3 Tuesday
December 2024
2024 December 3
1446 Joumada II 1

റമദാന്‍ വിടപറഞ്ഞാലും ആരാധനകളെ കൈവിടരുത്‌

സയ്യിദ് സുല്ലമി


റമദാന്‍ ഒരു ജീവിതരീതിയാണ്. അതില്‍ നേടിയെടുത്ത വിശ്വാസപരമായ ഊര്‍ജവും ചൈതന്യവും ഇനിയുള്ള കാലങ്ങളില്‍ കെടാതെ സൂക്ഷിക്കണം. റമദാന്‍ അവസാനിച്ചതിനാല്‍ ഇനി സൂക്ഷ്മതയോടെ നിര്‍വഹിച്ച ആരാധനാകര്‍മങ്ങള്‍ അനുഷ്ഠിക്കേണ്ടതില്ലെന്ന് തീരുമാനിച്ചുകൂടാ. റമദാനാകട്ടെ, മറ്റു മാസങ്ങളാകട്ടെ ഇബാദത്ത് അനുഷ്ഠിക്കുന്ന കാര്യത്തില്‍ ഭംഗം വന്നുകൂടാ. കാരണം മരണം വരെ ആരാധനകളുമായി കഴിയണമെന്ന് അല്ലാഹു പഠിപ്പിക്കുന്നു: ”നീ നിനക്ക് മരണം വന്നെത്തുന്നതുവരെ നിന്റെ രക്ഷിതാവിനെ ആരാധിക്കുക” (വി.ഖു: 15:99).
ജാഹിലിയ്യാ കാലഘട്ടത്തില്‍ മക്കയുടെയും ത്വാഇഫിന്റെയും ഇടയില്‍ ജിഅറാന എന്ന സ്ഥലത്ത് റാബിത്വ എന്ന ഒരു വനിതയും അവരുടെ കീഴില്‍ കുറേ സ്ത്രീ ജീവനക്കാരും ഉണ്ടായിരുന്നു. കാലത്തു മുതല്‍ അവര്‍ കയര്‍ പിരിച്ച് ഉണ്ടാക്കും. ശക്തമായ കയര്‍ ഉണ്ടാക്കിക്കഴിഞ്ഞാല്‍ അത് പിരിച്ചഴിച്ചു നശിപ്പിക്കും. അവരുടെ ജോലി വൃഥാവിലാകും. അധ്വാനം കൊണ്ട് നഷ്ടം വരുത്തിവെക്കുന്നു. ഇങ്ങനെയുള്ള ബുദ്ധിശൂന്യത വിശ്വാസികള്‍ കാണിച്ചുകൂടാ. ”ഉറപ്പായ നിലയില്‍ നൂല്‍ ഉണ്ടാക്കിയ ശേഷം ഉടഞ്ഞ തുണ്ടങ്ങളായി ഉടച്ചുകളയുന്ന ഒരുവളെപ്പോലെ നിങ്ങള്‍ ആയി മാറരുത്” (വി.ഖു 16:92).
റമദാനില്‍ നിര്‍ബന്ധ നമസ്‌കാരങ്ങള്‍ ജമാഅത്തായി നിര്‍വഹിച്ചത് ഇനിയും തുടരാവുന്നതേയുള്ളൂ. പള്ളികളില്‍ ജമാഅത്ത് നമസ്‌കാരത്തിനു പോകുന്ന ഓരോ കാലടികളും നന്മകള്‍ രേഖപ്പെടുത്തുന്നു, തിന്മകള്‍ മായ്ക്കപ്പെടുന്നു. പള്ളിയില്‍ ജമാഅത്ത് പ്രതീക്ഷിച്ച് ഇരിക്കുന്ന സമയമത്രയും മലക്കുകള്‍ ആ വ്യക്തിക്ക് പാപമോചനത്തിനും കാരുണ്യത്തിനും പശ്ചാത്താപത്തിനും പ്രാര്‍ഥിക്കുന്നു. ഒറ്റയ്ക്ക് നമസ്‌കരിക്കുന്നതിനെക്കാള്‍ ജമാഅത്തായി നിര്‍വഹിക്കുമ്പോള്‍ 27 ഇരട്ടി പ്രതിഫലം ലഭിക്കുന്നു.
ഫര്‍ദ് നമസ്‌കാരങ്ങള്‍ക്കു പുറമെ സുപ്രധാനമായ സുന്നത്ത് നമസ്‌കാരങ്ങള്‍ നിര്‍വഹിക്കേണ്ടതുണ്ട്. വളരെ പ്രാധാന്യമേറിയ സുന്നത്ത് നമസ്‌കാരങ്ങളാണ് രാത്രി നമസ്‌കാരം, റവാതിബ്, തഹിയ്യത്ത്, ദുഹാ പോലുള്ളവ. സുബ്ഹിക്കു മുമ്പ് രണ്ടും ദുഹ്‌റിനു മുമ്പ് നാലും ശേഷം രണ്ടും മഗ്‌രിബിനും ഇശാക്കും ശേഷം രണ്ടും റക്അത്തുകള്‍ വീതമാണ് റവാതിബ് സുന്നത്ത് നമസ്‌കാരങ്ങള്‍. ദുഹാ നമസ്‌കാരം ചുരുങ്ങിയത് രണ്ടും പരമാവധി എട്ടും റക്അത്തുകളാണ്.
നോമ്പുകാലം കഴിഞ്ഞാലും തറാവീഹ്, ഖിയാമുല്ലൈല്‍ പോലുള്ള രാത്രിനമസ്‌കാരങ്ങള്‍ തുടരാന്‍ സാധിക്കണം. ഉറങ്ങുന്നതിനു മുമ്പാവാമെങ്കിലും ഉറങ്ങിയെഴുന്നേറ്റ് രാത്രിയുടെ അവസാന യാമത്തില്‍ തഹജ്ജുദ് എന്ന നിയ്യത്തോടെ നമസ്‌കരിക്കുക. ഒറ്റ കൊണ്ട് അവസാനിപ്പിക്കണം. പരമാവധി 11 റക്അത്തേ പാടുള്ളൂ. അതിലധികം വര്‍ധിപ്പിച്ചാല്‍ അത് സുന്നത്തിനു വിരുദ്ധമാകും. വിശുദ്ധ ഖുര്‍ആനില്‍ ഖിയാമുല്ലൈല്‍ സ്വര്‍ഗാവകാശികളുടെ ലക്ഷണമാണെന്ന് പറയുന്നുണ്ട്. ”അവര്‍ രാത്രിയില്‍ അല്‍പം മാത്രമേ ഉറങ്ങാറുണ്ടായിരുന്നുള്ളൂ. രാത്രിയുടെ അന്ത്യയാമങ്ങളില്‍ അവര്‍ പാപമോചനം തേടുന്നവരായിരുന്നു” (വി.ഖു. 51:17,18). ”അവര്‍ തങ്ങളുടെ രക്ഷിതാവിനു രാത്രിയില്‍ സാഷ്ടാംഗം നമിച്ചുകൊണ്ടും എഴുന്നേറ്റു നിന്ന് നമസ്‌കരിച്ചുകൊണ്ടും രാത്രി കഴിച്ചുകൂട്ടുന്നവരാണ്” (വി.ഖു. 25:64).
റമദാനില്‍ ഖുര്‍ആനുമായുള്ള ബന്ധം ഏറെ സുദൃഢമായിരുന്നു. ഖുര്‍ആന്‍ പാരായണം ചെയ്തും മനപ്പാഠമാക്കിയും അര്‍ഥവും വിശദീകരണവും പഠിച്ചും ആയത്തുകളെ കുറിച്ച് ആഴത്തില്‍ ചിന്തിച്ചും ഖുര്‍ആനുമായി ബന്ധം തുടരാന്‍ നമുക്ക് സാധിച്ചേ മതിയാകൂ. അല്ലെങ്കില്‍ റസൂല്‍(സ) നമുക്കെതിരെ സാക്ഷി പറയുന്ന ദുരവസ്ഥ ഉണ്ടായേക്കും. ”എന്റെ രക്ഷിതാവേ, എന്റെ ജനത ഈ വിശുദ്ധ ഖുര്‍ആനിനെ അവഗണിച്ചിരിക്കുന്നു” (വി.ഖു. 25:30) എന്ന് പ്രവാചകന്‍ പറയുമെന്ന് ഖുര്‍ആന്‍ സൂചന നല്‍കുന്നുണ്ട്. ഖുര്‍ആന്‍ പഠനം, ചിന്ത, അത് അനുസരിച്ചുകൊണ്ടുള്ള മാതൃകാജീവിതം എന്നിവയില്ലായെങ്കില്‍ അവര്‍ക്കെതിരെയായിരിക്കും റസൂല്‍ സാക്ഷി പറയുക.
വിശുദ്ധ വേദഗ്രന്ഥം കേവലം പാരായണം ചെയ്യുക മാത്രമല്ല അത്. അതിന്റെ ആശയങ്ങളും സന്ദേശങ്ങളും സ്വയം വായിച്ചു പഠിക്കുന്നത് ഏറെ സവിശേഷതയുള്ള കാര്യമാണ്. അര്‍ഥമോ ആശയമോ അറിയാതെയുള്ള ജീവിതം നയിക്കുന്നവര്‍ ഗ്രന്ഥം പേറുന്ന കഴുതകളെപ്പോലെയാണെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട് (62:5). ഖുര്‍ആന്‍ വെളിച്ചം നമുക്ക് റമദാനില്‍ മാത്രം പോരാ, എല്ലാ കാലത്തും വേണം. അത് മനുഷ്യന്റെ ആത്മാവിനെ സക്രിയമാക്കാന്‍ ആവശ്യമാണ്.
മനുഷ്യന്റെ ആത്മവിശുദ്ധിക്ക് വ്രതം അനിവാര്യമാണ്. റമദാന്‍ മാസം മുഴുവന്‍ വ്രതം അനുഷ്ഠിച്ചുകൊണ്ട് വിശ്വാസി ആത്മവിശുദ്ധിയുടെ രാജപാതയില്‍ പ്രവേശിക്കുന്നു. റമദാന്‍ നോമ്പ് കഴിഞ്ഞാലും നമുക്ക് വ്രതം എന്ന ആരാധന നടത്താനുള്ള സാഹചര്യമുണ്ട്. ഓരോ ചന്ദ്രമാസങ്ങളിലും 13 മുതല്‍ 15 വരെയുള്ള മൂന്നു ദിവസങ്ങള്‍ സുപ്രധാനമായ സുന്നത്ത് നോമ്പുണ്ട്. ഇതിന് അയ്യാമുല്‍ ബീദ് എന്നു പറയും. കൂടാതെ തിങ്കള്‍, വ്യാഴം എന്നീ ദിവസങ്ങളില്‍ സുന്നത്ത് നോമ്പ് എടുക്കാം. അറഫയില്‍ ഹജ്ജിനു വേണ്ടി സമ്മേളിച്ചവര്‍ക്കൊഴികെ അന്ന് നോമ്പ് പിടിക്കല്‍ വളരെ പുണ്യമുള്ളതാണ്. രണ്ട് വര്‍ഷത്തെ ചെറിയ പാപങ്ങള്‍ അതു നിമിത്തം പൊറുക്കപ്പെടും. മുഹര്‍റം പത്ത് ആശൂറാഅ് ദിവസത്തെ സുന്നത്ത് നോമ്പ് കൊണ്ട് വര്‍ഷത്തെ ചെറിയ പാപങ്ങള്‍ പൊറുക്കപ്പെടും.
ദാനധര്‍മങ്ങളും പാവങ്ങളുടെ കണ്ണീരൊപ്പലും ഇനിയും തുടരണം. റമദാന്‍ മാസത്തില്‍ ദാനങ്ങള്‍ക്ക് എണ്ണമറ്റ പുണ്യമുണ്ട്. റമദാനിനു ശേഷവും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമ്പത്ത് ചെലവഴിക്കാന്‍ നമുക്ക് മനസ്സുണ്ടാവണം. അങ്ങനെയുള്ളവര്‍ക്കു വേണ്ടി മലക്കുകള്‍ പ്രാര്‍ഥിക്കും. ”സൂര്യന്‍ ഉദിച്ചുയരുന്ന ഓരോ പ്രഭാതത്തിലും രണ്ട് മലക്കുകള്‍ ഇറങ്ങാതിരിക്കില്ല. അല്ലാഹുവേ, നിന്റെ മാര്‍ഗത്തില്‍ സമ്പത്ത് ദാനം ചെയ്യുന്നവന് നീ പകരം നല്‍കേണമേ എന്ന് അതില്‍ ഒരു മലക്ക് പ്രാര്‍ഥിക്കും. അല്ലാഹുവേ, സമ്പത്ത് ദാനം ചെയ്യാതെ പിശുക്കുന്നവന് നീ നാശം നല്‍കുകയും ചെയ്യേണമേ എന്ന് രണ്ടാമത്തെ മലക്ക് പ്രാര്‍ഥിക്കും” (ബുഖാരി: 1442).
പശ്ചാത്താപവും പാപമോചന പ്രാര്‍ഥനയും ദിനംപ്രതി ചെയ്യേണ്ടതുണ്ട്. റമദാന്‍ മാസത്തില്‍ മാത്രം ചെയ്യേണ്ടതല്ല. ചെറുതും വലുതുമായ എല്ലാ പാപങ്ങളില്‍ നിന്നും ആത്മാര്‍ഥതയോടെ അല്ലാഹുവിനോട് പശ്ചാത്തപിക്കുകയും പാപമോചനം തേടുകയും ചെയ്യേണ്ടതുണ്ട്. മനുഷ്യന്റെ അവസാന കാലം എങ്ങനെയെന്നത് വളരെ പ്രധാനപ്പെട്ടതാണ്. തൗബ ചെയ്ത് ഇസ്തിഗ്ഫാര്‍ നടത്തി വിശ്വാസത്തോടെ മരിക്കുന്നത് നല്ല മരണമാണ്. അതിന് ഹുസ്‌നുല്‍ ഖാതിമ എന്നു പറയും. അതിന് എല്ലാ കാലത്തും അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങേണ്ടതുണ്ട്.

Back to Top