം സുലൈമാനെക്കാള്‍ ദുര്‍ബലനാകുന്നു” (ശഅബുല്‍ ഈമാന്‍ 3:1437).
ഈ ഹദീസിനെക്കുറിച്ച് ജലാലുദ്ദീനുസ്സുയൂത്വി രേഖപ്പെടുത്തി: ”ഈ ഹദീസ് ദുര്‍ബലമാണ്” (ജാമിഉസ്സ്വഗീര്‍, നമ്പര്‍ 9474). ഇമാം ഇറാഖി പ്രസ്താവിച്ചു: ”സുലൈമാനുന്നഖ്ഈ നുണയരില്‍ പെട്ട ഒരുവനാണ്” (തഖ്‌രീജുല്‍ ഇഹ്‌യാഇ 1:310).
ഒരാള്‍ നോമ്പനുഷ്ഠിക്കാന്‍ ഉദ്ദേശിച്ചുകൊണ്ട് അത്താഴം കഴിച്ചാല്‍ അതുതന്നെയാണ് നിയ്യത്ത്. നിയ്യത്ത് എന്നത് മനസ്സിന്റെ തീരുമാനമാണ്, നാവു കൊണ്ട് വിളിച്ചുപറയലല്ല. ഇമാം നവവി(റ) പ്രസ്താവിച്ചു: ”നിയ്യത്ത് എന്നാല്‍ ഉദ്ദേശ്യം എന്നാണ്. അത് മനസ്സിന്റെ തീരുമാനമാണ്” (ഫത്ഹുല്‍ബാരി 1:52). നിയ്യത്ത് വിളിച്ചുപറയല്‍ ബിദ്അത്താണ്. ഇബ്‌നു തൈമിയ്യ(റ) രേഖപ്പെടുത്തി: ”നിയ്യത്ത് ഉച്ചത്തില്‍ വിളിച്ചുപറയല്‍ ദീനില്‍ ചര്യയാണെന്ന് മുസ്‌ലിം പണ്ഡിതരില്‍പെട്ട ഒരാളും തന്നെ പറഞ്ഞിട്ടില്ല. നബി(സ)യോ അവിടത്തെ ഖലീഫമാരോ സഹാബിമാരോ കഴിഞ്ഞുപോയ പണ്ഡിതരോ അപ്രകാരം ചെയ്തിട്ടുമില്ല” (ഫതാവല്‍ കുബ്‌റാ 1:8).
ദുര്‍ബലമായ ഹദീസുകള്‍ കൊണ്ട് തെളിവ് പിടിക്കാന്‍ പാടില്ലെന്ന് ഇമാം ശാഫിഈ(റ) പറയുന്നുണ്ട്: ”ഹദീസ് സ്വഹീഹാണെങ്കില്‍ അതാണ് എന്റെ അഭിപ്രായം” (ബൈഹഖി). ഇമാം നവവി(റ)യും അപ്രകാരം തന്നെയാണ് രേഖപ്പെടുത്തിയത്: ”മതവിധികളില്‍ ദുര്‍ബലമായ ഹദീസുകള്‍ കൊണ്ട് തെളിവാക്കാന്‍ പാടില്ലെന്നതില്‍ തീര്‍ച്ചയായും പണ്ഡിതന്മാര്‍ ഏകോപിച്ചിരിക്കുന്നു” (ശറഹു മുസ്‌ലിം 1:161).
തറാവീഹ് നമസ്‌കാരത്തിന്റെ റക്അത്തുകളെ സംബന്ധിച്ച് ഹൈതമി രേഖപ്പെടുത്തി: ‘നബി(സ) റമദാനില്‍ 20 റക്അത്തും വിത്‌റും നമസ്‌കരിച്ചിരുന്നു എന്ന് ഒരുപാട് പരമ്പരകളിലൂടെ വന്നിട്ടുള്ള ഹദീസുകള്‍ അങ്ങേയറ്റം ദുര്‍ബലങ്ങളാകുന്നു. നബി(സ) റമദാനിലും അല്ലാത്ത കാലത്തും 11 റക്അത്തില്‍ കൂടുതല്‍ നമസ്‌കരിക്കാറുണ്ടായിരുന്നില്ലയെന്ന സ്വഹീഹായ ഹദീസിന് വിരുദ്ധവുമാണ്” (ഫതാവല്‍ കുബ്‌റ 1:194, 195).
ജലാലുദ്ദീനുസ്സുയൂത്വി രേഖപ്പെടുത്തി: ”നബി(സ) തറാവീഹ് നമസ്‌കാരം 20 റക്അത്ത് നമസ്‌കരിച്ചിരുന്നതായി സ്വഹീഹായി സ്ഥിരപ്പെട്ടിട്ടില്ല. അത് സ്ഥിരീകരിച്ചുകൊണ്ട് ചിലര്‍ കൊണ്ടുവന്ന ഹദീസുകള്‍ തെളിവിന് കൊള്ളുന്നതല്ല” (അല്‍ഹാഖീലില്‍ ഫതാവാ 2:172,73).
ഇബ്‌നു ഹജറുല്‍ അസ്ഖലാനി(റ) പറയുന്നു: ”നബി(സ) റമദാനില്‍ 20 റക്അത്തും വിത്‌റും നമസ്‌കരിച്ചിരുന്നു എന്ന് ഇബ്‌നു അബ്ബാസി(റ)ല്‍ നിന്ന് ഇബ്‌നു അബീശൈബ ഉദ്ധരിച്ച ഹദീസിന്റെ പരമ്പര ദുര്‍ബലമാകുന്നു. ആയിശ(റ)യില്‍ നിന്നു ഉദ്ധരിച്ച (11ല്‍ കൂടുതല്‍ അധികരിപ്പിക്കാറുണ്ടായിരുന്നില്ല എന്ന) സഹീഹായ ഹദീസിന് വിരുദ്ധവുമാണത്” (ഫത്ഹുല്‍ബാരി 4:205).
20 റക്അത്തും വിത്‌റും നമസ്‌കരിച്ചതിന് തെളിവാക്കാറുള്ളത് യസീദുബ്‌നു റുമാനില്‍ നിന്ന് ഉദ്ധരിക്കപ്പെടുന്ന ഹദീസാണ്: ”ഉമറി(റ)ന്റെ കാലത്ത് ജനങ്ങള്‍ 23 റക്അത്തുകള്‍ നമസ്‌കരിക്കാറുണ്ടായിരുന്നു.” ഈ ഹദീസിനെക്കുറിച്ച് ഇമാം നവവി(റ) പറയുന്നു: ”യസീദുബ്‌നു റുമാന്‍ ഉമറി(റ)നെ കണ്ടിട്ടില്ല” (ശറഹുല്‍ മുഹദ്ദബ് 4:33).
അപ്പോള്‍ ഈ ഹദീസ് തെളിവിന് കൊള്ളാത്ത (മുന്‍ഖത്വിഅ്) അഥവാ പരമ്പര മുറിഞ്ഞതാണെന്ന് ബോധ്യപ്പെടുന്നു. ഉമര്‍(റ) ജമാഅത്തായി നമസ്‌കരിക്കാന്‍ കല്‍പിച്ചത് 11 റക്അത്തായിരുന്നു. അക്കാര്യം ഇമാം മാലിക്(റ) തന്റെ ‘മുവത്വ’യില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ”ഉമര്‍(റ) ഉബയ്യുബ്‌നു കഅ്ബി(റ)നോടും തമീമുദ്ദാരിയോടും ജനങ്ങള്‍ക്ക് നമസ്‌കരിച്ചുകൊടുക്കാന്‍ കല്‍പിച്ചത് 11 റക്അത്തായിരുന്നു” (മുവത്വ 1:115). ജലാലുദ്ദീനുസ്സുയൂത്വി രേഖപ്പെടുത്തി: ”ഇമാം മാലിക് പറഞ്ഞു: ഉമര്‍(റ) സംഘടിപ്പിച്ച ജമാഅത്താണ് ഞാന്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്നത്. അത് 11 റക്അത്താണ്. അത് നബി(സ) നമസ്‌കരിച്ചതുമാണ്” (അല്‍ഹാവീലില്‍ ഫതാവാ 2:77).
തറാവീഹുമായി ബന്ധപ്പെട്ട് നടക്കുന്ന മറ്റൊരു ആചാരമാണ് ഈരണ്ടു റക്അത്തുകള്‍ക്കിടയിലെ സ്വലാത്ത്. ഇത് അനാചാരമാണെന്ന് ഫത്‌വ കൊടുക്കുന്നത് ഹൈതമി(റ) തന്നെയാണ്. ”അദ്ദേഹത്തോട് ചോദിക്കപ്പെട്ടു: തറാവീഹ് നമസ്‌കാരത്തിന്റെ ഈരണ്ട് റക്അത്തുകള്‍ക്കിടയില്‍ സ്വലാത്ത് ചൊല്ലല്‍ സുന്നത്താക്കപ്പെടുമോ, അല്ലെങ്കില്‍ അത് തടയപ്പെടേണ്ട ബിദ്അത്താണോ? അദ്ദേഹം മറുപടി നല്‍കി: ഇപ്രകാരം പ്രത്യേകമായി സ്വലാത്ത് ചൊല്ലല്‍ സുന്നത്താണെന്ന് സുന്നത്തില്‍ നാം യാതൊരു രേഖയും കണ്ടിട്ടില്ല. അങ്ങനെ നമ്മുടെ പണ്ഡിതരുടെ പ്രസ്താവനകളിലും വന്നിട്ടില്ല. അത് തടയപ്പെടേണ്ട ബിദ്അത്ത് തന്നെയാണ്” (ഫതാവല്‍ കുബ്‌റ 1:186).
മറ്റൊരു ആചാരമാണ് തറാവീഹ് നമസ്‌കാരത്തില്‍ വിത്‌റിലെ ഖുനൂത്ത്. ഹദീസ് നിദാനശാസ്ത്ര പണ്ഡിതരില്‍ നല്ലൊരു വിഭാഗം വിത്‌റിലെ ഖുനൂത്തിനെ സംബന്ധിക്കുന്ന ഹദീസുകള്‍ ദുര്‍ബലമാണെന്ന് പ്രസ്താവിച്ചിട്ടുണ്ട്. ഇമാം ഇബ്‌നുല്‍ ഖയ്യിം വിത്‌റിലെ ഖുനൂത്തിന്റെ ഹദീസ് ദുര്‍ബലമാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട് (സാദുല്‍ മആദ് 1:334). ഇമാം ശൗക്കാനിയും (നൈലുല്‍ ഔത്വാര്‍ 3:50), ഇമാം സ്വല്‍ആനി(റ)യും (സുബുലുസ്സലാം 1:359) അപ്രകാരം പറയുന്നു. ഇബ്‌നു ഹിബ്ബാന്‍ തന്റെ സ്വഹീഹില്‍ പറയുന്നു: ”അത് സ്വഹീഹായി സ്ഥിരപ്പെട്ടതായി ഞാന്‍ അറിഞ്ഞിട്ടില്ല.” (2:153) നവവി(റ) ഇബ്‌നു ഉമറി(റ)ല്‍ നിന്നു റിപ്പോര്‍ട്ട് ചെയ്യുന്നത് ഇപ്രകാരമാണ്: ”വിത്‌റിലെ ഖുനൂത്ത് ബിദ്അത്താണ്. അത് ഇബ്‌നു ഉമറി(റ)ല്‍ നിന്നുമുള്ള റിപ്പോര്‍ട്ടാണ്” (ശറഹുല്‍ മുഹദ്ദബ് 4:24).

Back to Top