23 Wednesday
October 2024
2024 October 23
1446 Rabie Al-Âkher 19

റമദാന് യാത്രാമൊഴി നേരും മുമ്പ്‌

വി എസ് എം കബീര്‍


സൗര്‍ ഗുഹയിലെ മൂന്നാം നാള്‍. പുറത്തെ ബഹളത്തിന് വിരാമമായി. കാറ്റും കോളും അടങ്ങി. ആകാശം തെളിഞ്ഞു. അബൂബക്കറിന്റെ(റ) ആധിക്കും ശമനമായി. പിന്നെ കാത്തിരുന്നില്ല. സിദ്ദീഖിനെയും കൂട്ടി തിരുനബി(സ) ഗുഹയില്‍നിന്ന് പുറത്തിറങ്ങി. സിദ്ദീഖിന്റെ (റ) മകന്‍ അബ്ദുല്ല കൊണ്ടുവന്ന ഒട്ടകങ്ങളെ വാഹനമാക്കി ഇരുവരും യസ്‌രിബിലേക്ക് യാത്ര തുടങ്ങി.
അബ്ദുല്ലാഹിബ്‌നു ഉറൈഖിത്ത് എന്ന ബഹുദൈവ വിശ്വാസിയാണ് വഴികാട്ടി. യാത്ര തുടരവെ അവരൊരു സ്ഥലത്തെത്തി. മക്കയുടെ അതിര്‍ത്തിയായിരുന്നു അത്. പൊടുന്നനെ സഞ്ചാരം നിര്‍ത്തി ദൂതരൊന്ന് തിരിഞ്ഞുനിന്നു. ഒരു ദൂരക്കാഴ്ചയായി മക്ക ദേശം ദൂതരുടെ കണ്ണില്‍ നിറഞ്ഞുനിന്നു. അവിടുത്തെ കണ്ണുകള്‍ നിറയാന്‍ തുടങ്ങി. ”പ്രിയ മക്കാ ദേശമേ, അല്ലാഹുവിന്റെ ഏതൊരു മണ്ണിനെക്കാളും നിന്നെ ഞാന്‍ ഇഷ്ടപ്പെടുന്നു. എന്റെ ജനത എന്നെ പുറത്താക്കിയതുകൊണ്ട് മാത്രമാണ് എന്റെ ഈ പലായനം. അല്ലെങ്കില്‍ ഒരിക്കലും ഞാന്‍ നിന്നെ പിരിയില്ലായിരുന്നു”.
നിറമിഴികളോടെ തന്നെ ആ യാത്ര തുടരവെ അവര്‍ ജുഹ്ഫയിലെത്തി. അപ്പോഴതാ ഇറങ്ങുന്നു ദിവ്യവചനം. സങ്കടങ്ങളെ മായ്ച്ചും കണ്ണീരിനെ തുടച്ചും കളയാന്‍ പ്രാപ്തിയുണ്ടായിരുന്നു ആ ആശ്വാസവചനത്തിന്.
”നിശ്ചയം, നിന്നിലേക്ക് ഖുര്‍ആന്‍ അവതരിപ്പിച്ചവനാരോ അവന്‍ നിന്നെ വീണ്ടും നിന്റെ ജന്‍മദേശത്തേക്ക് കൊണ്ടുവരിക തന്നെ ചെയ്യും.” (സൂറത്തുല്‍ ഖസ്വസ്വ് 85).
പ്രിയദൂതന്‍ യാത്ര ചോദിക്കുകയാണ്, മക്കയോട്. മക്ക നബിയുടെ ഹൃദയഭൂമിയാണ്. മാതാപിതാക്കളും പ്രിയപ്പെട്ട കുടുംബവും എല്ലാവരും ജനിച്ച മണ്ണ്. അവരെയൊക്കെയും അടക്കം ചെയ്ത മണ്ണ്. 53 വര്‍ഷം തന്നെ വഹിച്ച ദേശം. സന്തോഷത്തിലും സന്താപത്തിലും തന്നോടൊപ്പം ചിരിക്കുകയും കരയുകയും ചെയ്ത നാട്. അവിടം വിട്ടുപോകുമ്പോള്‍ എങ്ങനെ കണ്ണ് നനയാതിരിക്കും ദൂതര്‍ക്ക്? നാട്ടുകാര്‍ പുറത്താക്കിയതാകുമ്പോള്‍ പ്രത്യേകിച്ചും. വിട ചോദിച്ചുകൊണ്ടുള്ള ആ വാക്കുകളില്‍ എല്ലാം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് ആ ഒരു ഘട്ടത്തില്‍ തന്റെ ദൂതനെ അല്ലാഹു സാന്ത്വനിപ്പിക്കുന്നതും.
* * *
ജീവിതത്തില്‍ പലതിനോടും വിടചോദിക്കുന്നവരോ പലതിനെയും യാത്രയാക്കുന്നവരോ ആണ് നാം. വിശ്വാസികളായ നാമിപ്പോള്‍ വ്രതമെടുക്കുന്നവരാണ്. ഒരു മാസത്തെ നോമ്പില്‍ രണ്ടാമത്തെ പത്തും പിന്നിട്ടു. ഇനിയിപ്പോള്‍ റമദാനിന് യാത്രാമൊഴി നേരാനിരിക്കുകയാണ് നാം.
ഉപവാസവും ഉപാസനയുമായി റമദാനിനെ ഹൃദയത്തില്‍ കുടിയിരുത്തിയ വിശ്വാസികള്‍ അതിനെ പറിച്ചെടുത്ത് ശവ്വാലിനെ പുണരുമ്പോള്‍ അവരുടെ ഹൃദയത്തില്‍ ഒരു വിങ്ങലുണ്ടാവും. ഇനിയൊരു റമദാന്‍ തങ്ങളുടെ ജീവിതത്തിലുണ്ടാവില്ലേ എന്ന ആധി. കാരണം, മനസ്സിനെയും ശരീരത്തെയും അത്രമേല്‍ കീഴ്‌പെടുത്താന്‍ കരുത്തുള്ള ആരാധനയാണ് റമദാന്‍ വ്രതം. ഈ റമദാനിനെ ഹൃദയത്തിലാവാഹിച്ചവന് നനയുന്ന കണ്ണുകളോടെയല്ലാതെ അതിനെ വേര്‍പിരിയാനാവില്ല; മക്കയെ പിരിയുന്ന തിരുദൂതരെ പോലെ.
റമദാന്‍കാല ജീവിതം
മഹാഭാഗ്യം

ഹിജ്‌റാബ്ദത്തില്‍ 12 മാസങ്ങളാണ്. അവയില്‍ പവിത്രമെന്ന് എണ്ണപ്പെട്ടിരിക്കുന്നത് നാലു മാസങ്ങളെയാണ്. എന്നാല്‍ വിശുദ്ധമാക്കപ്പെട്ടിരിക്കുന്നത് റമദാനിനെ മാത്രവും. അതുകൊണ്ടാണല്ലോ വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കാനായി വിശുദ്ധ റമദാനിലെ വിശുദ്ധ രാവിനെ അല്ലാഹു തെരഞ്ഞെടുത്തത്. വിശുദ്ധി വിരുന്നെത്തുന്ന ഇങ്ങനെയുള്ള ഒരു മാസത്തില്‍ ജീവിച്ചിരിക്കാന്‍ ഭാഗ്യം കിട്ടിയിരിക്കുകയാണ് നമുക്ക്. ഇനി റമദാനിന്റെ ഒരു മഹത്വം പറയാം. പ്രമുഖ സ്വഹാബി ത്വല്‍ഹത്തുബ്‌നു ഉബൈദില്ല(റ) ഒരു സംഭവം വിവരിക്കുകയാണ്.
ഒരിക്കല്‍ ദൂരദേശത്തു നിന്ന് രണ്ടുപേര്‍ തിരുനബിയുടെ സന്നിധിയിലെത്തി. നബിയുടെ വാക്കുകള്‍ കേട്ട് ഇസ്‌ലാം സ്വീകരിക്കലായിരുന്നു ഉദ്ദേശ്യം. ആഗ്രഹം പോലെ കാര്യം നടന്നു. അവരില്‍ ഒരാള്‍ ധര്‍മസമരത്തെ അതിരറ്റ് ഇഷ്ടപ്പെട്ടിരുന്നു. രണ്ടാമന് ആരാധനകളിലായിരുന്നു കൂടുതല്‍ താല്പര്യം. കാലം കടന്നുപോയി. ഇതിനിടെ ഇവരില്‍ ഒന്നാമന്‍ ആഗ്രഹം പോലെ തന്നെ ദൈവമാര്‍ഗത്തില്‍ രക്തസാക്ഷിയായി. രണ്ടാമനാകട്ടെ പിന്നെയും ഒരു വര്‍ഷത്തിലേറെ ജീവിച്ചു. അങ്ങനെ അദ്ദേഹവും മരിച്ചു.
അങ്ങനെയിരിക്കെ ത്വല്‍ഹ ഒരു സ്വപ്‌നം കണ്ടു. അദ്ദേഹം പരലോകത്ത് സ്വര്‍ഗത്തിന്റെ വാതില്‍പ്പടിയില്‍ നില്‍ക്കുകയാണ്. സ്വര്‍ഗവാതിലിന് പുറത്ത് ഈ രണ്ടുപേരും നില്‍ക്കുന്നുണ്ട്. അപ്പോള്‍ സ്വര്‍ഗത്തിന്റെ കാവല്‍ക്കാരന്‍ പുറത്തേക്ക് വന്നു. പുറത്തുനില്‍ക്കുന്നവരില്‍ രണ്ടാമത് മരിച്ചയാളെ അദ്ദേഹം സ്വര്‍ഗത്തിലേക്ക് ക്ഷണിച്ചു. അദ്ദേഹത്തെയും കൊണ്ടുപോയ കാവല്‍ക്കാരന്‍ വീണ്ടും തിരികെവന്ന ശേഷം, രക്തസാക്ഷിയായ ആളെ സ്വര്‍ഗത്തിലേക്ക് സ്വാഗതം ചെയ്തു. വീണ്ടും മടങ്ങിവന്ന കാവല്‍ക്കാരന്‍ ത്വല്‍ഹയോടായി പറഞ്ഞു: ”താങ്കള്‍ക്ക് മടങ്ങിപ്പോകാം. താങ്കളുടെ അവധി എത്തിയിട്ടില്ല.”
സ്വപ്‌നത്തില്‍ നിന്നുണര്‍ന്ന ത്വല്‍ഹക്ക് അദ്ഭുതമായി. രക്തസാക്ഷിയായ ഒന്നാമനെ വിട്ട് എന്തുകൊണ്ടാവാം കാവല്‍ക്കാരന്‍ രണ്ടാമനെ ആദ്യം സ്വര്‍ഗത്തിലേക്ക് ക്ഷണിച്ചത്? സ്വപ്‌നദര്‍ശനവും ഈ സന്ദേഹവും അദ്ദേഹം സുഹൃത്തുക്കളുമായി പങ്കുവെച്ചു. അവരും ആശ്ചര്യം കൂറി. ദൈവമാര്‍ഗത്തില്‍ ശഹീദായവനെ പിന്നിലാക്കാന്‍ മാത്രം എന്തു സദ്കര്‍മമാവാം രണ്ടാമന്‍ അനുഷ്ഠിച്ചിട്ടുണ്ടാവുക? അവരും സംശയം പൂണ്ടു. ഒടുവില്‍ വിഷയം തിരുദൂതരുടെ മുമ്പിലെത്തി. ഇതു കേട്ട ദൂതര്‍ ചോദിച്ചു: ”ഇതില്‍ അദ്ഭുതപ്പെടാന്‍ മാത്രം എന്താണുള്ളത്?”
അവര്‍ ചോദിച്ചു: ”നബിയേ, ഒന്നാമന്‍ ദൈവവഴിയില്‍ ധര്‍മസമരം നടത്തുകയും അങ്ങനെ രക്തസാക്ഷിയാവുകയും ചെയ്തിട്ടും എന്തുകൊണ്ടാണ് രണ്ടാമന്‍ ആദ്യം സ്വര്‍ഗത്തിലേക്ക് ക്ഷണിക്കപ്പെട്ടത്?”
”ഒന്നാമന്റെ രക്തസാക്ഷിത്വത്തിന് ശേഷം ഒരു വര്‍ഷം കൂടി രണ്ടാമന്‍ ജീവിച്ചിരുന്നിട്ടില്ലേ?”- തിരുനബി ആരാഞ്ഞു. അവര്‍ പറഞ്ഞു: ”അതേ നബിയേ”. അപ്പോള്‍ തിരുനബി വിശദീകരിച്ചു: ‘അപ്പോള്‍ രണ്ടാമന് ഒരു റമദാന്‍ മാസം അധികം കിട്ടിയില്ലേ. അതില്‍ അവന്‍ നോമ്പെടുത്തു, നമസ്‌കരിച്ചു, സുജൂദുകള്‍ ചെയ്തു, അങ്ങനെ പലതും. അവര്‍ ഇരുവര്‍ക്കും ഇടയില്‍ ആകാശഭൂമികള്‍ക്കിടയിലുള്ളതിനെക്കാള്‍ അകലം വരാന്‍ അതു തന്നെ മതി.” (ഇബ്‌നുമാജ ഉദ്ധരിച്ചത്)
രക്തസാക്ഷിത്വത്തിന് ഇസ്‌ലാം നല്‍കുന്ന മഹത്വവും ശ്രേഷ്ഠതയും പറയേണ്ടതില്ലല്ലോ. പ്രവാചകന്മാര്‍ക്കും സിദ്ദീഖുകള്‍ക്കും സ്വാലിഹുകള്‍ക്കും ഒപ്പമാണ് ശുഹദാക്കളുണ്ടാവുക. സ്വര്‍ഗം ഉറപ്പുനല്‍കപ്പെട്ടവരുമാണല്ലോ അവര്‍. എന്നാല്‍ രക്തസാക്ഷിയെ പിന്നിലാക്കി സ്വര്‍ഗകവാടം ആദ്യം തുറക്കപ്പെട്ടത്, ഒരു റമദാനില്‍ അധികം നോമ്പെടുത്തു ജീവിച്ച വിശ്വാസിക്ക് വേണ്ടിയാണെന്ന് മേല്‍വചനം വ്യക്തമാക്കുന്നു.
നിരവധി റമദാനുകളില്‍ ജീവിക്കാനും നോമ്പെടുക്കാനും സുജൂദുകള്‍ ധാരാളമായി ചെയ്യാനും അതുവഴി പാപങ്ങള്‍ കഴുകിക്കളയാനും അവസരം ലഭിച്ചവരാണ് നമ്മള്‍. ഇങ്ങനെയുള്ള മറ്റൊരു നോമ്പുകാലം കൂടിയാണ് നമ്മോട് യാത്ര ചോദിക്കുന്നത്. റയ്യാന്‍ കവാടത്തിന് നേരെ ആനന്ദം തുടികൊട്ടുന്ന ഹൃദയവുമായി രക്തസാക്ഷികള്‍ക്ക് മുന്നിലായി ആനയിക്കപ്പെടാന്‍ നമുക്ക് സാധിച്ചില്ലെങ്കില്‍ എത്ര സങ്കടകരമാവും അത്.
പ്രാര്‍ഥനാധന്യമായ
രാവുകള്‍

റമദാന്‍ മാസത്തെക്കുറിച്ചും അതിലെ വ്രതത്തെപ്പറ്റിയും എത്ര വാചാലമായാണ് വിശുദ്ധ ഖുര്‍ആനും തിരുനബിയും സംസാരിച്ചത്. റമദാന്‍ ക്ഷമയുടെ മാസമാണ്. ക്ഷമയ്ക്കുള്ള പ്രതിഫലം സ്വര്‍ഗമാണ് (ബൈഹഖി). നോമ്പ് ഒരു കവചമാണ്. നരകാഗ്‌നിയില്‍ നിന്ന് സംരക്ഷണം നല്‍കുന്ന ഭദ്രമായ കോട്ടയുമാണ് നോമ്പ് (അഹ്മദ്). റമദാനിലെ ഒരു സദ്കര്‍മം മറ്റു മാസങ്ങളിലെ നിര്‍ബന്ധ കര്‍മത്തിന് തുല്യമാണ്. റമദാനിലെ ഒരു നിര്‍ബന്ധ കര്‍മം ഇതര മാസങ്ങളിലെ 70 നിര്‍ബന്ധ കര്‍മങ്ങള്‍ക്ക് സമമാണ് (ബൈഹഖി). റമദാന്‍ പിറക്ക് പിന്നാലെ ദൈവത്തിന്റെ കരുണാ കവാടങ്ങള്‍ മലര്‍ക്കെ തുറക്കപ്പെടും. നരകവാതിലുകള്‍ അടയുകയും ചെയ്യും. തിന്മയുടെ ഉപാസകരായ പിശാചുക്കള്‍ വിലങ്ങണിയപ്പെടും (മുസ്ലിം). വിശ്വാസപ്രചോദിതമായും പ്രതിഫലമോഹത്താലും നോമ്പെടുക്കുന്നവന്റെ പൂര്‍വകാല പാപങ്ങള്‍ അഖിലം പൊറുക്കപ്പെടും. (ബുഖാരി)
വ്രതമാസത്തിന്റെ വൈശിഷ്ട്യം വിളംബരം ചെയ്യുന്ന ഇത്തരം വചനങ്ങള്‍ ഹദീസ് ഗ്രന്ഥങ്ങളില്‍ സുലഭമാണ്. ഇത്രയേറെ മഹത്വമാര്‍ന്ന ഒരു മാസത്തില്‍ ജീവിക്കാന്‍ അവസരം കിട്ടുന്നവന് സ്വര്‍ഗപ്രവേശം അന്യമാകുന്ന ദുരന്തം ഒന്ന് സങ്കല്പിച്ചു നോക്കൂ. ഈ നോമ്പുകാലത്തെ അങ്ങനെ യാത്രയാക്കുന്ന ദൗര്‍ഭാഗ്യവാന്‍മാര്‍ക്കെതിരെയാണ് ജിബ്‌രീല്‍ പ്രാര്‍ഥിച്ചതും കാരുണ്യദൂതര്‍ ആമീന്‍ പറഞ്ഞതും.
ആ സംഭവം ഇങ്ങനെയാണ്: ഒരിക്കല്‍ മസ്ജിദുന്നബവിയിലെ മിമ്പറില്‍ കയറുകയായിരുന്നു നബി(സ). ഒന്നാംപടിയില്‍ വെച്ച് ദൂതര്‍ ‘ആമീന്‍’ എന്ന് ഉരുവിട്ടു. തുടര്‍ന്ന് രണ്ടും മൂന്നും പടികളില്‍ വെച്ചും ഇത് ആവര്‍ത്തിച്ചു. ഇത് കേട്ട് ആകാംക്ഷയോടെയിരിക്കുന്ന സ്വഹാബിമാരോടായി അവിടുന്ന് വിശദീകരിച്ചു: ഞാന്‍ മിമ്പറില്‍ കയറവെ ജിബ്‌രീല്‍ എന്റെ അടുക്കല്‍വന്നു. എന്നിട്ട് പ്രാര്‍ഥിച്ചു: ‘റമദാനില്‍ ജീവിക്കാന്‍ ഭാഗ്യം ലഭിച്ചിട്ടും പാപങ്ങള്‍ പൊറുക്കപ്പെടാത്തവന്‍ ദിവ്യകാരുണ്യത്തില്‍നിന്ന് അകറ്റപ്പെടട്ടെ’. അപ്പോള്‍ ഞാന്‍ ആമീന്‍ പറഞ്ഞു. ‘വൃദ്ധമാതാപിതാക്കളെ പരിചരിക്കാന്‍ അവസരം വന്നിട്ടും അതുവഴി സ്വര്‍ഗപ്രവേശം ഉറപ്പിക്കാത്തവന്‍ നാശമടയട്ടെ’. ഞാന്‍ രണ്ടാമതും ആമീന്‍ പറഞ്ഞു. ‘താങ്കളുടെ പേര് കേള്‍ക്കുമ്പോള്‍ അനുഗ്രഹത്തിനായി പ്രാര്‍ഥിക്കാത്തവന് കാരുണ്യം തടയപ്പെടട്ടെ’. ഞാന്‍ വീണ്ടും ആമീന്‍ ചൊല്ലി. (തിര്‍മിദി ഉദ്ധരിച്ചത്)
അല്ലാഹുവിന്റെ വിശ്വസ്തനായ മാലാഖയുടെ പ്രാര്‍ഥന, സൃഷ്ടികളില്‍ ശ്രേഷ്ഠനായ അന്ത്യറസൂലിന്റെ ആമീന്‍. അല്ലാഹു ഒരിക്കലും മുഖംതിരിക്കാത്ത പ്രാര്‍ഥനയില്‍ പ്രതികള്‍ നാമാണെങ്കില്‍ ഒന്നോര്‍ത്തു നോക്കൂ, നമ്മുടെ പരലോകാവസ്ഥ! ശവ്വാലമ്പിളി കാണാനുള്ള വെമ്പലല്ല, റമദാന്‍ ചന്ദ്രന്റെ വൃത്തം വികസിക്കുന്നതിലുള്ള ആധിയാണ് നമ്മിലുണ്ടാവേണ്ടത്. അവസാന പത്തിന്റെ ഓരോ യാമവും പുലരിയില്‍ ലയിക്കും മുമ്പ്, ഓര്‍മയില്‍ നിന്ന് മാഞ്ഞുപോയ ചെറുപാപങ്ങള്‍ പോലും ചികഞ്ഞെടുത്ത് കണ്ണീരില്‍ ചാലിച്ച് നാഥന് മുന്നില്‍ ഏറ്റുപറയാന്‍ നാം മനവും മിഴികളും തുറന്നിരിക്കേണ്ടി വരും. അങ്ങനെ നിര്‍ണായക രാവിന്റെ അസുലഭ നിമിഷങ്ങളുമായി നമ്മുടെ മനമുരുകും തേട്ടങ്ങള്‍ സന്ധിച്ചു എന്നിരിക്കട്ടെ, എട്ടു പതിറ്റാണ്ട് കാലത്തെ പ്രാര്‍ഥനാധന്യമായ ആയുസ്സാണ് നമ്മുടെ വലതു കൈയിലെ ഏടില്‍ അധികമായി ചേര്‍ക്കപ്പെടുക. അങ്ങനെയുള്ള ഭാഗ്യശാലികള്‍ക്ക് ധൈര്യമായി പറയാം, സലാമും അലൈക്ക യാ ശഹ്‌റ റമദാന്‍.
പ്രാര്‍ഥിക്കുക
മറ്റൊരു റമദാന്‍പിറക്ക്

ഹിജ്‌റ വര്‍ഷങ്ങള്‍ ഇനിയും പിറക്കും. കലണ്ടറിന്റെ വര്‍ണങ്ങള്‍ മാറിമാറി വരും. മുഹര്‍റം, സഫര്‍… അമ്പിളിക്കലകള്‍ പശ്ചിമവാനില്‍ സ്വര്‍ണവര്‍ണമണിയും. റയ്യാന്‍ കവാടം മലര്‍ക്കെ തുറന്ന് റമദാനുമെത്തും. ഒരു വട്ടമല്ല, പലവട്ടം. പക്ഷെ അതിന് സാക്ഷ്യംവഹിക്കാനും പുലര്‍ച്ചെക്കെഴുന്നേറ്റ് അത്താഴമുണ്ണാനും നമുക്ക് വിധിയുണ്ടാകുമോ? വിശക്കുന്ന ആമാശയവുമായി ഖുര്‍ആന്‍ പാരായണം ചെയ്യാനും പ്രാര്‍ഥനകളോടെ നോമ്പ് മുറിക്കാനും ഭാഗ്യമുണ്ടാകുമോ? രാത്രിയുടെ യാമങ്ങളില്‍ തറാവീഹും തഹജ്ജുദുമായി മുസ്വല്ലയില്‍ മുഖമമര്‍ത്തിക്കരഞ്ഞ് ഉള്ളംപിടയ്ക്കാന്‍ അവസരം തരുമോ? മെല്ലെ മെല്ലെ ഊര്‍ന്നിറങ്ങുന്ന ശവ്വാല്‍ ഹിലാലിലേക്ക് കണ്ണെറിയാന്‍ ആയുസ്സിന്റെ കണക്കുപുസ്തകത്തില്‍ നമുക്കായി ദിനങ്ങള്‍ ബാക്കിയുണ്ടാകുമോ? റമദാനിന്റെ ഓരോ രാവുകളിലും നമ്മുടെ ഉള്ളില്‍ നിന്നുയരേണ്ട ചോദ്യങ്ങളാവണം ഇവ. ഈ റമദാന്‍ എന്റെ ആയുസ്സിലെ അവസാനത്തേതാണ് എന്ന ബോധ്യമുണ്ടാകുമ്പോള്‍ മാത്രമേ വിശുദ്ധ നാളുകളെ നമുക്ക് സാര്‍ഥകമാക്കാനാവൂ.
ഹൃദയത്തോട് എപ്പോഴും ചേര്‍ത്തുവെച്ചിരുന്ന ജന്മദേശമായ മക്കയെ പിരിയുമ്പോള്‍ തിരുനബിയിലുണ്ടായിരുന്ന ആധി, ഇനിയൊരിക്കലും ഞാന്‍ ഈ മണ്ണിലേക്ക് വരില്ലേ എന്നായിരുന്നു. എന്നാല്‍ വിശുദ്ധ വചനങ്ങള്‍ വഴി അല്ലാഹു തന്റെ ദൂതനെ സമാശ്വസിപ്പിക്കുന്നു; ധൈര്യമായി പൊയ്‌ക്കൊള്ളൂ, നിന്നെ നിന്റെ ജന്‍മഗേഹത്തിലേക്ക് നാം മടക്കിക്കൊണ്ടുവരിക തന്നെ ചെയ്യും എന്ന് ഉറപ്പും നല്‍കുന്നു.
എന്നാല്‍ നാം നെഞ്ചോട് ചേര്‍ത്ത് കൊണ്ടുനടന്നിരുന്ന റമദാനിതാ നമ്മോട് വിടചോദിക്കുന്നു. പിടയുന്ന ഹൃത്തടങ്ങളോടെ നാം യാത്രയാക്കുകയും ചെയ്യുന്നു. അടുത്ത വര്‍ഷവും റമദാനെത്തുമെന്നും അതിനെ വരവേല്ക്കാന്‍ താനുണ്ടാകുമെന്നും ഒരാള്‍ക്കും പക്ഷേ അല്ലാഹു ഉറപ്പു തരുന്നില്ല. അതുകൊണ്ട് തന്നെ ശവ്വാലിന്റെ ആഹ്‌ളാദത്തിലും റമദാനിന്റെ വേര്‍പാട് നമ്മെ ആകുലപ്പെടുത്തിക്കൊണ്ടേയിരിക്കണം.
പ്രമുഖ സ്വഹാബി ജാബിര്‍ ബിന്‍ അബ്ദില്ല റമദാനിലെ ഒടുവിലത്തെ വെള്ളിയാഴ്ച തിരുനബിയെ കാണാനെത്തി. അദ്ദേഹത്തെ ദൂതന്‍ ഉപദേശിച്ചത് ഇങ്ങനെ: ”പ്രിയ ജാബിര്‍, ഇത് റമദാനിലെ അവസാന വെള്ളിയാണ്. ഈ മാസത്തെ നീ നല്ല നിലയില്‍ യാത്രയാക്കുക. ഈ റമദാന്‍ ജീവിതത്തിലെ ഒടുവിലത്തേതാക്കരുതേ എന്ന് പ്രാര്‍ഥിക്കുകയും ചെയ്യുക”.
മറ്റൊരു റമദാന്‍ പിറ കാണാനുള്ള ഭാഗ്യം അല്ലാഹു നമുക്കും ചൊരിയട്ടെ എന്ന് പ്രാര്‍ഥിക്കുക നാം. ഒപ്പം, നോമ്പിലൂടെ കൈവരിച്ച വിശുദ്ധിയും ശീലിച്ച ആരാധനാനിഷ്ഠകളും വരും നോമ്പുകാലം വരെ നിലനിര്‍ത്താനുള്ള പ്രതിജ്ഞയും നാം എടുക്കേണ്ടതുണ്ട്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x