റമദാന്‍ സുരക്ഷിതമായ കോട്ട
എം ടി അബ്ദുല്‍ഗഫൂര്‍
അബൂഹുറയ്‌റ(റ) പറയുന്നു: നബി(സ) പറഞ്ഞിരിക്കുന്നു: ആരെങ്കിലും വിശ്വാസത്തോടെയും പ്രതിഫലേച്ഛയോടെയും റമദാനില്‍ വ്രതമനുഷ്ഠിച്ചാല്‍ അവന് കഴിഞ്ഞുപോയ പാപങ്ങള്‍ പൊറുക്കപ്പെടും. (ബുഖാരി, മുസ്‌ലിം).
റമദാന്‍, വിശുദ്ധ മാസം; വിശ്വാസികള്‍ക്ക് ആശ്വാസത്തിന്റെയും ആഹ്ലാദത്തിന്റെയും പുണ്യമാസം. ജീവിതത്തില്‍ വന്നുപോയ പിഴവുകള്‍ക്ക് പരിഹാരമാവുക എന്നത് ആശ്വാസത്തിനു കാരണമാകുന്നു. നന്മകള്‍ക്ക് പതിന്മടങ്ങ് പ്രതിഫലം ലഭിക്കുക എന്നത് ആഹ്ലാദകരവുമത്രെ.
ഹൃദയത്തില്‍ ഈമാന്‍ മിനുസപ്പെടുത്തുന്ന, അനുസരണ ശീലങ്ങള്‍ വര്‍ധിപ്പിക്കുന്ന, സമൂഹത്തില്‍ തിന്മയുടെ മേഖലകള്‍ ദുര്‍ബലമാവുന്ന, പരസ്പര സ്‌നേഹവും ഐക്യവും ശക്തമാവുന്ന, വിനയവും വിട്ടുവീഴ്ചയും പ്രകടമാവുന്ന ക്ഷമയുടെ, ധീരതയുടെ പാഠമുള്‍ക്കൊള്ളുന്ന വിശുദ്ധ മാസത്തെ വരവേല്‍ക്കാന്‍ വിശ്വാസികള്‍ മനസ്സ് പാകപ്പെടുത്തുകയാണ്.
വിശ്വാസികള്‍ക്ക് മധുരമേറിയ താവളവും സുരക്ഷിതമായ കോട്ടയുമാണ് റമദാന്‍. തങ്ങളുടെ പാപങ്ങളെ കഴുകിക്കളയാനുള്ള സുവര്‍ണാവസരമാണത്. സ്വര്‍ഗ കവാടങ്ങള്‍ തുറക്കപ്പെടുകയും നരക കവാടങ്ങള്‍ അടയ്ക്കപ്പെടുകയും പിശാച് ബന്ധനസ്ഥനാക്കപ്പെടുകയും ദൈവകാരുണ്യം വര്‍ഷിക്കപ്പെടുകയും പിഴവുകള്‍ പൊറുക്കപ്പെടുകയും ചെയ്യുന്ന പുണ്യമാസം. അതിലേക്ക് പ്രവേശിക്കുമ്പോള്‍ വിശ്വാസത്തെ ഉറപ്പിക്കുകയും ദൈവപ്രീതിയെ ആഗ്രഹിക്കുകയും ചെയ്യുക എന്നത് നിഷ്‌കളങ്കതയുടെ അടയാളമാണ്.
അല്ലാഹുവില്‍ നിന്നുള്ള പ്രതിഫലം മാത്രം പ്രതീക്ഷിച്ചുകൊണ്ട് ഭക്ഷണ പാനീയങ്ങളും അനാവശ്യ ചിന്തയും, നീചമായ പ്രവൃത്തികളും വെടിഞ്ഞ് നന്മകളില്‍ മുന്നേറിക്കൊണ്ടിരിക്കുന്ന വിശ്വാസികളുടെ പ്രവര്‍ത്തനങ്ങളുടെ സ്വീകാര്യത ബോധ്യപ്പെടുത്തുകയാണ് ഈ തിരുവചനം.
ഭക്ഷണ പാനീയങ്ങള്‍ ഉപേക്ഷിച്ചതുകൊണ്ട് മാത്രമോ അശ്രദ്ധമായ ഹൃദയത്തോടെ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിച്ചതു കൊണ്ടോ തിന്മകള്‍ വെടിഞ്ഞതുകൊണ്ടോ മാത്രം വ്രതം അര്‍ഥവത്താവുകയില്ല. മനസ്സും ശരീരവും ചേര്‍ത്തു നിര്‍ത്തിക്കൊണ്ട് ഭക്തിയോടെ മനസ്സറിഞ്ഞതുകൊണ്ട് തിന്മകളില്‍ നിന്ന് മാറിനില്‍ക്കുകയും നിര്‍ബന്ധവും ഐച്ഛികവുമായ കര്‍മങ്ങളില്‍ വ്യാപൃതനാവുകയും ഭക്ഷണപാനീയങ്ങള്‍ വെടിയുകയും ചെയ്യുമ്പോഴാണ് പാപമുക്തി ലഭിക്കുക എന്നത്രെ ഈ തിരുവചനത്തിന്റെ സന്ദേശം.
മനുഷ്യജീവിതത്തില്‍ വന്നുപോയ പിഴവുകള്‍ പൊറുക്കപ്പെടുക എന്ന, ഏറെ ആശ്വാസവും സമാധാനവും നല്‍കുന്ന ഒരു കാര്യം എന്ന നിലക്ക് വിശുദ്ധ മാസത്തെ വരവേല്‍ക്കുകയാണ് വേണ്ടത്. കര്‍മങ്ങള്‍ കൊണ്ട് സജീവമാകുവാനും വിശ്വാസ വര്‍ധനവിലൂടെ പദവികള്‍ ഉയര്‍ത്തപ്പെടാനും ബന്ധങ്ങളില്‍ ഊഷ്മളത വരുത്താനും ദുശ്ശീലങ്ങള്‍ വെടിഞ്ഞതുകൊണ്ട് സ്വഭാവശുദ്ധി വരുത്താനും ശ്രമിച്ചുകൊണ്ട് പാപങ്ങളെ കരിച്ചുകളയുന്ന ഒരു മാസമായി റമദാനെ നമുക്ക് സ്വീകരിക്കാം.