റമദാന്‍ റീലുകള്‍
ദാനിയ
‘റമദാനിന് മുമ്പും റമദാനിലും’ എന്ന ക്യാപ്ഷനില്‍ റീലുകളും ഷോര്‍ട്‌സും നിറഞ്ഞിരിക്കുകയാണ്. ബാങ്ക് എപ്പോഴാണെന്നറിയാതിരുന്നവര്‍ മിനിട്ടും സെക്കന്‍ഡും വെച്ച് സമയം കൃത്യമായളക്കുന്നു, കുറ്റം പറഞ്ഞിരുന്നവര്‍ ഖുര്‍ആന്‍ ഓതുന്നു, തെറി വിളിച്ചിരുന്നവര്‍ നോമ്പ് കഴിഞ്ഞാകാം ഇനി എന്ന് തീരുമാനിക്കുന്നു, മൂക്കത്ത് ശുണ്ഠിയുള്ളവര്‍ സലാം കൊണ്ട് നിയന്ത്രിക്കുന്നു, ഭക്ഷണം കഴിക്കാനാകാത്തതിലുള്ള വിഷമം കുക്കിംഗ് വീഡിയോസ് കണ്ട് ശമിപ്പിക്കുന്നു, പ്രണയങ്ങള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തി വെക്കുന്നു,… നിയന്ത്രണങ്ങളേറെയുള്ള പുണ്യമാസവും, അതിലൂടെ ഇസ്‌ലാമും തെറ്റിദ്ധരിക്കപ്പെടുന്നുണ്ട് പലപ്പോഴും.
വീണ്ടും വീണ്ടും അവനവന്‍ സ്വയം വിചാരണ ചെയ്യപ്പെടേണ്ട മാസമാണ് റമദാന്‍. ചെയ്തികളെക്കുറിച്ച് പുനരാലോചിക്കാന്‍, ഇച്ഛകളെ പുറംകാലുകൊണ്ട് തട്ടിത്തെറിപ്പിക്കാന്‍, പാപമോചനങ്ങള്‍ കൊണ്ട് അകം ശുദ്ധമാക്കാന്‍ പടച്ചവന്‍ നല്‍കിയ ഓഫര്‍ ആണിത്. സര്‍വ ഭൗതിക ബന്ധങ്ങളും വെടിഞ്ഞ് ഇഅ്തികാഫ് ഇരിക്കുന്നവനെ ഒരു തിരിച്ചുപോക്കിനെക്കുറിച്ച് ആലോചിപ്പിക്കുന്നുണ്ട് റമദാന്‍.
എന്നാല്‍, ഖുര്‍ആനിന്റെ മാസത്തില്‍ മനുഷ്യന്‍ നെയ്‌തെടുക്കുന്ന സൂക്ഷ്മത ഇവിടം കൊണ്ട് തീര്‍ന്നുപോകരുത്, ഒളിച്ചിരിക്കുന്ന അന്ത്യത്തെ പുല്‍കുന്നത് വരെയുള്ള മനുഷ്യന്റെ യത്‌നങ്ങളെ പൊതിഞ്ഞിരിക്കേണ്ടതാണത്.