21 Thursday
November 2024
2024 November 21
1446 Joumada I 19

രാഹുലിന്റെ ചോദ്യങ്ങള്‍ ഭരണകൂടത്തിന് ദഹിക്കുന്നില്ല

എ പി അന്‍ഷിദ്‌


പണ്ട് ബി ജെ പിക്കാര്‍ ‘പപ്പു’ എന്ന് വിളിച്ച് ആക്ഷേപിച്ചു തള്ളിയ രാഹുല്‍ ഗാന്ധിയേ അല്ല ഇന്നത്തെ രാഹുല്‍. ആള്‍കൂട്ടത്തെ കാണുമ്പോള്‍ കവാത്ത് മറക്കുന്ന അപക്വമതിയായ അന്നത്തെ രാഷ്ട്രീയക്കാരനില്‍ നിന്ന് സാഹചര്യത്തിനൊത്ത് ഉയരാന്‍ കഴിയുന്ന, വാക് വഴക്കവും മെയ് വഴക്കവും സ്വായത്തമാക്കിയ, ഭയമേതുമില്ലാത്ത ഒന്നാന്തരമൊരു പടനായകനിലേക്ക് രാഹുല്‍ രൂപാന്തരപ്പെട്ടിട്ടുണ്ട്. ഈ മാറ്റത്തെ മറ്റാരേക്കാളും നന്നായി മനസ്സിലാക്കിയിട്ടുള്ളത് ബി ജെ പിക്കാരും അവരുടെ നേതാക്കളും തന്നെയാണ്.
അതുകൊണ്ടു തന്നെയാണ് രാഹുല്‍ എന്ന രാഷ്ട്രീയക്കാരനെ, കോണ്‍ഗ്രസുകാരനെ മറ്റാരേക്കാളും നന്നായി ബി ജെ പി ഭയപ്പെടുന്നതും. സമീപ കാലങ്ങളില്‍ ബി ജെ പിയും അവര്‍ നയിക്കുന്ന കേന്ദ്രസര്‍ക്കാറും കൈക്കൊള്ളുന്ന ഓരോ നടപടികളിലും അവര്‍ക്കുള്ളില്‍ നുരഞ്ഞുപൊങ്ങിക്കൊണ്ടിരിക്കുന്ന രാഹുല്‍ ഭയം വായിച്ചെടുക്കാന്‍ കഴിയും. ഏറ്റവും ഒടുവില്‍ മാനനഷ്ടക്കേസിലെ സൂറത്ത് കോടതിയുടെ വിധിയും അതിന്റെ ചുവടു പിടിച്ച് ഇരുട്ടി വെളുക്കും മുമ്പേ രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റംഗത്വം റദ്ദാക്കിക്കൊണ്ടുള്ള ലോക്‌സഭാ സെക്രട്ടറിയേറ്റിന്റെ ഉത്തരവും വരെയുള്ളതില്‍ തെളിയുന്നത് ഈ ഭയമാണ്. ന്യായാന്യായങ്ങള്‍ പലതും പറയാനുണ്ടാകും.
കോടതി ശിക്ഷിച്ചതിന് തങ്ങളെന്തു പിഴച്ചു, രണ്ടു കൊല്ലത്തില്‍ കൂടുതല്‍ ശിക്ഷ ലഭിച്ചാല്‍ സ്വാഭാവിക അയോഗ്യതയല്ലേ, ലോക്‌സഭാ സെക്രട്ടറിയേറ്റിന്റെ വിജ്ഞാപനം കേവല നടപടി ക്രമം മാത്രമല്ലേ.., ഇപ്പോത്തെ സംഭവ വികാസങ്ങളില്‍ ഏതൊരു ബി ജെ പിക്കാരനും പറയാനുള്ള ചില ന്യായങ്ങളാണിത്. എന്നാല്‍ ഈ തീരുമാനങ്ങള്‍ക്കെല്ലാം പിന്നില്‍ ഒളിച്ചുകടത്തുന്ന രാഷ്ട്രീയത്തെ വായിച്ചെടുക്കാന്‍ ശ്രമിച്ചാല്‍ ഇത്തരം തൊടുന്യായങ്ങള്‍ കൊണ്ട് മൂടിവെക്കാന്‍ കഴിയാത്ത മറ്റു പല യാഥാര്‍ഥ്യങ്ങളും ഉണ്ടെന്ന് സമ്മതിക്കേണ്ടി വരും. അതില്‍ ആദ്യത്തേതാണ് മേലെ പറഞ്ഞ ബി ജെ പിയുടെ രാഹുല്‍ ഭയം.
ഒരു കോടതി വിധികൊണ്ട്, ഒരു ജയില്‍ വാസം കൊണ്ട് രാഹുല്‍ ഗാന്ധി എന്ന രാഷ്ട്രീയക്കാരനെ, അയാള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ ഇല്ലാതാക്കാനാകുമെന്ന് ബി ജെ പി പോലും കരുതുന്നുണ്ടാകില്ല. എന്നാല്‍ ഇപ്പോള്‍ ബി ജെ പിയുടെ മുന്നിലുള്ളത് ഒറ്റ ലക്ഷ്യമാണ്. 2024. രാജ്യം വീണ്ടും ഒരു പൊതുതിരഞ്ഞെുപ്പിനെ നേരിടുമ്പോള്‍ രാഹുല്‍ ഗാന്ധി എന്ന ഒറ്റയാള്‍ പടനായകനെ തല്‍ക്കാലത്തേക്കെങ്കിലും യുദ്ധക്കളത്തിന് പുറത്തു നിര്‍ത്തണം. യുദ്ധം തീരുന്നതു വരേക്ക് കൂടെയുള്ള പടയാളികള്‍ക്ക് ആജ്ഞ നല്‍കാന്‍ പോലും കഴിയാത്ത വിധം അയാളെ ഒറ്റപ്പെടുത്തണം.
പടനായകനില്ലാതെ, യുദ്ധക്കളത്തില്‍ ദിശയറിയാതെ കോണ്‍ഗ്രസ് വിയര്‍ക്കണം. ഇത്രയുമായാല്‍ കാര്യങ്ങള്‍ അവര്‍ക്ക് എളുപ്പമാകും. അതിന് അവര്‍ കാണുന്ന കുറുക്കു വഴിയാണ് രാഹുലിനെതിരായ നീക്കം. അതിന്റെ ആദ്യ പടിയാണ് അയാളെ പാര്‍ലമെന്റിന്റെ പടിക്കു പുറത്തു നിര്‍ത്താനുള്ള നീക്കം. അതിനു ചില കാരണങ്ങളുണ്ട്. പാര്‍ലമെന്റില്‍ ആരെന്തു പറഞ്ഞാലും അത് രാജ്യത്തെല്ലായിടത്തും പ്രതിഫലിക്കും. രാഷ്ട്രീയത്തില്‍ അതിന്റെ സ്വാഭാവിക പ്രതിഫലനങ്ങളുണ്ടാകും. അതിനെല്ലാം മറുപടി പറയേണ്ടി വരും. അദാനി വിഷയത്തില്‍ പലതും പറയാന്‍ ഒരുങ്ങിത്തന്നെയാണ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിലെ ഓരോ ദിനവും രാഹുല്‍ പാര്‍ലമെന്റില്‍ എത്തിയത്.
അയാള്‍ തൊടുത്തുവിടുന്ന ഓരോ അമ്പും നേരെ ചെന്നു പതിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നെഞ്ചത്തേക്കായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. കാരണം അദാനിയുടെ വളര്‍ച്ചയുടെ അടിവേര് പരതുന്നവര്‍ക്ക് മോദി മുഖ്യമന്ത്രിയായിരുന്ന കാലത്തെ ഗുജറാത്തില്‍ മാത്രമേ അത് കണ്ടെത്താന്‍ കഴിയൂ. അതുകൊണ്ടുതന്നെ അയാള്‍ ശബ്ദിക്കാതിരിക്കാന്‍ ബി ജെ പിക്കാര്‍ എത്രത്തോളം പാടു പെടേണ്ടി വന്നുവെന്ന് കഴിഞ്ഞ കുറേ ദിവസങ്ങളായി രാജ്യം കണ്ടു കൊണ്ടിരിക്കുകയാണ്. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പൂര്‍ണമായും വാഷ്ഔട്ട് ആയിപ്പോയ സഭാ സമ്മേളനങ്ങള്‍ വരെയുണ്ട്. പ്രത്യേകിച്ച് 2ജി സ്‌പെക്ട്രം കുംഭകോണത്തിന്റെ കാലത്ത്.
എന്നാല്‍ ഭരണകക്ഷി അംഗങ്ങള്‍ തന്നെ ബഹളംവച്ച് പാര്‍ലമെന്റിന്റെ ഇരു സഭകളും സമ്മേളിക്കാന്‍ കഴിയാത്ത വിധം ഇത്രയധികം ദിവസം തുടര്‍ച്ചയായി സ്തംഭിപ്പിക്കുന്നത് രാജ്യ ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കാം. അതിന് ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. രാഹുല്‍ വാ തുറക്കരുത്. രാഹുല്‍ ഗാന്ധിയുടെ ലണ്ടന്‍ പ്രസംഗം അതിനൊരു തൊടു ന്യായം മാത്രമാണ്. കാരണം ലണ്ടനില്‍ പറഞ്ഞ കാര്യങ്ങളെല്ലാം രാഹുല്‍ അതിനു മുമ്പ് എത്രയോ തവണ രാജ്യത്തിനകത്ത് പറഞ്ഞിട്ടുള്ളതാണ്. പറഞ്ഞു കൊണ്ടേയിരിക്കുന്നതാണ്.
രാഹുല്‍ മാത്രമല്ല, പ്രതിപക്ഷത്തെ മറ്റു പല നേതാക്കളും പറഞ്ഞിട്ടുണ്ട്. പ്രധാനമന്ത്രിയാകുന്നതിന് തൊട്ടു മുമ്പുവരെ മോദിയും പറഞ്ഞുകൊണ്ടിരുന്നത് കോണ്‍ഗ്രസിന്റെ കൈകളില്‍ ഇന്ത്യന്‍ ജനാധിപത്യം അപകടത്തിലാണെന്നും ജനാധിപത്യം ഒരു കുടുംബത്തിലേക്ക് ചുരുങ്ങുന്നുവെന്നുമെല്ലാമാണ്. പാര്‍ലമെന്റ് സമ്മേളനം നടക്കാതിരിക്കാനും രാഹുല്‍ വാ തുറക്കാതിരിക്കാനും ലണ്ടന്‍ പ്രസംഗത്തെ ബി ജെ പി ഒരു ഇഷ്യൂ ആക്കി ഉയര്‍ത്തിക്കൊണ്ടുവന്നുവെന്നു മാത്രം. സൂറത്ത് കോടതി വിധിയുടെ ചുവടു പിടിച്ച് രാഹുല്‍ ഗാന്ധിയെ സഭാംഗത്വത്തില്‍ നിന്ന് തന്നെ പുറത്താക്കാന്‍ കഴിഞ്ഞതോടെ തല്‍ക്കാലം ബി ജെ പിക്ക് സഭാ സ്തംഭനത്തില്‍ നിന്ന് തടിയൂരാം.
ഇനി രാഹുലിന്റെ അയോഗ്യതയാണ്. സൂറത്ത് കോടതി വിധി വന്നില്ലെങ്കിലും രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ തുടരുമോ എന്ന കാര്യത്തില്‍ ശങ്കയുണ്ട്. കാരണം ലണ്ടന്‍ പ്രസംഗത്തിന്റെ പേരില്‍ രാഹുലിനെതിരെ ബി ജെ പി നടത്തുന്ന പടനീക്കങ്ങളില്‍ പ്രധാനം അദ്ദേഹത്തെ സഭയില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യമായിരുന്നു. രാഹുലിനെ കരുനീക്കാനുള്ള പടനീക്കം ബി ജെ പി നേരത്തെ തുടങ്ങിയിരുന്നുവെന്ന് മാത്രം. ജോഡോ യാത്രയുടെ സമാപന ദിനം ശ്രീനറില്‍ നടത്തിയ പ്രസംഗത്തിലെ ഒരു വരിയില്‍ പിടിച്ചൂ തൂങ്ങി അദ്ദേഹത്തിന്റെ വീടിനു മുന്നില്‍ മണിക്കൂറുകളോളം കാത്തുകെട്ടിക്കിടന്ന ഡല്‍ഹി പൊലീസ് വിളിച്ചു പറയുന്നതും രാഹുലിനെ നിശ്ശബ്ദമാക്കാനുള്ള ഭരണകൂട തന്ത്രങ്ങള്‍ തന്നെയാണ്.
കാരണം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ഡല്‍ഹി പൊലീസ്, അമിത് ഷാ അറിയാതെ രാഹുലിന്റെ പടിവാതിലില്‍ മണിക്കൂറുകള്‍ പാറാവുപണിക്ക് നില്‍ക്കില്ലെന്ന് ആര്‍ക്കും മനസ്സിലാകും. അദാനി വിഷയത്തിലും ജനാധിപത്യത്തിനെതിരായ ഭരണകൂട കടന്നാക്രമണത്തിന്റെ കാര്യത്തിലും രാഹുല്‍ ഉന്നയിച്ച മുനവച്ച ചോദ്യങ്ങള്‍ ബി ജെ പിയേയും മോദിയേയും ചെറുതായൊന്നുമല്ല വെള്ളം കുടിപ്പിക്കുന്നത്. അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്. മഞ്ഞുമൂടിക്കിടക്കുന്ന മറ്റു പലതും പുറത്തുവരാനുണ്ട്. അത് ബി ജെ പിയെ ഭയപ്പെടുത്തുന്നുണ്ട്.
കാരണം ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നത് ഷെല്‍ കമ്പനികളെ ഉപയോഗിച്ച് ഓഹരി വിപണിയില്‍ കൃത്രിമം കാണിച്ച് അദാനി കൊയ്തൂകൂട്ടിയ കോടികളെക്കുറിച്ച് മാത്രമാണ്. അതില്‍ രാഷ്ട്രീയമില്ല. തീര്‍ത്തും സാമ്പത്തിക കുറ്റകൃത്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമാണ്. എന്നിട്ടും അത് അദാനിയെ ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുനിന്ന് 24ലേക്ക് വലിച്ചു താഴെയിട്ടെങ്കില്‍ അതിലേക്ക് രാഷ്ട്രീയത്തെ ചേര്‍ത്തുവെക്കുകയാണ് രാഹുല്‍ ചെയ്യുന്നത്. എന്തുകൊണ്ട് അദാനി മാത്രം, എങ്ങനെ അദാനി മാത്രം എന്നീ ചോദ്യങ്ങള്‍ അയാള്‍ നിരന്തരം ചോദിച്ചു കൊണ്ടിരിക്കുമ്പോള്‍, പാര്‍ലമെന്റിലും ആ ചോദ്യം ആവര്‍ത്തിക്കപ്പെടുമ്പോള്‍ മറുപടി പറയാന്‍ മോദി സ്വാഭാവികമായും ബാധ്യസ്ഥനാകും.
രാഷ്ട്രീയ എതിരാളികളെ ചെല്ലപ്പേര് വിളിച്ച് കൊഞ്ഞനം കുത്തുന്ന മോദിയുടെ പതിവ് തന്ത്രങ്ങള്‍ കൊണ്ട് ഒരു പക്ഷേ ഇതിനെ മറികടക്കാന്‍ കഴിഞ്ഞെന്ന് വരില്ല. മോദി അദാനി ബന്ധത്തിന് തെളിവായി പാര്‍ലമെന്റില്‍ അയാള്‍ ഉന്നയിച്ച ആരോപണങ്ങള്‍, സഭ മുമ്പാകെ നിരത്തിയ വസ്തുതകള്‍, കണക്കുകള്‍, അദാനിക്കൊപ്പം വിമാന യാത്ര നടത്തുന്ന മോദിയുടെ ചിത്രങ്ങള്‍ എല്ലാം സഭാ രേഖകളില്‍ നിന്ന് എങ്ങനെ നീക്കം ചെയ്യപ്പെട്ടുവെന്ന് രാജ്യം കണ്ടതാണ്. സഭയില്‍ പുതിയ തെളിവുകളുമായി അയാള്‍ വരാനുള്ള സാധ്യത ബി ജെ പിക്കാര്‍ പോലും തള്ളിക്കളയുന്നില്ല. രണ്ടാം മോദി സര്‍ക്കാറിന്റെ അവസാന വര്‍ഷത്തിലേക്ക് കടക്കുന്നതിനാല്‍ ഇനിയങ്ങോട്ട് പാര്‍ലമെന്റില്‍ ഉന്നയിക്കപ്പെടുന്ന കാര്യങ്ങള്‍ തന്നെയായിരിക്കും പൊതുതിരഞ്ഞെടുപ്പിന്റെ അജണ്ട നിശ്ചയിക്കുന്നതും.
2019ല്‍ റഫാല്‍ എങ്ങനെ ബി ജെ പിയെ വെള്ളം കുടിപ്പിച്ചു എന്നത് തന്നെ ഉദാഹണം. തിരഞ്ഞെടുപ്പിന്റെ അനന്തര ഫലം എന്തായാലും റഫാലില്‍ മോദിക്കെതിരെ നേരിട്ട് രാഹുല്‍ ഗാന്ധി ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ സൃഷ്ടിച്ച രാഷ്ട്രീയ ചലനങ്ങളെക്കുറിച്ച് ബി ജെ പിക്ക് നല്ല ബോധ്യമുണ്ട്. അത് അദാനിയിലും ആവര്‍ത്തിച്ചാല്‍ കാര്യങ്ങള്‍ കുഴയുമെന്നവര്‍ക്കറിയാം. കാരണം റഫാല്‍ പോലെ രാജ്യരക്ഷയുടെ മൂടുപടമണിഞ്ഞ് രക്ഷപ്പെടാന്‍ കഴിയുന്ന വിഷയമല്ല അദാനി.
മാത്രമല്ല, അദാനിയുടെ തകര്‍ച്ചക്ക് എത്രത്തോളം വേഗം കൂടുന്നുവോ അത്രത്തോളം മോദിയുടെ തകര്‍ച്ചക്കും വേഗം കൂടുമെന്നവര്‍ക്കറിയാം. അതിനെ മറികടക്കാന്‍ രാഹുലിനെ ബന്ധിച്ചേ മതിയാകൂ എന്ന തിരിച്ചറിവ് ബി ജെ പിയുടെ ഇപ്പോഴത്തെ ഓരോ നീക്കങ്ങള്‍ക്കു പിന്നിലുമുണ്ട്.
സൂറത്ത് വിധി
ഇനി രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റംഗത്വം റദ്ദാക്കപ്പെടുന്നതിലേക്ക് നയിച്ച സൂറത്ത് കോടതിയുടെ വിധികൂടി പരിശോധിക്കാം. 2019ലെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് കര്‍ണാടകയില കോളാറില്‍ നടത്തിയ പ്രസംഗത്തിനിടെ രാഹുല്‍ നടത്തിയ ഒരു പരാമര്‍ശമാണ് കേസിനാധാരം. ‘എല്ലാ കള്ളന്മാരുടേയും പേരില്‍ മോദി എന്ന പൊതു പേര്’ ഉണ്ടെന്ന പരാമര്‍ശമായിരുന്നു കേസിനാധാരം. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉന്നം വെച്ചാണ് രാഹുല്‍ ഈ പരാമര്‍ശം നടത്തിയത് എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടായിരുന്നില്ല.
ഇതിനോടു ചേര്‍ത്തു രാഹുല്‍ പറഞ്ഞ മോദി എന്ന് പേരുള്ളവരുടെ കാര്യത്തിലും ആര്‍ക്കും തര്‍ക്കമുണ്ടായിരുന്നില്ല. യഥാര്‍ഥത്തില്‍ ഈ പേര് മാനനഷ്ടമുണ്ടാക്കേണ്ടത് ഇന്നത്തെ പ്രധാനമന്ത്രിയായ നരേന്ദ്രമോദിക്കാണ്. തന്നെ കള്ളനെന്ന് വിളിച്ചുവെന്ന് പറഞ്ഞ് മാനനഷ്ടത്തിന് ആക്ഷേപം ഫയല്‍ ചെയ്യേണ്ടിയിരുന്നതും നരേന്ദ്രമോദിയാണ്. രണ്ടാമത് മാനനഷ്ടമുണ്ടാകാനുള്ള സാധ്യത പ്രസംഗത്തില്‍ തന്നെ രാഹുല്‍ പേരെടുത്തു പറഞ്ഞ ലളിത് മോദിയും നീരവ് മോദിയും അടക്കമുള്ളവരാണ്. അവരും ഒരു കോടതിയിലും ആക്ഷേപം ഫയല്‍ ചെയ്തിട്ടില്ല.
മൊത്തം മോദി സമുദായത്തെ അധിക്ഷേപിച്ചു എന്നാരോപിച്ച് ബി ജെ പി നേതാവും എം എല്‍ എയുമായ പൂര്‍ണേഷ് മോദി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇപ്പോള്‍ കോടതി രാഹുലിനെ ശിക്ഷിച്ചിരിക്കുന്നത്. ഈ ഹര്‍ജി തന്നെ രണ്ടര്‍ഥത്തില്‍ വായിച്ചെടുക്കാന്‍ കഴിയും.
ഒന്ന് എല്ലാ മോദിമാര്‍ക്കുമുള്ള മാനവും അന്തസ്സും. രണ്ടാമത്തേത് നരേന്ദ്രമോദിക്കോ പേരു പരാമര്‍ശിച്ച മറ്റു മോദിമാര്‍ക്കോ ഇല്ലാത്ത മാനവും അന്തസ്സും തനിക്കുണ്ടെന്ന പൂര്‍ണേഷ് മോദിയുടെ സ്വാര്‍ഥത. ഇതില്‍ ഏതാണ് ശരിയെന്ന് കണ്ടെത്തേണ്ടത് അവര്‍ തന്നെയാണ്. എന്നാല്‍ കോടതി വിധിയിലെ ചില സാംഗത്യം ചൂണ്ടിക്കാട്ടാം. രാഷ്ട്രീയപരമായ ആശയ പ്രചാരണത്തിന്റെ ഭാഗമായി ഒരാള്‍ ഒരാള്‍ക്കെതിരെ കൃത്യമായി മനസ്സിലാകുന്ന വിധത്തില്‍ ഉന്നയിച്ച ഒരു ആരോപണം, അതില്‍ ആരോപിതനോ നേരിട്ട് പരിക്കേല്‍ക്കുന്നവരോ അല്ലാത്ത ഒരു മൂന്നാം കക്ഷി തനിക്ക് മാനഹാനിയുണ്ടാക്കിയെന്ന് പറഞ്ഞ് സമര്‍പ്പിക്കപ്പെട്ട ആക്ഷേപത്തില്‍ ഒരു ജനപ്രതിനിധിയെ അയോഗ്യനാക്കപ്പെടാവുന്ന വിധത്തില്‍ ശിക്ഷ വിധിക്കുമ്പോള്‍ അതിന്റെ ഗൗരവം കോടതി ഉള്‍കൊണ്ടിരുന്നോ എന്നതാണ് ഇതില്‍ പ്രധാനം.
വിമര്‍ശനാത്മക സ്വഭാവമുള്ള പ്രതിപക്ഷ രാഷ്ട്രീയത്തെ വിധിന്യായങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടാല്‍ വരുംകാലത്ത് അതുണ്ടാക്കാവുന്ന ചലനങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ അപ്പുറത്താകും. മുമ്പ് ഇതിനേക്കാള്‍ തീവ്രമായ നിലയില്‍ ആരോപണങ്ങള്‍ ഉന്നയിച്ച എത്രയോ നേതാക്കള്‍ രാഷ്ട്രീയത്തില്‍ ഉണ്ടായിട്ടുണ്ട്.
രാഹുല്‍ ഗാന്ധിയെ തന്നെ, അദ്ദേഹത്തിന്റെ മാതാവും പിതാവും മുത്തശ്ശിയും പിതാമഹരും അടക്കം വരുന്ന കുടുംബ പരമ്പരയെ ഒന്നാകെ അധിക്ഷേപിച്ചവരാണ് ഇപ്പോള്‍ ദേശീയ രാഷ്ട്രീയത്തില്‍ ഭരണം കൈയാളുന്നത് എന്നത് കണക്കിലെടുത്താല്‍ ആരെയെല്ലാം ഇത്തരത്തില്‍ കോടതികള്‍ക്കു ശിക്ഷിക്കാന്‍ കഴിയും? നീതിയുക്തമായ ഒരു നീതി നിര്‍വഹണം ഇക്കാര്യത്തില്‍ കോടതികള്‍ക്ക് ഉറപ്പു നല്‍കാനാകുമോ?
ഇത്തരം കേസുകളില്‍ പ്രതീകാത്മക ശിക്ഷ നല്‍കി വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുന്ന എത്രയോ കോടതി വിധികള്‍ മുമ്പുണ്ടായിട്ടുണ്ട്. കോടതിയലക്ഷ്യക്കേസില്‍ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ് രാജ്യത്തെ പരമോന്നത നീതിപീഠം വിധിച്ച ശിക്ഷ ഒരു രൂപ പിഴയൊടുക്കാനായിരുന്നു. പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യം എന്നത് ജഡ്ജിമാരെക്കൂടി വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യമാണെന്ന ഭൂഷന്റെ ട്വീറ്റിന്റെ പേരിലായിരുന്നു നടപടി. ശിക്ഷ വിധിച്ച ശേഷം പോലും താന്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നാണ് പ്രശാന്ത് ഭൂഷണ്‍ പുറംലോകത്ത് പറഞ്ഞത്.
കേസില്‍ ശിക്ഷ വിധിക്കാനായി സൂറത്ത് കോടതി ചൂണ്ടിക്കാട്ടിയ റഫാല്‍ കേസിലെ സുപ്രീംകോടതിയുടെ താക്കീതും ഇതോടൊപ്പം പരിശോധിക്കപ്പെടേണ്ടതാണ്. റഫാല്‍ ഇടപാടില്‍ അഴിമതി നടന്നുവെന്ന ആരോപണം 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി നേരിട്ട വലിയ രാഷ്ട്രീയ, അഴിമതി ആരോപണങ്ങളില്‍ ഒന്നായിരുന്നു. മുന്‍ സര്‍ക്കാറിന്റെ കാലത്ത് തയ്യാറാക്കിയ കരാറിന്റെ കരടു വ്യവസ്ഥയില്‍ നിന്ന് മോദി സര്‍ക്കാര്‍ അന്തിമ കരാറില്‍ ഏര്‍പ്പെടുമ്പോഴേക്കും വരുത്തിയ മാറ്റങ്ങള്‍ പരിശോധിക്കുന്ന ആര്‍ക്കും ഉദിക്കാവുന്ന സംശയങ്ങള്‍ മാത്രമാണ് രാഹുല്‍ ഗാന്ധിയും അന്ന് ഉന്നയിച്ചത്. ആ ചോദ്യങ്ങള്‍ക്ക് ഇനിയും ഉത്തരം കിട്ടിയിട്ടില്ല എന്നത് മറ്റൊരു കാര്യം.
റഫാല്‍ ഇടപാടില്‍ ജെ പി സി അന്വേഷണം വേണമെന്ന് അന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും മോദി സര്‍ക്കാര്‍ വഴങ്ങിയില്ല. പ്രതിരോധ ഇടപാടുകള്‍ക്കുള്ള പ്രത്യേക പരിരക്ഷ മറയാക്കി വിഷയം ഒതുക്കിത്തീര്‍ക്കുകയായിരുന്നു. 2ജി സ്‌പെക്ട്രം ഇടപാടില്‍ തൊട്ടു മുമ്പുള്ള യു പി എ സര്‍ക്കാര്‍ ജെ പി സി അന്വേഷണത്തിന് മുതിരുകയും പ്രധാനമന്ത്രി തന്നെ നേരിട്ട് ജെ പി സി മുമ്പാകെ ഹാജരായി മൊഴി നല്‍കുകയും ചെയ്ത മാതൃക മുന്നിലുണ്ടായിട്ടും എന്തുകൊണ്ട് മോദി സര്‍ക്കാര്‍ അതിന് വഴങ്ങിയില്ല എന്ന ചോദ്യം ഇപ്പോഴും ബാക്കി നില്‍ക്കുകയാണ്. ഇതേ നിലപാട് തന്നെയാണ് അദാനി വിഷയത്തിലും മോദി സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത്.
ഗുരുതരമായ സാമ്പത്തിക ആരോപണങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ അന്വേഷണം നടത്തി അഗ്നിശുദ്ധി വരുത്താനുള്ള ബാധ്യത എന്തുകൊണ്ടാണ് ഭരണകൂടം വിസ്മരിക്കുന്നത്. ഈ ബാധ്യതയെപ്പറ്റി നിരന്തരം ഓര്‍മിപ്പിക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അവര്‍ രാജ്യദ്രോഹികളും ദേശദ്രോഹികളും വിദേശ ചാരന്മാരുമാകുമെന്നത് എന്തൊരു വിധിവൈപരീത്യമാണ്.
യഥാര്‍ഥത്തില്‍ സൂറത്തിലെ കോടതി വിധിയും ഇതിന്റെ ചുവടു പിടിച്ച് രാഹുല്‍ ഗാന്ധിയുടെ സഭാംഗത്വം റദ്ദുചെയ്തത് അടക്കമുള്ള നടപടികളും രാജ്യത്തിനകത്തും പുറത്തും രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങളെ കൂടുതല്‍ ശരിവെക്കുകയല്ലേ ചെയ്യുന്നത്. ജനാധിപത്യം തകര്‍ന്നുവെന്ന വിശ്വാസം അത് ഇല്ലാത്തവരില്‍ പോലും ജനിപ്പിക്കാനല്ലേ ഇത് ഉപകരിക്കൂ.
ആശയങ്ങളെ ആശയങ്ങള്‍ കൊണ്ട് നേരിടാന്‍ കഴിയാത്ത മോദി സര്‍ക്കാറിന്റെ പാപ്പരത്തത്തെ ഉറക്കെ വിളിച്ചു പറയാനല്ലേ ഇത് ഉപകരിക്കൂ. രാഹുല്‍ ഇല്ലാത്ത പാര്‍ലമെന്റില്‍ കോണ്‍ഗ്രസിന്റെ ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കുറയുമെന്ന് ആരും കരുതുന്നില്ല. കാരണം രാഹുലിനേക്കാള്‍ മൂര്‍ച്ചയോടെ പ്രത്യാക്രമണം നടത്താന്‍ ശേഷിയുള്ള അനവധി നേതാക്കള്‍ കോണ്‍ഗ്രസില്‍ വേറെയുമുണ്ട്. എക്കാലത്തും കടുത്ത സംഘ്പരിവാര്‍ വിരുദ്ധത മുഖമുദ്രയാക്കിയ മല്ലികാര്‍ജ്ജുന ഖാര്‍ഗെ അടക്കം.
പക്ഷേ രാഹുല്‍ എന്ന ബിന്ദുവിലേക്ക് ജനശ്രദ്ധ ആകര്‍ഷിക്കുന്നത് ഒരു പക്ഷേ ഒഴിവാക്കാനായേക്കും. എന്നാല്‍ പാര്‍ലമെന്റിന് പുറത്തുള്ള രാഹുലിനെ നിശ്ചയിക്കുന്നത് അയാള്‍ തന്നെയായിരിക്കും. അതില്‍ തര്‍ക്കമില്ല. ജയിലിലടച്ചാലും താന്‍ മാപ്പു പറയില്ലെന്നും മാപ്പു പറയാന്‍ താന്‍ സവര്‍ക്കറല്ലെന്നുമുള്ള രാഹുലിന്റെ വാര്‍ത്താ സമ്മേളനത്തിലെ പ്രഖ്യാപനം തോറ്റു പിന്തിരിയാന്‍ തയ്യാറില്ലാത്ത ആര്‍ജവമുള്ള പടയാളിയെ ഒരിക്കല്‍കൂടി ബി ജെ പിക്കു മുന്നില്‍ വെക്കുകയാണ്. ഒപ്പം രാഹുല്‍ വിഷയം പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ രൂപപ്പെടുത്താന്‍ ഇടയുള്ള ഐക്യത്തിനായിരിക്കും ഒരു പക്ഷേ ബി ജെ പി ഏറ്റവും വലിയ വില നല്‍കേണ്ടി വരിക. അതിന്റെ ലക്ഷണങ്ങള്‍ പാര്‍ലമെന്റിനകത്തും പുറത്തും കണ്ടു തുടങ്ങിയ പശ്ചാത്തലത്തില്‍ പ്രത്യേകിച്ച്.

Back to Top