24 Friday
March 2023
2023 March 24
1444 Ramadân 2

റാഡിക്കല്‍ പ്രസ്ഥാനങ്ങള്‍ക്കു വേണ്ടത് ബലിമൃഗങ്ങള്‍

ഡോ. ടി കെ ജാബിര്‍


കേരള രാഷ്ട്രീയത്തില്‍ വീണ്ടും വെറുപ്പിന്റെ ഭയാനകമായ പ്രസാരണം ആരംഭിച്ചിരിക്കുന്നു. പി സി ജോര്‍ജിന്റെ മാനവികവിരുദ്ധമായ പ്രസ്താവനകളും സംഘര്‍ഷ സാഹചര്യങ്ങളും യാദൃച്ഛികമായി ഉയര്‍ന്നുവന്നതല്ല. ഇതെല്ലാം ആസൂത്രിതമായ പ്രകോപന നടപടികളാണ്. രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടാവുകയാണെങ്കില്‍ രാഷ്ട്രീയ മുന്നേറ്റം സാധ്യമാകുമെന്നു വിചാരിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ തന്നെ ഇതിന്റെ പിന്നിലുണ്ടെന്നത് വസ്തുതയാണ്. ഇതു സമാധാനകാംക്ഷികളായ, ജനാധിപത്യ-മതേതര വിശ്വാസികളായ സകലരും തിരിച്ചറിയേണ്ടതും അതിനുള്ള പരിശ്രമം അടിയന്തരമായി തുടങ്ങേണ്ടതുമാണ്.
കേരളത്തില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ നടക്കാനുള്ള സാധ്യതകള്‍ ഉരുത്തിരിയുന്നുണ്ട് എന്ന റിപോര്‍ട്ടുകള്‍ അവഗണിക്കാന്‍ പാടുള്ളതല്ല. ഇന്ത്യയില്‍ ഉണ്ടായിട്ടുള്ള എല്ലാ വര്‍ഗീയ സംഘര്‍ഷങ്ങളുടെയും തുടക്കം, അന്യ മത-സമുദായത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകളും തികഞ്ഞ അജ്ഞതയും അവിശ്വാസവും മൂലമാണ്. ‘അവര്‍ നമ്മെ ആക്രമിക്കും, അവര്‍ നമ്മുടെ സ്വത്തുക്കള്‍ അപഹരിക്കുന്നു, അവര്‍ നീചരാണ്’ ഇങ്ങനെ പോകുന്നു വര്‍ഗീയ ലഹളയുടെ അടിസ്ഥാന ആശയങ്ങള്‍. 1945ലെ ഓള്‍ ഇന്ത്യാ ഷെഡ്യൂള്‍ഡ് കാസ്റ്റ് ഫെഡറേഷനില്‍ നടത്തിയ ഒരു പ്രഭാഷണത്തില്‍ അംബേദ്കര്‍ പറയുന്നു: ”രാഷ്ട്രീയ ഭൂരിപക്ഷവും വര്‍ഗീയ ഭൂരിപക്ഷവും രണ്ടാണ്. രാഷ്ട്രീയ ഭൂരിപക്ഷം എന്നത് ഉറപ്പുള്ളതല്ല. അത് സ്ഥായിയായ ഒരു ഭൂരിപക്ഷവുമല്ല. അത് സദാ നിര്‍മിക്കപ്പെടുന്നു, നിര്‍മിക്കപ്പെടാതെയിരിക്കുന്നു, പുനര്‍നിര്‍മിക്കപ്പെടുന്നു. വര്‍ഗീയ ഭൂരിപക്ഷം എന്നത് സ്ഥായിയായ ഒരു ഭൂരിപക്ഷമായിരിക്കും. ഉറപ്പുള്ളതാണത്. അതിന്റെ മനോഭാവം ഉറപ്പുള്ളതാണ്. അതിനെ നശിപ്പിക്കാന്‍ കഴിയും. പക്ഷേ പരിവര്‍ത്തിപ്പിക്കാന്‍ കഴിയില്ല.” ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തെയാണ് ആ വാക്കുകള്‍ കൊണ്ട് വ്യാഖ്യാനിച്ചത്.
ന്യൂനപക്ഷങ്ങള്‍
ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാതെ ഒരു രാഷ്ട്രത്തിന് നീതിനിര്‍വഹണം മാത്രമല്ല സാധ്യമല്ലാതെ പോകുന്നത്, ആ രാഷ്ട്രത്തിന്റെ നിര്‍മിതി കൂടിയാണ്. ആധുനിക രാഷ്ട്രീയം എപ്പോഴും രാഷ്ട്രീയ പാഠങ്ങള്‍ക്ക് റഫറന്‍സ് നോക്കുന്നത് യൂറോപ്പില്‍ നിന്നാണല്ലോ. അവിടത്തെ രാഷ്ട്രീയ ചരിത്രത്തില്‍ നിന്ന് ഇന്ത്യയിലെ വെറുപ്പിന്റെ വക്താക്കള്‍ക്ക് ധാരാളം പാഠങ്ങള്‍ പഠിക്കാനുണ്ട്. ആദ്യം സ്‌പെയിനിലേക്കു നോക്കുക. ആദ്യമായി ന്യൂനപക്ഷങ്ങളെ മതത്തിന്റെ പേരില്‍ വന്‍തോതില്‍ വിദ്വേഷവും വെറുപ്പും പ്രസരിപ്പിച്ച് കൂട്ടക്കൊല ചെയ്തതത് 15ാം നൂറ്റാണ്ടിലാണ്. ഒരുമിച്ച് ജീവിച്ചിരുന്ന മുസ്‌ലിംകളും (മൂറുകള്‍) ജൂതരും അവിടെ നിന്നു തുടച്ചുനീക്കപ്പെട്ടു. പിന്നെ സ്‌പെയിന്‍ ഇരുണ്ട യുഗത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. ഫ്രാന്‍സില്‍ പ്രൊട്ടസ്റ്റന്റ് ന്യൂനപക്ഷ വിഭാഗം കത്തോലിക്കാ വിഭാഗത്താല്‍ ഉന്മൂലനവും കടുത്ത പീഡനവും ദുരിതവുമാണ് അനുഭവിച്ചത്. അതിനെത്തുടര്‍ന്ന് 1789ല്‍ ഫ്രാന്‍സില്‍ വിപ്ലവം തന്നെ നടന്നു. മനുഷ്യര്‍ക്കെല്ലാം ഒരേ അവകാശങ്ങളാണെന്ന് അന്നു പ്രഖ്യാപിക്കപ്പെട്ടു.
ജ്ഞാനോദയവും നവോത്ഥാനവും ആധുനികതയും നടക്കുന്ന സന്ദര്‍ഭത്തില്‍ തന്നെ യൂറോപ്പ് സാഹിത്യത്തിലൂടെയും വാമൊഴിയായും ജൂതരെ അപരവത്കരിച്ച് ക്രമേണ കായികമായി ഇല്ലാതാക്കിക്കൊണ്ടിരുന്നത് ഇവിടെ ഓര്‍ക്കേണ്ടതാണ്. വിശ്വസാഹിത്യകാരനായ ഷേക്‌സ്പിയറും വോള്‍ട്ടയറും ഇതില്‍ പങ്കാളിത്തം വഹിച്ചതിന് ചരിത്രം സാക്ഷിയാണ്. പക്ഷേ അതേ യൂറോപ്പിലാണ് ആഗോള മനുഷ്യാവകാശ പ്രഖ്യാപനങ്ങള്‍ ഉണ്ടായതെന്നതും വാസ്തവം! നിരവധി വൈരുധ്യങ്ങളും വിരോധാഭാസങ്ങളും ആധുനികതയില്‍ ദര്‍ശിക്കാവുന്നതാണ്. പരമ്പരാഗത ജീവിതം നയിക്കാനും ആഗോള സോഷ്യലിസ്റ്റ്-കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലോ പങ്കാളിയായി ജൂതവിരുദ്ധത ഇല്ലാതാക്കാനുള്ള അവസരങ്ങള്‍ പോലും ജൂതര്‍ക്ക് നിഷേധിക്കപ്പെട്ടിരുന്നു. അഥവാ ജൂതരെ ഒരു വിധത്തിലും ജീവിക്കാന്‍ അനുവദിക്കില്ലെന്നു തീരുമാനിച്ച് ഉറപ്പിച്ച പോലെയായിരുന്നു 19ാം നൂറ്റാണ്ടില്‍ തന്നെ യൂറോപ്യന്‍ വംശീയത.

പോപുലര്‍ ഫ്രണ്ടും സമുദായവും
അബുല്‍ അഅ്‌ലാ മൗദൂദി രൂപം കൊടുത്ത ജമാഅത്തെ ഇസ്‌ലാമിയുടെ ആശയങ്ങള്‍ നടപ്പാക്കാനായി ശ്രമിക്കുന്നത് ഇന്ന് പോപുലര്‍ ഫ്രണ്ടാണ്. ജമാഅത്ത് സ്ഥാപിച്ച സിമി നിരോധിക്കപ്പെട്ടപ്പോള്‍ അതിന്റെ അനുയായികള്‍ പോപുലര്‍ ഫ്രണ്ട് ആയി മാറി. എന്നാല്‍ ജമാഅത്തെ ഇസ്‌ലാമി അതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു. കേരളത്തിലെ പരമ്പരാഗത സുന്നി-മുജാഹിദ് വിഭാഗങ്ങള്‍ മൗദൂദി ആശയങ്ങളെ ഇതുവരെയും സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല.
കൊലയ്ക്ക് മറുപടി കൊല എന്ന ആ പദ്ധതിക്ക് മുസ്‌ലിം സമുദായത്തില്‍ നിന്നു കുറേ പിന്തുണ നേടിയെടുക്കാനാണ് അവര്‍ ശ്രമിക്കുന്നത്. കാരണം ഉത്തരേന്ത്യയില്‍ പശുവിന്റെ പേരില്‍ അനന്തമായ ന്യൂനപക്ഷ കൊലകള്‍ നടക്കുന്നു. അവിടെ അത് ആരും ചോദിക്കാനില്ലാത്ത അവസ്ഥയാണ്. കേരളം സാമൂഹിക ഘടനയില്‍ ഉത്തരേന്ത്യയില്‍ നിന്നു വലിയ രീതിയില്‍ വ്യത്യസ്തമാണ്. സാമൂഹിക പരിഷ്‌കരണം പിന്നാക്ക സമുദായങ്ങളില്‍ നിന്ന് ഉണ്ടാവുക എന്ന ഇന്ത്യയിലെ അപൂര്‍വ ചരിത്രം ഇവിടെയുണ്ട്. ഇവിടെ സാമൂഹിക ബന്ധങ്ങള്‍ ഏറെക്കുറേ തിരശ്ചീനമായ ഒന്നാണ്. ഉത്തരേന്ത്യയില്‍ അത് ലംബമാനപരമാണ്. സാമൂഹിക ബന്ധങ്ങള്‍ തിരശ്ചീനമായിക്കൊണ്ടിരിക്കുന്നയിടത്ത് വളരെയേറെ ജനാധിപത്യവത്കരണം അനുഭവപ്പെടും.
സംഘ്പരിവാര്‍ കൊണ്ടുവരുന്ന ഹിംസാത്മകത ചെറുക്കാന്‍ ഇവിടെ മതേതര രാഷ്ട്രീയത്തിനു മാത്രമേ സാധിക്കൂ. എല്‍ ഡി എഫ്, യു ഡി എഫ് കക്ഷിരാഷ്ട്രീയത്തില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ല അത്. ഇതുപോലുള്ള മതേതര രാഷ്ട്രീയ സംഘാടനത്തിനൊപ്പം കലാസാംസ്‌കാരികരംഗത്തു നിന്നുകൂടിയുള്ള മതേതര രാഷ്ട്രീയ ബോധവത്കരണവും ജനാധിപത്യ ഇടങ്ങളുമാണ് വളര്‍ത്തിയെടുക്കേണ്ടത്. പോപുലര്‍ ഫ്രണ്ട് മുസ്ലിം ജനസാമാന്യത്തില്‍ അണിനിരത്തപ്പെടുകയെന്നുള്ളത് സംഹാരാത്മകമായ അനന്തരഫലങ്ങളില്‍ മാത്രമേ കൊണ്ടെത്തിക്കുകയുള്ളൂ.
ഓക്‌സ്ഫഡ്-പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ ഗവേഷകനായിരുന്ന പ്രതാപ് ഭാനു മേത്തയുടെ നിരീക്ഷണങ്ങള്‍ ശ്രദ്ധിക്കുക: ”കേവലമൊരു സംഭവത്തിന്റെ നിമിത്തം പോലും സംഘ്പരിവാറിന് മുസ്‌ലിംകളെ ലക്ഷ്യം വയ്ക്കുന്നതിനു കാരണമാകും. ഗോധ്രയില്‍ ‘നിയമവിധേയമായി’ നടന്ന പ്രതികാരം/ തിരിച്ചടി എത്ര അപരിഷ്‌കൃതമായിരുന്നാലും അടുത്ത ഒരു സംഭവത്തിനു സജീവമായി കാത്തുനില്‍ക്കുകയാണവര്‍. സംഘ്പരിവാറിന് മുസ്‌ലിം വിരുദ്ധ ഹിംസ ആരംഭിക്കാന്‍ മുസ്‌ലിംകളുടെ ഭാഗത്തു നിന്നുള്ള ഒരു മിലിറ്റന്‍സി അല്ലെങ്കില്‍ ഒരു സമാന സംഭവം അവര്‍ ആഗ്രഹിക്കുന്നു. അവര്‍ മുസ്‌ലിംകളെ പരമാവധി നിരാശയിലേയ്ക്ക് എത്തിക്കാനും ആഗ്രഹിക്കുന്നു. (അങ്ങനെ നിരാശയിലെത്തുന്നവര്‍ ദാരുണമായ എന്തെങ്കിലും പ്രവൃത്തി ചെയ്യുമെന്ന് മനഃശാസ്ത്രം). അത്തരം സാഹചര്യം ആ സമൂഹത്തെ ആത്മനിയന്ത്രണവും സംയമനം പാലിക്കുന്നവരുമാക്കേണ്ടതാണ്.
ഇതൊരു രാഷ്ട്രീയ പരാജയമാണെന്നു കരുതാന്‍ പാടില്ല, സന്ദര്‍ഭോചിതമായ രാഷ്ട്രീയ നിലപാടാണ്. മഹാത്മാ ഗാന്ധിയുടെ ചരിത്രം നോക്കുക. അഹിംസയ്ക്കാണ് ഗാന്ധിജി മുഖ്യ പരിഗണന കൊടുത്തത്. അതില്‍ ബ്രിട്ടീഷ് അധികാരികള്‍ ധാര്‍മികമായി പരാജയപ്പെട്ടു. ഗാന്ധി വിജയം നേടി. അതുകൊണ്ടാണ് ഗാന്ധി ഇന്നും അനുസ്മരിക്കപ്പെടുന്നത്. ഹിംസയുടെ വക്താക്കള്‍ ഇന്നും ഗാന്ധിജിയെ പ്രതീകാത്മകമായി വധിക്കുന്നതും അതുകൊണ്ടുതന്നെ. ഗാന്ധി ഹിംസയുടെ മാര്‍ഗം സ്വീകരിച്ചിരുന്നുവെങ്കില്‍ ചരിത്രത്തില്‍ അപ്രസക്ത രാഷ്ട്രീയക്കാരനായി അദ്ദേഹത്തെ മാറ്റാന്‍ ബ്രിട്ടീഷുകാര്‍ക്ക് കഴിഞ്ഞേനെ. ഹതാശരാക്കാനുള്ള തന്ത്രങ്ങള്‍ക്ക് വിധേയരാകാതെ ആത്മവീര്യം നിലനിര്‍ത്തുകയാണ് ഇപ്പോള്‍ വേണ്ടത്. ഇപ്പോഴത്തെ ഈ പ്രതിസന്ധികള്‍ ഒന്നിന്റെയും ആരംഭമോ അവസാനമോ അല്ല. ചരിത്രത്തിലെ ഒരു ദുരവസ്ഥയാണത്. ഇതിനെയും മറികടക്കാന്‍ നിമിത്തങ്ങള്‍ ഉണ്ടാകും. രാഷ്ട്രീയ പ്രതിഷേധങ്ങള്‍ റദ്ദാക്കണമെന്ന് അതുകൊണ്ട് അര്‍ഥമില്ല. ജനാധിപത്യ മാര്‍ഗത്തിലൂടെയുള്ള നീതിയുടെ സംസ്ഥാപനത്തിനായുള്ള മുന്നേറ്റം തുടരുന്നതിന് ഈ ഡിജിറ്റല്‍ യുഗത്തില്‍ ലോകത്തെ ജനാധിപത്യ വിശ്വാസികളുടെ പിന്തുണയുണ്ടാവുമെന്ന് ഉറപ്പാണ്. അതിനു മാതൃകാപരമായ സാമൂഹിക ജീവിതവും ബഹുസ്വരതയെ പരിപോഷിപ്പിക്കുന്ന സംസ്‌കാരവുമാണ് വേണ്ടത്.

മുസ്‌ലിം വ്യവഹാരങ്ങള്‍
കേരളത്തിലെ മുസ്‌ലിംകളുടെ മതനിരപേക്ഷമായ വ്യവഹാരങ്ങള്‍ പുനര്‍നിര്‍മിക്കേണ്ട സാഹചര്യം കൂടിയാണ് ഇന്നുള്ളത്. മുസ്‌ലിംലീഗ് അതില്‍ നിര്‍ണായക പങ്ക് വഹിക്കേണ്ടതുണ്ട്. കേരളത്തില്‍ മുസ്‌ലിംകളെ സെക്കുലര്‍ വ്യവഹാരങ്ങളില്‍ നിലനിര്‍ത്തുന്നതിന് മുസ്‌ലിം ലീഗിന് സാധിച്ചിട്ടുണ്ട്. മുസ്‌ലിം ലീഗിന്റെ മതേതര സഹിഷ്ണുതാ ഗുണങ്ങളെ സാമൂഹിക നിരീക്ഷകരും ചരിത്രകാരന്മാരും പ്രകീര്‍ത്തിച്ചിട്ടുണ്ട്. ആ ഗുണങ്ങളുടെ തകര്‍ച്ച ലീഗിന്റെയും സാമുദായിക സമാധാന സങ്കല്‍പങ്ങളുടെയും തകര്‍ച്ച തന്നെയായിരിക്കും. ന്യൂനപക്ഷ സമുദായത്തിന്റെ വളരെ ശുഷ്‌കമായ സാമൂഹിക വികസനത്തെ പോലും പൈശാചികവത്കരിക്കുന്ന ഒരു പ്രകൃതം വളരെ സ്പഷ്ടമായ രൂപത്തില്‍ ഇവിടെയുണ്ട് (ഉദാ: സംവരണത്തോടുള്ള, സച്ചാര്‍ റിപോര്‍ട്ടുകളോടുള്ള എതിര്‍പ്പുകള്‍). പുറമേ നിന്ന് ആക്രമണം ശക്തമാകുമ്പോള്‍ യാഥാസ്ഥിതികത്വത്തിന്റെ സങ്കേതത്തില്‍ കൂടുതല്‍ സ്വയം ബന്ധിക്കപ്പെടാനാണ് ന്യൂനപക്ഷ സമൂഹങ്ങള്‍ ശ്രമിക്കുക. ഇന്ത്യയിലെ സമകാലിക സാമൂഹിക പ്രശ്‌നങ്ങള്‍ ഏറെക്കുറേ മതേതര ജനാധിപത്യം സ്ഥാപിതമാകാത്തതുകൊണ്ടുള്ള പ്രശ്‌നമാണ്.
ജമാഅത്തെ ഇസ്‌ലാമി ജനാധിപത്യവത്കരണത്തിനും ആധുനികവത്കരണത്തിനും വിധേയമായിട്ടുണ്ട് എന്നത് സത്യമാണെങ്കിലും അവര്‍ അത് അംഗീകരിക്കില്ല. കാരണം ആധുനിക പൂര്‍വ രാഷ്ട്രീയ വ്യവസ്ഥകളിലുള്ള അയുക്തികമായ വായനയാണ് ഇപ്പോഴും അവരുടെ അറിവുല്‍പാദനത്തിന്റെ മുഖ്യ സ്രോതസ്സ്. വ്യക്തികള്‍, പ്രസ്ഥാനങ്ങള്‍ എത്രത്തോളം തള്ളിപ്പറഞ്ഞാലും വിമര്‍ശിച്ചാലും ആധുനികത നമ്മെ നമ്മള്‍ അറിയാതെത്തന്നെ പരിവര്‍ത്തിപ്പിച്ചിട്ടുണ്ടാകും. ആധുനികതയെ സൂക്ഷ്മമായി പഠിച്ചാല്‍ അത് കണ്ടെത്താം. ലോകത്ത് വ്യത്യസ്ത സമുദായങ്ങളും മതങ്ങളും ഉണ്ടെന്നു ബോധ്യപ്പെടുത്തുകയും അവരുമായുള്ള സാമൂഹിക ജീവിതത്തില്‍ എങ്ങനെയാണ് മാതൃക പാലിക്കേണ്ടതെന്നു പഠിപ്പിക്കുകയുമാണ് ചെയ്യേണ്ടത്.
യുക്തിവാദികള്‍
ഇക്കാലത്ത് മതാതീത മാനവികത പ്രഖ്യാപിക്കാന്‍ മുന്നിട്ടിറങ്ങിയ യുക്തിവാദികള്‍/ നാസ്തികര്‍ എന്ന വിഭാഗത്തില്‍ നിന്ന് ഈ വിദ്വേഷം കൂടുതലായി കാണാമെന്നതാണ് ഏറ്റവും ഞെട്ടിപ്പിക്കുന്ന സംഗതി. വേട്ടക്കാര്‍ക്ക് ഇരയെ തയ്യാറാക്കിക്കൊടുക്കുന്ന വിധത്തിലാണ് ഇവരുടെ വാക്കുകളും നടപടികളും. മതാതീത രാഷ്ട്രീയം/ മാനവികത പറയുന്നവര്‍ തങ്ങളുടെ ആശയപ്രചാരണത്തിന് വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുകയെന്നുള്ളത് എന്തു രാഷ്ട്രീയമാണ് വളര്‍ത്തുന്നതെന്ന് അവര്‍ ചിന്തിക്കേണ്ടതാണ്. ലോകത്തെ ഏറ്റവും കൂടുതല്‍ മനുഷ്യര്‍ ഇഷ്ടപ്പെടുന്ന രാഷ്ട്രീയ സംവിധാനമായ ഉദാര ജനാധിപത്യം എന്തെന്നത് ഇവിടെ മതാതീത രാഷ്ട്രീയം പറയുന്നവര്‍ ആലോചിക്കേണ്ടതാണ്. ഇസ്‌ലാം മതം ഉപേക്ഷിച്ച് എക്‌സ് മുസ്‌ലിം എന്ന പേര് സ്വീകരിച്ചവര്‍ പലപ്പോഴും വേട്ടക്കാരുടെ രാഷ്ട്രീയത്തെ സഹായിക്കുന്ന ദാരുണമായ കാഴ്ചകള്‍ കൂടി കേരളത്തില്‍ കാണേണ്ടിവരുന്നു. ജനാധിപത്യത്തിനൊപ്പം നിന്നാല്‍ ഇന്ത്യയില്‍ നീതി ലഭിക്കേണ്ടത് മുസ്‌ലിംകള്‍ക്കാണ്. അങ്ങനെ അവര്‍ നിലപാട് എടുത്താല്‍ മുസ്‌ലിം മതമൗലികവാദിയെന്ന കുറ്റാരോപണം വേട്ടക്കാരില്‍ നിന്നു കേള്‍ക്കേണ്ടിവരുമെന്ന സന്ദര്‍ഭം ആലോചിച്ചായിരിക്കാം ഇവര്‍ ഫാസിസ്റ്റുകളെ സഹായിക്കുന്നത്.
കേരളത്തിന്റെ
സാമൂഹികസുരക്ഷ

കേരളം ഒട്ടേറെ സാമൂഹിക പരിണാമങ്ങള്‍ക്കു വിധേയമായിരിക്കുന്നു. സാമൂഹിക സുരക്ഷയ്ക്ക് ഇപ്പോഴും വലിയ വിള്ളലുകള്‍ വീണിട്ടില്ല എങ്കിലും ചില ആസന്നമായ പ്രതിസന്ധികള്‍ കാണാതിരിക്കാനാകില്ല. മലയാളികള്‍ വലിയൊരളവില്‍ മതേതര സമൂഹമായി നിലനിന്നുവന്നതിനാലാണ് കേരളത്തില്‍ സാമൂഹിക സുരക്ഷ നിലനിന്നത്. ഇന്നത്തെ അവസ്ഥയില്‍ കേരളത്തില്‍ ഒരു മുസ്‌ലിം വിരുദ്ധ കലാപം ഉണ്ടായാല്‍ കേരള പൊതുബോധം അതൊരു സ്വാഭാവിക പരിണതിയാണെന്നു പരിഗണിക്കുകയും അവര്‍ ആ ശിക്ഷയ്ക്ക് അര്‍ഹരായിരുന്നു എന്ന ഒരു തീര്‍പ്പിലെത്തുകയും ചെയ്യുമെന്നത് നിസ്സംശയമാണ്. ഗുജറാത്തിലേതുപോലെ മനോഘടന മാറിക്കൊണ്ടിരിക്കുന്നു. മതേതരബോധ്യങ്ങളും സഹിഷ്ണുതയും തിരിച്ചറിവുകളും അതിവേഗം നഷ്ടപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. അതാണ് ഒന്നാമത്തെ പ്രശ്‌നം. മുസ്‌ലിംകള്‍ വെറുക്കേണ്ടവരാണെന്ന വ്യവഹാരത്തിനു കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ പൊതുസമ്മതി ലഭിച്ചുകഴിഞ്ഞു.
അത് അപ്രതീക്ഷിത പരിണതിയല്ല. ദേശീയതാ വ്യവഹാരങ്ങള്‍ ശാക്തീകരിക്കപ്പെട്ടിരിക്കുന്നത് അത്തരം അപരവിദ്വേഷത്തിലാണ്. സാമൂഹിക സുരക്ഷയ്ക്ക് ഒന്നാമതായി വേണ്ടതാണ് വിവിധ മതസമൂഹങ്ങള്‍ തമ്മിലുള്ള പരസ്പര വിശ്വാസം. ആ വിശ്വാസം ഒരു ആത്മബന്ധത്തിന്റെയും ആത്മാര്‍ഥതയുടെയും കൂടിയാണ്. പരസ്പര വിശ്വാസം നഷ്ടപ്പെടുന്ന സാഹചര്യം ഏത് സമുദായത്തിന്റെ ഭാഗത്തുനിന്നായാലും അതീവ ഗുരുതരമാണ്. പരസ്പരം സംശയിക്കുന്ന അവസ്ഥയുണ്ടായാല്‍ പലവിധ കെട്ടുകഥകളിലും മനുഷ്യര്‍ വിശ്വസിക്കാന്‍ തുടങ്ങും. വസ്തുതകള്‍ അറിയാന്‍ ആരും ശ്രമിക്കാതെ, വെറുപ്പിലും വൈകാരിക പ്രതികരണങ്ങളിലും ആശ്രയമര്‍പ്പിക്കും. വലിയ ദുരന്തത്തിനു മുന്നോടിയാണ് അത്. മതേതരത്വം എന്നത് ഒരു വിഭാഗത്തിന്റെ മാത്രം ബാധ്യതയായ ഒരു രാഷ്ട്രീയ ആദര്‍ശമല്ല. ഭൂരിപക്ഷ-ന്യൂനപക്ഷ ഭേദമില്ലാതെ മതേതരത്വത്തോട് ബാധ്യതപ്പെട്ടിരിക്കണം.
വര്‍ഗീയത
‘ഭൂരിപക്ഷ വര്‍ഗീയത സമം ന്യൂനപക്ഷ വര്‍ഗീയത’ എന്ന സമവാക്യം അതിന്റെ പ്രത്യക്ഷ രൂപത്തില്‍ നിന്നുതന്നെ തെറ്റാണ്. ഈ സമവാക്യം കേരളത്തിന്റെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ രൂപംകൊണ്ടുവന്നിട്ടുള്ള വ്യവഹാരമാണ്. ഒന്നാമത്തേത് രണ്ടാമത്തേതിനെ അനേകമിരട്ടി നശിപ്പിക്കാന്‍ ശേഷിയുള്ള ഒന്നാണ്. അതുകൊണ്ടുതന്നെ ഭൂരിപക്ഷ വര്‍ഗീയത ഇല്ലാതാകേണ്ടതുണ്ട്. അതായത് രാഷ്ട്രത്തിന്റെ മതേതരവത്കരണം സാധ്യമാകണം. ന്യൂനപക്ഷ വര്‍ഗീയതയും ഇവിടെ ഒരു സാമൂഹിക സുരക്ഷാ ഭീഷണി തന്നെയാണ്. വര്‍ഗീയത എല്ലാ സമുദായത്തിലുമുണ്ട്. എന്തായാലും ന്യൂനപക്ഷ വര്‍ഗീയത ഇല്ലാതായാല്‍, അഥവാ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളും മതേതര ആധുനിക സമൂഹങ്ങളായി പരിവര്‍ത്തനം നടത്തിയാലും ഇവിടെ രാഷ്ട്രത്തിന്റെ നിലനില്‍പിനു തന്നെ ഭീഷണിയാകുന്ന ഭൂരിപക്ഷ വര്‍ഗീയത ഇല്ലാതാവുകയില്ല.
ഇന്ത്യന്‍ സോഷ്യോളജിസ്റ്റ് ടി എന്‍ മദന്‍ ഇതേ വാദം ഉന്നയിക്കുന്നുണ്ട്. അതിനു രാഷ്ട്രം തന്നെ ശക്തമായ നിയമവാഴ്ചാ നടപടികളിലൂടെ ആധുനിക-മതേതരവത്കരണത്തിനു വിധേയമാക്കുകയാണ് വേണ്ടത്. ന്യൂനപക്ഷ വര്‍ഗീയത കൊണ്ടല്ല ഭൂരിപക്ഷ വര്‍ഗീയത ഉണ്ടായത്. ന്യൂനപക്ഷ വര്‍ഗീയതയ്ക്ക് ഒരുപക്ഷേ ഭൂരിപക്ഷ വര്‍ഗീയതയെ പെട്ടെന്ന് സ്‌ഫോടനാത്മകമായ രൂപത്തില്‍ എത്തിക്കാന്‍ കഴിയുമെന്നത് ഒരു വസ്തുതയാണ്. പക്ഷേ ഭൂരിപക്ഷ വര്‍ഗീയത ഇല്ലാതാകുമ്പോള്‍ (അതായത് രാഷ്ടത്തിന്റെ മതേതരവത്കരണം സാധ്യമാകുമ്പോള്‍) ന്യൂനപക്ഷ വര്‍ഗീയത സ്വാഭാവികമായും ഇല്ലാതാകും. ഭൂരിപക്ഷത്തിന്റെ മതേതരവത്കരണം സാധ്യമാകാതെ ന്യൂനപക്ഷത്തിന്റെ മതേതരവത്കരണം സാധ്യമല്ല. മതേതരവത്കരണത്തിലൂടെ സാമൂഹിക പുരോഗതി സാധ്യമാകുമ്പോള്‍ ഈ പ്രക്രിയയ്ക്ക് പുറത്തുള്ളവര്‍ക്ക് അതില്‍ ആകര്‍ഷണീയത തോന്നുന്നത് സ്വാഭാവികമായി ഉണ്ടാകുന്ന ഒരു മനോഭാവമാണ്. മതേതരവത്കരണം സാധ്യമാകാതെ ഒരൊറ്റ രാഷ്ട്രത്തിനും ആധുനികമാകാന്‍ കഴിയില്ല.
1958ലെ ഓള്‍ ഇന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി സമ്മേളനത്തില്‍ നെഹ്‌റു പറഞ്ഞു: ”ഭൂരിപക്ഷ വര്‍ഗീയതയാണ് ന്യൂനപക്ഷ വര്‍ഗീയതയെക്കാള്‍ അപകടകരം. കാരണം ഭൂരിപക്ഷ വര്‍ഗീയത ദേശീയതയോടൊപ്പം പ്രവര്‍ത്തനസജ്ജമാകുന്നു. അങ്ങനെ വര്‍ഗീയത നമ്മില്‍ രൂഢമൂലമാണ്. കേവലമായ ഒരു പ്രകോപനത്തിലൂടെ അത് പെട്ടെന്ന് പുറത്തുവരും. വളരെ ആദരിക്കപ്പെടുന്ന വ്യക്തികള്‍ പോലും അതില്‍ ഉത്തേജിതരായി ബാര്‍ബേറിയന്‍മാരെ പോലെ പെരുമാറും. ഇന്ത്യയ്ക്ക് പ്രതീക്ഷ മതേതര രാഷ്ട്രീയത്തില്‍ മാത്രമാണ്. ഏതൊരു രൂപത്തിലുള്ള മതാധിഷ്ഠിത രാഷ്ട്രീയവും ഒരു സംസ്‌കാരത്തിന്റെ തന്നെ ഉന്മൂലനത്തിലായിരിക്കും പര്യവസാനിക്കുക. ജനാധിപത്യവത്കരണം എന്നത് ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു യാഥാര്‍ഥ്യമാണ്. മതം-ആധുനികത ചര്‍ച്ചകള്‍, സാമൂഹിക പരിണാമങ്ങള്‍, സാമൂഹിക സഹവര്‍ത്തിത്വം, ബഹുസ്വരത എന്നിവയെയും വിവിധ മത-സമുദായങ്ങള്‍ പരസ്പരം സഹിഷ്ണുതയില്‍ കഴിയേണ്ട ആവശ്യകതയെയും നിര്‍ബന്ധമായും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠിപ്പിക്കപ്പെടണം. സന്ദര്‍ഭോചിതമായ മതേതരത്വ നയപദ്ധതികള്‍ ഭരണകൂടം നടപ്പാക്കാതെ വന്നാല്‍ കേരളമെന്ന, സാമൂഹിക സുരക്ഷിത ഇടം അധിക കാലം നിലനില്‍ക്കുകയില്ല.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x