21 Saturday
December 2024
2024 December 21
1446 Joumada II 19

റജബിന്റെ പോരിശ

പി മുസ്തഫ നിലമ്പൂര്‍


കാലം അത്ഭുതകരമായ പ്രതിഭാസമാണ്. ഈ കാലഘട്ടങ്ങളില്‍ മാനവചരിത്രത്തിന്റെ കാലചക്രം വ്യവസ്ഥാപിതമാം വിധം ചിട്ടപ്പെടുത്തേണ്ടതുണ്ട്. സ്രഷ്ടാവും സംരക്ഷകനും പ്രതിഫല ദിവസത്തിന്റെ ഉടമസ്ഥനുമായ അല്ലാഹു, ആകാശഭൂമികളെ സൃഷ്ടിച്ച നാള്‍ മുതല്‍ അതിനെ ക്രമപ്പെടുത്തിയിട്ടുണ്ട്. ‘ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസം അല്ലാഹു അവന്റെയടുക്കല്‍ രേഖപ്പെടുത്തിയതു പ്രകാരം മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അവയില്‍ നാലെണ്ണം (യുദ്ധം) വിലക്കപ്പെട്ട മാസങ്ങളാകുന്നു. അതാണ് വക്രതയില്ലാത്ത മതം. അതിനാല്‍ ആ (നാല്) മാസങ്ങളില്‍ നിങ്ങള്‍ നിങ്ങളോടുതന്നെ അക്രമം പ്രവര്‍ത്തിക്കരുത്….’ (9:36)
സൃഷ്ടികര്‍ത്താവായ അല്ലാഹു ചിലതിനെ വിശേഷപ്പെടുത്തിയിട്ടുണ്ട്. കാലങ്ങളും സ്ഥലങ്ങളും വ്യക്തികളും ഇതില്‍ ഉള്‍പ്പെടുന്നു. ഈ സവിശേഷത ഏത് വിധേനയെന്നും ഇസ്‌ലാം വ്യക്തമാക്കിയിട്ടുണ്ട്. പരാമര്‍ശിത പവിത്ര മാസങ്ങളില്‍ യുദ്ധം നിഷിദ്ധമാണ്. യുദ്ധം ആരംഭിക്കാനുള്ള സാഹചര്യം ഉണ്ടാകാതെ സൂക്ഷ്മത പുലര്‍ത്തേണ്ടതുണ്ട്. വേറെ ചില മാസങ്ങള്‍ വിശേഷപ്പെടുന്നത് ആരാധനകളില്‍ മുന്നേറുമ്പോള്‍ കൂടുതലായി പ്രതിഫലം നല്‍കിക്കൊണ്ടാണ്. റമദാന്‍ അതില്‍ പെട്ടതാണ്.
നിന്റെ രക്ഷിതാവ് താന്‍ ഉദ്ദേശിക്കുന്നത് സൃഷ്ടിക്കുകയും (ഇഷ്ടമുള്ളത്) തെരഞ്ഞെടുക്കുകയും ചെയ്യുന്നു. അവര്‍ക്ക് തെരഞ്ഞെടുക്കാന്‍ അര്‍ഹതയില്ല. അല്ലാഹു എത്രയോ പരിശുദ്ധനും – അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം അതീതനുമായിരിക്കുന്നു (28:68)
അവന്റെ സൃഷ്ടികളില്‍ ഏതിനെയൊക്കെ എങ്ങനെയൊക്കെ വിശേഷപ്പെടുത്തേണ്ടതുണ്ട് എന്ന് കൃത്യമായും അറിയുന്നവനും അധികാരമുള്ളവനും അല്ലാഹുവാണ്. അതില്‍ നമ്മുടെതായ മാറ്റത്തിരുത്തലുകള്‍ വരുത്താനോ സാങ്കല്‍പിക നിര്‍മാണങ്ങള്‍ക്ക് വിധേയമാക്കാനോ പാടില്ല. അറബികള്‍ യുദ്ധം നിഷിദ്ധമായ മാസത്തെ മാറ്റിമറിച്ച് യുദ്ധം ചെയ്തിരുന്നു. അത് കുഫ്‌റാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. റജബിനെ അവര്‍ റമദാനിലേക്കോ മറ്റു മാസങ്ങളിലേക്കോ മാറ്റുകയും ചില വര്‍ഷങ്ങളില്‍ പന്ത്രണ്ടില്‍ കൂടുതല്‍ മാസത്തെ സങ്കല്‍പിക്കുകയും ചെയ്യുമായിരുന്നു. യുദ്ധം നിഷിദ്ധമായ മാസത്തെ സംബന്ധിച്ച് ഹജ്ജത്തുല്‍ വിദാഇല്‍ നബി(സ) പറഞ്ഞു: ‘നിശ്ചയമായും കാലം അല്ലാഹു ആകാശഭൂമികളെ സൃഷ്ടിച്ച ദിവസത്തെപ്പോലെ തിരിഞ്ഞുവന്നിരിക്കുന്നു. ഒരു കൊല്ലം പന്ത്രണ്ട് മാസം. അതില്‍ നാലെണ്ണം അലംഘനീയ മാസങ്ങളാണ്. മൂന്നെണ്ണം തുടര്‍ച്ചയായുള്ളവയാണ്. അതായത് ദുല്‍ഖഅ്ദ, ദുല്‍ഹിജ്ജ, മുഹര്‍റം എന്നിവ (നാലാമത്തേത്) രണ്ട് ജുമാദകള്‍ക്കും ശഅ്ബാനിന്റെയും ഇടയിലുള്ള മുള്വ്ര്‍ ഗോത്രത്തിന്റെ റജബും (ബുഖാരി, മുസ്‌ലിം, അബൂദാവൂദ്)
മുള്വ്ര്‍ ഗോത്രക്കാര്‍ റജബ് മാസത്തെ അലംഘനീയത പാലിച്ചുപോന്നിരുന്നു. അതില്‍ മാറ്റം വരുത്തിയിരുന്നില്ല. അതാണ് മുള്വര്‍ ഗോത്രത്തിന്റെ റജബ് എന്ന് പറഞ്ഞത്. ഈ നാല് മാസങ്ങളില്‍ (ഇങ്ങോട്ട് യുദ്ധം ചെയ്താല്‍ നിര്‍ബന്ധഘട്ടം ഒഴികെ) യുദ്ധം നിഷിദ്ധമാണ്. അതിനപ്പുറത്തേക്ക് അതിനെ ആദരിക്കുന്ന പേരില്‍ പ്രത്യേക ആരാധനകള്‍ ഇസ്‌ലാം പഠിപ്പിച്ചിട്ടില്ല. ജാഹിലിയ്യ കാലഘട്ടത്തില്‍ പല ആരാധനകളും നടത്തിപ്പോന്നിരുന്നു. അത്വീറ എന്ന പേരില്‍ മൃഗങ്ങളെ അറുത്ത് ദൈവ സാമീപ്യത്തിന്നായി സമര്‍പ്പിച്ചിരുന്നു. ഇതെല്ലാം ഇസ്‌ലാം വിലക്കി. ചിലരില്‍ ഈ ജാഹിലിയ്യ സമ്പ്രദായം സ്വല്‍പമൊക്കെ ബാക്കിയുണ്ടായിരുന്നു. ഉമര്‍(റ) അതിനെ ശക്തമായി വിലക്കി. ചിലര്‍ നോമ്പുകൊണ്ട് ആ മാസത്തെ വിശേഷപ്പെടുത്തിയപ്പോള്‍ ജാഹിലിയ്യത്തിലെ നോമ്പിനോട് സാമ്യമാകുമോ എന്ന് ഭയപ്പെട്ട് ഉമര്‍(റ) നോമ്പിനെ വിലക്കിയിരുന്നു.
ഖര്‍ശതുബ്‌നുല്‍ ഹര്‍റ്(റ) പറയുന്നു. റജബില്‍ നോമ്പനുഷ്ഠിക്കുന്നവരുടെ കൈകള്‍ ഭക്ഷണത്തിലേക്ക് വെക്കുന്നതിനായി അവരുടെ കൈകളില്‍ ഉമര്‍(റ) പ്രഹരിക്കാറുണ്ടായിരുന്നു. അദ്ദേഹം പറയും. നിങ്ങള്‍ ഭക്ഷിച്ചുകൊള്ളുക. തീര്‍ച്ചയായും ജാഹിലിയ്യാ കാലഘട്ടത്തില്‍ ആരംഭിച്ചിരുന്ന മാസമായിരുന്നു ഇത്(റജബ്). (മുസ്വന്നഫ് അബീശൈബ അല്‍ ഇര്‍വാഅ് 957). റജബില്‍ ഉംറ നിര്‍വഹിക്കുന്നതിലും യാതൊരു വിശേഷതയുമില്ല. നബി(സ)യുടെ ഉംറകളില്‍ ഒന്ന് റജബിലായിരുന്നുവെന്ന ഇബ്‌നുല്‍ ഉമര്‍(റ)ന്റെ പ്രസ്താവനയെ ആഇശ(റ) തിരുത്തിയത് (ബുഖാരി 1775, മുസ്‌ലിം 1255) ദര്‍ശിക്കാവുന്നതാണ്.
റജബ് മാസത്തെ നമസ്‌കാരമാകട്ടെ, ഉത്തമനൂറ്റാണ്ടിനു ശേഷം നിര്‍മിതമായതാണ്. ഇമാം റംലി(റ) (ഹി. 919-1004) തന്റെ ഫതാവയില്‍ പറയുന്നു: ‘തീര്‍ച്ചയായും റജബ് മാസത്തില്‍ പ്രത്യേക നമസ്‌കാരം സ്വഹീഹായിട്ടില്ല. ഈ മാസത്തിലെ ആദ്യ വെള്ളിയാഴ്ച നിര്‍വഹിക്കപ്പെടുന്ന സ്വലാതു റഗാഇബിന്റെ ശ്രേഷ്ഠതയെപ്പറ്റി ഉദ്ധരിക്കുന്ന ഹദീസുകള്‍ കള്ളവും അടിസ്ഥാനരഹിതവുമാണ് (ഫതാവാ റംലി)
ഇമാം നവവി(റ) പറയുന്നു: വെള്ളിയാഴ്ച മാത്രം നോമ്പനുഷ്ഠിക്കരുതെന്ന ഹദീസിനെ, റഗാഇബ് എന്ന് വിളിക്കപ്പെടുന്ന നമസ്‌കാരം ബിദ്അത്താണെന്നതിന് പണ്ഡിതന്മാര്‍ തെളിവ് പിടിക്കുന്നു. ഈ നമസ്‌കാരം ഉണ്ടാക്കിയവനെയും അതിനെ വിശേഷമായി തെരഞ്ഞെടുത്തവനെയും അല്ലാഹു ശപിക്കട്ടെ. തീര്‍ച്ചയായും ഇത് ബിദ്അത്തുകള്‍ ഏറ്റവും വെറുക്കപ്പട്ട അനാചാരമാണ്. അജ്ഞതയും ദുഷ്ടതയും ചേര്‍ന്നു നില്‍ക്കുന്ന ബിദ്ത്തുമാണത് (ശറഹുമുസ്‌ലിം)
അദ്ദേഹം തന്നെ രേഖപ്പെടുത്തുന്നു. റജബിലെ ആദ്യ വെള്ളിയാഴ്ച 12 റക്അത്തായി നിര്‍വഹിക്കപ്പെടുന്ന സ്വലാതു റഗാഇബ് എന്ന നമസ്‌കാരവും ശഅ്ബാന്‍ പതിനഞ്ചിന് നിര്‍വഹിക്കപ്പെടുന്ന നൂറ് റക്അത്ത് നമസ്‌കാരവും വെറുക്കപ്പെട്ട അനാചാരവും ആക്ഷേപിക്കപ്പെടേണ്ടതുമാണ്. ഖുതില്‍ ഖുബൂവ്, ഇഹ്‌യാ ഉലുമുദ്ദീന്‍ എന്നിവകളില്‍ പരാമര്‍ശിച്ചിട്ടുള്ളതുകൊണ്ട് നിങ്ങളെ അത് വഞ്ചിക്കാതിരിക്കട്ടെ. അവ രണ്ടിനെ സംബന്ധിച്ചും പറയപ്പെട്ട ഹദീസുകള്‍ നിരര്‍ഥകമാണ് (മജ്മൂഅ് 3/548)
ഉപരിസൂചിത നമസ്‌കാരം ഹിജ്‌റ 408നു ശേഷം ബൈതുല്‍ മുഖദ്ദസിലാണ് ആദ്യമായി നിര്‍വഹിക്കപ്പെട്ടത്. നബി(സ)യോ അദ്ദേഹത്തിന്റെ അനുചരന്മാരോ ഉത്തമ നൂറ്റാണ്ടില്‍ ആരെങ്കിലുമോ ഏതെങ്കിലും ഇമാമുകളോ ഇത് ചെയ്തതായി ഉദ്ധരിക്കപ്പെട്ടിട്ടില്ല. ഇത് ആക്ഷേപാര്‍ഹമായ ബിദ്അത്താണ്. പ്രശംസിക്കപ്പെടേണ്ട സുന്നത്തല്ല എന്ന് അതുകൊണ്ടുതന്നെ സ്ഥിരപ്പെടുന്നതുമാണ്.
ഇബ്‌നുഹജറില്‍ അസ്ഖലാനിക്ക് റജബിന്റെ ശ്രേഷ്ഠതയെ പരാമര്‍ശിക്കുന്നതിനെ സംബന്ധിച്ച് വന്നിട്ടുള്ളവയില്‍ അത്ഭുതം പ്രകടിപ്പിക്കുന്നത് എന്ന പേരില്‍ ഒരു കൊച്ചു ഗ്രന്ഥം തന്നെയുണ്ട്. ഇതില്‍ അദ്ദേഹം പറയുന്നു: റജബ് മാസത്തിന്റെ ശ്രേഷ്ഠതയെ സംബന്ധിച്ചോ അതിനെ നോമ്പിനെക്കുറിച്ചോ അതില്‍ വിശേഷപ്പെടുത്തിയ ദിനത്തിലെ നോമ്പിനെ സംബന്ധിച്ചോ പ്രത്യേക രാത്രിയില്‍ നമസ്‌കരിക്കുന്നതിനെക്കുറിച്ചോ തെളിവിന് കൊള്ളാവുന്ന ഒരു ഹദീസും വന്നിട്ടില്ല. എനിക്ക് മുമ്പ് ഇമാം അബൂ ഇസ്മാഈല്‍ അല്‍ഹാവിയില്‍ നിന്നും മറ്റുള്ളവരില്‍ നിന്നും ഈ വസ്തുത സ്വഹീഹായി വന്നിട്ടുണ്ട്.
ഇബ്‌നുല്‍ഖയ്യിം(റ) പറഞ്ഞു: ‘റജബിലെ നോമ്പിനെ സംബന്ധിച്ചും ചില രാത്രികളിലെ നമസ്‌കാരത്തെ സംബന്ധിച്ചും വന്നിട്ടുള്ള എല്ലാ ഹദീസുകളും വ്യാജവും കെട്ടിച്ചമച്ചതുമാണ്’ (മനാറുല്‍ മുനീഫ് 96).
റജബും മിഅ്‌റാജും
നബി(സ)ക്ക് ലഭ്യമായ അനേക ദൃഷ്ടാന്തങ്ങളില്‍ ഒന്നാണ് ഇസ്‌റാഅ്-മിഅ്‌റാജ്. ഇത് എന്നാണ് ഉണ്ടായതെന്ന കാര്യത്തില്‍ ഭിന്നാഭിപ്രായങ്ങളാണുള്ളത്. നബി(സ)യോ സ്വഹാബിമാരോ ഈ ദിവസത്തിന് ഒരു സവിശേഷതയും കല്‍പിക്കാത്തതിനാലാണ് അത് സംഭവിച്ച വര്‍ഷത്തിലും മാസത്തിലും ദിവസത്തിലും ഭിന്നവീക്ഷണങ്ങളുണ്ടായത്. വിശേഷതയുണ്ടായിരുന്നുവെങ്കില്‍ അത് സംബന്ധിച്ച് കൃത്യമായ അറിവ് അവര്‍ക്കുണ്ടാകുമായിരുന്നു. റജബ് മാസത്തില്‍ 27നാണെന്ന് ഖണ്ഡിതമായി പറയാന്‍ സാധിക്കില്ല. അന്ന് മിഅ്‌റാജിന്റെ പേരില്‍ നോമ്പും നമസ്‌കാരവും ഇസ്‌ലാമില്‍ നിര്‍മിക്കപ്പെട്ട അനാചാരങ്ങളാണ്. അത് സംബന്ധമായി സ്വഹീഹായ ഒരു ഹദീസും വന്നിട്ടില്ല.

Back to Top