23 Tuesday
April 2024
2024 April 23
1445 Chawwâl 14

രക്തസാക്ഷികള്‍

എം ടി അബ്ദുല്‍ഗഫൂര്‍


അബൂഹുറയ്‌റ(റ) പറയുന്നു: നബി(സ) പറഞ്ഞിരിക്കുന്നു: രക്തസാക്ഷികള്‍ അഞ്ച് വിഭാഗമാകുന്നു. അക്രമിയുടെ കുത്തേറ്റ് മരിക്കുന്നവന്‍, വയറിന് രോഗം വന്ന് മരിക്കുന്നവന്‍, മുങ്ങി മരിക്കുന്നവന്‍, കെട്ടിടം തകര്‍ന്ന് വീണ് മരിക്കുന്നവന്‍, ദൈവമാര്‍ഗത്തിലെ രക്തസാക്ഷി (ബുഖാരി)

മരണം സുനിശ്ചിതമാണ്. അതിനെ തടുക്കാന്‍ ഒരാള്‍ക്കും കഴിയില്ല. മരണം എവിടെ ഏത് സമയത്ത് എങ്ങനെ പിടികൂടുമെന്ന് നമുക്കറിയില്ല. ജീവിതകാലത്ത് ചെയ്ത പ്രവര്‍ത്തനങ്ങളുടെ പ്രതിഫലത്തിലേക്കുള്ള യാത്രയാണ് മരണത്തോടെ ആരംഭിക്കുന്നത്. ഓരോ മരണവും വിശ്വാസിയെ ഓര്‍മപ്പെടുത്തുന്നത് പരലോക ജീവിതത്തെക്കുറിച്ചാണ്. നാം ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് മലക്കുല്‍മൗതിന്റെ ആഗമനമുണ്ടാവുക. അതിനുവേണ്ടി സദാ തയ്യാറാവുക എന്നത് വിശ്വാസിയുടെ വിജയത്തിന്റെ അടയാളമത്രെ.
നിങ്ങള്‍ എവിടെയായിരുന്നാലും മരണം നിങ്ങളെ പിടികൂടുക തന്നെ ചെയ്യും. നിങ്ങള്‍ ബലിഷ്ഠമായ കോട്ടകളിലാണെങ്കിലും (4:78) എന്ന വിശുദ്ധ ഖുര്‍ആനിന്റെ വചനം മരണമെന്ന യാഥാര്‍ഥ്യത്തില്‍നിന്ന് രക്ഷപ്പെടാന്‍ മനുഷ്യന് സാധ്യമല്ലെന്ന് ബോധ്യപ്പെടുത്തുന്നു.
അല്ലാഹുവിന്റെ കാവലും കാരുണ്യവും അനുഭവിക്കാന്‍ കഴിയുന്നത് വിശ്വാസിക്ക് ലഭിക്കുന്ന ഏറ്റവും വലിയ സുരക്ഷയാണ്. മരണവേളയിലും ആ കാവലുണ്ടാവുകയും കാരുണ്യം ലഭിക്കുകയും ചെയ്യാനുതകുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയാണ് നമുക്ക് കരണീയം.
സ്വാഭാവികമെന്നും അസ്വാഭാവികമെന്നും പൊതുവെ മരണങ്ങള്‍ വിലയിരുത്തപ്പെടാറുണ്ട്. അപകടമരണങ്ങളെ ദുര്‍മരണങ്ങളായി കാണുന്നവരുമുണ്ട്. ജീവിതാരംഭത്തില്‍തന്നെ അപകടങ്ങളില്‍ പെടുന്ന കുട്ടികളുടെയും സല്‍കര്‍മങ്ങളിലേര്‍പ്പെടുന്ന മറ്റുള്ളവരുടെയും മരണത്തെ ദൈവത്തിന്റെ ക്രൂരതയായി ചിത്രീകരിക്കുന്നവരുമുണ്ട്. ഓരോ അപകടങ്ങളുടെയും കാരണങ്ങള്‍ വിലയിരുത്തി അവ പരിഹരിക്കാനാവശ്യമായ കാര്യങ്ങളെല്ലാം ചെയ്യുകയെന്നത് ഓരോരുത്തരുടെയും ബാധ്യതയാണ്. ഈ ബാധ്യത നിര്‍വഹിക്കാതിരിക്കുന്നത് കുറ്റകരവുമത്രെ.
എത്രതന്നെ ശ്രദ്ധയുണ്ടായാലും ജീവഹാനി സംഭവിക്കാവുന്ന അപകടങ്ങളില്‍ പെടുന്നത് ഏറെ ദുഃഖകരമാണ്. എന്നാല്‍ വിശ്വാസികളോട് അല്ലാഹു കാണിക്കുന്ന കാരുണ്യമായി അപകടമരണങ്ങളെകണ്ട് ക്ഷമയവലംബിക്കുന്നതിനുള്ള പ്രചോദനമാണ് ഈ നബി വചനം. അപകടത്തില്‍ പെടുന്നവര്‍ തീക്ഷ്ണമായ പ്രയാസങ്ങള്‍ നേരിട്ടുകൊണ്ടാണ് മരണമടയുന്നത്. ഇത് അല്ലാഹുവിന്റെ ക്രൂരതയായി കാണാന്‍ കഴിയില്ല. കാരണം അവര്‍ക്ക് രക്തസാക്ഷികളുടെ പദവി നല്‍കി ആദരിക്കുകയാണ് അല്ലാഹു.
രക്തസാക്ഷിത്വം വലിയ അര്‍പ്പണമായാണ് ഇസ്‌ലാം കാണുന്നത്. ഓരോ മനുഷ്യന്റെയും വിശ്വാസവും കര്‍മങ്ങളുമനുസരിച്ച് പാരത്രിക ലോകത്ത് വലിയ പരിഗണന ലഭിക്കുന്ന രക്തസാക്ഷികളുടെ കൂടെയുണ്ടാവുകയെന്നത് എത്രമാത്രം സമാധാനപരമാണ്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x