22 Sunday
December 2024
2024 December 22
1446 Joumada II 20

റഫ ആക്രമിക്കരുതെന്ന് ഇസ്രായേലിനോട് മുന്‍ യു എസ് പ്രസിഡന്റ്‌


13 ലക്ഷം മനുഷ്യര്‍ തിങ്ങിപ്പാര്‍ക്കുന്ന ഗസ്സയിലെ റഫ മേഖല ആക്രമിക്കാനുള്ള നീക്കത്തില്‍ നിന്ന് ഇസ്രായേല്‍ പിന്മാറണമെന്ന് മുന്‍ യു എസ് പ്രസിഡന്റ് ജിമ്മി കാര്‍ട്ടറുടെ സന്നദ്ധ സംഘടന. സുരക്ഷിതസ്ഥാനമെന്ന പേരില്‍ ജനങ്ങളെ ആട്ടിത്തെളിച്ച് കൊണ്ടുവന്ന റഫയില്‍ കരയുദ്ധം നടത്തുന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുമെന്ന് കാര്‍ട്ടര്‍ സെന്റര്‍ ചൂണ്ടിക്കാട്ടി.
ആക്രമണത്തിന് മുന്നോടിയായി റഫയിലെ സിവിലിയന്മാരെ ഒഴിപ്പിക്കാന്‍ സൈന്യത്തോട് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു ഉത്തരവിട്ടത് ഭയപ്പെടുത്തുന്നതാണെന്നും പ്രസ്താവനയില്‍ പറഞ്ഞു. ‘ഇസ്രായേല്‍ ഗവണ്‍മെന്റിന്റെ നിര്‍ദേശം മേഖലയില്‍ ദീര്‍ഘകാല സമാധാനത്തിനും പൗരന്മാരുടെ സുരക്ഷക്കുമുള്ള സാധ്യതകളെ കൂടുതല്‍ ദുര്‍ബലപ്പെടുത്തും. 126 ദിവസമായി ഉപരോധത്തില്‍ കഴിയുന്ന, 12000 കുട്ടികള്‍ ഉള്‍പ്പെടെ 25000-ത്തിലധികം പേര്‍ മരിച്ച ഫലസ്തീനില്‍ പുതിയ നീക്കം മാനുഷിക പ്രതിസന്ധി കൂടുതല്‍ വഷളാക്കും. റഫയില്‍ കഴിയുന്നവരില്‍ ഭൂരിഭാഗം പേരും ഇതിനോടകം ഒന്നിലേറെ തവണ കുടിയൊഴിപ്പിക്കപ്പെട്ടവരാണ്. അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാനുള്ള മാനുഷിക സഹായം പോലും ഗസ്സ നിവാസികള്‍ക്ക് എത്തുന്നില്ല. ഭക്ഷണം, വെള്ളം, മരുന്ന് എന്നിവയുടെ കടുത്ത ക്ഷാമമുണ്ട്. സഹായങ്ങള്‍ തടസ്സം കൂടാതെ എത്തിക്കാന്‍ അനുവദിക്കണമെന്ന് എല്ലാ കക്ഷികളോടും ആഹ്വാനം ചെയ്യുന്നു’ -കാര്‍ട്ടര്‍ സെന്റര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇസ്രായേല്‍ കര ആക്രമണത്തിനൊരുങ്ങുന്ന റഫയിലെ ജനങ്ങളുടെ കാര്യത്തില്‍ ഐക്യരാഷ്ട്രസഭ അങ്ങേയറ്റം ആശങ്കാകുലരാണെന്ന് വക്താവ് സ്റ്റെഫാന്‍ ഡുജറിക് പറഞ്ഞു. ”ആളുകള്‍ സംരക്ഷിക്കപ്പെടണം. നിര്‍ബന്ധിത കുടിയൊഴിപ്പിക്കല്‍ കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. കരയുദ്ധമുണ്ടായാല്‍ വന്‍തോതില്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന റഫയില്‍നിന്ന് സാധാരണക്കാരെ സംരക്ഷിക്കുന്നത് അസാധ്യമാകും’ -ഓഫിസ് ഫോര്‍ കോര്‍ഡിനേഷന്‍ ഓഫ് ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്‌സ് മുന്നറിയിപ്പ് നല്‍കിയതായി ഡുജറിക് പറഞ്ഞു. ന്യൂയോര്‍ക്കില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Back to Top