റമദാന്‍കാല ഖുര്‍ആന്‍ പഠനത്തിലും പുതുമ
ശംസുദ്ദീന്‍ പാലക്കോട്
”റമദാനാണ് വരുന്നത്. ഇവിടെ ഖുര്‍ആന്‍ പഠിപ്പിച്ച അതേ മെത്തേഡില്‍ ഒരു ദിവസം ഒരു ജുസ്അ് എന്ന നിലയ്ക്ക് റമദാനിലെ 30 ദിനം കൊണ്ട് ഖുര്‍ആന്‍ മുഴുവന്‍ 30 ജുസ്അ് ഞാന്‍ പഠിക്കും, ഇന്‍ശാഅല്ലാഹ്.” കരിപ്പൂര്‍ വെളിച്ചം നഗറില്‍ 2024 ഫെബ്രവരി 4 മുതല്‍ 14 വരെയായി നടന്ന ‘ഖുര്‍ആന്‍ സമ്പൂര്‍ണ പഠനവേദി’യില്‍ ആവേശത്തോടെ പഠിതാവായി പങ്കെടുത്ത ഒരു സഹോദരിയുടെ ആവേശം തുളുമ്പുന്ന വാക്കുകളാണിവ.
ഇത് ആയിരക്കണക്കിന് ആളുകള്‍ ഈ റമദാനില്‍ ഒരു ദിവസം ഒരു ജുസ്അ് എന്ന നിലയില്‍ ഖുര്‍ആന്‍ പഠിക്കുന്ന ഒരു നവീന സംരംഭമായി വികസിച്ചിരിക്കുകയാണ്. റീകാസ്റ്റ് മീഡിയയാണ് കരിപ്പൂരിലെ ഖുര്‍ആന്‍ സമ്പൂര്‍ണ പഠനവേദിയില്‍ ഖുര്‍ആന്‍ ക്ലാസെടുത്ത 60 പണ്ഡിതന്മാരുടെ ക്ലാസുകള്‍ ഒരു ദിവസം ഒരു ജുസ്അ് എന്ന നിലയില്‍ പുനഃസംപ്രേഷണം ചെയ്യുന്നത്. മുജാഹിദ് സമ്മേളനത്തിലെ ഏറെ ശ്രദ്ധേയമായ പുതുമ നിറഞ്ഞ ഒരു പരിപാടിയായിരുന്നു ഖുര്‍ആന്‍ സമ്പൂര്‍ണ പഠനവേദി. ‘ഖുര്‍ആന്‍ സമ്പൂര്‍ണ പഠനപദ്ധതി’ക്ക് കരിപ്പൂര്‍ വെളിച്ചം നഗറില്‍ തുടക്കദിവസം തന്നെ ആയിരങ്ങള്‍ ഒഴുകിയെത്തിയിരുന്നു. ഇതിനു പുറമെ ഓണ്‍ലൈനിലും ധാരാളം പേര്‍ ഖുര്‍ആന്‍ പഠിതാക്കളായി എത്തിയിരുന്നു. ഇപ്പോള്‍ അത് എല്ലാവര്‍ക്കും എവിടെ വെച്ചും ഉപയോഗപ്പെടുത്താവുന്ന വിധത്തില്‍ കൂടുതല്‍ ജനകീയമാവുകയും ചെയ്തു.
ഖുര്‍ആന്‍ സമ്പൂര്‍ണ പഠനവേദിയിലും ഇപ്പോള്‍ റമദാനില്‍ ‘ഒരു ദിനം ഒരു ജുസ്അ്’ ഖുര്‍ആന്‍ പഠനപദ്ധതിയിലും ഖുര്‍ആനിലെ ഓരോ ജുസ്ഇലെയും പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്ന 30 വിഷയങ്ങള്‍ പ്രത്യേകം പഠനവിധേയമാക്കുന്നു എന്നത് വിശുദ്ധ ഖുര്‍ആനിലെ വിഷയവൈവിധ്യത്തെപ്പറ്റിയും വൈപുല്യത്തെപ്പറ്റിയും ഖുര്‍ആന്‍ പഠിതാക്കള്‍ക്ക് ധാരണ കിട്ടാന്‍ സഹായകമാണ്. സമ്പൂര്‍ണ ഖുര്‍ആന്‍ പഠന വീഡിയോ എല്ലാ ദിവസവും രാവിലെ റീകാസ്റ്റ് മീഡിയ ഖുര്‍ആന്‍ പഠിതാക്കള്‍ക്കു വേണ്ടി പുനഃസംപ്രേഷണം ചെയ്യുന്നു എന്നതും ആയിരക്കണക്കിനു പേര്‍ ദിനേന അത് ഉപയോഗപ്പെടുത്തുന്നു എന്നതും ശ്രദ്ധേയമായ കാര്യമാണ്.