15 Saturday
June 2024
2024 June 15
1445 Dhoul-Hijja 8

റമദാനിലെ നാസ്തിക- ലിബറല്‍ വിഭ്രാന്തികള്‍

സഈദ് പൂനൂര്‍


സീസണലായി കേരളത്തിലെ നാസ്തികരും ലിബറലിസ്റ്റുകളും മുടങ്ങാതെ നിര്‍വഹിച്ചു വരുന്ന മതവിമര്‍ശനം റമദാനില്‍ പതിവിലും സജീവമായി തുടരുന്നുണ്ട്. നോമ്പ് ആത്മഹത്യാപരമാണെന്നും ഭൗതിക ശാസ്ത്രത്തിന്റെ അളവുകോലുകളില്‍ നോമ്പനുഷ്ഠിക്കുന്നതിന്റെ സയിന്റിഫിക് മെറിറ്റ് സമഗ്രമല്ലെന്നും തുടങ്ങി അസ്ഥാനത്തുള്ള ആരോപണങ്ങള്‍ ഉയര്‍ത്തി റമദാനിലെ മുസ്ലിം വീടുകളിലെ അടുക്കള മുതല്‍ സ്ത്രീകളുടെ പാചകം വരെ എത്തിയിരിക്കുകയാണ് കേരളത്തിലെ എക്‌സ് മുസ്ലിം-ലിബറല്‍ വിഭ്രാന്തികള്‍!
ഇസ്ലാമിക നിയമങ്ങള്‍ ആത്യന്തികമായി ദിവ്യകീര്‍ത്തനങ്ങളാണ് (തഅബ്ബുദിയ്യ്). അഥവാ യുക്തിക്കതീതമായി അനുസരണയോടെ ചെയ്യേണ്ടവ. യുക്തി സമ്മതിച്ചാലും ഇല്ലെങ്കിലും മതത്തിന്റെ കല്‍പ്പന എന്ന അര്‍ഥത്തില്‍ നിര്‍വഹിക്കപ്പെടേണ്ടതാണവ. എന്നാല്‍ എല്ലാറ്റിന്റെ പിറകിലും യുക്തിഭദ്രമായ ഒരു ന്യായമാനം ഇസ്ലാമിക നിയമങ്ങളില്‍ ഉണ്ടാവും; പക്ഷെ അത് കണ്ടെത്തണമെന്ന് നിര്‍ബന്ധമോ നിബന്ധനയോ കല്പനയോ ഇല്ല.
മതത്തെ ഭാഗികമായി ഉള്‍ക്കൊള്ളുകയും ഭാഗികമായി കൊള്ളുന്നതിന്റെ ഇടക്ക് നിര്‍ത്തി യുക്തിയുടെ ദാക്ഷിണ്യത്തിന് ദയാഹരജി സമര്‍പ്പിക്കുകയും ചെയ്യുന്നത് വിശ്വാസപരമായ നപുംസകാവസ്ഥയില്‍ കൊണ്ടിടുമെന്നതില്‍ സംശയമില്ല. കേരളത്തിലെ എക്സ് മുസ്ലിം പരിസരങ്ങളില്‍ നിന്നാണ് ഭാഗികമായി മതത്തെ ഉള്‍ക്കൊള്ളാനും ദീനിന്റെ അന്തഃസത്തയെ ഇസ്ലാമിനകത്ത് നിന്ന് തന്നെ അശ്ലീലമാക്കാനുമുള്ള ശ്രമങ്ങളുണ്ടാവുന്നത്. നോമ്പിന്റെയും സകാത്തിന്റെയും ലോജിക്കും പ്രായോഗികതയും ചികയുന്നവര്‍ നമസ്‌കാരത്തിന്റെ യുക്തിയും വിചാരണക്ക് വിധേയമാക്കിയിട്ടുണ്ട്.
എന്തിനാണ് നമസ്‌കരിക്കുന്നത്? ഖുര്‍ആന്‍ പറയുന്നു: ‘എന്നെ ഓര്‍ക്കാന്‍.’ എന്നാല്‍ നമസ്‌കാര പ്രക്രിയ വഴി അല്ലാഹുവിനെ ഓര്‍ക്കല്‍ എത്രമാത്രം വിജയകരമായി നടക്കുന്നുണ്ട്? യാത്ര, ജോലിത്തിരക്ക്, രോഗപീഡ, അടുക്കളപ്പണി, പ്രസംഗം, പുസ്തകമെഴുത്ത് എന്നു തുടങ്ങിയ അതിപ്രധാനമായ കാര്യങ്ങള്‍ ഇടയ്ക്കുവെച്ച് മുറിച്ചാണ് ദിനംപ്രതി അഞ്ച് പ്രാവശ്യം നമസ്‌കരിക്കുന്നത്. എന്നിട്ട് ഫലമോ? ആത്മാര്‍ഥമായി ഓരോ നമസ്‌കാരം കഴിയുന്തോറും അല്ലാഹുവിലേക്ക് അടുക്കുന്നുണ്ടോ? ഇല്ലെങ്കില്‍, ഫലവത്തായ കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത് ഇടക്കിടെ അലങ്കോലപ്പെടുത്തിയുള്ള ഈ നമസ്‌കാരം ഫലശൂന്യമല്ലേ? പ്രായോഗിക ബുദ്ധിയാണ് ഉത്തരം പറയേണ്ടതെന്നാണ് ആരോപകരുടെ പക്ഷം.
അതേസമയം, ആ അഞ്ച് നേരങ്ങളിലെ അഞ്ച് മിനിറ്റുകള്‍ ചേര്‍ത്തുവെച്ച് പാതിരാ നേരത്തോ പുലര്‍ച്ചക്കോ ഏകാന്തമായി പ്രകൃതിയെ കുറിച്ചും പ്രപഞ്ച ദൃഷ്ടാന്തങ്ങളെ കുറിച്ചും ചിന്തിക്കുകയോ ധ്യാനിക്കുകയോ ചെയ്താല്‍ സ്രഷ്ടാവിനെ കുറിച്ചുള്ള ഓര്‍മകള്‍ വര്‍ധിക്കില്ലേ എന്ന ദ്വയാര്‍ഥമുള്ള ചോദ്യങ്ങള്‍ എക്സ് ഇസ്ലാമിലേക്കാണ് വഴി നടത്തുന്നത്. നോമ്പും നമസ്‌കാരവുമടക്കം ശരീരം കൊണ്ടുള്ള അനുഷ്ഠാനപരമായ കവാത്തിനേക്കാള്‍ നല്ലത് സംവേദനത്വമുള്ള ഓട്ടോ സജഷനുകളോ, ധ്യാനസദസ്സുകളോ യോഗയോ ആണെന്നല്ലേ ബുദ്ധി ഉത്തരം പറയുക/പറയേണ്ടത്? മാത്രവുമല്ല, വേണമെങ്കില്‍ ആ നമസ്‌കാരത്തിന് ചെലവാക്കുന്ന സമയം എന്തെങ്കിലും ജീവകാരുണ്യ പ്രവര്‍ത്തനത്തിന് മാറ്റിവെച്ചാല്‍ എന്ത് ഉപകാരമായിരിക്കുമെന്നും വാദിക്കുന്നു.
ഇസ്ലാമിലെ ഇബാദത്തുകളുടെ അന്തഃസത്ത ഉള്‍ക്കൊള്ളാത്തവര്‍ നടത്തുന്ന കസര്‍ത്തുകളാണ് ഇതൊക്കെ. അനുഷ്ഠാന കര്‍മങ്ങള്‍ ശാരീരികം ആണെങ്കിലും അതിന്റെ പൊരുളും തേട്ടവും പ്രതിഫലവും ഭൗതികാതീതം ആണ്. കേവല യുക്തിയുടെ പരിധിയില്‍ പെടുന്നതല്ല അതൊന്നും.
നോമ്പിനെ കുറിച്ചും ഇത്തരം ‘പ്രായോഗികമായ’ ബൗദ്ധികത പൊട്ടിമുളക്കുന്നുണ്ട്. തിരുനബിയുടെ കാലത്ത് ദാരിദ്ര്യത്തെ കര്‍മം കൊണ്ട് ന്യായീകരിക്കാന്‍ ഉണ്ടാക്കിയ ഒരു ഏര്‍പ്പാടായി നോമ്പിനെ വ്യാഖ്യാനിച്ച്, നിലനില്‍പ്പുഭീഷണി നേരിടുന്ന പുതിയകാലത്ത് കൂടുതല്‍ പോഷകാഹാരം കഴിച്ച് കായികശേഷി വര്‍ധിപ്പിക്കുകയല്ലേ വേണ്ടത് എന്നാണ് യുക്തിപൂജകര്‍ ചോദിക്കുന്നത്. ആ ശേഷിയെ നന്മക്കുപയുക്തമായ മേഖലകളിലേക്ക് ചാനലൈസ് ചെയ്യുക എന്നതാണോ അതോ പൈദാഹങ്ങള്‍ സഹിച്ച് കൂനിക്കൂടിയിരിക്കുകയാണോ? ഏതാണ് ബുദ്ധി? ഏതാണ് യുക്തി? ഇത്തരം കേവല ഭൗതിക-ബൗദ്ധിക ചിന്താധാരകള്‍ കുത്തിവെക്കുന്ന മാരകമായ ആശയ വൈകല്യങ്ങള്‍ സാമാന്യ വിശ്വാസികളെ സംബന്ധിച്ചിടത്തോളം അപകടം തന്നെയാണ്.
വിശ്വാസികള്‍ക്ക് പക്ഷേ നോമ്പ് മറ്റെല്ലാ ആരാധനകളെയും പോലെ സ്രഷ്ടാവിനുള്ള സമര്‍പ്പണമാണ്. മനുഷ്യരുടെ കഴിവിന് പരിധിയുണ്ടെന്നും അതില്ലാത്ത പടച്ചവനില്‍ സമര്‍പ്പിക്കലാണ് ബാധ്യത എന്നുമുള്ള തിരിച്ചറിവാണ് നോമ്പ്. സ്രഷ്ടാവിനോടുള്ള സമ്പൂര്‍ണമായ കീഴൊതുങ്ങലായി വ്രതമനുഷ്ഠിക്കുന്നവര്‍ക്ക് ഫാസ്റ്റിംഗിന്റെ സയന്റിഫിക് മെറിറ്റ്‌സ് ഭാഗികം മാത്രമാണ്. കാര്യകാരണങ്ങള്‍ക്കതീതമായ ഉപകാരോപദ്രവങ്ങള്‍ വരുത്താന്‍ സര്‍വശക്തനേ സാധിക്കൂ എന്ന ബോധ്യത്തില്‍ നോമ്പെടുക്കുന്നവരോട് ഭൗതികമായ ശാസ്ത്രീയ ഗുണഗണങ്ങള്‍ വിവരിക്കുന്നതിന്റെ നിരര്‍ഥകത ചെറുതൊന്നുമല്ല.
നാസ്തികരുടെ റമദാന്‍ ക്യാപ്സൂളില്‍ പ്രധാന പ്രമേയമാണ് സോമാലിയയിലെ പട്ടിണിപ്പാവങ്ങളുടെ ഫോട്ടോ വച്ച് സ്രഷ്ടാവ് എവിടെ എന്ന് ചോദിച്ചുള്ള പ്രചാര വേലകള്‍. വിശ്വാസിയാവാന്‍ മനസ്സിലുറപ്പിക്കേണ്ട ആറ് കാര്യങ്ങളില്‍ ആറാമത്തേത് ‘നന്മയും തിന്മയും ആയ, ഗുണവും ദോഷവും ആയ എല്ലാ കാര്യങ്ങളും അല്ലാഹു സൃഷ്ടിക്കുന്നതാണ്’ എന്നതാണ്. അതിനാല്‍ ലോകം അഭിമുഖീകരിക്കുന്ന പ്രകൃതി ദുരന്തങ്ങള്‍, മാറാവ്യാധികള്‍, മഹാമാരികള്‍ എന്നിവ ദൈവം പ്രകൃതിയില്‍ നിക്ഷേപിച്ച നൈസര്‍ഗിക ഭാവത്തില്‍ പെട്ടതാണെന്നും അതെല്ലാം ദൈവത്തിന്റെ ഇച്ഛയുടെ മൂര്‍ത്തവത്കരണമാണെന്നും മനസ്സിലാക്കാന്‍ വിശ്വാസിക്ക് രണ്ട് വട്ടം ആലോചിക്കേണ്ടി വരില്ല. ഭയം, വിശപ്പ്, ധനദൗര്‍ലഭ്യം, ജീവനാശം, കായ്കനികളുടെ അപര്യാപ്തത തുടങ്ങി പല വിപത്തുകളും പ്രകൃതിയുടെ നൈസര്‍ഗികഭാവത്തില്‍ നിക്ഷേപിച്ചു കൊണ്ട് ദൈവം പരീക്ഷിക്കുമെന്ന് ഖുര്‍ആന്‍ പറയുന്നു. (2:155)
ഇഹലോകത്തെ ജീവിതം, മരണം എന്നീ പ്രതിഭാസങ്ങളും അവക്കിടയിലെ മുഴുവന്‍ അനുഗ്രഹ നിഗ്രഹങ്ങളും മനുഷ്യനെ പരീക്ഷിക്കാന്‍ വേണ്ടി സൃഷ്ടിച്ചതാണെന്ന് ഖുര്‍ആന്‍ നിസ്സംശയം പ്രഖ്യാപിച്ചിട്ടുണ്ട് (67:2). ദൈവം പ്രകൃതിയുടെ സൗന്ദര്യവും ഭയാനകതയും ഉപയോഗിച്ച് പലതരത്തിലും മനുഷ്യനു മുമ്പില്‍ തന്റെ നിദര്‍ശനങ്ങള്‍ പ്രകടമാക്കും. മനുഷ്യന്‍ അശക്തനും പരിധിയും പരിമിതിയുള്ളവനാണെന്ന് അവനെ വീണ്ടും ബോധ്യപ്പെടുത്താനും, ദൈവത്തിന്റെ പരമാധികാരം ചോദ്യം ചെയ്യാന്‍ മനുഷ്യനാവില്ല എന്ന സത്യം ഊട്ടിയുറപ്പിക്കാനും വേണ്ടിയാണത്.
മാത്രമല്ല, സല്‍കര്‍മകാരികളെ മാത്രം സുഖിപ്പിക്കുകയും ദുര്‍നടപ്പുകാരെ ശിക്ഷിക്കുകയും ചെയ്യുന്ന ലോകം ഇതല്ല, പരലോകമാണ്. സല്‍കര്‍മകാരികളെ എല്ലാ സുഖവും അനുഭവിപ്പിക്കും, ദുര്‍നടപ്പുകാരെ മാത്രമേ വിപത്തുകള്‍ ബാധിക്കൂ എന്ന ഒരു ഓഫര്‍ സ്രഷ്ടാവ് ഈ ലോകത്ത് നല്‍കുന്നില്ല. മറിച്ച്, മനുഷ്യന്റെ കര്‍തൃത്വം, സ്വാതന്ത്ര്യം, ഇഛാശക്തി എന്നിവ ഉപയോഗിച്ച് ഈ ലോകത്ത് മാനവികതക്ക് വേണ്ടി പ്രകൃതിക്ക് അനുകൂലമായി പണിയെടുക്കാനാണ് ദൈവകല്‍പന. ആ ദൗത്യത്തിനിടെ സുഖവും ദുഃഖവും കയറ്റവും ഇറക്കവും താണ്ടേണ്ടി വരും. ദുഃഖവും പ്രയാസവും ഉള്ള സമയത്ത് അമിതമായി ദുഃഖിക്കാനോ, സന്തോഷവും അനുഗ്രഹവും അനുഭവിക്കുമ്പോള്‍ അമിതമായി ആനന്ദിക്കാനോ വിശ്വാസിക്ക് അനുമതി ഇല്ല (വി.ഖു 57:22-23). അതുകൊണ്ട് മുസ്ലിമായ വ്യക്തിയെ സംബന്ധിച്ചിടത്തോളം ദാരിദ്ര്യം, ദുഃഖം, യാതന എന്നിവ മാത്രമല്ല, സമ്പന്നത, സൗഖ്യം, സന്തോഷം എന്നിവയും പരീക്ഷണമാണ്. ദാരിദ്യമനുഭവിക്കുമ്പോള്‍ ക്ഷമ കൈക്കൊള്ളുക, സമ്പന്നത അനുഭവിക്കുമ്പോള്‍ സമ്പത്തിന്റെ നിശ്ചിത വിഹിതം നിര്‍ബന്ധമായും ദരിദ്രന് കൈമാറുക തുടങ്ങിയ ബാധ്യതകള്‍ അവന്‍ നിറവേറ്റുന്നുണ്ടോ എന്നതാണ് പരീക്ഷണം.
പ്രാര്‍ഥനയുടെ
യുക്തിയും
ലോജിക്കും

പ്രാര്‍ഥന മനുഷ്യന്റെ ആത്മീയമായ അസ്തിത്വത്തിന്റെ ഒരു ഭാഗം മാത്രമാണ്. പ്രാര്‍ഥന ആവശ്യം നേടല്‍ മാത്രമല്ല, ഭൗതികലോകത്ത് മനുഷ്യന്‍ ചെയ്യുന്ന സകല പ്രവര്‍ത്തനങ്ങളുടെയും പൊരുളും ഉദ്ദേശ്യവും ലക്ഷ്യവുമാണത്. പ്രാര്‍ഥന ദൈവത്തിന്റെ പരമാധികാരത്തിന്റെ പ്രകാശനം കൂടിയാണ്. മനുഷ്യന്‍ ഏത് സാഹചര്യത്തിലും സ്രഷ്ടാവിനെ വണങ്ങണം എന്നതാണ് പ്രാര്‍ഥനയുടെ ആത്യന്തികമായ തേട്ടം. അല്ലാതെ സൃഷ്ടിയുടെ ആവശ്യങ്ങളുടെ ലിസ്റ്റ് വായിച്ച് അത് പരിഹരിക്കുന്ന ജനസമ്പര്‍ക്ക പ്രോജക്റ്റല്ല പ്രാര്‍ഥന. പ്രാര്‍ഥിക്കുന്നവര്‍ക്ക് ഉത്തരം നല്‍കുമെന്ന് അല്ലാഹു തീര്‍ത്തു പറഞ്ഞിട്ടുണ്ട്. പക്ഷേ പ്രാര്‍ഥിക്കുന്നത് ഉത്തരം കിട്ടാന്‍ വേണ്ടി മാത്രമല്ല. പ്രാര്‍ഥന തന്നെ ആരാധന എന്ന് ഹദീസില്‍ കാണാം.
ഉത്തരം നല്‍കുമെന്ന് ഖുര്‍ആനില്‍ വാഗ്ദാനമുണ്ട്. പക്ഷേ ഈ ലോകത്തുവെച്ചു തന്നെ എന്ന് ഉറപ്പ് പറയുന്നില്ല. അത് മനുഷ്യന്‍ വിചാരിക്കുന്ന രിതീയിലോ സമയത്തോ അളവിലോ ആവണമെന്നുമില്ല. ചിലപ്പോള്‍ ചോദിച്ചത് തന്നെ ലഭിച്ചേക്കാം. മറ്റു ചിലപ്പോള്‍ ചോദിച്ചതിന് സമാനമായ വിപത്ത് തടയപ്പെടാം. ചോദിച്ചത് മുഴുവന്‍ പരലോകത്ത് വെച്ചു നല്‍കാന്‍ മാറ്റിവെക്കപ്പെടുകയും ചെയ്യാം. (അഹ്മദ്)
ഇവയില്‍ ഏതെങ്കിലുമൊന്ന് സ്രഷ്ടാവ് മനുഷ്യന് വേണ്ടി തിരഞ്ഞെടുക്കും എന്നാണ് വിശ്വാസിയുടെ ബോധ്യം. ഭൗതികലോകത്തെ ഔചിത്യം ഏതാണെന്ന് മനുഷ്യന് മനസ്സിലാവണമെന്നില്ല. ചിലപ്പോഴത് മരണമായിരിക്കാം, മറ്റു ചിലപ്പോള്‍ ജീവിതമായിരിക്കാം, ചിലപ്പോള്‍ പ്രയാസങ്ങളായിരിക്കാം. താന്‍ കാണുന്നതാണ് ഏറ്റവും നല്ലത്, തനിക്ക് ദൃഷ്ടിഗോചരമായത് മാത്രമാണ് മനുഷ്യനെ സംബന്ധിച്ചേടത്തോളം ഉചിതം എന്ന് വിശ്വാസിക്കോ അനുഭവമാത്രവാദിക്ക് തന്നെയോ അവകാശപ്പെടാന്‍ കഴിയില്ല. കാരണം, അവര്‍ക്ക് പ്രപഞ്ചത്തിലെ എല്ലാ കാര്യങ്ങളെയും വിശദീകരിക്കാന്‍ കഴിയുന്നില്ല എന്നത് തന്നെ.
പ്രാര്‍ഥിച്ചിട്ട് എന്തുകൊണ്ട് മഹാമാരികള്‍ വിട്ടുപോകുന്നില്ല എന്ന് ചോദിക്കുന്നവരുണ്ട്. ഒന്നാമതായി, പ്രാര്‍ഥനയെ പ്രശ്നങ്ങളില്‍ നിന്നു പുറത്ത് കടക്കാനുള്ള ഒറ്റമൂലിയായി ദൈവം പോലും നിര്‍ദേശിച്ചിട്ടില്ല. മറിച്ച് പ്രാര്‍ഥനയുടെ മൂര്‍ത്ത ഭാവമായ പ്രവര്‍ത്തനം കൂടി മനുഷ്യന്റെ ഉത്തരവാദിത്തമാണ്. പ്രാര്‍ഥന മാത്രം ചെയ്ത് വെറുതെയിരിക്കുന്നത് ഇസ്ലാം നിരുത്സാഹപ്പെടുത്തുന്നുണ്ട്. വിപത്ഘട്ടങ്ങളും പ്രയാസങ്ങളും വരുമ്പോള്‍ ഭൗതികതലത്തില്‍ അതിന് പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കുക, പരിഹരിക്കപ്പെടാത്തതിനെ ചൊല്ലി വേവലാതിപ്പെടാതെ ക്ഷമ കൈക്കൊള്ളുക എന്നത് കൂടിയാണ് പ്രാര്‍ഥന. അഥവാ പ്രാര്‍ഥന നിരുപാധികമല്ല. മറിച്ച് അതിന് ചില നിബന്ധനകളും നിര്‍ബന്ധങ്ങളുമുണ്ട്.
ഒരിക്കല്‍ നബി (സ) ഒരു സദസ്സിലിരിക്കുമ്പോള്‍ ഒരാള്‍ തന്റെ ഒട്ടകപ്പുറത്ത് വന്നിറങ്ങി അതിനെ എവിടെയും ബന്ധിക്കാതെ സദസ്സിലേക്ക് വന്നു. നബി(സ) ചോദിച്ചു: എന്തേ കെട്ടിയിടാത്തത്? അദ്ദേഹം പറഞ്ഞു: അതിനെ അല്ലാഹുവിനെ ഏല്‍പ്പിച്ചിരിക്കുന്നു. പ്രവാചകന്‍ പ്രതികരിച്ചു: ആദ്യം അതിനെ കെട്ടിയിടൂ, എന്നിട്ട് തവക്കുല്‍ ചെയ്യൂ.
സമാനമായ ഒരു സംഭവം ഖലീഫാ ഉമറിന്റെ(റ) ഭരണകാലത്തുമുണ്ടായിട്ടുണ്ട്. ഖലീഫ ഒരു വഴിയിലൂടെ നടന്നു നീങ്ങുമ്പോള്‍ ഒരാള്‍ പ്രാര്‍ഥിക്കുന്നത് കേട്ടു: ദൈവമേ എന്റെ ഒട്ടകത്തിന്റെ ചൊറി നീ മാറ്റിത്തരേണമേ. ഉടനെ ഉമര്‍(റ) പറഞ്ഞു: നീ ആദ്യം ചികിത്സിക്കൂ. അഥവാ ദൈവത്തോട് ചോദിക്കുന്ന പോലെ തന്നെ ഒട്ടകത്തെ ബന്ധിക്കുന്നതിലും ഭൗതിക ചികിത്സ നടത്തുന്നതിലും ഒരുപോലെ യുക്തിബോധം പ്രവര്‍ത്തിക്കുന്നുണ്ട്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പരസ്പരപൂരകമെന്നര്‍ഥം.
മെഡിക്കല്‍ സയന്‍സിലൂടെ രോഗം മാറി, പ്രാര്‍ഥിച്ചിട്ട് രോഗം മാറിയില്ല എന്ന വാദത്തെ മതം എങ്ങനെ വായിക്കുന്നുവെന്ന് നോക്കാം. ഈ പ്രസ്താവന വസ്തുനിഷ്ഠമാവണമെങ്കില്‍ രണ്ടും ഒരേ മാനമുള്ള പരിഹാര ശ്രമങ്ങളാവണം. ഇവിടെ പ്രാര്‍ഥന ആശയപരവും മെഡിസിന്‍ വസ്തുപരവുമാണ്. ഈ താരതമ്യത്തില്‍ തന്നെ അടിസ്ഥാനപരമായ പ്രശ്നങ്ങളുണ്ടെന്ന് മനസ്സിലാക്കാം. യഥാര്‍ഥത്തില്‍, പ്രാര്‍ഥിച്ചാണ് രോഗം മാറിയത് എന്ന പ്രസ്താവനയെ മരുന്ന് കുടിച്ചപ്പോള്‍ രോഗം മാറി എന്ന പ്രസ്താവന റദ്ദ് ചെയ്യുന്നില്ല.
കാരണം പ്രാര്‍ഥനക്ക് ശേഷം മരുന്ന് കുടിച്ചപ്പോഴാണ് രോഗം മാറിയത്. മരുന്നിന് ശമനസിദ്ധി നല്‍കാനും നല്‍കാതിരിക്കാനും സ്വാതന്ത്ര്യമുള്ള സ്രഷ്ടാവാണ് അതില്‍ ശമനം നല്‍കിയത്. ദൈവം കാരണങ്ങളെ കാര്യമാക്കി മാറ്റിയാണ് സ്വാഭാവിക പ്രക്രിയകള്‍ക്ക് അസ്തിത്വമേകുന്നത് (മുസബ്ബിബുല്‍ അസ്ബാബ്). കാരണങ്ങള്‍ രൂപപ്പെടുത്തുക എന്നത് മനുഷ്യരുടെ ചോയ്സാണ്. മരുന്ന് കുടിക്കുക എന്നതാണ് കാരണം. എന്നാല്‍ കാരണം പൂര്‍ണമായാലും കാര്യം ഉണ്ടാവണമെന്ന് നിര്‍ബന്ധമില്ല. മരുന്ന് കുടിക്കുന്നവരുടെയെല്ലാം രോഗം മാറുന്നില്ലല്ലോ. ശമനമാകട്ടെ ദൈവത്തിന്റെ വേറെ തന്നെ സൃഷ്ടിയാണ് താനും.
‘റമദാനിലെ ആദ്യ പത്തില്‍ പോലും പടച്ചവന്‍ കരുണ ചെയ്യാതെ രോഗം കൊണ്ടും അല്ലാതെയും എത്ര പേരെ കഷ്ടപ്പെടുത്തുന്നു’ പോലുള്ള വര്‍ത്തമാനങ്ങള്‍ ശുദ്ധ അസംബന്ധമാണ്. അടിമയുടെ ഇഷ്ടം മാത്രം ചെയ്തു കൊടുക്കാനുള്ള ബാധ്യത ഉടമക്കുണ്ടെങ്കില്‍, ഉടമ അടിമയും അടിമ ഉടമയും, പ്രാര്‍ഥന കേവല കല്‍പ്പനയുമാവും. എന്ന് മാത്രമല്ല, സുഖം, സമൃദ്ധി, സന്തോഷം എന്നിങ്ങനെ പ്രിയങ്കരമായ കാര്യങ്ങള്‍ മാത്രം ചെയ്ത് തരുന്ന രക്ഷിതാവല്ല ദൈവം.
അവന്‍ സര്‍വശക്തന്‍ ആണ്: കര്‍മ സ്വതന്ത്രനും അപ്രതിരോധ്യനും. തിന്മകള്‍ ചെയ്യുന്ന അസുരരും നന്മകളുടെ ദേവന്മാരും എന്ന ബൈനറിയുടെ ഉപോല്‍പ്പന്നമാണ് രക്ഷപ്പെടുത്താന്‍ മാത്രമുള്ള ദൈവം. പരീക്ഷണമായോ പ്രകൃത്യായോ അപ്രിയങ്ങള്‍ വരുത്തുന്നവന്‍ കൂടിയാണ് സ്രഷ്ടാവെന്നാണ് ഇസ്ലാം പറയുന്നത്. അടുത്ത നിമിഷം അജ്ഞാതമായതിനാല്‍ മനുഷ്യനെ ബാധിച്ച ഒരു കാര്യം അത് ഗുണപരമല്ലെന്ന് തീര്‍ത്ത് പറയാന്‍ കഴിയില്ല. തല്‍ക്കാലത്തെ നിര്‍ഭാഗ്യങ്ങള്‍ പില്‍ക്കാലത്തെ ഭാഗ്യങ്ങളാവാം. സ്രഷ്ടാവാണ് അതേറ്റവും അറിയുന്നവന്‍.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x