1 Tuesday
July 2025
2025 July 1
1447 Mouharrem 5

രാഹുലിന്റെ യോഗ്യത


രാഹുല്‍ ഗാന്ധിയുടെ ജോഡോ യാത്ര രാഷ്ട്രീയമായി വന്‍ പ്രതിഫലനങ്ങളാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. രാഹുല്‍ ഗാന്ധിയെ നിസ്സാരമായി തള്ളിക്കളയാനും അവഗണിക്കാനും പരിഹസിക്കാനുമാണ് എക്കാലത്തും ബി ജെ പി ശ്രമിച്ചിട്ടുള്ളത്. എന്നാല്‍ എല്ലാ പരിഹാസങ്ങളെയും അവഗണിച്ച് രാഹുല്‍ നടന്ന് തീര്‍ത്ത ദൂരവും ഉയര്‍ത്തിയ മുദ്രാവാക്യവും രാഷ്ട്രീയ എതിരാളികളെ പിടിച്ചുലക്കി എന്നതാണ് യാഥാര്‍ഥ്യം. അതിന്റെ സൂചനകളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന രാഹുല്‍ വേട്ട. ഒരു മാനനഷ്ട കേസിന്റെ പേരില്‍ അതിവേഗം നടപടികള്‍ തീര്‍ക്കുകയും കേട്ടുകേള്‍വിയില്ലാത്ത വിധം ശിക്ഷ വിധിക്കുകയും ചെയ്യുകയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
മാപ്പ് പറഞ്ഞ് തടിയൂരാന്‍ രാഹുലിന് ശ്രമിക്കാമായിരുന്നു. പക്ഷെ, അദ്ദേഹം ഉയര്‍ത്തിയ ചോദ്യം ഏറെ പ്രസക്തമാണ് എന്ന് മാത്രമല്ല, ഇന്ത്യ നേരിടുന്ന ആന്തരിക ദൗര്‍ബല്യങ്ങളുടെ ഫോക്കസ് പോയിന്റും അതിലാണ് കുടികൊള്ളുന്നത്. രാജ്യത്തിന്റെ വിഭവങ്ങളെല്ലാം ഒന്നോ രണ്ടോ കോര്‍പ്പറേറ്റുകളുടെ കൈകളിലേക്ക് തീറെഴുതികൊടുക്കുന്ന പ്രവണത ശക്തമാണ്. രാജ്യത്തെ കോടാനുകോടി സാധാരണക്കാര്‍ ദൈനംദിന ജീവിതത്തിന് വേണ്ടി പൊരുതുമ്പോള്‍ അവരുടെ ജീവിതം കൂടുതല്‍ ദുസ്സഹമാക്കുന്ന നയനിലപാടുകളാണ് കുറച്ച് കാലങ്ങളായി ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. കോടതിവിധിക്ക് ശേഷവും രാഹുല്‍ ചോദിച്ചത് അദാനിയുടെ ഷെല്‍ കമ്പനികളില്‍ നടന്ന നിക്ഷേപത്തെക്കുറിച്ചാണ്.
ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ ചര്‍ച്ചകളില്‍ രാഹുല്‍ ഇതേകാര്യം പാര്‍ലമെന്റിലും ഉന്നയിച്ചിരുന്നു. പ്രധാനമന്ത്രിയും അദാനിയും തമ്മിലുള്ള അസാധാരണ ബന്ധം സാധൂകരിക്കുന്ന ഫോട്ടോകള്‍ ഉയര്‍ത്തിക്കാണിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ സംസാരം. എന്നാല്‍ അതെല്ലാം പാര്‍ലമെന്റ് രേഖകളില്‍ നിന്ന് നീക്കം ചെയ്യുകയാണ് ഭരണകൂടം ചെയ്തത്. വിയോജിപ്പുകളെ ഒട്ടുമേ പരിഗണിക്കാനാവാത്ത ഭരണസംവിധാനം ജനാധിപത്യത്തെ പരിഹസിക്കുകയാണ് ചെയ്യുന്നത്.
ജനാധിപത്യ സംവിധാനത്തിലൂടെ അധികാരത്തിലെത്തിയ ഒരു ഭരണകൂടത്തെ വീണ്ടും വീണ്ടും ജനാധിപത്യത്തെക്കുറിച്ച് ഓര്‍മിപ്പിക്കേണ്ടിവരുന്നു എന്നത് മറ്റൊരു വെല്ലുവിളിയാണ്. പ്രതിപക്ഷത്തിന്റെ ശബ്ദവും പ്രവര്‍ത്തനവുമെല്ലാം ഇല്ലായ്മ ചെയ്യാന്‍ പലവിധത്തിലാണ് ഭരണസംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നത്. അന്വേഷണ ഏജന്‍സികള്‍ ഏതാണ്ട് ഭരണകൂടത്തിന്റെ ആജ്ഞാനുവര്‍ത്തികളായി മാറിയ സ്ഥിതിയാണുള്ളത്. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇ ഡി പോലെയുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കയറിയിറങ്ങുകയാണ്. രാഹുല്‍ ഗാന്ധിയേയും കുടുംബത്തെയും വേട്ടയാടാനും ഈ ഏജന്‍സികള്‍ എത്തിയിരുന്നു. രാഹുലിന്റെ കാശ്മീര്‍ പ്രസംഗത്തിന്റെ പേരില്‍ കേസെടുക്കാനുള്ള വകുപ്പുണ്ടോ എന്ന സൂക്ഷ്മ പരിശോധന സമാന്തരമായി നടക്കുന്നുണ്ട്. അതേസമയം, രാഷ്ട്രീയമായി തെറ്റിദ്ധാരണകളും നുണകളും എമ്പാടും പ്രചരിപ്പിക്കപ്പെടുന്നു.
രാഹുലിനെ അയോഗ്യനാക്കാന്‍ ബി ജെ പി തിടുക്കം കാണിച്ചതിന് ഒട്ടേറെ കാരണങ്ങളുണ്ട്. ജോഡോ യാത്ര ഉണ്ടാക്കിയ രാഷ്ട്രീയ മേല്‍ക്കോയ്മ ബി ജെ പിയെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. അതേസമയം, പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കപ്പെടുന്ന രാഹുല്‍ വീര്യം കുറഞ്ഞ പ്രതിപക്ഷ നേതാവായി മാറുമെന്നാണ് എതിരാളികളുടെ കണക്കുകൂട്ടല്‍. നിര്‍വീര്യമാക്കപ്പെട്ട രാഹുലിനെ വേഗത്തില്‍ തളക്കാമെന്നും പരിഹാസ കഥാപാത്രമാക്കുന്ന പഴയ തന്ത്രങ്ങള്‍ തന്നെ പുറത്തെടുക്കാമെന്നുമാണ് അവര്‍ കരുതുന്നത്.
എന്നാല്‍, ജോഡോ അനന്തര രാഹുല്‍ എന്നത് ബി ജെ പിയുടെ ഭാവനകള്‍ക്കപ്പുറമാണ്. ഇന്ത്യയിലെ മുഴുവന്‍ സാധാരണക്കാരുടെ ശബ്ദവും പ്രതിനിധിയുമായി രാഹുല്‍ മാറിക്കഴിഞ്ഞു. ഇന്ത്യയുടെ ആത്മാവിനെ തൊട്ടറിഞ്ഞ ഒരു നേതാവാണിപ്പോള്‍ രാഹുല്‍. ബി ജെ പിയിലെ ഒരു നേതാവിനും ഇപ്പോള്‍ അവകാശപ്പെടാന്‍ കഴിയാത്ത ജനകീയ പിന്തുണ രാഹുലിനുണ്ട്. അതുകൊണ്ട് തന്നെ സാങ്കേതികമായി അയോഗ്യനാക്കപ്പെട്ടാലും രാജ്യത്തിന്റെ വികാരമായി നിലകൊള്ളാന്‍ യോഗ്യത നേടിയ രാഷ്ട്രീയ നേതാവാണ് രാഹുല്‍ ഗാന്ധി. കോടതി വിധികളും ഭരണകൂടത്തിന്റെ ഉത്തരവുകളും ഇനിയും വന്നേക്കാം. പക്ഷെ, ജനങ്ങളുടെ മനസ്സാക്ഷിയില്‍ എക്കാലത്തും നേതാവായി തുടരാന്‍ രാഹുലിന് സാധിക്കുമെന്നാണ് പ്രതീക്ഷ.

Back to Top