മഴ ആവിഷ്‌കാരങ്ങളിലെ ദൈവിക സന്ദേശങ്ങള്‍
ഹാസില്‍ മുട്ടില്‍
മനുഷ്യ ജീവിതത്തിലെ അനിവാര്യ ഘടകങ്ങളിലൊന്നാണ് ജലം. ഭൂമിയിലെ വെള്ളത്തിന്റെ പ്രധാന സ്രോതസ്സ് മഴയാണ്. മനുഷ്യരും ഇതര ജീവജാലങ്ങളും കുടിക്കാനും കുളിക്കാനും ജലസേചനത്തിനും മുഖ്യമായും അവലംബിക്കുന്നതും ആശ്രയിക്കുന്നതും മഴവെള്ളത്തെയാണ്. കലര്‍പ്പില്ലാത്ത ജലമാണ് മഴവെള്ളം. ഉപരിലോകത്തുനിന്ന് മഴ വര്‍ഷിക്കുന്നതിലൂടെ മണ്ണ് വികസിച്ച് ധാരാളം ജലം ഭൂമിയിലേക്ക് ആഴ്ന്നിറങ്ങുന്നു. ഇത് ചെടികളുടെയും സസ്യങ്ങളുടെയും വളര്‍ച്ചയ്ക്ക് സഹായകരമായിത്തീരുകയും ചെയ്യുന്നു. ദൈവികാനുഗ്രഹമായി ആകാശത്തുനിന്ന് വര്‍ഷിക്കുന്ന മഴയെക്കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ ധാരാളമായി പരാമര്‍ശിക്കുന്നുണ്ട്. ചിന്തോദ്ദീപകമായ പരാമര്‍ശങ്ങളിലൂടെ ധാരാളം സന്ദേശങ്ങള്‍ ഖുര്‍ആന്‍ മാനവരാശിക്ക് നല്‍കുന്നുണ്ട്.
ദൈവിക ദൃഷ്ടാന്തം
പ്രാപഞ്ചിക പ്രതിഭാസങ്ങളെക്കുറിച്ച് ആലോചിക്കാനും അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ശക്തിയെക്കുറിച്ച് അറിയാനും ഖുര്‍ആന്‍ നിരന്തരമായി ആവശ്യപ്പെടുന്നുണ്ട്. കൃത്യമായ അളവിലും അനുപാതത്തിലും വര്‍ഷിക്കുന്ന മഴ (43:11, 23:18) ദൈവിക ദൃഷ്ടാന്തമാണെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. മഴ രൂപീകരണത്തെപ്പറ്റി സ്പഷ്ടമായി വിശദീകരിച്ചുകൊണ്ട് അല്ലാഹു പറയുന്നത് ശ്രദ്ധേയമത്രേ:
”അല്ലാഹു കാര്‍മേഘത്തെ മന്ദം മന്ദം തെളിച്ചുകൊണ്ടുവരുന്നതും പിന്നീട് അവയെ ഒരുമിച്ചു ചേര്‍ക്കുന്നതും എന്നിട്ട് അതിനെ അട്ടിയാക്കിവെച്ച് കട്ടപിടിച്ചതാക്കുന്നതും നീ കണ്ടിട്ടില്ലേ? അങ്ങനെ അവയ്ക്കിടയില്‍ നിന്ന് മഴത്തുള്ളികള്‍ പുറപ്പെടുന്നത് നിനക്കു കാണാം. മാനത്തെ മലകള്‍പോലുള്ള മേഘക്കൂട്ടങ്ങളില്‍ നിന്ന് അവന്‍ ആലിപ്പഴം വീഴ്ത്തുന്നു. എന്നിട്ട് താന്‍ ഇച്ഛിക്കുന്നവര്‍ക്ക് അതിന്റെ വിപത്ത് വരുത്തുന്നു. താന്‍ ഇച്ഛിക്കുന്നവരില്‍ നിന്നത് തിരിച്ചുവിടുകയും ചെയ്യുന്നു. അതിന്റെ മിന്നല്‍വെളിച്ചം കാഴ്ചകളെ ഇല്ലാതാക്കാന്‍ പോന്നതാണ്. അല്ലാഹു രാപകലുകളെ മാറ്റിമറിച്ചുകൊണ്ടിരിക്കുന്നു. തീര്‍ച്ചയായും അതില്‍ ഉള്‍ക്കാഴ്ചയുള്ളവര്‍ക്ക് ഗുണപാഠമുണ്ട്” (വി.ഖു. 24:43,44). ആകാശത്തു നിന്ന് മഴ വര്‍ഷിപ്പിച്ച്, നിര്‍ജീവമായ ഭൂമിയെ സജീവമാക്കുന്നതും ദൈവിക ദൃഷ്ടാന്തത്തിന്റെ അടയാളമാണെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട് (വി.ഖു. 30:24). കൃത്യമായ തോതനുസരിച്ച്, കാരുണ്യവും അനുഗ്രഹവുമായി വര്‍ഷിക്കുന്ന മഴയ്ക്കു പിന്നില്‍ അത്യുദാരനായ ഒരു സ്രഷ്ടാവുണ്ടെന്ന ബോധ്യം മനുഷ്യര്‍ക്ക് ഉണ്ടാകണമെന്ന് ഖുര്‍ആന്‍ താല്‍പര്യപ്പെടുന്നു.
തൗഹീദിന്റെ
വിളംബരം
ഖുര്‍ആനിന്റെ പ്രമേയങ്ങളില്‍ പ്രഥമവും പ്രധാനവുമാണ് തൗഹീദ്. ലോകത്ത് നിയോഗിക്കപ്പെട്ട മുഴുവന്‍ പ്രവാചകന്മാരുടെയും പ്രധാന പ്രബോധന വിഷയവും തൗഹീദായിരുന്നു. ഈ ഭൂമിയിലെ സകല സൗകര്യങ്ങളും ഒരുക്കിയ പടച്ചവനു സമന്മാരെ സൃഷ്ടിക്കുകയും അവനു പുറമേ മറ്റു പലരോടും പ്രാര്‍ഥിക്കുകയും ചെയ്യുന്നതിന്റെ നിരര്‍ഥകത മഴയെ പരാമര്‍ശിച്ചുകൊണ്ട് ഖുര്‍ആന്‍ സൂചിപ്പിക്കുന്നുണ്ട്:
”ജനങ്ങളേ, നിങ്ങളെയും നിങ്ങളുടെ മുന്‍ഗാമികളെയും സൃഷ്ടിച്ച രക്ഷിതാവിനെ നിങ്ങള്‍ ആരാധിക്കുവിന്‍. നിങ്ങള്‍ സൂക്ഷ്മശാലികളാവാന്‍ വേണ്ടിയത്രേ അത്. അവന്‍ നിങ്ങള്‍ക്ക് ഭൂമിയെ വിരിപ്പും ആകാശത്തെ മേല്‍ക്കൂരയുമാക്കി. ആകാശത്തു നിന്ന് മഴ വര്‍ഷിപ്പിച്ച് അതുവഴി നിങ്ങള്‍ക്ക് കഴിക്കാനുള്ള കായ്കനികള്‍ ഉല്‍പാദിപ്പിച്ചു തന്നു. അതിനാല്‍ അറിഞ്ഞുകൊണ്ട് നിങ്ങള്‍ അല്ലാഹുവിന് സമന്മാരെ ഉണ്ടാക്കരുത്” (വി.ഖു. 2:21,22). മഴ പോലുള്ള അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ ഓര്‍ക്കുക വഴി ഏകദൈവ വിശ്വാസം ശാക്തീകരിക്കപ്പെടേണ്ടതുണ്ടെന്ന് ഈ വചനങ്ങള്‍ ബോധ്യപ്പെടുത്തുന്നു.
പരലോകം
യാഥാര്‍ഥ്യം
ജനനത്തില്‍ തുടങ്ങി മരണത്തോടെ അവസാനിക്കുന്നതല്ല ഇസ്‌ലാം മുന്നോട്ടുവെക്കുന്ന ജീവിതം. മരണാനന്തരം ജീവിതമുണ്ടെന്നും അവിടെ വെച്ച് മനുഷ്യരുടെ കര്‍മങ്ങള്‍ അനുസരിച്ച് നീതിപൂര്‍വകമായി രക്ഷാശിക്ഷകള്‍ നിര്‍ണയിക്കപ്പെടുമെന്നും മതം അനുശാസിക്കുന്നുണ്ട്. പരലോക ജീവിതം യാഥാര്‍ഥ്യമല്ലെന്നും മരണാനന്തരമുള്ള പുനര്‍ജനനം വെറും മിഥ്യാസങ്കല്‍പമാണെന്നും വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ കാലാകാലങ്ങളായി ലോകത്തുണ്ടായിട്ടുണ്ട്. ബുദ്ധിശൂന്യവും യുക്തിരഹിതവുമായ ഈ വാദത്തെ മഴയെ പരാമര്‍ശിച്ച് ഖുര്‍ആന്‍ തുറന്നുകാട്ടുന്നുണ്ട്:
”ഭൂമിയെ വരണ്ടതായി നീ കാണുന്നു. പിന്നെ നാം അതില്‍ മഴ വര്‍ഷിപ്പിച്ചാല്‍ പെട്ടെന്നത് ചലനമുള്ളതായിത്തീരുകയും വികസിച്ചു വലുതാവുകയും ചെയ്യുന്നു. ഇതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രേ. നിര്‍ജീവമായ ഭൂമിയെ ജീവനുള്ളതാക്കുന്നവന്‍ തീര്‍ച്ചയായും മരിച്ചവരെ ജീവിപ്പിക്കും. അവന്‍ എല്ലാ കാര്യത്തിനും കഴിവുള്ളവനാണ്” (വി.ഖു. 41:39). വരണ്ടുണങ്ങിയ ഭൂമിയെ മഴയിലൂടെ സജീവമാക്കാന്‍ കഴിവുള്ള പ്രപഞ്ചനാഥന്‍ മരിച്ചവരെ ജീവിപ്പിക്കാനും കഴിയുന്നവനാണെന്ന് ഖുര്‍ആന്‍ (22:5) യുക്തിഭദ്രമായി തെര്യപ്പെടുത്തുന്നുണ്ട്.
ദുനിയാവിന്റെ
നൈമിഷികത
നാം വസിക്കുന്ന ദുനിയാവ് നശ്വരമാണെന്നും പാരത്രിക ഭവനമാണ് അനശ്വരമെന്നും ഖുര്‍ആന്‍ ഓര്‍മപ്പെടുത്തുന്നുണ്ട്. മനുഷ്യന് ജനനവും മരണവും അതിനിടയ്ക്കുള്ള ജീവിതവും നിശ്ചയിച്ചത് ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്നവന്‍ ആരാണെന്നറിയാന്‍ വേണ്ടിയാണെന്ന് (67:2) ഖുര്‍ആന്‍ അറിയിക്കുന്നുണ്ട്. മനുഷ്യ ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം വിസ്മരിച്ചു ദുനിയാവിലെ ജീവിതം തുലച്ചുകളയരുതെന്നും മതം വിശ്വാസികളെ ഉണര്‍ത്തുന്നുണ്ട്. ഭൗതികജീവിതത്തിന്റെ നൈമിഷികത വളരെ ലളിതവും മനോഹരവുമായി മഴയെ ഉദാഹരിച്ചുകൊണ്ട് ഖുര്‍ആന്‍ ആവിഷ്‌കരിക്കുന്നുണ്ട്:
”അറിയുക: ഇഹലോക ജീവിതം വെറും കളിയും തമാശയും പുറംപൂച്ചും പരസ്പരമുള്ള പൊങ്ങച്ച പ്രകടനവും സമ്പത്തിലും സന്താനങ്ങളിലുമുള്ള പെരുമ നടിക്കലും മാത്രമാണ്. അതൊരു മഴ പോലെയാണ്. അതുവഴി ഉണ്ടാവുന്ന ചെടികള്‍ കര്‍ഷകരെ സന്തോഷഭരിതരാക്കുന്നു. പിന്നെ അത് ഉണങ്ങുന്നു. അങ്ങനെയത് മഞ്ഞച്ചതായി നിനക്കു കാണാം. വൈകാതെ അത് തുരുമ്പായിത്തീരുന്നു. എന്നാല്‍ പരലോകത്തോ, കഠിനമായ ശിക്ഷയുണ്ട്. അല്ലാഹുവില്‍ നിന്നുള്ള പാപമോചനവും പ്രീതിയുമുണ്ട്. ഐഹിക ജീവിതം വഞ്ചനയുടെ വിഭവമല്ലാതെ മറ്റൊന്നുമല്ല” (വി.ഖു. 57:20).
പുതുമഴയ്ക്ക് മുളയ്ക്കുന്ന ചെടി തളിര്‍ക്കുകയും വളരുകയും പിന്നെ മഞ്ഞളിച്ചു കൂമ്പടഞ്ഞു ചീയുകയും ചെയ്യുന്നതുപോലെയാണ് ദുനിയാവിലെ മനുഷ്യ ജീവിതമെന്നും, പരസ്പരം പെരുമ നടിച്ചും അഹങ്കരിച്ചും യഥാര്‍ഥ ലക്ഷ്യത്തില്‍ നിന്നു വ്യതിചലിച്ച് ജീവിതം നശിപ്പിക്കരുത് എന്നുമുള്ള ഓര്‍മപ്പെടുത്തലാണ് ഈ വചനം നമുക്ക് നല്‍കുന്നത്.
അവിശ്വാസികളുടെ
കര്‍മഫലങ്ങള്‍
പരലോക വിജയമാണല്ലോ ഒരു വിശ്വാസിയുടെ ആത്യന്തിക ലക്ഷ്യം. ജീവിതത്തില്‍ ചെയ്യുന്ന സല്‍ക്കര്‍മങ്ങളാണ് വിശ്വാസികളുടെ പാരത്രിക വിജയം ഉറപ്പുവരുത്തുന്നത്. കര്‍മങ്ങള്‍ അല്ലാഹുവിന്റെ അടുക്കല്‍ പരിഗണനീയവും സ്വീകാര്യവുമാകണമെങ്കില്‍ ചില മാനദണ്ഡങ്ങള്‍ മതം നിശ്ചയിച്ചിട്ടുണ്ട്. കലര്‍പ്പറ്റ ഏകദൈവ വിശ്വാസം, പ്രവാചക ചര്യയുടെ പിന്‍ബലം, ഇഖ്‌ലാസ് എന്നിവ കര്‍മങ്ങള്‍ സ്വീകാരയോഗ്യമായിത്തീരാന്‍ അനിവാര്യമായ ഘടകങ്ങളാണ്. അവിശ്വാസികളുടെ കര്‍മഫലങ്ങളെക്കുറിച്ച് ഖുര്‍ആന്‍ വിവിധ സ്ഥലങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട്. വിശ്വാസമില്ലാത്തവരുടെ കര്‍മങ്ങള്‍ കൊടുങ്കാറ്റുള്ള ദിവസം പാറിപ്പോയ വെണ്ണീറു പോലെയെന്നും (14:18) മരുഭൂമിയിലെ മരീചിക പോലെയെന്നും (24:39) ചിതറിയ പൊടിപടലങ്ങള്‍ പോലെയെന്നും (25:23) ഖുര്‍ആന്‍ ഉദാഹരിച്ചിട്ടുണ്ട്.
അവിശ്വാസികളുടെ കര്‍മങ്ങള്‍ക്ക് പരലോകത്ത് മൂല്യമുണ്ടാവില്ലെന്ന് മഴയെ ഉദാഹരിച്ചുകൊണ്ടും ഖുര്‍ആന്‍ ഉണര്‍ത്തുന്നുണ്ട്: ”വിശ്വസിച്ചവരേ, കൊടുത്തത് എടുത്തുപറഞ്ഞും സൈ്വരം കെടുത്തിയും നിങ്ങള്‍ നിങ്ങളുടെ ദാനധര്‍മങ്ങളെ പാഴാക്കരുത്. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതെ ആളുകളെ കാണിക്കാനായി മാത്രം ചെലവഴിക്കുന്നവനെപ്പോലെ. അതിന്റെ ഉപമയിതാ:
”ഒരുറച്ച പാറ. അതിന്മേല്‍ ഇത്തിരി മണ്ണുണ്ടായിരുന്നു. അങ്ങനെ അതിന്മേല്‍ കനത്ത മഴ പെയ്തു. അതോടെ അത് മിനുത്ത പാറപ്പുറം മാത്രമായി. അവര്‍ അധ്വാനിച്ചതിന്റെ ഫലമൊന്നും അനുഭവിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അല്ലാഹു സത്യനിഷേധികളായ ജനത്തെ നേര്‍വഴിയിലാക്കുകയില്ല” (വി.ഖു. 2:264). ഈമാനും ഇഖ്‌ലാസുമില്ലാത്തവരുടെ കര്‍മങ്ങള്‍ ഫലശൂന്യമായിരിക്കുമെന്ന് മനോഹരമായ ആശയത്തിലൂടെ ഇവിടെ ആവിഷ്‌കരിക്കുകയാണ് ഖുര്‍ആന്‍.
പടച്ചവന്റെ മാഹാത്മ്യവും സൃഷ്ടിവൈഭവവും മനസ്സിലാക്കി അവനിലേക്ക് കൂടുതല്‍ അടുക്കാനും വിധേയപ്പെടാനും വിശ്വാസികളെ പ്രാപ്തരാക്കുന്നതാണ് അവര്‍ക്ക് ചുറ്റുമുള്ള ദൈവികാനുഗ്രഹങ്ങള്‍.