റഹീം മോചനവും ശരീഅത്ത് നിയമങ്ങളും
ഖലീലുര്‍റഹ്മാന്‍ മുട്ടില്‍
പതിനെട്ടു വര്‍ഷക്കാലം സുഊദി അറേബ്യയിലെ ജയിലില്‍ കൊലക്കയര്‍ കാത്തു കഴിഞ്ഞിരുന്ന ഫറോക്ക് സ്വദേശി അബ്ദുറഹീമിന് 34 കോടി രൂപ മോചനമൂല്യം സമാഹരിച്ചു നല്‍കി ചരിത്രം കുറിച്ചിരിക്കുകയാണ് കേരളം. ക്രൂരമായ കൊലപാതകങ്ങള്‍ ദിനേന കണ്ട് വിറങ്ങലിച്ചുനില്‍ക്കുന്ന കേരളീയരില്‍ നല്ലൊരു വിഭാഗം കൊലപാതകത്തിന് സുഊദി ഭരണകൂടം നല്‍കുന്നതുപോലുള്ള കടുത്ത ശിക്ഷ നല്‍കണമെന്നും എന്നാലേ നമ്മുടെ നാട് രക്ഷപ്പെടുകയുള്ളൂ എന്നും അഭിപ്രായപ്പെടുന്നവരാണ്. എന്നാല്‍ പുരാതനകാലത്തെ പ്രാചീന ജനവിഭാഗങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന പീഡനമുറകളാണ് ഇസ്‌ലാമിക ശരീഅത്തിലെ ശിക്ഷാമുറകളെന്ന് മുദ്രകുത്തുന്നവരുമുണ്ട്. ഉറക്കത്തില്‍ പോലും ഇസ്‌ലാമിനെതിരില്‍ പല്ലിറുമ്മുന്ന എക്‌സ് മുസ്‌ലിം നാസ്തിക ചേരികളില്‍ പെട്ടവരാണവര്‍.
ഇസ്‌ലാമിക ശരീഅത്ത് ദൈവികമാണ്. എന്നാല്‍ ദൈവഹിതം മനുഷ്യരില്‍ അടിച്ചേല്‍പിക്കാന്‍ വേണ്ടിയല്ല അല്ലാഹു അവ നിശ്ചയിച്ചിരിക്കുന്നത്. മനുഷ്യ താല്‍പര്യങ്ങളുടെ സംരക്ഷണത്തിനു കൂടിയാണ് അവ നിലകൊള്ളുന്നത്. മനുഷ്യ സമൂഹത്തിന് സുരക്ഷിതമായി ഭൂമുഖത്ത് ജീവിതം നയിക്കുന്നതിന് എന്തെല്ലാം സംരക്ഷണം നല്‍കേണ്ടതുണ്ടോ അവയെല്ലാം ഉറപ്പുവരുത്തലാണ് ശരീഅത്തിന്റെ മുഖ്യ ലക്ഷ്യങ്ങളിലൊന്ന്. മനുഷ്യ സമൂഹത്തിന്റെ ഉത്തമ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയും നിലനിര്‍ത്തുകയുമാണത് ചെയ്യുന്നത്. അതുകൊണ്ടാണ് ഏതാനും ആചാരാനുഷ്ഠാന നിയമങ്ങള്‍ മാത്രം പറഞ്ഞു മതിയാക്കാതെ മതമുള്ളവന്റെയും ഇല്ലാത്തവന്റെയും ജീവിതത്തില്‍ കൂടി സത്യമതം ഇടപെടുന്നത്. കള്ളു കുടിക്കരുത്, പലിശ തിന്നരുത്, വ്യഭിചാരം അരുത് എന്നിങ്ങനെയുള്ള സാമൂഹിക തിന്മകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് എല്ലാവര്‍ക്കും ബാധകമാണ്.
ഇസ്‌ലാം മതത്തെ അംഗീകരിക്കാത്ത ആള്‍ വ്യഭിചരിച്ചാലും കൊലപാതകം നടത്തിയാലും അതിനുള്ള ശിക്ഷ ഇസ്‌ലാമിക ഭരണകൂടത്തിനു കീഴില്‍ അയാള്‍ അനുഭവിക്കേണ്ടിവരും. കാരണം ഇത്തരം കുറ്റകൃത്യങ്ങള്‍ മനുഷ്യന്റെ സാമൂഹിക ജീവിതത്തില്‍ ദുരന്തങ്ങള്‍ ഉണ്ടാക്കുന്നവയാണ്. അവയെ ചെറുക്കേണ്ടത് മനുഷ്യ സമൂഹത്തിന്റെ സുരക്ഷിതത്വത്തിന് അനിവാര്യവുമാണ്. അതുതന്നെയാണ് ശരീഅത്തിന്റെ ലക്ഷ്യവും.
ശിക്ഷയും സാമൂഹിക സുരക്ഷിതത്വവും
രണ്ടു തരം കുറ്റകൃത്യങ്ങളാണ് മതത്തിന്റെ വീക്ഷണത്തിലുള്ളത്. ഒന്ന്: കുറ്റവാളിയെ മാത്രം ബാധിക്കുന്നവ. കുറ്റവാളിയുടെ ശരീരം, സമ്പത്ത്, അഭിമാനം എന്നിവയെ നശിപ്പിക്കുന്നവയാണവ. അല്ലാഹുവിനോട് ചെയ്യുന്ന തെറ്റുകള്‍ ഇതില്‍ പെടുന്നു. അതിന് ആത്മാര്‍ഥമായി ഖേദിച്ചു മടങ്ങുക മാത്രമാണ് പ്രതിവിധി. രണ്ട്: മറ്റുള്ളവര്‍ക്കോ സമൂഹത്തിനോ ഉപദ്രവകരമായിത്തീരുന്ന കുറ്റങ്ങള്‍. ക്രിമിനല്‍ കുറ്റങ്ങള്‍ എന്നറിയപ്പെടുന്ന കുറ്റകൃത്യങ്ങളാണവ. ഇവയ്ക്കാണ് ശരീഅത്ത് കടുത്ത ശിക്ഷ നിര്‍ദേശിക്കുന്നത്.
കുറ്റവാളികള്‍ക്ക് ശാരീരിക ശിക്ഷകള്‍ നല്‍കി പീഡിപ്പിക്കലല്ല ശരീഅത്ത് നിയമങ്ങളുടെ ലക്ഷ്യം. കട്ടവന്റെ കൈ വെട്ടാനും ഘാതകനെ വധിക്കാനും വ്യഭിചാരിയെ കല്ലെറിഞ്ഞു കൊല്ലാനും മതം നിര്‍ദേശിച്ചതിനു പിന്നില്‍ സാമൂഹിക സുരക്ഷയെന്ന ലക്ഷ്യം മാത്രമാണുള്ളതെന്നു കണ്ടെത്താന്‍ കഴിയും. അതിനു വിള്ളല്‍ വീഴ്ത്തുന്ന കുറ്റകൃത്യങ്ങള്‍ക്ക് നല്‍കുന്ന കടുത്ത ശിക്ഷ പരസ്യമായിരിക്കണമെന്നും മതത്തിനു നിര്‍ബന്ധമുണ്ട് (24:2).
ജനമധ്യത്തില്‍ വെച്ച് അത് നടപ്പാക്കാന്‍ ആവശ്യപ്പെട്ടതിന്റെ യുക്തിയും മറ്റൊന്നല്ല. കുറ്റവാളിയെ മാത്രം ബാധിക്കുന്ന, മറ്റാരെയും ബാധിക്കാത്ത കുറ്റങ്ങള്‍ സ്വകാര്യമായി ചെയ്യുന്നതില്‍ ഇടപെടാന്‍ ശരീഅത്ത് ഭരണകൂടത്തിനു പോലും അനുമതി നല്‍കുന്നില്ല. ഉദാഹരണമായി, ഒരാണും പെണ്ണും മൂന്നാമതൊരാള്‍ അറിയാതെ വ്യഭിചരിച്ചാല്‍ അവര്‍ക്ക് ഈ ഭൂമിയില്‍ വെച്ച് വ്യഭിചാരത്തിന് ഇസ്‌ലാം നിശ്ചയിച്ച ശിക്ഷ ലഭിക്കില്ല. അത് പരസ്യമാവുകയും അതിനു നിശ്ചിത സാക്ഷികള്‍ രംഗത്തുവരുകയും ചെയ്താല്‍ മാത്രമാണ് കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നത്. കാരണം സമൂഹത്തിന്റെ ധാര്‍മിക ഭദ്രതയ്ക്ക് വിള്ളല്‍ വീഴ്ത്തുന്നതാണ് പരസ്യമായ വ്യഭിചാരം.
ശരീഅത്തും
വധശിക്ഷയും
അന്യായമായി മറ്റൊരാളുടെ ജീവന്‍ അപഹരിച്ച ആളെ പ്രതിക്രിയയിലൂടെ കൊന്നുകളയാമെന്ന് ശരീഅത്ത് ആവശ്യപ്പെടുന്നു. ”സത്യവിശ്വാസികളേ, കൊലചെയ്യപ്പെടുന്നവരുടെ കാര്യത്തില്‍ തുല്യശിക്ഷ നടപ്പാക്കുക എന്നത് നിങ്ങള്‍ക്ക് നിയമമാക്കപ്പെട്ടിരിക്കുന്നു” (2:178). ആധുനിക കോടതികള്‍ വിധിക്കുന്നതുപോലെ ഘാതകനു ജീവപര്യന്തമോ പിഴയോ നല്‍കുന്നതിനു പകരം വധശിക്ഷ വിധിച്ചതിന്റെ യുക്തി കൂടി ഖുര്‍ആന്‍ എടുത്തുപറയുന്നുണ്ട്. ”ബുദ്ധിമാന്മാരേ, പ്രതിക്രിയയില്‍ നിങ്ങള്‍ക്ക് ജീവിതമുണ്ട്. നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നതിനു വേണ്ടിയത്രേ” (2:179). എന്നു മാത്രമല്ല, അന്യായമായി അപരനെ കൊല്ലുന്നത് മാനവകുലത്തെ മുഴുവന്‍ നശിപ്പിക്കുന്നതിന് തുല്യമായിട്ടാണ് ഖുര്‍ആന്‍ ഗണിക്കുന്നത് (5:32).
വധശിക്ഷയ്ക്കു പകരമുള്ള ശിക്ഷാമുറകള്‍ കൊണ്ട് കൊലപാതക നിരക്ക് കുറയുന്നില്ലെന്നതിന് മതിയായ തെളിവാണ് നമ്മുടെ നാട്ടില്‍ പെരുകിക്കൊണ്ടിരിക്കുന്ന കൊലപാതകങ്ങള്‍.
നടുറോഡും കുരുന്നുകളുടെ ക്ലാസ്മുറിയും പട്ടാപ്പകലില്‍ ക്വട്ടേഷന്‍ സംഘങ്ങളുടെ പൈശാചിക കൊലക്കളമായി മാറുന്നത് ഘാതകര്‍ക്ക് ലഭിക്കാന്‍ പോകുന്ന നിസ്സാരമായ ശിക്ഷയെക്കുറിച്ചുള്ള മുന്നറിവുകൊണ്ടു മാത്രമാണ്. കൊലപാതകത്തിന് പരസ്യമായ വധശിക്ഷ നല്‍കുന്ന സുഊദി അറേബ്യയിലെ കൊലപാതക നിരക്കും പരമാവധി ജീവപര്യന്തം നല്‍കി കുറ്റവാളികള്‍ക്ക് ജയിലറകളില്‍ ജീവിതമൊരുക്കുന്ന ഇന്ത്യയിലെ കൊലപാതക നിരക്കും താരതമ്യം ചെയ്താല്‍ ഈ വസ്തുത ബോധ്യമാകുന്നതാണ്. സുഊദിയില്‍ 2019ല്‍ കൊല്ലപ്പെട്ടത് 255 പേരാണ്. യുഎന്‍ പുറത്തുവിട്ട കണക്കനുസരിച്ച് സുഊദിയിലെ കൊലപാതക നിരക്ക് ഒരു ലക്ഷത്തിന് 0.83% ആണ്. 1% പോലും തികയുന്നില്ല എന്നര്‍ഥം. എന്നാല്‍ ഇന്ത്യയില്‍ 2020ല്‍ 29193ഉം 2021ല്‍ 29272ഉം 2022ല്‍ 28522ഉം പേരാണ് കൊല്ലപ്പെട്ടത്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ തന്നെ വ്യക്തമാക്കുന്ന കണക്കുകളാണിത്. വര്‍ഗീയ കൊലപാതകങ്ങള്‍ ഉള്‍പ്പെടെ കണക്കില്‍ പെടാത്ത കൊലപാതങ്ങള്‍ ഇതിനു പുറമെയാണ്. ഒരു ദിവസം ശരാശരി 78 കൊലപാതകങ്ങള്‍ ഇന്ത്യയില്‍ നടക്കുന്നുണ്ട്. ഓരോ മണിക്കൂറിലും മൂന്നില്‍ കൂടുതല്‍ കൊലപാതകങ്ങള്‍ നടക്കുന്നുണ്ടെന്നത് ഞെട്ടിക്കുന്ന സത്യമാണ്.
ശിക്ഷയുടെ ലാളിത്യം പെണ്‍ കൊലയാളികളുടെ എണ്ണം പോലും ക്രമാതീതമായി ഉയര്‍ത്തിയിട്ടുണ്ട്. സുഹൃത്തിനെ വെട്ടി നുറുക്കി സ്യൂട്ട്‌കേസിലിട്ട് ഉലകം ചുറ്റിയ ഡോ. ഓമനയും ഒന്നര വയസ്സുള്ള കുഞ്ഞിനെ കടല്‍ഭിത്തിയില്‍ എറിഞ്ഞു കൊന്ന സൗമ്യയും ഭര്‍തൃപിതാവിനെ ക്വട്ടേഷന്‍ സംഘത്തെക്കൊണ്ട് കൊല്ലിച്ച ഷെറിനും 18 വര്‍ഷത്തിനിടെ ആറു പേരെ അരുംകൊല ചെയ്ത ജോളിയും കേരളത്തിലെ കുപ്രസിദ്ധരായ പെണ്‍ കൊലയാളികളില്‍ ചിലര്‍ മാത്രമാണ്.
കുറ്റവും സഹതാപവും
കുറ്റവാളികളോട് സഹതാപപൂര്‍ണമായ സമീപനമാണ് വേണ്ടതെന്ന മോഡേണ്‍ ക്രിമിനോളജിയുടെ കണ്ടെത്തലുകളോട് ശരീഅത്ത് വിയോജിക്കുന്നുണ്ട്. കുറ്റവാളികളോടല്ല, കുറ്റകൃത്യങ്ങള്‍ക്ക് ഇരയായവരോടാണ് സഹതാപം വേണ്ടതെന്ന മതത്തിന്റെ മാനവിക വീക്ഷണമാണ് അതിന് കാരണം. ചിലരുടെ കുറ്റവാസന കൊണ്ട് മാത്രം നിരപരാധികള്‍ ദ്രോഹിക്കപ്പെടുകയാണ്. അന്യായമായി കൊല്ലപ്പെടുന്നവര്‍, അവരുടെ നിരാലംബരായ ആശ്രിതര്‍, രക്തം വിയര്‍പ്പാക്കി അധ്വാനിച്ചുണ്ടാക്കിയ സമ്പത്തെല്ലാം കൊള്ളയടിക്കപ്പെട്ട് വഴിയാധാരമായിത്തീര്‍ന്നവര്‍, ഇണയുടെ വഴിവിട്ട ലൈംഗികത കൊണ്ട് തകര്‍ന്നടിയുന്ന കുടുംബങ്ങള്‍… ഇതില്‍ ആരാണ് സഹതാപം അര്‍ഹിക്കുന്നത്? കുറ്റവാളികളോ അതല്ല ഇരകളോ? മനഃസാക്ഷിയുള്ളവര്‍ വേട്ടക്കാരനോടല്ല, വേട്ടയ്ക്ക് വിധേയരാകുന്ന ഇരകളോടാണ് സഹതാപം കാണിക്കാറുള്ളത്. ആധുനിക കുറ്റാന്വേഷണശാസ്ത്രം വേട്ടക്കാരന്റെ പക്ഷത്തു നില്‍ക്കുകയും ഇരയെ തമസ്‌കരിക്കുകയുമാണ് ചെയ്യുന്നത്. എന്നാല്‍ ഖുര്‍ആന്‍ പരമപ്രാധാന്യം നല്‍കുന്നത് ഇരയുടെ സംരക്ഷണത്തിലൂടെ സമൂഹത്തിന്റെ സുരക്ഷിതത്വത്തിനാണ്.
കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷകളെ ശരീഅത്ത് രണ്ടായി തരം തിരിക്കുന്നുണ്ട്. ഒന്ന്: പാരത്രിക ശിക്ഷ. രണ്ട്: ഭൗതിക ശിക്ഷ. ഏത് കുറ്റകൃത്യങ്ങള്‍ക്കും, അവ സ്വകാര്യമായതാണെങ്കിലും സമൂഹത്തെ ബാധിക്കുന്നതാണെങ്കിലും പാരത്രിക ശിക്ഷ ലഭിക്കും. ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്തതിന്റെ പേരില്‍ ഭൗതിക ശിക്ഷ ലഭിച്ചതാണെങ്കില്‍ പോലും സ്വീകാരയോഗ്യമായ പശ്ചാത്താപം നടത്തിയിട്ടില്ലെങ്കില്‍ അയാള്‍ പരലോകത്തുവെച്ച് കടുത്ത ശിക്ഷയ്ക്ക് വിധേയനാകും. പാരത്രിക ശിക്ഷയെക്കുറിച്ചുള്ള ബോധമാണ് മനഃപരിവര്‍ത്തനത്തിനും കുറ്റകൃത്യങ്ങളില്‍ നിന്നു പിന്തിരിയുന്നതിനുമുള്ള ഘടകമായി മതം കാണുന്നത്.
ശരീഅത്ത് നിയമങ്ങള്‍ നടപ്പാക്കുന്ന പൗരന്മാര്‍ക്കിടയില്‍ ഈ ബോധവത്കരണം (ദഅ്‌വത്ത്) നടത്തിക്കൊണ്ടേയിരിക്കണമെന്നും ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് കടുത്ത ശിക്ഷ വിധിച്ച ശരീഅത്ത് ആഹ്വാനം ചെയ്യുന്നുണ്ട്. ആധുനിക നിയമശാസ്ത്രവും ശരീഅത്തും വിയോജിക്കുന്ന ഒരു മേഖലയാണിത്. ആധുനിക നിയമശാസ്ത്രത്തില്‍ കുറ്റം ചെയ്ത ആളുകളെയാണ് മനഃപരിവര്‍ത്തനത്തിനു വേണ്ടി ജയിലറകളില്‍ ഇടുന്നതെങ്കില്‍, ശരീഅത്ത് മുഴുവന്‍ പൗരന്മാരെയും സദാ പാരത്രിക ജീവിതത്തെക്കുറിച്ച് ഉണര്‍ത്തിക്കൊണ്ട് കുറ്റകൃത്യങ്ങളില്‍ നിന്നു വിട്ടുനില്‍ക്കാനുള്ള ബോധവത്കരണം നടത്തിക്കൊണ്ടേയിരിക്കുന്നു. എന്നിട്ടും ക്രിമിനലുകളാകുന്നവരെയാണ് കടുത്ത ശിക്ഷയ്ക്ക് വിധേയമാക്കി മാതൃകാപരമായി ശിക്ഷിക്കുന്നത്.
മുപ്പത്തിനാലു കോടി
എല്ലാ കൊലയാളികളെയും യഥേഷ്ടം കൊന്നുകളയണമെന്ന് ശരീഅത്ത് ആവശ്യപ്പെടുന്നില്ല. ഘാതകനെ മരണത്തിനു വിധേയമാക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അധികാരം കൊല്ലപ്പെട്ടവന്റെ അടുത്ത ബന്ധുക്കള്‍ക്കാണ് ശരീഅത്ത് നല്‍കുന്നത്. അവര്‍ക്ക് വേണമെങ്കില്‍ നഷ്ടപരിഹാരത്തുക വാങ്ങി പ്രതിയെ വെറുതെ വിടാം (2:178). അയാളെ വെറുതെ വിടാനാണ് അവരുടെ തീരുമാനമെങ്കില്‍ അതിന് എതിരുനില്‍ക്കാന്‍ കോടതിക്കു പോലും അവകാശമില്ല. റഹീം മോചനത്തിന്ന് ഭീമമായ തുക ദിയയായി ആവശ്യപ്പെട്ടതും ഇസ്ലാമികമായി ന്യായീകരിക്കാവതല്ല. എന്നാല്‍ ഈ വിഷയത്തില്‍ ഇരയുടെ ബന്ധുക്കള്‍ക്ക് പൂര്‍ണ അധികാരം നല്കിയിരിക്കുന്ന സുഊദി പശ്ചാത്തലത്തില്‍ നമുക്ക് അവരുടെ തീരുമാനത്തിന്ന് എതിര്‍ നില്ക്കാനും കഴിയില്ല.
മാത്രമല്ല, കൊല്ലപ്പെട്ടവന്റെ മൂല്യം നോക്കി ഘാതകന്റെ ഗോത്രത്തില്‍ നിന്നു നിരപരാധികള്‍ അടക്കം ഒട്ടേറെ ജീവനുകള്‍ അപഹരിക്കുന്ന ഗോത്ര പ്രതികാരദാഹത്തിനു പകരം ഘാതകനെ മാത്രം വധിക്കണമെന്ന നിയമം നടപ്പില്‍ വരുത്തുകയാണ് മതം ചെയ്തത്. കൊല്ലപ്പെട്ടവന്‍ എത്ര നിസ്സാരനായാലും, അടിമയോ നിരാശ്രയനോ അജ്ഞാതനോ ആണെങ്കിലും ഘാതകനെ കൊല്ലണമെന്ന് ശരീഅത്ത് നിഷ്‌കര്‍ഷിച്ചു (2:178). ഇതൊന്നും ഗോത്രസംസ്‌കാരത്തിലില്ലായിരുന്നു. എന്നിട്ടും ശരീഅത്തിലെ ശിക്ഷാനിയമങ്ങള്‍ ഗോത്രസംസ്‌കാരമാണെന്ന് മുദ്രകുത്തുന്നത് തികഞ്ഞ വങ്കത്തമത്രേ.
ഇസ്‌ലാമിക ശരീഅത്തിലെ ശിക്ഷാനിയമങ്ങള്‍ കാടന്‍ നിയമങ്ങളാണെന്നു പറയുന്നവര്‍ക്കുള്ള ലൈവ് മറുപടിയായിരുന്നു ഒരു മാസക്കാലം കേരള ജനത നല്‍കിയത്. ഇത്തരം കഠിന നിയമങ്ങള്‍ കേരളത്തില്‍ നടപ്പാക്കാന്‍ കഴിയുകയാണെങ്കില്‍ അരുംകൊലകളുടെ നാടായി കേരളം മാറില്ലായിരുന്നു. പ്രതികളില്‍ ഓരോരുത്തരെയും മോചിപ്പിക്കാന്‍ കോടികള്‍ സ്വരൂപിക്കേണ്ട ഗതികേടുണ്ടാകുമെങ്കില്‍ ആരും കൊലപാതകത്തിന് മുതിരില്ല, തീര്‍ച്ച.