22 Sunday
December 2024
2024 December 22
1446 Joumada II 20

റഹീം കുറ്റ്യാടി: കവിതയെ പ്രണയിച്ച സാത്വികനായ മതപണ്ഡിതന്‍

ഫൈസല്‍ എളേറ്റില്‍

മനോഹരമായ രചനകള്‍ക്ക് സമ്പന്നമായ ഒരു സുവര്‍ണ കാലഘട്ടം 1970 മുതല്‍ 90 വരെയാണ്. അത് നമ്മുടെ മനസ്സിനിണങ്ങിയ ഒരുപാട് പാട്ടുകളാല്‍ സമ്പന്നമായിരുന്നു.
നമ്മള്‍ ഇന്നും കേള്‍ക്കാന്‍ കൊതിക്കുന്നതും നിരന്തരം കേട്ടുകൊണ്ടിരിക്കുന്നതുമായ മാപ്പിള പാട്ടുകളില്‍ മിക്കതും അക്കാലത്താണ് പുറത്തു വരുന്നത്. പ്രഗത്ഭരായ പാട്ടുകാരെയും എഴുത്തുകാരെയും സൃഷ്ടിച്ചത് ആ കാലത്തെ പാട്ടുകളായിരുന്നു. ആ കാലഘട്ടത്തിലെ പാട്ടുകളില്‍ ഏറ്റവും മികച്ചവ എടുക്കുകയാണെങ്കില്‍ അതിലൊന്നാണ് ‘ഉണ്ടോ സഖീ ഒരു കുലമുന്തിരി’. റഹീം കുറ്റ്യാടിയുടെ തനി നാടന്‍ ശൈലി, സാധാരണക്കാരെ ആകര്‍ഷിക്കുന്ന ഭാഷയും മനോഹരമായ ഈണവും കൊണ്ട് നമ്മുടെ മനസ്സിലുണ്ട്. ഈ പാട്ട് കേള്‍ക്കാത്തവരായി കേരള സമൂഹത്തില്‍ ആരും തന്നെയില്ല. ഈ പാട്ടിന്റെ രചയിതാവായാണ് റഹീം മൗലവിയുടെ സ്ഥാനം ഗാനരംഗത്ത് രേഖപ്പെടുത്തുന്നത്. അദ്ദേഹം ഏറെ പാട്ടുകളൊന്നും എഴുതിയിട്ടില്ല. പക്ഷേ എഴുതിയവയൊക്കെ ഹിറ്റാണ്. അദ്ദേഹത്തിന്റെ ആഖ്യാനശൈലി വളരെ ആകര്‍ഷകമായിരുന്നു. ഉണ്ടോ സഖി എന്ന പാട്ടില്‍ ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധം പോലും വളരെ കാവ്യാത്മകമായാണ് എഴുതിയത്.
പ്രാണസഖീ നന്നായറിയാം, ഞാനിന്നാട്ടിലമീറാണെന്ന്
എന്നാലും എന്റേതായൊരു ദിര്‍ഹവുമില്ല പ്രിയേ.
ഇതൊരു സംഭാഷണമാണെങ്കിലും ഒരു തരത്തിലുമുള്ള അരോചകവും അതുണ്ടാക്കുന്നില്ല. ഒരു നാടന്‍ കാവ്യപ്രയോഗം തന്നെയാണത്
അമവിയാ രാജകുമാരന്‍ സുഖലോലുപനാം
ഇബ്നുല്‍ അസീസും
അധികാരം കൈവന്നപ്പോള്‍
ഫഖീറായ് മാറി.

പൊതുമുതല്‍ അന്യായമായി ഉപോഗിക്കുന്ന ഇന്നത്തെ ഭരണാധികാരികള്‍ക്കു നേരെയുള്ള ഒരു ചൂണ്ടുവിരല്‍ ആയിരുന്നു ആ വരികള്‍. ഇന്നും കാലികമാണത്. ഇന്നും ഈ പാട്ടിന് ആസ്വാദകര്‍ക്കിടയില്‍ വലിയ സ്വാധീനമാണ്. ഈ അടുത്ത് പ്രശസ്ത ഗായിക സിതാര കൃഷ്ണകുമാറും അന്ന് ആ പാട്ടുപാടിയ ഹമീദ് ശര്‍വാനിയുടെ മകന്‍ ശമീര്‍ കുറ്റ്യാടിയും ചേര്‍ന്ന് ഈ പാട്ട് അതേ ഈണത്തില്‍ പുതിയൊരു രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട് എന്നത് ഇന്നും അതിന്റെ പ്രസക്തിയെ സൂചിപ്പിക്കുന്നു.
അദ്ദേഹത്തിന്റെ മറ്റൊരു പാട്ട് ‘സൗറെന്ന ഗുഹയില്‍ പണ്ട്/ സന്മാര്‍ഗ തേരുകള്‍ രണ്ട്/ സ്‌നേഹത്തിന്നിണകള്‍ രണ്ട് പാറിവന്നു/ പൊത്തിലോടി വന്നു/ ആരും കാണാതെയറിയാതെ ഒളിച്ചിരുന്നു’.
ഈ പാട്ടിലൂടെ ആ ചരിത്രത്തെ വളരെ മനോഹരമായി അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ഇതുപോലെ ഒരുപാടു പാട്ടുകളുണ്ട്.
‘വട്ടം കറങ്ങുന്ന ഗോളങ്ങള്‍ വിണ്ണില്‍ വെട്ടിത്തിളങ്ങുന്ന താരങ്ങള്‍
മണ്ണില്‍ വെട്ടം ചൊരിയുന്ന ദീപങ്ങള്‍’
ഇങ്ങനെ തുല്യതയില്ലാത്ത ഭക്തിഗാനങ്ങള്‍, അതുപോലെ നാമങ്ങള്‍, മരണത്തെ ഓര്‍മിപ്പിക്കുന്ന ഗാനം, ഉമര്‍(റ) നെക്കുറിച്ചുള്ള ഗാനം, ഭാരതത്തെക്കുറിച്ചുള്ള ഗാനം, ഇങ്ങനെ തുടങ്ങിയ പാട്ടുകളൊക്കെ ഉണ്ടോ സഖിയുടെ പ്രഭാവത്തില്‍ മുങ്ങിപ്പോയതാണ്. ഇന്നത്തെ കവികളുടെ പാട്ടിന്റെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവാണെങ്കിലും എഴുതിയ പാട്ടുകളെല്ലാം ഹിറ്റായിരുന്നു.
അദ്ദേഹം നല്ലൊരു പ്രബോധകനായിരുന്നു നല്ല പ്രഭാഷകനായിരുന്നു. വളരെ മനോഹരമായി വിഷയങ്ങള്‍ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിക്കുമായിരുന്നു. കോഴിക്കോട്ട് അദ്ദേഹത്തിന്റെ പ്രഭാഷണം പള്ളികളില്‍ ഉണ്ടാകുമ്പോ ള്‍ അത് കേള്‍ക്കാന്‍ മാത്രം ആളുകള്‍ പോകുമായിരുന്നു. ഹൈന്ദവ ദര്‍ശനങ്ങളെയും ക്രൈസ്തവ ദര്‍ശനങ്ങളെയും ഇസ്ലാമുമായി താരമത്യം ചെയ്ത് അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിവുണ്ടായിരുന്നു. അദ്ദേഹത്തിനും പാട്ടെഴുത്തെന്നത് ഒരു ഉപജീവന മാര്‍ഗമായി സ്വീകരിക്കാമായിരുന്നു. എന്നാലും ശക്തമായ നിലപാടുകളും സ്വതന്ത്രമായ ചിന്തയും നിലപാടില്‍ വിട്ടുവീഴ്ചയില്ലാത്തതും അദ്ദേഹത്തെ ഒരു ഒറ്റയാന്‍ ആക്കുകയായിരുന്നു. ഒരു ഒറ്റയാനായ കവിയായിരുന്നു. അദ്ദേഹത്തിന്റെ സഹോദരന്‍ ഹമീദ് ശര്‍വാനിയും അങ്ങനെ തന്നെയായിരുന്നു.
ഗള്‍ഫില്‍ ഒരു പരിപാടിക്ക് പോയപ്പോള്‍ അവിടെ ഒരു മുറിയില്‍ ഒരാള്‍ ‘ഉണ്ടൊ സഖി’ റഹിം മൗലവിയുടെ മുന്നി ല്‍ വെച്ച് പാടി. അതിന്റെ രചയിതാവ് ആരാണ് എന്ന് ചോദിച്ചപ്പോള്‍ പാടിയ ആള്‍ എനിക്കറിയില്ല എന്ന മറുപടി ന ല്‍കി. അത് അദ്ദേഹത്തിന് വിഷമമുണ്ടാക്കിയിരുന്നു.
എപ്പോഴും കാണുമ്പോള്‍ പുതിയ പാട്ടിനെക്കുറിച്ചും പുതിയ എഴുത്തുകാര്‍ പാട്ടിനെ നിസ്സാരമായി കാണുന്നതിനെക്കുറിച്ചുമൊക്കെ പരിഭവം പറയുമായിരുന്നു. അപ്പോഴും അദ്ദേഹത്തിന് വ്യക്തിപരമായി ഒരു പരിഭവവും ഉണ്ടായിരുന്നില്ല. ഒരുപക്ഷേ പാട്ടെഴുത്തില്‍ മാത്രം അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നെങ്കില്‍ മാപ്പിളപ്പാട്ടു രംഗത്ത് അദ്ദേഹത്തിന് അത്ഭുതം സൃഷ്ടിക്കാമായിരുന്നു. എന്നാലും മാപ്പിളപ്പാട്ട് നിലനില്‍ക്കുന്ന കാലത്തോളം ഉണ്ടോ സഖിയും, സൗറെന്ന ഗുഹയില്‍, വട്ടം കറങ്ങുന്ന ഗോളങ്ങള്‍ തുടങ്ങിയ ഗാനങ്ങള്‍ നിലനില്‍ക്കുക തന്നെ ചെയ്യും.
കേരള നദ് വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന സമിതി അംഗമായിരുന്നു റഹീം മൗലവി. അറബി അധ്യാപകനായിരുന്ന അദ്ദേഹം, 1999 ല്‍ നാദാപുരം ഗവ. യു പി സ്‌കൂളില്‍ നിന്ന് വിരമിച്ചു.
കുറ്റ്യാടിയുടെ സാമൂഹിക സാംസ്‌കാരിക രംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കിയ ആസാദ് കലാമന്ദിറിന്റെ സ്ഥാപകരില്‍ ഒരാളായിരുന്ന അദ്ദേഹം, ‘തീപന്തം’, ‘വല്ലാത്ത ദുനിയാവ്’, ‘നൈലിന്റെ വിലാപം, തുടങ്ങിയ നാടകങ്ങള്‍ക്ക് അദ്ദേഹം എഴുതിയ ഗാനങ്ങള്‍ പ്രസിദ്ധമാണ്.
ഭാര്യമാര്‍: ഫാത്തിമ, ഹഫ്‌സ, സലീന. മക്കള്‍ : എം ഉമൈബ (ടീച്ചര്‍, എന്‍ എ എം എച്ച് എസ് എസ്. പെരിങ്ങത്തൂര്‍), റഹീന, നഈമ, തസ്നീം, (അധ്യാപകന്‍), ഡോ. എം ഉമൈര്‍ ഖാന്‍ (അസി. പ്രൊഫ, റൗദത്തുല്‍ ഉലൂം അറബിക് കോളേജ്, ഫറൂഖ്), ഫായിസ്, മുസ്ന, ഇഹ്സാന്‍, റസീം.

Back to Top