‘റഫയിലെ ആക്രമണം ഉടന്‍ നിര്‍ത്തണം’ -ഇസ്രായേലിനോട് അന്താരാഷ്ട്ര നീതിന്യായ കോടതി
ഗസ്സയിലെ റഫയില്‍ നടത്തുന്ന ആക്രമണം ഉടന്‍ നിര്‍ത്തണമെന്ന് ഇസ്രായേലിനോട് നിര്‍ദേശിച്ച് അന്താരാഷ്ട്ര നീതിന്യായ കോടതി (ഐ സി ജെ). ഇസ്രായേലിനെതിരായ വംശഹത്യ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഐക്യരാഷ്ട്ര സഭയുടെ ഏജന്‍സികള്‍ക്ക് ഗസ്സയിലേക്ക് പ്രവേശനം അനുവദിക്കണമെന്നും ഉത്തരവില്‍ സ്വീകരിക്കുന്ന നടപടികളുടെ പുരോഗതിയെക്കുറിച്ച് ഒരു മാസത്തിനകം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ഗസ്സയിലേക്ക് മാനുഷിക സഹായം എത്തിക്കാനായി റഫ അതിര്‍ത്തി തുറക്കാനും ഇസ്രായേലിനോട് നിര്‍ദേശിച്ചിട്ടുണ്ട്. ഗസ്സയിലെ ഇസ്രായേലിന്റെ വംശഹത്യക്കെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ദക്ഷിണാഫ്രിക്ക ഫയല്‍ചെയ്ത കേസിന്റെ ഭാഗമായി കഴിഞ്ഞയാഴ്ച നടന്ന വാദം കേള്‍ക്കലിനിടെയാണ് റഫയിലെ ആക്രമണം ചൂണ്ടിക്കാട്ടിയത്. ഇതിലാണ് ഐ സി ജെയുടെ വിധി ഉണ്ടായിരിക്കുന്നത്. കോടതി വിധി ഹമാസ് സ്വാഗതം ചെയ്തു. ഗസ്സയില്‍ ഇസ്രായേല്‍ സൈന്യം കൂട്ടക്കൊല തുടരുന്ന സാഹചര്യത്തിലെ ഐ സി ജെയുടെ വിധിയെ സ്വാഗതം ചെയ്യുന്നു. എന്നാല്‍, റഫയില്‍ മാത്രമല്ല, ഗസ്സയിലുടനീളമുള്ള ഇസ്രായേലിന്റെ സൈനിക നീക്കങ്ങള്‍ നിര്‍ത്താന്‍ കോടതി ഉത്തരവിടുമെന്ന് പ്രതീക്ഷിക്കുന്നു. ജബലിയ്യയിലും മറ്റിടങ്ങളിലും സംഭവിക്കുന്നത് റഫയില്‍ സംഭവിക്കുന്നതിനേക്കാള്‍ ഭീകരമായ പ്രവൃത്തികളാണെന്നും ഹമാസ് അറിയിച്ചു.