12 Friday
April 2024
2024 April 12
1445 Chawwâl 3

റജബ് 27ലെ നോമ്പും സ്വലാത്തുല്‍ ഗായിബും

പി കെ മൊയ്തീന്‍ സുല്ലമി


അല്ലാഹു ചില മാസങ്ങള്‍ക്കും ദിവസങ്ങള്‍ക്കും രാവുകള്‍ക്കും സ്ഥലങ്ങള്‍ക്കും പുണ്യം നല്‍കിയിട്ടുണ്ട്. മാസങ്ങളില്‍ റമദാനും ദിവസങ്ങളില്‍ വെള്ളിയാഴ്ചയും രാവുകളില്‍ ലൈലതുല്‍ ഖദ്‌റും സ്ഥലങ്ങളില്‍ അറഫയും വ്യക്തികളില്‍ പ്രവാചകന്മാരും ഉള്‍പ്പെടുന്നു. അല്ലാഹു ആദരിച്ചതിനെ ആദരിക്കല്‍ നമുക്കും ബാധ്യതയാണ്. അല്ലാഹു പറയുന്നു: വല്ലവനും അല്ലാഹുവിന്റെ മതചിഹ്നങ്ങളെ ആദരിക്കുന്ന പക്ഷം തീര്‍ച്ചയായും അത് മനസുകളിലെ ധര്‍മനിഷ്ഠയില്‍ നിന്നുണ്ടാകുന്നതത്രെ. (ഹജ്ജ് 32)
മേല്‍ പറഞ്ഞവയ്ക്ക് അല്ലാഹു ചില പ്രത്യേകതകള്‍ കൊണ്ട് പുണ്യം നല്‍കിയിട്ടുണ്ടെങ്കില്‍ അതിന്റെ മറവിലും അതിനോട് താരതമ്യം ചെയ്തും മറ്റു അനാചാരങ്ങള്‍ നിര്‍മിച്ചുണ്ടാക്കല്‍ കുറ്റകരവും ശിക്ഷാര്‍ഹവുമാകുന്നു. ഉദാഹരണത്തിന് വെള്ളിയാഴ്ച പകലിന് അല്ലാഹു ജുമുഅ കൊണ്ട് പവിത്രതയും ആദരവും നല്‍കിയിരിക്കുന്നു. എന്നാല്‍ പ്രസ്തുത ആദരവിന്റെ മറവില്‍ അന്ന് നോമ്പനുഷ്ഠിക്കല്‍ ബിദ്അത്താണ്. നബി(സ) അബുദര്‍ദ്ദാഇ(റ)നോട് കല്പിച്ചത് ശ്രദ്ധിക്കുക: ”അബൂദര്‍ദ്ദാഅ്, താങ്കള്‍ മറ്റു ദിവസങ്ങള്‍ മാറ്റിനിര്‍ത്തി വെള്ളിയാഴ്ച പ്രത്യേകമായി നോമ്പെടുക്കരുത്. മറ്റു രാത്രികളേക്കാള്‍ വെള്ളിയാഴ്ച രാവില്‍ പ്രത്യേകമായി നമസ്‌കരിക്കുകയും ചെയ്യരുത്” (സുനനുന്നസാഈ 8:232).
ഖേദകരമെന്നു പറയട്ടെ, കേരളത്തിലെ ഇരുവിഭാഗം സമസ്തക്കാരും അവരെ അന്ധമായി പിന്തുടരുന്ന മറ്റു വിഭാഗങ്ങളും അനാചാരങ്ങള്‍ നിര്‍മിച്ചുണ്ടാക്കുന്നതില്‍ മത്സരിക്കുകയാണ്. പ്രവാചക വചനങ്ങള്‍ക്കും അവരുടെ നേതാക്കളുടെ പ്രസ്താവനകള്‍ക്കും പുല്ലുവില പോലും അവര്‍ കല്‍പിക്കാറില്ല.
നബി(സ) പറയുന്നു: നമ്മുടെ ദീന്‍ കാര്യത്തില്‍, അതിലില്ലാത്തത് വല്ലവനും നിര്‍മിച്ചുണ്ടാക്കുന്ന പക്ഷം അത് തള്ളേണ്ടതാണ് (ബുഖാരി). നമ്മുടെ കല്‍പനയില്ലാത്ത വല്ല കര്‍മവും വല്ലവനും ചെയ്യുന്ന പക്ഷം അത് തള്ളിക്കളയേണ്ടതാണ് (മുസ്‌ലിം). സമസ്തക്കാര്‍ തങ്ങളുടെ ഇമാമാണെന്ന് അവകാശപ്പെടുന്ന ഇമാം നവവി മേല്‍ ഹദീസിനെ വിശദീകരിക്കുന്നത് നോക്കുക: ദീനിന്റെ പേരില്‍ നിര്‍മിച്ചുണ്ടാക്കുന്ന എല്ലാ അനാചാരങ്ങളും നിര്‍മിതികളും തള്ളിക്കളയേണ്ടതാണെന്ന് ഈ ഹദീസ് വ്യക്തമാക്കുന്നു. (ശറഹു മുസ്‌ലിം 6:257)
മറ്റൊരു ഹദീസ്: എല്ലാ അനാചാരങ്ങളും വഴികേടിലാണ് (ബുഖാരി). സമസ്തക്കാര്‍ തങ്ങളുടെ ഇമാമായി അവകാശപ്പെടുന്ന മറ്റൊരു പണ്ഡിതനാണ് ഇബ്‌നുഹജറുല്‍ ഹൈതമി(റ). അദ്ദേഹം ഈ ഹദീസിനെ വിശദീകരിക്കുന്നു: നബി(സ) എല്ലാ ബിദ്അത്തുകളും വഴികേടിലാണെന്ന് പറഞ്ഞത് ദീനില്‍ നിര്‍മിച്ചുണ്ടാക്കുന്ന അനാചാരങ്ങളെ സംബന്ധിച്ചു തന്നെയാണ്. (ഫതാവല്‍ ഹദീസിയ്യ, പേ. 240)
പല അനാചാരങ്ങളും നിര്‍മിച്ചുണ്ടാക്കാറുള്ളത് നല്ല ആചാരമാണ് എന്ന് പറഞ്ഞു കൊണ്ടാണ്. ഇബ്‌നു ഉമര്‍(റ) പറയുന്നു: എല്ലാ ബിദ്അത്തുകളും വഴികേടിലാകുന്നു. ജനങ്ങള്‍ അത് നല്ലതായി കണ്ടാലും ശരി. (ബൈഹഖി, അഹ്മദ്, കിതാബുല്‍ ബാഇസ് പേജ് 78). ഇമാം മാലിക്(റ) പ്രസ്താവിച്ചതായി ശാത്വിബി(റ) രേഖപ്പെടുത്തുന്നു: നല്ല ആചാരമാണെന്ന് അഭിപ്രായപ്പെട്ട് ഇസ്‌ലാമില്‍ വല്ലവനും ഒരു അനാചാരം നിര്‍മിച്ചുണ്ടാക്കുന്ന പക്ഷം തീര്‍ച്ചയായും നബി(സ) തന്റെ ദൗത്യത്തില്‍ വഞ്ചന കാണിച്ചു എന്നാണവന്‍ വാദിക്കുന്നത്. അല്ലാഹു പറയുന്നു: ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ദീനിനെ പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു. നബി(സ)യുടെ കാലത്ത് ദീനല്ലാത്ത ഒരു കാര്യം ഇന്നും ദീനായിത്തീരുന്നതല്ല. (അല്‍ ഇഅ്തിസാം 1:64,65)
ഇതുപോലെ തന്നെയാണ് റജബ് മാസത്തിലെ അനാചാരങ്ങളും. റജബ് മാസത്തിലെ പുണ്യം യുദ്ധം നിരോധിക്കപ്പെട്ടു എന്നത് മാത്രമാണ്. പ്രസ്തുത വിഷയത്തില്‍ വന്ന ഒരു ഹദീസിന്റെ സംഗ്രഹം ഇപ്രകാരമാണ്: മാസം പന്ത്രണ്ടാകുന്നു. അതില്‍ നാലെണ്ണം പവിത്രമാകുന്നു. മുഹര്‍റം, ദുല്‍ഖഅ്ദ, ദുല്‍ഹിജ്ജ എന്നീ മാസങ്ങള്‍ തുടര്‍ച്ചയായി വരുന്നവയാണ്. ജുമാദുല്‍ ഉഖ്‌റായുടെയും ശഅ്ബാനിന്റെയും ഇടയില്‍ വരുന്ന മുദ്വര്‍ (ഗോത്രക്കാരുടെ) മാസമായ റജബ് മാസവും അതില്‍ പെട്ടതാണ്. (ബുഖാരി 4662)
ഈ നാല് പവിത്ര മാസങ്ങളെക്കുറിച്ച് സൂറതുത്തൗബ 36-ാം വചനത്തിലും പരാമര്‍ശമുണ്ട്. യുദ്ധം നിരോധിക്കപ്പെട്ടു എന്നല്ലാതെ മറ്റൊരു പുണ്യവും റജബ് മാസത്തിനില്ലായെന്നതാണ് വസ്തുത. അല്ലാഹുവിന്റെ ഗ്രന്ഥത്തിലോ നബിചര്യയിലോ സ്വഹാബത്തിന്റെ അഭിപ്രായങ്ങളിലോ റജബ് മാസത്തിന് യാതൊരു പുണ്യവും നല്‍കിയിട്ടില്ല. പിന്നെ എങ്ങനെയാണ് റജബ് മാസത്തിന് പുണ്യമുണ്ടായത്. അത് ഇമാം ബുഖാരിയുടെ മേല്‍ പറഞ്ഞ ഹദീസില്‍ നിന്നു തന്നെ മനസ്സിലാക്കാവുന്നതാണ്. അതില്‍ പറഞ്ഞത് മുദ്വര്‍ ഗോത്രക്കാരുടെ റജബ് മാസം എന്നാണ്. ഈ ഹദീസിനെ ഇബ്‌നുഹജര്‍(റ) വ്യാഖ്യാനിച്ചത് ശ്രദ്ധിക്കുക: റജബ് മാസത്തെ മുദ്വര്‍ ഗോത്രക്കാരിലേക്ക് ചേര്‍ത്തുപറഞ്ഞത് മറ്റുള്ളവര്‍ക്കെല്ലാം വിരുദ്ധമായി മുദ്വര്‍ ഗോത്രക്കാര്‍ റജബ് മാസത്തെ ആദരിച്ചിരുന്നു എന്നതു കൊണ്ടാണ്. (ഫത്ഹുല്‍ബാരി 10:265)
നബി(സ)ക്കും സ്വഹാബത്തിനും വിരുദ്ധമായി മുദ്വര്‍ ഗോത്രക്കാര്‍ റജബ് മാസത്തില്‍ പ്രത്യേകമായി നമസ്‌കാരം, നോമ്പ്, ദിക്‌റുകള്‍ തുടങ്ങിയവ പതിവാക്കിയിരുന്നു എന്ന് ബുഖാരിയുടെ ഹദീസില്‍ നിന്നും ഇബ്‌നുഹജറിന്റെ(റ) വ്യാഖ്യാനത്തില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്. സാധാരണയായി ഒരു മാസത്തിനോ ദിവസത്തിനോ പുണ്യമുണ്ടെന്ന് വന്നാല്‍ അതിന്റെ മറവില്‍ അനാചാരങ്ങള്‍ നിര്‍മിച്ചുണ്ടാക്കുകയെന്നത് സമസ്തക്കാരുടെയും മറ്റും പതിവാണ്. പില്‍ക്കാലത്ത് റജബ് മാസത്തിന്റെ പുണ്യത്തിന്റെ വിഷയത്തില്‍ നിരവധി വാറോലകള്‍ ഹദീസെന്ന പേരില്‍ നിര്‍മിക്കപ്പെട്ടു. അതില്‍ ചിലത് താഴെ ചേര്‍ക്കുന്നു:
ഒന്ന്, നബി(സ) പറഞ്ഞു: തീര്‍ച്ചയായും സ്വര്‍ഗത്തില്‍ ഒരു ഉറവയുണ്ട്. അതിന്റെ പേര് റജബ് എന്നാണ്. അതിലെ ജലം തേനിനേക്കാള്‍ മധുരമേറിയതും പാലിനേക്കാള്‍ വെളുപ്പ് നിറമുള്ളതുമാണ്. റജബില്‍ വല്ലവനും നോമ്പനുഷ്ഠിക്കുന്ന പക്ഷം അവന്‍ അതില്‍ നിന്ന് കുടിക്കപ്പെടുന്നതാണ്. (ഇബ്‌നുഹിബ്ബാന്‍). ഈ റിപ്പോര്‍ട്ട് സ്വഹീഹല്ലെന്ന് ഇബ്‌നുല്‍ജൗസി(റ) (അല്‍ഇലലുല്‍ മുതനാഹിയത് 2:555), ഇമാം ദഹബി (മീസാനുല്‍ ഇഅ്തിദാല്‍ 4:189) എന്നിവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
രണ്ട്, റജബ് മാസം 27-ന് വല്ലവനും നോമ്പനുഷ്ഠിക്കുന്നപക്ഷം 60 മാസത്തെ നോമ്പിന്റെ പ്രതിഫലം അവന് ലഭിക്കുന്നതാണ്. (അഹ്മദ്). ഈ ഹദീസ് സ്വീകാര്യയോഗ്യമല്ലെന്ന് ഇബ്‌നുഹജറില്‍ അസ്ഖലാനി രേഖപ്പെടുത്തിയിട്ടുണ്ട്. (തബ്‌യീനുല്‍ അജബ് 1:107)
മൂന്ന്, റജബു മാസം അല്ലാഹുവിന്റെ മാസമാണ്. ശഅ്ബാന്‍ എന്റെ സമുദായത്തിന്റെ മാസമാണ്. അതിനാല്‍ റജബില്‍ വല്ലവനും നോമ്പനുഷ്ഠിക്കുന്ന പക്ഷം അവന്‍ കാലം മുഴുവന്‍ നോമ്പനുഷ്ഠിക്കുന്നവനെപ്പോലെയാണ്. (അബുല്‍ഫദ്ല്‍). ഈ ഹദീസിനെ സംബന്ധിച്ച് ഇമാം നവവി(റ)യുടെ ഗുരുനാഥനായ അബൂശാമ(റ) രേഖപ്പെടുത്തിയത് ശ്രദ്ധിക്കുക: അബുല്‍ ഖത്താബ്(റ) പറഞ്ഞു: ഈ ഹദീസ് നബി(സ)യുടെ മേല്‍ നിര്‍മിക്കപ്പെട്ടതാണ് (കിതാബുല്‍ ബാഇസ്, പേജ് 234). ഇബ്‌നു ഹജറുല്‍ അസ്ഖലാനി രേഖപ്പെടുത്തുന്നു: ഈ ഹദീസിന്റെ പരമ്പര (കൃത്രിമമായി) നിര്‍മിക്കപ്പെട്ടതാണ്. (തബ്‌യീനുല്‍ അജബ് 34,35).
നോമ്പ് മാത്രമല്ല, നമസ്‌കാരങ്ങളും ദിക്‌റുകളും ദുആകളും റജബ് മാസത്തില്‍ നിര്‍വഹിക്കുന്നതില്‍ പ്രത്യേകം പുണ്യമുണ്ടെന്നാണ് അനാചാരക്കാരുടെ പക്ഷം. റജബ് മാസത്തെ ഉംറക്ക് പ്രത്യേക പ്രതിഫലമുണ്ടെന്നാണ് അനാചാരക്കാരുടെ അഭിപ്രായം. പക്ഷെ, അതൊക്കെ അനാചാരങ്ങളില്‍ പെട്ടതാണെന്ന് ഇത്തരം അനാചാരങ്ങള്‍ക്ക് കൊണ്ടു നടക്കുന്നവരുടെ നേതാക്കള്‍ തന്നെ സവിസ്തരം രേഖപ്പെടുത്തിയിട്ടുണ്ട്.
നമ്മുടെ നാട്ടില്‍ പ്രധാനമായും അനാചാരങ്ങള്‍ നടക്കുന്നത് മിഅ്‌റാജ് രാവായ റജബ് 27-നാണ്. അന്ന് സമസ്തക്കാരും അനാചാരങ്ങളില്‍ അവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നവരും നോമ്പനുഷ്ഠിക്കുകയും ദിക്‌റുകളിലും ദുആകളിലും മുഴുകുകയും ചെയ്യുന്നു. ഇങ്ങനെ ചെയ്യുന്നതിന് ഇസ്‌ലാമില്‍ യാതൊരു തെളിവുമില്ല. നബി(സ)ക്ക് ചെറുതും വലുതുമായ നിരവധി മുഅ്ജിസത്തുകള്‍ ഉണ്ടായിട്ടുണ്ട്. അതൊന്നും ദീനില്‍ അനാചാരങ്ങള്‍ ഉണ്ടാക്കാനുള്ള തെളിവല്ല. ഇസ്‌റാഉം മിഅ്‌റാജും സംഭവിച്ചത് രാത്രിയാണ്. അതിന്റെ പേരില്‍ പകലില്‍ നോമ്പനുഷ്ഠിക്കുന്നത് എന്തിനാണ്? ഇസ്‌റാഉം മിഅ്‌റാജും സംഭവിച്ചത് റജബ് മാസം 27-നാണെന്നതിന് യാതൊരു രേഖയും ഇല്ല. ഇബ്‌നു ഹജറുല്‍ അസ്ഖലാനി(റ) പറയുന്നു: ഇസ്‌റാഅ്, മിഅ്‌റാജ് നിര്‍ണയിക്കുന്ന വിഷയത്തില്‍ പത്തോളം അഭിപ്രായങ്ങളുണ്ട്. റമദാനിലാണ്, ശവ്വാലിലാണ്, റജബിലാണ്, റബീഉല്‍ അവ്വലിലാണ്, റബീഉല്‍ ആഖിറയിലാണ് എന്നിങ്ങനെയെല്ലാം വന്നിട്ടുണ്ട്. (ഫത്ഹുല്‍ബാരി 9:67,68)
ഇബ്‌നുകസീര്‍ രേഖപ്പെടുത്തുന്നു: റജബ് 27-നാണ് ഇസ്‌റാഅ് ഉണ്ടായതെന്ന ഹദീസിന്റെ പരമ്പര സ്വഹീഹായി വന്നിട്ടില്ല. (അല്‍ബിദായത്തു വന്നിഹായ 3:127) അന്നേ ദിവസം നടക്കുന്ന മറ്റൊരു അനാചാരമാണ് സ്വലാത്തുല്‍ ഗായിബ്. ഇബ്‌നുകസീര്‍ പറയുന്നു: അന്നത്തെ രാവില്‍ സ്വലാത്തുല്‍ ഗായിബ് എന്ന പേരില്‍ നടത്തപ്പെടുന്ന നമസ്‌കാരത്തിന് ഒരടിസ്ഥാനവുമില്ല. (അല്‍ബിദായത്തു വന്നിഹായ 1:128). ബിദ്ഇയായ ഈ നമസ്‌കാരം നടന്നുവരുന്നത് റജബ് 27-ന് മാത്രമല്ല. ശഅ്ബാന്‍ പാതിരാവിലും നടന്നു വരുന്നുണ്ട്. അതിനെക്കുറിച്ച് ഇമാം നവവി പറയുന്നു: പ്രസ്തുത നമസ്‌കാരം നിര്‍മിച്ചുണ്ടാക്കിയവനെ അല്ലാഹു ശപിക്കട്ടെ. തീര്‍ച്ചയായും അത് നിഷിദ്ധമാക്കപ്പെട്ട അനാചാരങ്ങളില്‍ പെട്ടതാണ്. (ശറഹു മുസ്‌ലിം 4:275)
അബൂശാമ(റ) പറയുന്നു: റജബ് മാസത്തിന്റെ പുണ്യത്തെക്കുറിച്ചോ അന്നത്തെ നോമ്പിനെ സംബന്ധിച്ചോ നബി(സ)യില്‍ നിന്നു യാതൊരു റിപ്പോര്‍ട്ടും വന്നിട്ടില്ല. അന്ന് നോമ്പനുഷ്ഠിക്കല്‍ ജാഹിലിയ്യാ സമ്പ്രദായമാണെന്നു പറഞ്ഞുകൊണ്ട് ഉമര്‍(റ) കൈ ഭക്ഷണപാത്രത്തില്‍ വെക്കുന്നതു വരെ നോമ്പനുഷ്ഠിക്കുന്നവരെ ചാട്ടവാറു കൊണ്ട് അടിക്കുമായിരുന്നു. (കിതാബുല്‍ ബാഇസ് പേജ് 167)
അല്ലാമാ ഇബ്‌നു അബ്ദിസ്സലാം ഖിളര്‍ (റ) പറയുന്നു: അന്ന് മിഅ്‌റാജിന്റെ ചരിത്രം പാരായണം ചെയ്യലും യോഗം ചേരലും പ്രത്യേകമായി നടത്തപ്പെടുന്ന ആരാധനകളും അനാചാരങ്ങളാകുന്നു’ (അസ്സുനനു വല്‍ മുബ്തദആത്ത് 1:127). ഈ വിഷയത്തില്‍ ഇബ്‌നുല്‍ഖയ്യിമിന്റെ പ്രസ്താവനകൂടി ശ്രദ്ധിക്കുക: സ്വഹാബത്തും താബിഉകളും ഇസ്‌റാഅ് രാവിന്റെ പ്രത്യേകതയെ സംബന്ധിച്ച് ചിന്തിക്കുകയോ പ്രത്യേകത നല്‍കുകയോ ചെയ്തിരുന്നില്ല. അങ്ങനെ ഒരു ദിനം അവര്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നുമില്ല. ഇസ്‌റാഅ് എന്ന മഹത്തായ ശ്രേഷ്ഠത നബി(സ)ക്ക് സംഭവിച്ചിട്ടുപോലും ശരി. അത് സംഭവിച്ച കാലത്തോ സ്ഥലത്തോ വെച്ച് അവര്‍ പ്രത്യേകം ആരാധനകളും അനുഷ്ഠിച്ചിരുന്നില്ല,” (സാദുല്‍മആദ് 1:58)

5 1 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x