27 Saturday
July 2024
2024 July 27
1446 Mouharrem 20

മഴ വര്‍ഷിപ്പിക്കുന്നത് തവളയാണെന്നോ?

ഡോ. പി എം മുസ്തഫ കൊച്ചിന്‍


മഴക്കാറ് കാണുമ്പോള്‍ നന്ദിസൂചകമായാണ് ‘പോക്രോം’ എന്ന് തവളകള്‍ കരയുന്നതെന്ന് ആഫ്രിക്കന്‍ ഗിരിവര്‍ഗക്കാര്‍ വിശ്വസിച്ചിരുന്നു. ഗോത്രരാജാവായിരുന്ന ഗോമ്പുവിന് സന്താനങ്ങള്‍ ഉണ്ടായിരുന്നില്ല. തവളയും പല്ലിയുമായിരുന്നു വളര്‍ത്തു മക്കള്‍. വളര്‍ത്തു മക്കളില്‍ ആദ്യം എത്തുന്നയാളെ രാജാവാക്കുമെന്ന് മരണാസന്നനായ സമയത്ത് ഗോമ്പു അറിയിപ്പ് കൊടുത്തു. ഇതറിഞ്ഞ പല്ലിയെ വഴിതടസ്സപ്പെടുത്താന്‍ ‘മഴ പെയ്യട്ടെ’ (പോക്രോം) എന്ന് തവള വിളിച്ചുകൂവിയെന്നാണ് കെട്ടുകഥ. മഴ പെയ്തതു നിമിത്തം തവള ആദ്യമെത്തുകയും രാജാവാകുകയും ചെയ്തുവെന്നാണ് ഐതിഹ്യം.
മഴയുമായി ബന്ധപ്പെട്ട് പല അന്ധവിശ്വാസങ്ങളും ലോകത്ത് ഇന്ന് നിലവിലുണ്ട്. പാമ്പുകള്‍ മരച്ചില്ലയിലേക്ക് ഇഴഞ്ഞുകയറുന്നത് കണ്ടാല്‍ മഴ പെയ്യും. കറുത്ത ഉറുമ്പുകള്‍ മുട്ടകളുമായി നീങ്ങുന്നത് കണ്ടാല്‍ മഴ വര്‍ഷിക്കും. മുറ്റത്ത് കെട്ടിയിട്ടിരിക്കുന്ന കന്നുകാലികള്‍ ബഹളം വെച്ച് കരഞ്ഞാല്‍ മഴയുണ്ടാകും. വേഴാമ്പല്‍, കുളക്കോഴി എന്നിവ ശബ്ദിച്ചാല്‍ മഴ വന്നെത്തും. രാത്രികാലങ്ങളില്‍ നിരന്തരം കുയില്‍ പാടിയാല്‍ മഴ പെയ്യും. തവള കരഞ്ഞാല്‍ മഴ പെയ്യും എന്നിങ്ങനെ പോകുന്നു വിശ്വാസങ്ങള്‍.
പ്രകൃതിയിലെ ജീവജാലങ്ങള്‍ക്ക് അതിന്റെ സ്രഷ്ടാവ് അതിന്റേതായ ശബ്ദങ്ങള്‍ പല കാര്യങ്ങള്‍ക്കായി നല്‍കിയിട്ടുണ്ട്. ഇണയെ ആകര്‍ഷിക്കാന്‍, ശത്രുവിനെ ഭീതിപ്പെടുത്താന്‍, മനുഷ്യനെ സന്തോഷിപ്പിക്കാന്‍, തന്റെ അധികാരപരിധി നിശ്ചയിക്കാന്‍, ചില ആശയങ്ങള്‍ പരസ്പരം കൈമാറാന്‍ എന്നിങ്ങനെ നാം കണ്ടെത്തിയതും ഇനി കണ്ടെത്താനിരിക്കുന്നതുമായ ലക്ഷ്യങ്ങളുണ്ട്. അവയെ സംബന്ധിച്ച അജ്ഞതയില്‍ നിന്നാണ് അന്ധവിശ്വാസങ്ങള്‍ ഉറവെടുക്കുന്നത്.
വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ”ഏഴ് ആകാശങ്ങളും ഭൂമിയും അവയിലുള്ളതെല്ലാം അതിന്റെ സ്രഷ്ടാവിനെ പ്രകീര്‍ത്തിക്കുന്നു. അവന് നന്ദിസൂചകമായി കീര്‍ത്തനം ചെയ്യാത്തതായി ഒന്നും തന്നെയില്ല. അവയുടെ കീര്‍ത്തനം നിങ്ങള്‍ക്ക് മനസ്സിലാകുന്നില്ല. അവന്‍ സഹനശീലനും പൊറുക്കുന്നവനുമാണ്” (17:44).
എപ്പോള്‍, എവിടെ, ഏത് അളവില്‍ മഴ ലഭിക്കുമെന്നതും കൃത്യമായി അറിയുന്നത് മഴയുടെ സ്രഷ്ടാവായ അല്ലാഹു മാത്രമാണ്. കാരണം മഴ പെയ്യിപ്പിക്കുന്നത് അവനാണ്. ഖുര്‍ആന്‍ പറയുന്നു: ”അന്ത്യസമയത്തെക്കുറിച്ചുള്ള അറിവ് അല്ലാഹുവിന്റെ അടുക്കലാണ്. അവനാണ് മഴ പെയ്യിപ്പിക്കുന്നത്. ഗര്‍ഭാശയങ്ങളിലുള്ളത് അവന്‍ അറിയുന്നു. എന്താണ് നാളെ താന്‍ പ്രവര്‍ത്തിക്കുക എന്ന് ആര്‍ക്കും അറിയില്ല. ഏത് നാട്ടില്‍ വെച്ചാണ് താന്‍ മരിക്കുക എന്ന് ആര്‍ക്കും അറിയില്ല. അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞാനിയുമാണ്” (31:34).
തവളക്കരച്ചില്‍ കൊണ്ട് മഴ പെയ്യില്ല. കാരണം, മഴയുടെ സ്രഷ്ടാവ് തവളയല്ല. തവള കരഞ്ഞാല്‍ ഉടനെ മഴ പൊട്ടും എന്ന പഴഞ്ചൊല്ലില്‍ പതിരുണ്ട്. അത് ഒരു അന്ധവിശ്വാസം മാത്രമാണ്. തലതിരിഞ്ഞ വിശ്വാസം. മഴ പെയ്യുന്ന വേളയില്‍ കരയുന്ന പ്രകൃതം നല്‍കിയത് മഴയുടെയും തവളയുടെയും സ്രഷ്ടാവാണ്. മഴ പെയ്യുമ്പോഴാണ് തവള കരയുക. തവള കരയുമ്പോഴല്ല മഴ പെയ്യുന്നത് എന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാകും. മഴയും തവളക്കരച്ചിലും ഒത്തുവരുമ്പോള്‍ ഏതാണ് ആദ്യം സംഭവിച്ചത് എന്ന് പരിശോധിക്കാത്തതില്‍ നിന്നാണ് ഈ അന്ധവിശ്വാസം ഉടലെടുത്തത്. വ്യത്യസ്ത സ്വഭാവമുള്ള തവളകള്‍ പ്രകൃതിയിലുണ്ട്. ചൊറിത്തവളയാണോ മരത്തവളയാണോ പറക്കുംതവളയാണോ അല്ലെങ്കില്‍ സാധാരണ മണ്‍തവളയാണോ മഴ പെയ്യിക്കുന്നത് എന്ന് തവളവാദികള്‍ ശാസ്ത്രീയമായി തെളിയിക്കേണ്ടതുണ്ട്.
തവളവിവാഹം നടത്തിയാല്‍ മഴ ലഭിക്കുമെന്നും, തവള വിവാഹമോചനം നടത്തിയാല്‍ മഴ നിലയ്ക്കുമെന്നും പല രാജ്യക്കാരും വിശ്വസിച്ചുപോരുന്നു. 2009 മാര്‍ച്ചില്‍ മഴ പെയ്യുന്നതിനു വേണ്ടി തവളകളെ നേപ്പാള്‍ കര്‍ഷകര്‍ കല്യാണം കഴിപ്പിച്ചിരുന്നു. 2008ല്‍ എട്ടു മാസമായി കടുത്ത വരള്‍ച്ചയില്‍ വലഞ്ഞപ്പോള്‍ മധ്യ നേപ്പാളിലെ നാഗേശ്വരി ആരാധനാലയത്തില്‍ വെച്ച് ഒരു പ്ലേറ്റില്‍ അഭിമുഖമായി നിര്‍ത്തി കൊട്ടും കുരവയുമായാണ് തവളകളുടെ മംഗല്യം നടത്തിയത്.
അസം സംസ്ഥാനത്ത് തവളവിവാഹം നടന്നുവരുന്നുണ്ട്. അസം ഭാഷയില്‍ തവളക്കല്യാണത്തിന് ‘ദേകുലിയാബിയാ’ എന്നാണ് പറയുന്നത്. 2014 ആഗസ്തില്‍ മഴദേവനെ പ്രസാദിപ്പിക്കാനായി ദിബ്ഹുഗരില്‍ തവളവിവാഹം നടന്നിരുന്നു. ആറു മണിക്കൂര്‍ നീണ്ട ചടങ്ങില്‍ നാലു ഗ്രാമങ്ങളില്‍ നിന്നായി ക്ഷണിക്കപ്പെട്ട ആയിരത്തിലധികം അതിഥികള്‍ക്കായി സദ്യയൊരുക്കിയിരുന്നു. 2018 ആഗസ്തില്‍ ജോര്‍ഹട്ടിലെ റോങ്‌ഡോയി ഗ്രാമത്തില്‍ തവളക്കല്യാണം നടന്നിരുന്നു. ഗ്രാമീണരുടെ സാധാരണ വിവാഹം പോലെ രണ്ടു പേര്‍ തവളകളെ കൈയില്‍ പിടിച്ചിരുന്നു. തവളകളുടെ തലയില്‍ കുങ്കുമമിടും. ഇങ്ങനെ തവളക്കല്യാണം നടത്തിയാല്‍ മഴ പെയ്യുമെന്ന് അവര്‍ വിശ്വസിച്ചുപോരുന്നു. യാദൃച്ഛികമായി മഴ പെയ്യുമ്പോള്‍ ഈ തവളക്കല്യാണമാണ് മഴ പെയ്യിച്ചത് എന്നവര്‍ വിശ്വസിക്കുന്നു.
മധ്യപ്രദേശ് സംസ്ഥാനത്തെ ഭോപാല്‍ മേഖലയില്‍ കൊടും വരള്‍ച്ച ബാധിച്ചപ്പോള്‍ ഇന്ദ്രാപുരിയില്‍ മഴക്കായി തവള മാംഗല്യം നടന്നിരുന്നു. 2019 ജൂലൈയില്‍ നടന്ന ഈ വിവാഹം നിമിത്തം 26% അധികം മഴ ലഭിച്ചുവെന്ന് അവര്‍ വിശ്വസിച്ചു. തുടര്‍ച്ചയായ പെരുമഴ കാരണം മാംഗല്യം നടത്തിവിട്ട തവളകളുടെ രൂപം ഉപയോഗിച്ച് 2019 സെപ്തംബറില്‍ പ്രതീകാത്മകമായി വിവാഹമോചനവും അവര്‍ തന്നെ നടത്തി.
പാലക്കാട് ജില്ലയിലും ഒരാചാരമായി തവളവിവാഹമുണ്ട്. മഴ വൈകാതിരിക്കാന്‍ പത്തനംതിട്ടയിലെ ഒരാചാരമാണ് മാക്രിപ്പടയണി. എള്ള്, ഉണക്കലരി, അരിപ്പൊടി എന്നിവ കൈ കൊണ്ട് കുഴച്ച് ഉരുട്ടി പരത്തുന്ന രൂപങ്ങള്‍ ഒരു നാള്‍ വെയിലില്‍ വാട്ടി വയലുകളില്‍ അങ്ങിങ്ങായി നിരത്തിയുള്ള ആചാരമാണ് മാക്രിപ്പടയണി. തുടര്‍ന്ന് വിവിധ തരം കോലങ്ങള്‍ വാദ്യാരവങ്ങളുടെ അകമ്പടിയോടെ രംഗത്തെത്തുന്നു. തവളകള്‍ക്കുള്ള നിവേദ്യമാണ് അരിപ്പൊടിയില്‍ തയ്യാറാക്കുന്നത്. ഇവ ഭക്ഷിച്ച് അവ മഴയ്ക്കു വേണ്ടി കരഞ്ഞു പ്രാര്‍ഥിക്കുമെന്നാണ് വിശ്വാസം.
കേരളത്തിലെ വിവിധ ജില്ലകളില്‍ മഴയുമായി ബന്ധപ്പെട്ട് വ്യത്യസ്ത ചടങ്ങുകള്‍ നടന്നുവരുന്നു. ഏര്‍പ്പുപുഴുക്ക്, കത്തിപ്പാര്‍ച്ച, കാളവേല, കെട്ടിവലിക്കല്‍, നെട്ടന്റെ കുറി, കൊപ്പിച്ചാള, മലമക്കളി (കണ്യാര്‍ക്കളി), കൊടിയെടുക്കല്‍ തുടങ്ങിയവ മഴ വൈകാതിരിക്കാന്‍ പണ്ടുമുതല്‍ ആചരിച്ചുവരുന്ന സമ്പ്രദായങ്ങളാണ്.
2004 ഫെബ്രുവരിയില്‍ അരയാലും ആര്യവേപ്പും തമ്മില്‍ പോണ്ടിച്ചേരിയില്‍ വിവാഹിതരായി. മഴദേവനായ വരുണനെ പ്രസാദിപ്പിക്കുന്നതിനായി നൂറുകണക്കിന് ഗ്രാമവാസികളുടെ സാന്നിധ്യത്തില്‍ താലികെട്ടല്‍ നടന്നിരുന്നു. മുതിപ്പിനായഗറില്‍ രാവിലെ 10നും 12.30നും ഇടയിലായിരുന്നു ഈ വിചിത്ര വൃക്ഷവിവാഹം അരങ്ങേറിയത്. ആ ഗ്രാമവാസികള്‍ ഇതിനായി ക്ഷണക്കത്ത് അച്ചടിക്കുകയും സുഭിക്ഷമായ സദ്യ ഒരുക്കുകയും ചെയ്തിരുന്നു.
പ്രകൃതിയിലും അതിന്റെ ഭാഗമായി സസ്യലതാദികളെയും ജീവജാലങ്ങളെയും സംരക്ഷിക്കാന്‍ വേണ്ടിയായിരിക്കാം തവളക്കല്യാണം, വൃക്ഷവിവാഹം പോലുള്ള പ്രകൃതിയുമായി ബന്ധപ്പെട്ട പല ആചാരങ്ങളും ചടങ്ങുകളും പൂര്‍വികര്‍ നിശ്ചയിച്ചത്. പില്‍ക്കാലത്ത് അത് വിശ്വാസമായി രൂപപ്പെട്ടതാവാനും സാധ്യതയുണ്ട്.
വിശുദ്ധ ഖുര്‍ആനില്‍ ഒരിടത്താണ് തവളകളെക്കുറിച്ചുള്ള പരാമര്‍ശമുള്ളത്. ഫിര്‍ഔനും ജനതയ്ക്കുമായി മൂസാ(അ)ക്ക് അല്ലാഹു നല്‍കിയ ഒമ്പത് വഴിയടയാളങ്ങളില്‍ ഒന്നാണ് തവളകള്‍. ഖുര്‍ആന്‍ പറയുന്നു: ”വെള്ളപ്പൊക്കം, വെട്ടുകിളികള്‍, പേനുകള്‍, തവളകള്‍, രക്തം എന്നിവ സുവ്യക്തമായ വഴിയടയാളമായി അവരുടെ മേല്‍ നാം അയച്ചുനല്‍കി. എന്നിട്ടും അവര്‍ അഹങ്കരിക്കുകയും കുറ്റവാളികളായ ജനതയായിത്തീരുകയും ചെയ്തു” (7:133).

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x