16 Tuesday
April 2024
2024 April 16
1445 Chawwâl 7

റഹ്മത്ത് അര്‍ഥവും വ്യാപ്തിയും

ഡോ. ജമാലുദ്ദീന്‍ ഫാറൂഖി


പ്രപഞ്ചത്തിലെ എല്ലാ സൃഷ്ടിജാലങ്ങളും അല്ലാഹു നല്‍കിയിരിക്കുന്ന കാരുണ്യത്തിലാണ് കഴിയുന്നത്. ജീവന്റെ നിലനില്‍പ്പിന് അനുഗുണമാംവിധം പ്രപഞ്ചഘടന രൂപപ്പെടുത്തിയത് തന്നെയും അവന്റെ റഹ്മത്തിന്റെ വ്യാപ്തി കാണിക്കുന്നു. ആ നിലക്കാണ് അവനെ റഹ്മാന്‍ എന്ന് വിശേഷിപ്പിക്കുന്നത്. മതം, വിശ്വാസം തുടങ്ങിയവയൊന്നും പരിഗണിക്കാതെ എല്ലാവര്‍ക്കും കാരുണ്യം ചൊരിയുന്നവന്‍ എന്നാണ് അതിന്റെ അര്‍ഥം. അല്ലാഹുവിന്റെ കല്‍പനകള്‍ക്കും വിധി വിലക്കുകള്‍ക്കുമനുസരിച്ച് ജീവിക്കുന്നവര്‍ക്ക് കൂടുതലായി ലഭിക്കുന്ന കാരുണ്യത്തിന്റെ അടിസ്ഥാനത്തിലാണ് റഹീം എന്ന വിശേഷണം. അത് അവന്റെ കാരുണ്യത്തിന്റെ ആഴമാണ് കുറിക്കുന്നത്.
നമുക്ക് ലഭിക്കുന്ന ഏതും അല്ലാഹുവില്‍ നിന്ന് മാത്രമാണ് (16:53) എന്ന ബോധ്യം ഈമാനിന്റെ പ്രധാന ഭാഗമാണ്. ഭൗതിക സുഖസൗകര്യങ്ങള്‍ മാത്രമല്ല അല്ലാഹുവിന്റെ റഹ്മത്തിന്റെ പ്രകടനതലം. അതിലേറെ ദൈവ കാരുണ്യ സ്പര്‍ശമുള്ളത് വിശ്വാസവും ദൈവഭയവും നല്‍കുന്ന ആത്മചൈതന്യത്തിലാണ്.
”റഹ്മത്ത് ചെയ്യുക എന്നത് നിങ്ങളുടെ റബ്ബ് സ്വന്തം ബാധ്യതയായി നിശ്ചയിച്ചിരിക്കുന്നു, അതായത് നിങ്ങളില്‍ ആരെങ്കിലും അവിവേകത്താല്‍ തെറ്റ് ചെയ്യുകയും പിന്നീട് തൗബ നടത്തുകയും ജീവിതം മെച്ചപ്പെടുത്തുകയും ചെയ്യുന്ന പക്ഷം അവന്‍ ഏറെ പൊറുക്കുന്നവനും കാരുണ്യവാനുമാകുന്നു” (6:54) അല്ലാഹുവിന്റെ റഹ്മത്ത് വിശ്വാസിക്ക് നല്‍കുന്ന ആത്മബലമാണ് ഇത് സൂചിപ്പിക്കുന്നത്. ഈ ലോകത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് അര്‍ഹിക്കുന്ന പ്രതിഫലം നല്‍കാനായി പരലോകം നിശ്ചയിച്ചതും അല്ലാഹു മനുഷ്യരോട് കാണിക്കുന്ന റഹ്മത്തായിട്ടാണ് ഖുര്‍ആന്‍ വിലയിരുത്തുന്നത്. (6:12)
നിബന്ധനകള്‍ക്ക് വിധേയമായിട്ടാണ് മനുഷ്യന് നല്‍കുന്ന റഹ്മത്ത് അല്ലാഹു നിശ്ചയിച്ചിരിക്കുന്നത്. പരീക്ഷണമായി പരിണമിക്കുന്നവയും അതിലുണ്ട്. ദൈവനിരാസവും മതനിഷേധവുമായി നടക്കുന്നവര്‍ക്കും ഈ കാരുണ്യം വേണ്ടുവോളം ലഭിക്കുന്നുണ്ട്. എന്നാല്‍ അത് തീര്‍ത്തും പരീക്ഷണമായിരിക്കും. ”അവര്‍ക്ക് ഉല്‍ബോധനം ചെയ്ത കാര്യങ്ങള്‍ മറന്നപ്പോള്‍ എല്ലാ സുഖങ്ങളുടേയും വാതിലുകള്‍ നാമവര്‍ക്ക് തുറന്നിട്ടു. തങ്ങള്‍ക്ക് ലഭിച്ചതില്‍ അവര്‍ ആര്‍മാദിച്ചു കൊണ്ടിരിക്കെ, പെട്ടെന്ന് നാം അവരെ പിടികൂടുന്നു.” (6:44)
”അല്ലാഹുവിന്റെ ആയത്തുകളെയും അവനുമായുള്ള അഭിമുഖവും നിഷേധിക്കുന്നവര്‍, അവന്റെ റഹ്മത്തില്‍ നിന്ന് നിരാശരായിരിക്കുന്നു” (29:23) ഈ വചനങ്ങള്‍ മതനിഷേധികള്‍ക്ക് ബാഹ്യതലത്തില്‍ എന്ത് ലഭിച്ചാലും യഥാര്‍ഥ റഹ്മത്താവുന്നില്ല എന്ന് വ്യക്തമാക്കുന്നു.
പ്രപഞ്ചമഖിലം വിശാലമായി നില്‍ക്കുന്ന ദൈവിക കാരുണ്യത്തിന്റെ വീതം വെപ്പ് എങ്ങനെയാണെന്ന് നബി പറയുന്നു: ഈ കാരുണ്യത്തില്‍ ഒരു ഭാഗം മാത്രമാണ് ഈ ലോകത്ത് സൃഷ്ടികള്‍ക്ക് നീക്കി വെച്ചിരിക്കുന്നത്. ഇതിന്റെയും ചെറിയൊരു ഭാഗം മാത്രമാണ് മനുഷ്യര്‍ക്കിടയില്‍ നിക്ഷേപിച്ചത്. ബാക്കി 99 ഭാഗവും ഭക്ത ജനങ്ങള്‍ക്കായി പരലോകത്തേക്ക് കരുതി വെച്ചിരിക്കുകയാണ്.
റഹ്മത്ത് നിബന്ധനകള്‍ക്ക്
വിധേയം
ഈ ലോകത്ത് നന്മയും ആശ്വാസവുമായി ദൈവിക റഹ്മത്ത് നിലനില്‍ക്കാനാവശ്യമായ നിബന്ധനകള്‍ ഖുര്‍ആന്‍ വിവരിക്കുന്നു. ”എന്റെ റഹ്മത്ത് സര്‍വ വസ്തുക്കളെയും ഉള്‍ക്കൊള്ളുന്നതാണ്. ധര്‍മനിഷ്ഠ പാലിക്കുകയും സകാത്ത് നല്‍കുകയും നമ്മുടെ ആയത്തുകളില്‍ വിശ്വസിക്കുകയും ചെയ്യുന്നവര്‍ക്ക് ഞാനത് രേഖപ്പെടുത്തുന്നതാണ്” (7:156)
ആശ്വാസവും സ്വസ്ഥതയുമായി അല്ലാഹുവിന്റെ റഹ്മത്ത് നിലനില്‍ക്കാന്‍ പ്രധാനമായും വേണ്ടത് വിശ്വാസവും അനുസരണ ബോധവുമാണ്. ”നിങ്ങള്‍ക്ക് റഹ്മത്ത് ലഭിക്കുവാന്‍ അല്ലാഹുവിനെയും റസൂലിനെയും നിങ്ങള്‍ അനുസരിക്കുക” (3:132) വിധിവിലക്കുകള്‍ പാലിച്ചുകൊണ്ടുള്ള മതകീയ ജീവിതത്തില്‍ മാത്രമെ നാം ആഗ്രഹിക്കുന്ന ആശ്വാസവും സുരക്ഷിതത്വവും അല്ലാഹുവിന്റെ റഹ്മത്തായി ബാക്കി നില്‍ക്കുകയുള്ളു. അവനെ കൂടെ നിര്‍ത്തുക എന്നതാണ് ഇതില്‍ പ്രധാനം. അവന്‍ പിണങ്ങുന്ന സന്ദര്‍ഭങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവരുത്.
റമദാന്‍- അനുഗ്രഹ വര്‍ഷം
അല്ലാഹുവിന് വേണ്ടിയുള്ള ആരാധനാ ഭാവമാണ് നമ്മുടെ മനസിന് ശാന്തി നല്‍കുന്നത്. വിശ്വാസിയുടെ ജീവിതത്തില്‍ റമദാന്റെ ബര്‍കത്തും റഹ്മത്തും എങ്ങനെ അടയാളപ്പെടുത്തുന്നുവെന്ന് തിരുനബി പറയുന്നു. ”ബര്‍കത്തിന്റെ സന്ദര്‍ഭമായ റമദാന്‍ നിങ്ങള്‍ക്കിതാ സമാഗതമായിരിക്കുന്നു, അതിന്റെ പുണ്യാവരണം അല്ലാഹു നിങ്ങളെ അണിയിച്ചിരിക്കുന്നു. പാപങ്ങള്‍ അവന്‍ ഇറക്കി വെക്കുന്നു, ഈ ദിനങ്ങളില്‍ പ്രാര്‍ഥന കൂടുതല്‍ അഭികാമ്യമാണ്. പുണ്യങ്ങളിലെ നിങ്ങളുടെ മത്സരം അല്ലാഹു വീക്ഷിക്കും, മലക്കുകളോട് നിങ്ങളെപ്പറ്റി അവന്‍ പുകഴ്ത്തി പറയും, നിങ്ങളുടെ നന്‍മയും പുണ്യവും അല്ലാഹുവിനെ ബോധ്യപ്പെടുത്തുക, അവന്റെ റഹ്മത്ത് നഷ്ടമായവനാണ് എല്ലാം കൊണ്ടും ഭാഗ്യഹീനന്‍” (ത്വബ്‌റാനി).
സ്വര്‍ഗത്തില്‍ പോകാനുളള സന്ദര്‍ഭങ്ങളാണ് റമദാനിനെ കാരുണ്യത്തിന്റെ ഉറവിടമാക്കുന്നത്. സ്വര്‍ഗത്തിന്റെ കവാടം തുറക്കുകയും നരക കവാടങ്ങള്‍ അടക്കുകയും ചെയ്യുന്നു എന്ന വിശേഷണം ഈ മാസത്തിന് പ്രതീകാത്മകമായി നല്‍കിയതല്ല. പുണ്യം മാത്രം ചെയ്യുന്നവന്റെ മുമ്പില്‍ സ്വര്‍ഗം മാത്രമേ ഉണ്ടാകുകയുള്ളൂ. അവരെ വഴി തെറ്റിക്കാന്‍ പിശാചിന് കഴിയില്ല. പിശാച് നമ്മില്‍ നിന്ന് വിട്ടുനിന്നാല്‍ നരകത്തേയും ഭയപ്പെടേണ്ടി വരില്ല.

പുണ്യം നേടാന്‍ മനസ്സിനെയും ശരീരത്തേയും ഒരു പോലെ പാകപ്പെടുത്തണമെന്നാണ് മതം പറയുന്നത്. മറ്റു ആരാധനകള്‍ക്കില്ലാത്ത മാനസിക തയ്യാറെടുപ്പ് റമദാനിന്റെ പകലിരവുകളെ ഭക്തി ദീപ്തമാക്കാന്‍ ആവശ്യമാണ്. സ്വന്തത്തില്‍ അനുഭവിക്കുന്ന വിശപ്പും ദാഹവും മറ്റുള്ളവര്‍ക്ക് കാരുണ്യം പങ്ക് വെക്കാനുള്ള പ്രചോദനമാണ്. ”ഭൂമിയിലുള്ളവരോട് നിങ്ങള്‍ കരുണ കാണിക്കുക, മുകളിലുള്ളവന്‍ നിങ്ങളോടും കരുണ കാണിക്കും” എന്ന നബിവചനം കാരുണ്യ പ്രവാഹത്തിന് അല്ലാഹു ഏര്‍പ്പെടുത്തിയ രൂപഘടനയാണ് വ്യക്തമാക്കുന്നത്.
പകല്‍ നോമ്പിനോടൊപ്പം മറ്റു ആരാധനകളും റമദാനില്‍ നാം വര്‍ധിപ്പിക്കുന്നു. നമസ്‌കാരവും ദാന ധര്‍മങ്ങളും ഖുര്‍ആന്‍ പഠന പാരായണവും മനസ്സിനെ കൂടുതല്‍ നിര്‍മലമാക്കുന്ന സന്ദര്‍ഭമാണിത്. ഇപ്രകാരം ജീവിതം സുകൃത ധന്യമാക്കുന്നവര്‍ക്ക് റഹ്മത്ത് കയ്യെത്തും ദൂരത്ത് അല്ലാഹു നിശ്ചയിച്ചിരിക്കും.
”ദൈവിക കാരുണ്യം സുകൃതം ചെയ്യുന്നവര്‍ക്ക് സമീപം തന്നെയുണ്ട്” (7:56). അല്ലാഹു നല്‍കുന്ന അനുഗ്രഹങ്ങള്‍ കാണാതെ പോകുന്നതും കുറ്റകരമാണ്. അനുഗ്രഹങ്ങള്‍ എത്ര ചെറുതാണെങ്കിലും മൂല്യവത്കരിക്കാനുളള സന്നദ്ധതയാണ് ആവശ്യം.
നാം ചെറുതായി കാണുന്ന കാര്യങ്ങളാണ് മഹത്തായ അനുഗ്രഹമായി അല്ലാഹു നമ്മെ ബോധ്യപ്പെടുത്തുന്നത്. പരലോകത്തെ ചില സന്ദര്‍ഭങ്ങള്‍ ഇതിന്റെ ഭാഗമായി നബി (സ) കേള്‍പ്പിക്കുന്നു. ‘നിന്റെ ശരീരത്തിന് സൗഖ്യം നല്‍കിയില്ലേ? കുടിക്കാന്‍ തണുത്ത വെളളം നല്‍കിയില്ലേ.’ നാം കേള്‍ക്കാനിരിക്കുന്ന ഈ ചോദ്യമായിരിക്കണം ദൈവിക കാരുണ്യത്തെ മൂല്യവത്കരിക്കേണ്ടത്.
പുണ്യങ്ങള്‍ക്ക് മഹത്വം വര്‍ധിക്കുന്ന റമദാന്‍ അവസാന നാളുകള്‍ കൂടി റഹ്മത്തിന്റെ വ്യാപ്തിയിലേക്ക് ചേര്‍ത്തു വെക്കേണ്ടതുണ്ട്. ആയിരം മാസങ്ങള്‍ക്ക് സമാനമായ പുണ്യരാവുകള്‍ (ലൈലത്തുല്‍ ഖദ്ര്‍) ദൈവിക കാരുണ്യം നേരിട്ട് പെയ്തിറങ്ങുന്ന തുല്യതയില്ലാത്ത സന്ദര്‍ഭമാണ്. കാരുണ്യ സ്പര്‍ശവുമായി അല്ലാഹു മാലാഖമാരെ അന്ന് ഭൂമിയിലേക്ക് അയക്കുന്നു. സജ്ജനങ്ങള്‍ക്ക് കൂടുതല്‍ കാരുണ്യം ചൊരിയാന്‍ അവര്‍ പ്രാര്‍ഥിക്കുമെന്ന് ഖുര്‍ആന്‍ വിവരിക്കുന്നു. (40:08)
നല്ല നിയ്യത്തും ഇച്ഛാശക്തിയും പ്രവര്‍ത്തന താല്‍പര്യവുമാണ് കാരുണ്യത്തിന് കൈ നീട്ടുമ്പോള്‍ നമുക്കുണ്ടാവേണ്ടത്. ഭക്തിശൂന്യരായ ഭാഗ്യഹീനര്‍ക്ക് മാത്രമേ റഹ്മത്ത് നിഷേധിക്കപ്പെടുകയുള്ളൂ. നന്‍മ വര്‍ധിപ്പിക്കാനും ലഭ്യമായ അനുഗ്രഹങ്ങള്‍ മറ്റുള്ളവര്‍ക്ക് പങ്ക് വെക്കാനും തയ്യാറായാല്‍ റഹ്മത്തിന്റെ കവാടങ്ങള്‍ നമുക്ക് മുമ്പില്‍ അല്ലാഹു തുറന്നിടും.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x