റമദാന്‍ തഖ്‌വ വിളയുന്ന വസന്തകാലം
ഡോ. പി മുസ്തഫ കൊച്ചിന്‍
ചാന്ദ്രവര്‍ഷപ്രകാരമുള്ള 12 മാസങ്ങളിലെ ഒമ്പതാമത്തെ മാസമാണ് റമദാന്‍. ലോക ചരിത്രത്തില്‍ ഈ മാസം പ്രശസ്തമാകുന്നത് ഖുര്‍ആന്‍ അവതരണാനന്തരമാണ്. എ ഡി 610 ആഗസ്തിലെ ഒരു തിങ്കളാഴ്ചയാണ് ഖുര്‍ആനിന്റെ അവതരണാരംഭം. മറ്റൊരു ലോകത്തെ ലൗഹുല്‍ മഹ്ഫൂളില്‍ (85:22) നിന്ന് ഖുര്‍ആന്‍ ഈ ഭൂമിയിലേക്ക് ആദ്യമായി ഇറക്കുന്നത് റമദാന്‍ മാസത്തിലാണ് (2:185). മുഹമ്മദ് നബിക്ക് ജിബ്‌രീല്‍ മുഖേന ആദ്യമായി അത് കേള്‍പ്പിക്കുന്നത് റമദാനിലെ അവസാനത്തെ പത്തിലെ ലൈലത്തുല്‍ ഖദ്ര്‍ (97:1-3) എന്ന രാത്രിയിലാണ്. ഈ നിര്‍ണയ രാത്രിയെ ലൈലത്തുല്‍ മുബാറക് (44:3) എന്ന പേരില്‍ അനുഗൃഹീത രാത്രിയായി വിശേഷിപ്പിക്കുന്നു. അപ്പോള്‍ ആ അനുഗൃഹീത രാത്രിയടങ്ങുന്ന റമദാന്‍ മാസവും അനുഗൃഹീതമാണ്.
റമദാന്‍ മാസവും അതിലെ ലൈലത്തുല്‍ ഖദ്‌റും അനുഗ്രഹപൂര്‍ണമായത് ഖുര്‍ആന്‍ അനുഗൃഹീതമായതുകൊണ്ടാണ്. ഖുര്‍ആനിനെ അനുഗൃഹീതം എന്ന അര്‍ഥത്തില്‍ മുബാറക് എന്ന് ഖുര്‍ആന്‍ (6:92, 21:50) തന്നെ വിശേഷിപ്പിക്കുന്നുണ്ട്.
ഖുര്‍ആന്‍ മുബാറക് ആകുന്നത് എങ്ങനെയാണ്? മനുഷ്യന് സര്‍വേശ്വരനായ അല്ലാഹു നല്‍കിയ സാമാന്യബുദ്ധിയെയും ചിന്താശേഷിയെയും അത് അംഗീകരിക്കുന്നു എന്നതാണ്. ”നിനക്ക് നാം ഇറക്കിത്തന്ന അനുഗൃഹീത (മുബാറക്) വേദമാണിത്. ഇതിലെ വചനങ്ങള്‍ അവര്‍ ചിന്തിച്ചു ഗ്രഹിക്കുന്നതിനും (തദബ്ബുര്‍) ബുദ്ധിയുള്ളവര്‍ (ഉലുല്‍ അല്‍ബാബ്) തിരിച്ചറിവ് നേടാനും വേണ്ടിയാണ്” (38:29) ഭൂമിക്ക് അനുഗ്രഹമായ ജലം (50:9) ആകാശത്തുനിന്ന് ഇറക്കുന്നതുപോലെ അല്ലാഹു ഉപരിലോകത്തുനിന്ന് അനുഗൃഹീതമായ ഖുര്‍ആന്‍ ഈ ലോകത്തേക്ക് മനുഷ്യനു വേണ്ടി ഇറക്കിയിരിക്കുകയാണ്.
മനുഷ്യനെ അല്ലാഹു ആദരിക്കുകയും അവനു സൃഷ്ടികളില്‍ ശ്രേഷ്ഠത നല്‍കുകയും ചെയ്തുവെന്നും ഖുര്‍ആന്‍ (17:70) പറയുന്നതാണ്. മാനവരുടെ മാതാപിതാക്കളായ ആദം-ഹവ്വ ദമ്പതികളോട് സ്വര്‍ഗത്തോപ്പില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ സ്രഷ്ടാവായ സര്‍വേശ്വരന്‍ ആവശ്യപ്പെട്ട സന്ദര്‍ഭത്തില്‍ അവര്‍ക്ക് നല്‍കിയ മാര്‍ഗനിര്‍ദേശം ഖുര്‍ആന്‍ എടുത്തുദ്ധരിക്കുന്നുണ്ട്: ”എന്നില്‍ നിന്നുള്ള സന്മാര്‍ഗം വന്നുകിട്ടുന്നതനുസരിച്ച് ആര് എന്റെ സന്മാര്‍ഗം പിന്തുടരുന്നുവോ അവന്‍ വഴിതെറ്റുകയോ ദൗര്‍ഭാഗ്യമടയുകയോ ഇല്ല” (20:123).
”അവര്‍ പേടിക്കേണ്ടതില്ല, അവര്‍ ദുഃഖിക്കേണ്ടിവരികയുമില്ല” (2:38). മറ്റൊരിടത്ത് പറയുന്നു: ”ആദം സന്തതികളേ, നിങ്ങള്‍ക്ക് എന്റെ ദൃഷ്ടാന്തങ്ങള്‍ വിവരിച്ചുതന്നുകൊണ്ട് നിങ്ങളില്‍ തന്നെയുള്ള ദൗത്യവാഹകര്‍ നിങ്ങളുടെ അടുത്തു വരുന്നപക്ഷം, ദൈവിക നിയമങ്ങള്‍ പാലിക്കുകയും (തഖ്‌വ) നിലപാട് നന്നാക്കിത്തീര്‍ക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക് യാതൊന്നും ഭയപ്പെടേണ്ടതില്ല, അവര്‍ക്ക് ദുഃഖിക്കേണ്ടിവരുകയുമില്ല” (7:35). റമദാന്‍ മാസവും ഖുര്‍ആനും തമ്മിലുള്ള ബന്ധത്തെ പരിചയപ്പെടുത്തുന്ന ഖുര്‍ആന്‍ വാക്യമിതാ: ”ജനങ്ങള്‍ക്ക് സത്യമാര്‍ഗദര്‍ശനമായും സത്യമാര്‍ഗവിശദീകരണവും സത്യാസത്യവിവേചകവുമായ നിലയില്‍ ഖുര്‍ആന്‍ ഇറക്കിയ മാസമാകുന്നു റമദാന്‍. നിങ്ങള്‍ ആ മാസത്തിനു സാക്ഷിയാകുന്നവര്‍ അതില്‍ നോമ്പനുഷ്ഠിക്കേണ്ടതാണ്” (2:185).
സന്മാര്‍ഗവും അതിന്റെ വിശദീകരണവുമായി ഇറങ്ങിയ ഖുര്‍ആനിനോട് ജനങ്ങള്‍ നല്ല നിലപാട് സ്വീകരിച്ചവര്‍ അവര്‍ക്ക് ഇതിന്റെ അനുഗ്രഹം നേടിയെടുക്കാനാവും. മാനവരാശിക്കു മൊത്തമുള്ളതാണ് ഖുര്‍ആനിന്റെ ഹുദാ. ഈ ഹുദയ്ക്കായി സൂറഃ ഫാത്തിഹയിലൂടെ നാം പ്രാര്‍ഥിക്കുന്നു: ”ഉചിതമായ വഴിത്താരയിലൂടെ സ്ഥിരം നയിക്കേണമേ” (1:6).
ലോകാവസാനം വരെ മനുഷ്യബുദ്ധിയെ നയിക്കാന്‍ പര്യാപ്തമായ ഒരിക്കലും കാലഹരണപ്പെടാത്ത മാര്‍ഗദര്‍ശക ഗ്രന്ഥമാണ് ഖുര്‍ആന്‍. സര്‍വേശ്വരനായ അല്ലാഹുവിന്റെ നിയമനിര്‍ദേശങ്ങള്‍ സൂക്ഷിച്ചു ജീവിക്കാന്‍ തീരുമാനിക്കുന്നവര്‍ക്ക് ആ ഹുദാ ഖുര്‍ആനില്‍ നിന്നു പ്രയോജനപ്പെടുത്താമെന്ന ആശയമാണ് സൂറഃ അല്‍ബഖറയുടെ ആദ്യഭാഗത്ത് പറയുന്നത്: ”സംശയമില്ലാത്ത ഈ വേദഗ്രന്ഥം ദൈവിക നിയമനിര്‍ദേശങ്ങള്‍ പാലിക്കാന്‍ സന്നദ്ധതയുള്ളവര്‍ക്ക് സന്മാര്‍ഗദര്‍ശനമാകുന്നു” (2:2).
സൂര്യനുദിക്കുന്നത് എല്ലാവര്‍ക്കും വേണ്ടിയാണെങ്കിലും, കണ്ണു തുറന്നുനോക്കിയാല്‍ മാത്രമേ സൂര്യവെളിച്ചം പ്രയോജനപ്പെടുകയുള്ളൂ എന്നതുപോലെയാണിത്. ഖുര്‍ആന്‍ മാനവര്‍ക്കുള്ള സന്മാര്‍ഗമായ ഹുദന്‍ ലിന്നാസ് (2:185) ആണെങ്കിലും അത് പ്രയോജനപ്പെടുക നിയമങ്ങള്‍ പാലിക്കാന്‍ തയ്യാറുള്ള മുത്തഖീങ്ങള്‍ക്കാണ്. അതായത് ഹുദന്‍ ലില്‍ മുത്തഖീന്‍ (2:2) എന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല.
ഇതേ ആശയം തന്നെ മറ്റൊരു രൂപത്തില്‍ ഖുര്‍ആന്‍ പറയുന്നത് ഇങ്ങനെയാണ്: ”ഇതും നാം ഇറക്കിയ അനുഗൃഹീത (മുബാറക്) വേദമാകുന്നു. ഇതിനെ നിങ്ങള്‍ പിന്തുടരുകയും ദൈവിക നിയമങ്ങള്‍ പാലിക്കുകയും (തഖ്വ) ചെയ്യുക. നിങ്ങള്‍ക്ക് കാരുണ്യം ലഭിക്കുന്നതാണ്” (6:155). ദൈവിക നിയമങ്ങള്‍ പാലിക്കാന്‍ തയ്യാറുള്ളവര്‍ക്കാണ് (മുത്തഖികള്‍) ഈ അനുഗൃഹീത വേദമായ ഖുര്‍ആന്‍ ഉപകാരപ്പെടുക. അതിനാണ് റമദാനില്‍ നോമ്പ് നിയമമാക്കിയത്.
”സമ്പൂര്‍ണ സത്യവിശ്വാസികളേ, നിങ്ങള്‍ക്കു മുമ്പുള്ളവര്‍ക്ക് നിയമമാക്കപ്പെട്ടതുപോലെ നിങ്ങള്‍ക്കും നോമ്പ് നിയമമാക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ദൈവിക നിയമങ്ങള്‍ പാലിക്കുന്നവരാകാന്‍ (2:183). നിയമപാലനത്തിന് കരുത്തേകുന്നതാണ് തഖ്‌വ വളര്‍ത്താന്‍ സഹായകമാകുന്ന നോമ്പ്. ദൈവിക വിലക്കുകളെ വെടിയാനും ദൈവിക കല്‍പനകളെ ശിരസാ വഹിക്കാനുമുള്ള നൈപുണിയാണ് തഖ്‌വ.
വികാരങ്ങളെയും മോഹങ്ങളെയും നിയന്ത്രിക്കാനുള്ള ശേഷിയില്‍ നിന്നാണ് തഖ്‌വ മുളപൊട്ടുന്നത്. ഈ സ്‌കില്‍ ആര്‍ജിക്കാനുള്ള ഏറ്റവും മെച്ചപ്പെട്ട വഴിയാണ് നോമ്പിലൂടെ തുറന്നുകിട്ടുന്നത്.
ദൈവത്തിന്റെ നിയമവിധികള്‍ പാലിച്ചുകൊണ്ട് ജീവിക്കുന്നപക്ഷം സത്യവും അസത്യവും എന്താണെന്നും, നല്ലതും ചീത്തയും എന്തൊക്കെയാണെന്നും തിരിച്ചറിയാനുമുള്ള വകതിരിവും വിവേചനശേഷിയും (ഫുര്‍ഖാന്‍) നല്‍കി അല്ലാഹു അനുഗ്രഹിക്കുമെന്ന് ഖുര്‍ആന്‍ പറയുന്നു. ”സമ്പൂര്‍ണ സത്യവിശ്വാസികളേ, നിങ്ങള്‍ ദൈവിക നിയമവിധികള്‍ പാലിച്ച് ജീവിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് അവന്‍ വിവേചനശേഷി (ഫുര്‍ഖാന്‍) നല്‍കുകയും തിന്മകള്‍ മറച്ചുവെക്കുകയും പൊറുത്തുതരുകയും ചെയ്യുന്നതാണ്. അല്ലാഹു മഹത്തായ ഔദാര്യവാനാണ്” (8:29).
ഇത് അനുഗ്രഹപൂര്‍ണനായ അല്ലാഹു നല്‍കുന്ന അനുഗ്രഹമാണ്: ”തന്റെ ദാസന് സത്യാസത്യവിവേചനത്തിനുള്ള വേദപ്രമാണം അവതരിപ്പിച്ചവന്‍ അനുഗ്രഹപൂര്‍ണനാണ്. അദ്ദേഹം ലോകര്‍ക്ക് ഒരു താക്കീതുകാരനായിരിക്കുന്നതിനു വേണ്ടിയാകുന്നു അത്” (25:1).
ദാഹവും വിശപ്പും സഹിച്ചാണ് നാം നോമ്പനുഷ്ഠിക്കുന്നത്. നമ്മുടെ മുമ്പില്‍ അല്ലാഹു അനുവദിച്ച ഭക്ഷണവും പാനീയവുമുണ്ട്. എന്നിട്ടും അല്ലാഹുവിന്റെ നിയമനിര്‍ദേശങ്ങള്‍ പാലിച്ച് അത് അവന്‍ വെടിയുന്നു. അങ്ങനെ നോമ്പു പിടിച്ച ഒരുത്തന് നോമ്പുനാളുകള്‍ കഴിഞ്ഞാല്‍ എങ്ങനെ പലിശ ഭുജിക്കാനാവും? എങ്ങനെ അനാഥയുടെ മുതല്‍ ഭക്ഷിക്കാനാവും? എങ്ങനെ മദ്യപിക്കാനാവും? ഒരിക്കലും സാധ്യമാവില്ല. കാരണം സര്‍വേശ്വരനായ അല്ലാഹു അനുവദിച്ച അന്നപാനീയം പോലും അവന്റെ നിയമനിര്‍ദേശം പാലിച്ചുകൊണ്ട് ഉപേക്ഷിച്ച് ശീലമാക്കിയ അനുഭവം അവന് നോമ്പുകാലത്തുണ്ടായിരുന്നു.
ദാമ്പത്യബന്ധം സ്ഥാപിക്കാന്‍ അനുവദിച്ച ഇണ നമ്മുടെ മുമ്പില്‍ ഉണ്ടായിരുന്നിട്ടും നോമ്പിന്റെ പകല്‍വേളയില്‍ അല്ലാഹുവിന്റെ തൃപ്തിക്കു വേണ്ടി അതില്‍ നിന്ന് അകന്നുനില്‍ക്കുന്നു. സ്വന്തം ഇണയില്‍ നിന്നുപോലും അല്ലാഹുവിന്റെ പ്രീതിക്കായി അകന്നുനില്‍ക്കുന്ന വ്യക്തിക്ക് എങ്ങനെയാണ് നോമ്പുകാലം കഴിഞ്ഞാല്‍ അന്യരുമായി വ്യഭിചരിക്കാനാവുക? ഒരിക്കലും കഴിയില്ല. കാരണം, നോമ്പുനാളില്‍ അതിനുള്ള പരിശീലനം ആ വ്യക്തി നോമ്പിലൂടെ നേടിയിട്ടുണ്ടാവും.
നോമ്പിന് ഖുര്‍ആന്‍ ഉപയോഗിച്ച പദം സ്വിയാം, സൗം എന്നിവയാണ്. കുതിര തീറ്റ ഉപേക്ഷിക്കുന്നതിന് ‘സാമല്‍ ഫറസു സൗമന്‍’ എന്ന് അറബിയില്‍ പറയുന്നു. അന്‍നാബിഗതു സുബ്‌യാനീയുടെ ഒരു കവിതാശകലം ഈ ആശയം വ്യക്തമാക്കുന്നുണ്ട്:
ലൈലുന്‍ സിയാമുന്‍
വ ഖൈലുന്‍ ഗൗറു
സാഇമതിന്‍
തഹ്തല്‍ അജാജി
വ ഉഖ്‌റാ തഅ്‌ലിഖു
ല്ലജുമാ
(വിശന്നതും വയറുനിറച്ചതുമായ നിരവധി കുതിരകള്‍ കറങ്ങുന്ന പൊടിപടലത്തില്‍ നിലയുറപ്പിച്ചിരിക്കുന്നു. വേറെ കുതിരകള്‍ കടിഞ്ഞാണ്‍ ചവയ്ക്കുകയാണ്.)