റമദാന്‍ ഒരു ശീലശാല
ഡോ. പി എം മുസ്തഫ കൊച്ചിന്‍
ഇസ്്ലാം ഇരുലോക സൗഭാഗ്യത്തിന്റെ വഴിത്താരയാണ്. ഇഹലോക ക്ഷേമവും അതിലുപരി പരലോകമോക്ഷവും ആര്‍ജിക്കാനുതകുന്ന കര്‍മ്മ രീതിശാസ്ത്രങ്ങളാണ് ഖുര്‍ആനും മുഹമ്മദ് നബി(സ)യും മുന്നോട്ട് വെച്ചിട്ടുള്ളത്. ഇസ്്‌ലാമിക ആരാധനാ കര്‍മങ്ങളില്‍ പോലും അത് പ്രത്യക്ഷമായോ പരോക്ഷമായോ കാണാം. ഇസ്‌ലാമിലെ സമയബന്ധിതമായ അഞ്ചുനേര നിര്‍ബന്ധ നമസ്‌കാരങ്ങള്‍ (4:103) നീചവും നികൃഷ്ടവുമായ കാര്യങ്ങളില്‍ നിന്ന് മനുഷ്യനെ തടയുന്നു (29:45). സ്വലാത്ത് (നമസ്‌കാരം) എന്ന അറബി വാക്കിനര്‍ഥം ‘നല്ലത് വരാന്‍ പ്രാര്‍ഥിക്കല്‍’ എന്നാണ്. മാനസിക വികാസം സിദ്ധിക്കാന്‍ ഉതകുന്ന സകാത്ത്; അതിന്റെ ദാതാവിനെ സംശുദ്ധീകരിക്കുകയും ചെയ്യുന്നു (9:103). ഹജ്ജ് നിര്‍വഹിച്ച വ്യക്തി നവജാത ശിശുവിനെ പോലെ നിഷ്‌കപടവും നിഷ്‌കളങ്കവുമാകുമെന്ന് നബി(സ) പറഞ്ഞിട്ടുണ്ട്.
റമദാന്‍ വ്രതം വ്യക്തിക്ക് നല്‍കുന്നത് എന്താണ്? സാമൂഹികവും സാമ്പത്തികവുമായ പ്രതിഫലങ്ങളും ആന്ദോളനങ്ങളും ഉളവാക്കുന്ന സമഗ്രവും സമ്പൂര്‍ണവും സന്തുലിതവുമായ മാനസിക- ശാരീരിക വളര്‍ച്ചാ പ്രക്രിയയാണ് അത് വ്യക്തിക്ക് നേടിക്കൊടുക്കുന്നത്. അതിലുപരി പാരത്രിക മോക്ഷവും. റമദാന്‍ നോമ്പിന്റെ അന്തസ്സത്ത അനവധിയാണ്. പലവിധ നല്ല ശീലങ്ങളും ശേഷികളും പരിശീലിച്ചെടുക്കാനുള്ള ആത്മീയ പണിശാലയും ശീലശാലയുമാണ് റമദാന്‍ മാസം. റമദാന്‍ വ്രതനിഷ്ഠ അന്ത:സാരങ്ങള്‍ പലതുമുണ്ടെങ്കിലും അതിന്റെ സമുന്നത ലക്ഷ്യം പരലോക മോക്ഷം തന്നെയാണെന്നതില്‍ ആര്‍ക്കും സംശയമുണ്ടാകാവതല്ല.
സന്തുലിതത്വം
വീണ്ടെടുക്കാന്‍
ഇസ്്ലാം മത സത്യവിശ്വാസികള്‍ പോലും പലപ്പോഴും അസന്തുലിത സമീപനങ്ങളും നിലപാടുകളും കാഴ്ചപ്പാടുകളും വെച്ച് പുലര്‍ത്താറുണ്ട്. റമദാന്‍ പണിശാലയിലൂടെ ശരിയാംവണ്ണം കടന്ന് പോകുന്ന ഒരു വ്യക്തിക്ക് സന്തുലിതത്വം അനുഭവിക്കാനാവും. വ്രതനാളിന്റെ പകല്‍ പകുതിയില്‍ ദാഹവും വിശപ്പുമായി കഴിയുമ്പോള്‍ രാത്രി പകുതിയില്‍ വിശപ്പും ദാഹവും മാറ്റി കഴിഞ്ഞ് കൂടുന്നു. മുഹമ്മദ് നബി(സ)യുടെ തിരുചര്യയില്‍ നമുക്ക് ഈ സന്തുലിതത്വം ദര്‍ശിക്കാനാവും. പ്രവാചകന്‍(സ) നോമ്പനുഷ്ഠിക്കുകയും നോമ്പ് വെടിയുകയും ചെയ്ത ദിനങ്ങളുണ്ടായിരുന്നു. രാത്രി നമസ്‌കരിക്കുകയും രാത്രി ഉങ്ങുകയും ചെയ്തിട്ടുണ്ട്. ബ്രഹ്്മചര്യത്തിനും ലൈംഗിക അരാജകത്വത്തിനും മധ്യേയുള്ള ദാമ്പത്യ ജീവിതം നയിച്ചിരുന്നു.
ആരോഗ്യ സുസ്ഥിതി
നിലനിര്‍ത്താന്‍
ആരോഗ്യം നിലനിര്‍ത്താന്‍ വ്രതകര്‍മം ഗുണകരമെന്നത് സര്‍വാംഗീകൃത സത്യമാണ്. യൂനാനിയിലും പ്രകൃതി ജീവനത്തിലും വ്രതം ഒരു തെറാപ്പിയാണ്. ആയുര്‍വേദത്തിലെയും സിദ്ധയിലെയും പഥ്യം ഒരുതരം വ്രതമാണ്. ഹോമിയോപ്പതിയിലും അലോപ്പതിയിലും ഭക്ഷണ നിയന്ത്രണമുണ്ട്. ദഹനേന്ദ്രിയ വ്യവസ്ഥയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ നോമ്പ് അത്യുത്തമമാണ്. നോമ്പ്തുറ വേളയില്‍ അമിതാഹാരവും (ഇസ്‌റാഫ്), അഹിതാഹാരവും (ഹറാം, ഖബീഥ്) വെടിയുകയും അനുവദനീയവും (ഹലാല്‍) സമീകൃതവും (ത്വയ്യിബ്) ആയ ആഹാരം സ്വീകരിക്കുകയുമാണ് വേണ്ടത്. വചനവ്യൂഹത്തെ ശാക്തീകരിക്കാന്‍ അങ്ങനെ നോമ്പ് ഗുണകരമാവുന്നു.
രക്ത പരിസഞ്ചരണ വ്യവസ്ഥ(ബ്ലഡ് സര്‍കുലേറ്ററി സിസ്റ്റം)യുടെ സുസ്ഥിതിക്ക് നോമ്പ് പരോക്ഷമായി സഹായകമാകുന്നുണ്ട്. നോമ്പ് തുറന്ന ശേഷമുള്ള പ്രാര്‍ഥനയിലെ വാചകം അതിലേക്ക് സൂചന നല്‍കുന്നുണ്ട്. ‘സിരകള്‍ നനഞ്ഞു.’ (വബ്തല്ലത്തില്‍ ഉറൂഖ്) എന്നാണുള്ളത്. ‘നാഡീ- ഞരമ്പുകള്‍ നനഞ്ഞു’ (എന്ന് തെറ്റായ പരിഭാഷകള്‍ നോമ്പുകാലങ്ങളില്‍ അച്ചടിച്ചിറക്കാറുണ്ട്. വബ്തല്ലത്തില്‍ അഉ്‌സാബ് എന്നാണ് പ്രാര്‍ഥനയെങ്കില്‍ നാഡീഞരമ്പുകള്‍ എന്ന് പരിഭാഷ നല്‍കാം. സിരകള്‍ക്ക് രക്തപര്യയന വ്യൂഹവുമായാണ് ബന്ധമെങ്കില്‍ ഞരമ്പുകള്‍ക്ക് നാഡീ വ്യൂഹവുമാണ് ബന്ധം.
അതുപോലെ വിസര്‍ജന വ്യവസ്ഥയ്ക്കും, പ്രത്യുല്‍പാദന വ്യവസ്ഥയ്ക്കും ഗുണകരമായ മെച്ചമുണ്ടാക്കാന്‍ നോമ്പിനാവും. എല്ലാത്തിലുമുപരി പ്രതിരോധ വ്യവസ്ഥ സുശക്തമാവാന്‍ സഹായകമാണ് ഈ വ്രതം.
പരാനുഭൂതി
സഹാനുഭൂതിയുടെ മാസമല്ല റമദാന്‍. മറ്റുള്ളവരെ അറിയുന്ന പരാനുഭൂതിയുടെ മാസമാണത്. അപരനിലുണ്ടാവുന്ന ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും ഗൗരവാവസ്ഥ നോമ്പുകാരന്‍ തന്റെ വിശപ്പിലൂടെയും ദാഹത്തിലൂടെയും അനുഭവിച്ച് പരാനുഭൂതിയുടെ വൈകാരിക തലത്തിലേക്കുയരാന്‍ പരിശീലനം നേടുന്നു. ‘PUT ONESELF IN SOMEONE’S SHOES’ എന്ന ഇംഗ്ലീഷ് പ്രയോഗം അര്‍ഥവത്താകുന്നു ഈ വ്രതത്തിലൂടെ. നബി(സ) ധനം ദാനം ചെയ്യുന്നതില്‍ ആഞ്ഞടിക്കുന്ന കാറ്റുപോലെയായിരുന്നു റമദാനില്‍. (ബുഖാരി)
സഹന ക്ഷമത കൈവരിക്കല്‍
സഹനശീലം പരിശീലിച്ചെടുക്കുന്നതിലൂടെ പരലോക മോക്ഷം നേടാന്‍ സഹായകമാണ് റമദാന്‍ നോമ്പ്. ദാഹവും വിശപ്പും സഹിച്ച് ശീലിക്കുന്നവര്‍ക്ക് പട്ടിണിയും പരിവട്ടവും വന്നാല്‍ ആത്മഹത്യയിലേക്ക് എടുത്തു ചാടുന്ന അവസ്ഥയുണ്ടാവില്ല. നോമ്പിന്റെ പകല്‍ വേളകളില്‍ ലൈംഗിക വികാരത്തെ തന്റെ ഇണയില്‍ നിന്ന് നിയന്ത്രിക്കുന്നതിലൂടെ ക്ഷമാശേഷി ആര്‍ജിക്കാനാവുന്നു നോമ്പുകാരന്.
പാപമുക്തിക്ക് സുവര്‍ണാവസരം
നന്മ തേടുന്നവര്‍ക്ക് മുന്നോട്ട് ഗമിക്കാന്‍ വേഗത കൂട്ടാനും തിന്മയാഗ്രഹിക്കുന്നവര്‍ക്ക് വേഗപ്പൂട്ട് ഇടാനുമുള്ള സുവര്‍ണാവസരമായ വ്രതത്തെയും സുവര്‍ണകാലമായി റമദാനെയും പ്രയോജനപ്പെടുത്താം. ഒരുവന്‍ റമദാന്‍ മാസം ലഭിച്ചിട്ടും പാപമുക്തി നേടിയില്ലെങ്കില്‍ പിന്നെ എപ്പോഴാണ് അവനതിന് ശ്രമിക്കുക?!
ദോഷബാധക്കെതിരെയുള്ള ജാഗ്രത
ദോഷബാധക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ അനുയോജ്യമായ കാലമാണ് റമദാന്‍. ദോഷബാധക്കെതിരെയുള്ള പ്രതിരോധമായ തഖ്‌വാ (തുഖാത്) മാനസിക പരിവര്‍ത്തനത്തിന് സഹായകമാകുന്ന ഘടകങ്ങളിലൊന്നാണ്. ”പൂര്‍ണ സത്യത്തില്‍ വിശ്വസിക്കുന്നതു വരെ നിങ്ങള്‍ ദോഷബാധക്കെതിരെ ജാഗ്രത പുലര്‍ത്താന്‍ മുമ്പുള്ളവരോട് അനുശാസിച്ചിരുന്നതു മാതിരി നിങ്ങള്‍ക്ക് വ്രതം അനുശാസിക്കപ്പെട്ടിരിക്കുന്നു.” (അല്‍ബഖറ 183)
അധ്വാനിച്ചുണ്ടാക്കിയ സമ്പത്തിനാലുള്ള അന്നപാനീയങ്ങള്‍ നോമ്പിന്റെ പകലില്‍ ഒരുമാസം ഒഴിവാക്കി ശീലിക്കുന്നവന്‍ വ്രതകാലം അവസാനിച്ചാലും അവിഹിത മുതലില്‍ നിന്നുള്ള ആഹാരത്തില്‍ നിന്നും വിലക്കപ്പെട്ട മദ്യപാനം പോലുള്ളവയില്‍ നിന്നും വിട്ടു നില്‍ക്കുമെന്നത് തീര്‍ച്ചയാണ്.
അനുവദനീയമായ സ്വന്തം ഇണയുമായുള്ള ലൈംഗിക ദാമ്പത്യം നോമ്പിന്റെ പകലില്‍ ദൈവപ്രീതിക്കായി വെടിഞ്ഞ് പരിശീലനം നേടുന്നവന് നോമ്പ് കാലമല്ലാത്തപ്പോള്‍ പോലും അവിഹിത ബന്ധത്തിലേര്‍പ്പെടുന്നതില്‍ നിന്ന്് അകന്ന് നില്‍ക്കാന്‍ ഒരു പ്രയാസവുമുണ്ടാവില്ല.
ചെകുത്താന്മാരെ ചങ്ങലക്കിടുന്ന മാസമായ റമദാനില്‍ മനുഷ്യച്ചെകുത്താനില്‍ നിന്നുള്ള പ്രതിരോധവും ജിന്ന് ചെകുത്താനില്‍ നിന്നുള്ള പ്രതിരോധ നടപടിയും നമുക്ക് സ്വീകരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ഖുര്‍ആനിക സൂക്തങ്ങള്‍ താഴെ കുറിക്കുന്നു. ”പറയുക; മാനവരുടെ സംരക്ഷകനും രാജാവും ദൈവവുമായവനോട്, ജിന്നിലും ജനത്തിലും പെട്ടതും മാനവ മനസുകളില്‍ കുശുകുശുപ്പ് നടത്തി പിന്‍വലിഞ്ഞ് കളയുന്ന കുശുകുശുക്കുന്ന ചെകുത്താന്റെ ശല്യത്തില്‍ നിന്നും ഞാനിതാ രക്ഷതേടുന്നു.” (114:1-6)
”ഏറ്റവും മെച്ചപ്പെട്ടതുകൊണ്ട് തിന്മയെ നീ പ്രതിരോധിക്കുക. അവര്‍ പറഞ്ഞു നോക്കുന്നതിനെക്കുറിച്ച് നല്ലവണ്ണം അറിയുന്നവനാണ് നാം. നീ പറയുക: എന്റെ സംരക്ഷകാ, ചെകുത്താന്‍മാരുടെ ദുര്‍ബോധനങ്ങളില്‍ നിന്ന് നിന്നോട് ഞാന്‍ രക്ഷതേടുന്നു. എന്റെ സംരക്ഷകാ, ചെകുത്താന്മാര്‍ എന്റെയടുത്ത് സന്നിഹിതരാകുന്നതില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷതേടുന്നു.” (23:96-98)
”നന്മയും തിന്മയും തുല്യമാവുകയില്ല, ഏറ്റവും മെച്ചമായത് കൊണ്ട് തിന്മയെ നീ പ്രതിരോധിക്കുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുണ്ടോ, അവനതാ നിന്റെ ആത്മമിത്രം ആയിത്തീരുന്നു. സഹന ക്ഷമതയുള്ള വമ്പിച്ച സൗഭാഗ്യമുള്ളവനല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല. ചെകുത്താനില്‍ നിന്നുള്ള വല്ല ദുഷ്‌പ്രേരണയും നിന്നെ വ്യതിചലിപ്പിച്ചു കളയുന്ന പക്ഷം അല്ലാഹുവോട് നീ രക്ഷ തേടുക. അവന്‍ തന്നെയാകുന്നു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനും.” (41:34-36)
റുഹ്്ബാനിയ്യായില്‍ നിന്ന്
റബ്ബാനിയ്യായിലേക്ക്
പ്രവാചകന്മാരെ നിയോഗിച്ചത് ദൈവവുമായി മനുഷ്യരെ അടുപ്പിക്കാനാണ്. പുരോഹിതന്മാര്‍ അവരെ മധ്യവര്‍ത്തിയായി സ്വീകരിക്കുവാന്‍ ദൈവവുമായി അകലം പാലിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. ”ദൈവം അനുശാസിക്കാത്ത പൗരോഹിത്യത്തെ (റുഹ്്ബാനിയ്യ) ഇന്‍ജീലിന്റെ അനുയായികള്‍ ദൈവ പ്രീതി നേടാനെന്ന വ്യാജേന പുതുരീതി സ്വീകരിച്ചു.” (57:27). പണ്ഡിതരിലും പുരോഹിതരിലുമുള്ള ധാരാളം പേര്‍ ജനധനം അവിഹിതമായി ഭുജിക്കുകയും ദൈവസ്മരണയില്‍ നിന്ന് അവരെ തിരിച്ച് വിടുകയും ചെയ്യുന്നു.” (9:34) മനുഷ്യ വികാസത്തിന് തടസമായി പ്രവര്‍ത്തിക്കുന്നതാണ് പൗരോഹിത്യം. അത് അവരുടെ ദാസരാവാനാണ് പ്രേരിപ്പിക്കുക. ആരാധന മനോഭാവത്തോടെ അവരോട് വര്‍ത്തിക്കാനാണ് അവര്‍ പറയുക. എന്നാല്‍ റബ്ബാനിയ്യാ എന്ന പരസ്പരം വളര്‍ത്തുന്ന മനശ്ശാസ്ത്രം പ്രേരിപ്പിക്കുന്നത് ദിവ്യവേദം പഠിപ്പിക്കുകയും അത് പഠിക്കുകയും ചെയ്യുന്നതിലൂടെ ദൈവത്തിന്റെ വിനീതദാസരാവാനാണ്. (3:79) വായിച്ച് പഠിച്ചും അത് പഠിപ്പിച്ചും അന്യോന്യം വികസിക്കാന്‍ പ്രേരണ ചെലുത്തുന്ന, ദൈവത്തിന്റെ വിനീത ദാസന്മാരാണ് റബ്ബാനിയ്യ്. ഈ റമദാന്‍ മാസത്തില്‍ റുഹ്്ബാനീ ആകാതെ റബ്ബാനീയാകാന്‍ വേണ്ടിയുള്ള ബോധപൂര്‍വമുള്ള ശ്രമമുണ്ടാവണം.