19 Wednesday
June 2024
2024 June 19
1445 Dhoul-Hijja 12

വര്‍ണവെറിയുടെ കളിക്കളം

ഡോ. പി എം മുസ്തഫ കൊച്ചിന്‍


കളിക്കളത്തിലെ വര്‍ണവെറിയുടെ കഥകള്‍ നിരവധിയാണ്. പ്രത്യേകിച്ചും കാല്‍പ്പന്തുകളി. കറുത്ത കാലുകളാണ് ലോക ഫുട്‌ബോളില്‍ ഗോളുകള്‍ക്ക് കരുത്തെങ്കിലും ജര്‍മനിയും ബെല്‍ജിയവും ഫ്രാന്‍സും ഇറ്റലിയും ഇംഗ്ലണ്ടും അമേരിക്കയും വര്‍ണാധിക്ഷേപം പ്രകടിപ്പിച്ചാണ് അവരുടെ വെറി പ്രകടിപ്പിക്കുന്നത്. 2018-19 വര്‍ഷങ്ങളില്‍ ഫുട്‌ബോള്‍ മൈതാനങ്ങളില്‍ മാത്രം 422 വര്‍ണാധിക്ഷേപ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
കറുത്ത വര്‍ഗക്കാരനായ ജര്‍മന്‍ ഫുട്‌ബോളര്‍ അന്റോണിയോ റൂഡീഗറിനെതിരെ ഗാലറിയില്‍ നിന്ന് നിരന്തരം വര്‍ണാധിക്ഷേപം നേരിടേണ്ടിവന്നതിനെ തുടര്‍ന്ന് 2020ല്‍ നടന്ന ഒരു കാല്‍പ്പന്തുകളി പാതിവഴിയില്‍ നിര്‍ത്തിവെക്കേണ്ടിവന്നു. ഘാനായിയന്‍ നീഗ്രോ വംശജനായ ഇറ്റാലിയന്‍ ഫുട്‌ബോളര്‍ മാരിയോ ബലോട്ടലിയെ കുരങ്ങനെന്നു വിളിച്ച് വര്‍ണാധിക്ഷേപം നടത്തിയതിന് അദ്ദേഹം ഇങ്ങനെ മറുപടി നല്‍കി: ”കുരങ്ങിനോട് ഉപമിക്കുന്നതില്‍ എനിക്കൊന്നുമില്ല. കാരണം വര്‍ണവെറിയന്മാരെക്കാള്‍ കുരങ്ങനാണ് ബുദ്ധിയുള്ളത്.”
ബെല്‍ജിയന്‍
വര്‍ണവെറി

കോംഗോലീസ് കറുത്ത വംശജനായ ബെല്‍ജിയന്‍ ഫുട്‌ബോളറാണ് റൊമേലു ലുകാകുവും സഹോദരന്‍ ജോര്‍ദാന്‍ സകരിയാ ലുകാകുവും. പതിനൊന്നാം വയസ്സില്‍ ഒരു ക്ലബ്ബിനെതിരെ കളിക്കാനിറങ്ങിയപ്പോള്‍ എതിര്‍ ടീമിലെ കുട്ടിയുടെ മാതാപിതാക്കള്‍ റൊമേലുവിനെ കളിക്കുന്നതില്‍ നിന്നു വിലക്കി. ഒടുവില്‍ ലുകാകുവിനു ബെല്‍ജിയന്‍ തിരിച്ചറിയല്‍ രേഖ കാണിക്കേണ്ടിവന്നു.
2018-ല്‍ റഷ്യയിലെ ലോകകപ്പില്‍ വര്‍ണവെറിക്ക് ഇരയായ റൊമേലുവിന് ഇങ്ങനെ പറയേണ്ടിവന്നു: ”നന്നായി കളിക്കുമ്പോള്‍ മാധ്യമങ്ങള്‍ എന്നെ ബെല്‍ജിയന്‍ കളിക്കാരന്‍ റൊമേലു എന്നെഴുതും. എന്നാല്‍ അത്ര നന്നായി കളിക്കാനായില്ലെങ്കില്‍ അവര്‍ എന്നെപ്പറ്റി കോംഗോലീസ് വര്‍ഗക്കാരനായ ബെല്‍ജിയന്‍ കളിക്കാരന്‍ റൊമേലു എന്നെഴുതും. എന്നാല്‍ ഞാന്‍ ജനിച്ചതും വളര്‍ന്നതും ബെല്‍ജിയത്തില്‍. ബെല്‍ജിയത്തിലെ ചിലര്‍ എന്റെ തോല്‍വിയിലാണ് സന്തോഷിക്കുക.”
ഇംഗ്ലീഷ് വര്‍ണവെറി
2020 യൂറോ കപ്പ് ഫൈനലില്‍ ഇറ്റലിക്കെതിരെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ നിര്‍ണായക കിക്കുകള്‍ പാഴാക്കിയതില്‍ ഇംഗ്ലണ്ട് ടീമിലെ നീഗ്രോതാരങ്ങളായ ബുകായോ സാകാ, മാര്‍കസ് റാഷ്‌ഫെഡ്, ജേഡല്‍ മാലിക് സഞ്ചോ എന്നിവര്‍ക്കെതിരെ കടുത്ത വര്‍ണാധിക്ഷേപമുണ്ടായി. നൈജീരിയന്‍ കുടിയേറ്റക്കാരുടെ മകനായ ബുകായോ സാകായോട് ”മാതാപിതാക്കളുടെ നാട്ടിലേക്ക് തിരികെപ്പോകൂ” എന്ന് സമൂഹമാധ്യമങ്ങളിലൂടെ പലരും ആവശ്യപ്പെട്ടു. നിര്‍ധനരായ കുട്ടികളെ പട്ടിണിക്കിടരുതെന്ന കാംപയിനിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ മാര്‍കസ് റാഷ്‌ഫെഡിന്റെ ചുവര്‍ചിത്രങ്ങള്‍ മാഞ്ചസ്റ്ററിലെ ആരാധകര്‍ യൂറോ ഫൈനലിനു ശേഷം വികൃതമാക്കി.
”കറുത്തവന്റെ ജീവനു മാത്രമല്ല, അവന്റെ സംസ്‌കാരത്തിനും വിലയുണ്ട്, കറുത്ത സമൂഹങ്ങള്‍ക്കുമുണ്ട് മൂല്യം, ഞങ്ങള്‍ക്കും” എന്നാണ് മാര്‍കസ് റാഷ്‌ഫെഡ് പ്രതികരിച്ചത്. അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ബോറിസ് ജോണ്‍സണ്‍ പറഞ്ഞത് ഇങ്ങനെയാണ്: ”ഇംഗ്ലണ്ട് ടീമിനെ കൂവിവിളിക്കുന്നതിനു പകരം അഭിനന്ദിക്കുകയാണ് വേണ്ടത്. താരങ്ങള്‍ക്കെതിരെ വര്‍ണാധിക്ഷേപം ചൊരിയുന്നവര്‍ സ്വയം നാണം കെടുകയാണ് ചെയ്യുക.”
ഫ്രഞ്ച് വര്‍ണവെറി
ഫ്രഞ്ച് ഫുട്‌ബോളിലെ ഭൂരിപക്ഷവും ഫ്രഞ്ച് വംശജരോ വെള്ളക്കാരോ അല്ല, ഫ്രഞ്ച് ഇതര നീഗ്രോ വംശജരാണ്. ഗിനിയന്‍ വംശജന്‍ പോള്‍ പോഗ്‌ബെ, മാലിയന്‍ വംശജരായ എങ്കോലോ കാന്റെ, മൂസാ മരേഗാ, സെനഗലീസ് വംശജന്‍ പാട്രിക് വിയാരാ, കാമറൂനിയന്‍ വംശജരായ കൈലിയന്‍ എംബാപ്പെ, സാമുവല്‍ ഉംറ്റീറ്റി, ഗ്വാര്‍ഡ്‌ലോപ് ദ്വീപ് വംശജരായ തിയരീ ഹെന്റി, ലിലിയന്‍ തുറാം എന്നീ അന്താരാഷ്ട്ര താരങ്ങളാണ്.
1998-ല്‍ ഫ്രാന്‍സിലെ ലോകകപ്പ് ഫുട്‌ബോളില്‍ ഫ്രാന്‍സ് ജേതാക്കളാകുന്നതിന് ലിലിയന്‍ തുറാമിന്റെയും അല്‍ജീരിയന്‍ വംശജന്‍ സിനദിന്‍ സിദാനിന്റെ ഫ്രഞ്ചേതര കാലുകള്‍ അനിവാര്യമായിരുന്നു. പിന്നീടുള്ള മത്സരങ്ങളില്‍ ഫ്രഞ്ച് ടീമില്‍ തുടര്‍ തോല്‍വിയുണ്ടായി. അതോടെ ഫ്രഞ്ചേതര താരങ്ങളുടെ ദേശക്കൂറും രാജ്യസ്‌നേഹവും ചോദ്യം ചെയ്യപ്പെട്ടു.
2018ല്‍ റഷ്യയിലെ ലോകകപ്പിന് പുറപ്പെടുന്നതിനു മുമ്പായി ”ഫ്രഞ്ച് ടീമിനെ ആഫ്രിക്കന്‍ ടീം എന്നു വിളിക്കുന്നതാണ് അഭികാമ്യം” എന്ന് മരീന്‍ ലീ പെനിന്റെ മാതാവ് ജീന്‍ മേരി പരിഹാസത്തോടെ കടുത്തവിമര്‍ശനം നടത്തി. ”എനിക്ക് അരിശവും വേദനയും ദുഃഖവും വെറുപ്പും രോഷവുമാണ് തോന്നിയത്” എന്നാണ് പോള്‍ പോഗ്‌ബെയുടെ പ്രതികരണം. 20 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഫ്രാന്‍സിന്റെ മണ്ണിലേക്ക് കപ്പ് തിരിച്ചെത്തിച്ച് അതിന് അവര്‍ മധുരപ്രതികാരം വീട്ടി.
ഫ്രാന്‍സില്‍ ജനിച്ച മാലിയന്‍ വംശജനായ മൂസാ മരേഗായ്ക്ക് 2020ല്‍ ഒരു ഫുട്‌ബോള്‍ മത്സരം തുടങ്ങിയത് മുതല്‍ ഗാലറിയില്‍ നിന്ന് വര്‍ണാധിക്ഷേപവും തെറിവിളിയും നേരിടേണ്ടിവന്നു. മൂസായുടെ ടീം ഗോള്‍ നേടിയപ്പോള്‍ തന്റെ തൊലിനിറത്തിലേക്ക് ചൂണ്ടി എതിര്‍ ടീമിന്റെ ആരാധകര്‍ക്ക് മൂസാ മറുപടി നല്‍കി. ഇതോടെ അധിക്ഷേപത്തിനു മൂര്‍ച്ച കൂടി. ഒടുവില്‍ മത്സരം പാതിവഴിയില്‍ ഉപേക്ഷിച്ച് മൈതാനത്തു നിന്ന് കയറിപ്പോകാനൊരുങ്ങിയെങ്കിലും സഹകളിക്കാര്‍ നിര്‍ബന്ധിച്ച് അദ്ദേഹത്തെ മൈതാനിയില്‍ തിരിച്ചെത്തിച്ചു. എങ്കിലും അധികം വൈകാതെ അദ്ദേഹത്തെ പിന്‍വലിച്ച് പകരക്കാരനെ ഇറക്കേണ്ടിവന്നു.
ബ്ലാക്ക് സല്യൂട്ട് 1968
മാനവികതയുടെ മഹാവിസ്മയമെന്ന് വിശേഷിപ്പിക്കുന്ന ഒളിംപിക്‌സ് വേദികളില്‍ പോലും നിറത്തിന്റെ പേരില്‍ വിവേചനം അരങ്ങേറുന്നുണ്ട്. 1968ല്‍ മെക്‌സിക്കോ സിറ്റിയിലെ ഒളിമ്പിക്‌സില്‍ അമേരിക്കന്‍നീഗ്രോകളായ ടോമി സ്മിത്തും ജോണ്‍വെസ് ലീകാര്‍ലോസും യഥാക്രമം സ്വര്‍ണവും വെങ്കലവും നേടി. ഓസ്ട്രിയന്‍ അത്‌ലറ്റായ പീറ്റര്‍ ജോര്‍ജ് നോര്‍മന്‍ (1942-2006) എന്ന വെള്ളക്കാരനായിരുന്നു വെള്ളിമെഡല്‍ ലഭിച്ചത്.
മെഡല്‍ദാന ചടങ്ങിനിടെ അമേരിക്കന്‍ ദേശീയ ഗാനമുയര്‍ന്നപ്പോള്‍ അമേരിക്കയില്‍ കറുത്ത വംശജര്‍ നേരിടുന്ന വിവേചനത്തിനെതിരെ സ്മിത്ത് തന്റെ കറുത്ത ഗ്ലൗ അണിഞ്ഞ വലതുകൈയും കാര്‍ലോസ് തന്റെ കറുത്ത ഗ്ലൗ അണിഞ്ഞ ഇടതുകൈയും ഉയര്‍ത്തി പ്രതിഷേധിച്ചു. ഈ സല്യൂട്ട് കറുത്ത അഭിവാദനം (black salute) എന്ന പേരില്‍ ഇടം പിടിച്ചു.
സ്മിത്തിനോടും കാര്‍ലോസിനോടും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് ഓസ്ട്രിയക്കാരനായ പീറ്റര്‍ നോര്‍മന്‍ തന്റെ കുപ്പായത്തില്‍ നെഞ്ചിന്റെ ഭാഗത്ത് ഒരു മനുഷ്യാവകാശ ബാഡ്ജ് കുത്തിയിരുന്നതിനാല്‍ അദ്ദേഹത്തെ രാജ്യദ്രോഹിയായി മുദ്രകുത്തി. അതിനാല്‍ അദ്ദേഹത്തെ 1972ല്‍ മ്യൂണിക്കിലെ ഒളിമ്പിക്‌സില്‍ തെരഞ്ഞെടുത്തയച്ചില്ല. 2000ല്‍ ആസ്‌ത്രേലിയന്‍ ഒളിമ്പിക്‌സില്‍ ആതിഥ്യമരുളിയപ്പോഴും നോര്‍മനെ പരിഗണിച്ചില്ല. മുന്‍ ചാമ്പ്യന്മാരെ ആദരിച്ച ചടങ്ങിലും അദ്ദേഹത്തെ ക്ഷണിച്ചില്ല.
മനുഷ്യത്വത്തോടൊപ്പം നിന്ന നോര്‍മനെ സ്മിത്തും കാര്‍ലോസും മറന്നില്ല. 2006ല്‍ നോര്‍മന്‍ മരണപ്പെട്ടപ്പോള്‍ ആസ്‌ത്രേലിയയിലെ മെല്‍ബണില്‍ പറന്നെത്തിയ സ്മിത്തും കാര്‍ലോസുമാണ് നോര്‍മന്റെ ശവമഞ്ചമേറ്റിയത്. 38 വര്‍ഷം മുമ്പ് 1968ല്‍ മെഡല്‍ പോഡിയത്തില്‍ നോര്‍മനും സ്മിത്തും കാര്‍ലോസും ചേര്‍ന്ന് സൃഷ്ടിച്ച ചിത്രത്തിന്റെ തുടര്‍ന്നുപോലെ മറ്റൊന്നാണ് 2006ല്‍ ലോകം കണ്ടത്.
ഫാന്റം പഞ്ച് 1965
വര്‍ണവെറി കൊടുമ്പിരിക്കൊണ്ട കാലത്താണ് കാഷ്യസ് ക്ലേ എന്ന മുഹമ്മദലി (1945- 2016) അമേരിക്കയില്‍ ബോക്‌സിങ് റിങില്‍ ചുവടുറപ്പിക്കുന്നത്. വെള്ളക്കാര്‍ക്കും നീഗ്രോകള്‍ക്കും എല്ലാം വെവ്വേറെയാക്കുന്ന സാമൂഹിക സ്ഥിതിയായിരുന്നു അന്ന് അമേരിക്കയില്‍. വര്‍ണവെറിയെ പിച്ചിച്ചീന്തുക എന്ന ലക്ഷ്യത്തോടെ ‘പ്രവേശനം വെള്ളക്കാര്‍ക്കുമാത്രം’ എന്നെഴുതിവെച്ച ഹോട്ടലില്‍ മുഹമ്മദ് അലി ഭക്ഷണം കഴിക്കാന്‍ കയറി. എന്നാല്‍ ആഹാരം വിലക്കുക മാത്രമല്ല, ബലം പ്രയോഗിച്ച് പിടിച്ചു പുറത്താക്കി. കായികവേദികളില്‍ മെഡല്‍ നേടാനും അടിമപ്പണിക്കുമായിരുന്നു അന്ന് നീഗ്രോകളെ പരിഗണിച്ചിരുന്നത്. അതുകൊണ്ടാണ് 1960ല്‍ റോമിലെ ഒരു ഒളിമ്പിക്‌സില്‍ നിന്ന് ലഭിച്ച തന്റെ ആദ്യത്തെ സ്വര്‍ണമെഡല്‍ അമേരിക്കയിലെ ഒഹായോ നദിയില്‍ വലിച്ചെറിഞ്ഞ് പ്രതിഷേധിച്ചത്. തുടര്‍ന്നങ്ങോട്ട് വര്‍ണവെറിക്കെതിരെ പോരാടിയ അദ്ദേഹം 1996ല്‍ അറ്റ്‌ലാന്റയിലെ ഒളിമ്പിക്‌സില്‍ നേടിയ തന്റെ രണ്ടാം മെഡല്‍ സ്വീകരിക്കുകയുണ്ടായി.
കറുത്ത വര്‍ഗക്കാരെയും ദരിദ്രരെയും കൊല്ലാന്‍ മനസ്സാക്ഷി അനുവദിക്കുന്നിെല്ലന്ന് പറഞ്ഞ് വിയറ്റ്‌നാം യുദ്ധകാലത്ത് നിര്‍ബന്ധിത സൈനിക സേവനത്തില്‍ നിന്ന് അലി പിന്‍മാറിയ ചരിത്രം കാണാം.
1965 മെയ് 25ന് ലൂയിസ്റ്റനില്‍ നടന്ന മത്സരത്തില്‍ അലിയുടെ ഇടിയേറ്റ് അമേരിക്കന്‍ ബോക്‌സര്‍ സോണി ലിസ്റ്റണ്‍ (1932-1970) നിലത്തു വീണിരുന്നു. കാണികള്‍ ശ്രദ്ധിക്കാതിരുന്നതിനാല്‍ ലിസ്റ്റണ്‍ ഡൈവ് ചെയ്തതാണെന്നും മത്സരം വാതുവെപ്പാണെന്നും പറഞ്ഞ് ഈ ഇടിയെ അപഹസിച്ചു. ഈ ഇടിച്ചുവീഴ്ത്തല്‍ ചരിത്രത്തില്‍ അദൃശ്യ ഇടി (Phantom punch) എന്നറിയപ്പെടുന്നു.
മിന്നിയപോളിസില്‍ വര്‍ണവെറിയുടെ ഇരയായ ജോര്‍ജ് ഫ്‌ളോയ്ഡ് (1973-2020)ന്റെ സംസ്‌കാര നടപടികള്‍ക്ക് വേണ്ട ചെലവ് വഹിച്ചത് അമേരിക്കന്‍ കറുത്ത വര്‍ഗക്കാരനായ ബോക്‌സറായ ഫ്‌ളോയ്ഡ് മെയ്‌വെതര്‍ ആയിരുന്നു. വ്യവസ്ഥാപിത വര്‍ണവെറിക്കെതിരെ ലോസ് ആഞ്ചലസില്‍ 2020 ഏപ്രില്‍ 7ന് സംഘടിപ്പിക്കപ്പെട്ട പ്രതിഷേധത്തില്‍ അമേരിക്കന്‍ സിനിമാതാരം മൈക്കല്‍ ബി ജോര്‍ദാന്‍ പറഞ്ഞതിങ്ങനെയാണ്: ”കറുത്തവരുടെ നീതിക്കായുള്ള പോരാട്ടത്തില്‍ അണിചേരാന്‍ ഹോളിവുഡ് മാറണം. ഹോളിവുഡ് സ്റ്റുഡിയോകള്‍, ഏജന്‍സികള്‍ എന്നിവയില്‍ കറുത്തവരെ തൊഴിലിനെടുക്കണം. സിനിമയുടെ ഇതിവൃത്തത്തിലും കറുത്തവര്‍ പ്രതിനിധാനം ചെയ്യപ്പെടണം.”
വര്‍ണാധിക്ഷേപം നേരിടേണ്ടിവന്ന അമേരിക്കന്‍ ടെന്നിസ് താരമാണ് സെറീന വില്യംസ്. ആസ്‌ത്രേലിയന്‍ ദിനപത്രം സെറീനയെ വര്‍ണാധിക്ഷേപം നടത്തുന്ന കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ആഫ്രോ-അമേരിക്കന്‍ വംശജനായ ഗോള്‍ഫ് താരം ടൈഗര്‍ വുഡ്‌സും ബാസ്‌കറ്റ് ബോള്‍ താരം മൈക്കള്‍ ജഫ്രി ജോര്‍ഡാനും വര്‍ണാധിക്ഷേപത്തിന് ഇരയായ കറുത്ത വര്‍ഗക്കാരാണ്.
മുന്‍ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് നായകന്‍ ദാരെന്‍സാമീ ഇന്ത്യയില്‍ ക്രിക്കറ്റ് കളിക്കുമ്പോള്‍ വര്‍ണാധിക്ഷേപത്തിന് വിധേയനായെന്ന് വെളിപ്പെടുത്തിയിരുന്നു. ഐപിഎല്‍ കളിച്ച കാലത്ത് അദ്ദേഹത്തെ കാലൂ എന്നു വിളിച്ചു. ശ്രീലങ്കന്‍ ക്രിക്കറ്റ് താരം തിസരാ പെരേരയെയും മറ്റൊരിക്കല്‍ കാലൂ (കറുമ്പന്‍) എന്ന് വിളിച്ച് ആക്ഷേപിച്ചിരുന്നു.
കറുത്ത വര്‍ഗക്കാര്‍ക്കെതിരെയുള്ള അധിക്ഷേപങ്ങള്‍ ക്രിക്കറ്റില്‍ നിന്ന് തുടച്ചുമാറ്റാന്‍ മുന്നിട്ടിറങ്ങണമെന്ന് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിനോടും മറ്റു ക്രിക്കറ്റ് ബോര്‍ഡുകളോടും സാമീ ആവശ്യപ്പെട്ടിരുന്നു.
വര്‍ണാധിക്ഷേപം നടത്തുന്നവര്‍ ആലോചിക്കേണ്ട ഖുര്‍ആന്‍ വചനങ്ങളിതാ: ”മനുഷ്യരിലും മൃഗങ്ങളിലും കന്നുകാലികളിലും വര്‍ണവൈവിധ്യങ്ങളിലുള്ളവരുണ്ട്” (32:28). ”നിങ്ങള്‍ക്കായി ഭൂമിയില്‍ വിഭിന്ന വര്‍ണങ്ങളില്‍ അവന്‍ സൃഷ്ടിച്ചുണ്ടാക്കിത്തന്നവയെയും അവന്റെ കല്‍പനയാല്‍ വിധേയമാക്കിയിരിക്കുന്നു. ആലോചിച്ച് മനസ്സിലാക്കുന്നവര്‍ക്ക് അതില്‍ ദൃഷ്ടാന്തമുണ്ട്” (16:13). ”ആകാശങ്ങളുടെ സൃഷ്ടിയും നിങ്ങളുടെ ഭാഷകളിലും വര്‍ണങ്ങളിലുമുള്ള വ്യത്യാസവും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്. അറിവുള്ളവര്‍ക്ക് അതില്‍ ദൃഷ്ടാന്തമുണ്ട്” (30:22).
”നീ കണ്ടില്ലേ, ആകാശത്തുനിന്ന് അല്ലാഹു മഴ വര്‍ഷിപ്പിച്ചു. അതു മുഖേന വ്യത്യസ്ത വര്‍ണങ്ങളുള്ള ഫലങ്ങള്‍ ഉല്‍പാദിപ്പിച്ചു. വെളുത്തതും ചുവന്നതും കറുത്തിരുന്നതുമായ വിവിധ വര്‍ണപാതകള്‍ പര്‍വതത്തിലുണ്ട്. മനുഷ്യനിലും മൃഗങ്ങളിലും കന്നുകാലികളിലും അതുപോലെ വിഭിന്ന വര്‍ണങ്ങളുള്ളവയുണ്ട്. അല്ലാഹുവെ ഭയപ്പെടുന്നത് അവന്റെ ദാസരില്‍ അറിവുള്ളവര്‍ മാത്രമാകുന്നു” (35:27,28).
ഇത്തരം ഖുര്‍ആനിക വചനങ്ങളുടെ പിന്‍ബലത്തിലാണ് പ്രവാചകന്‍ മുഹമ്മദ് നബി(സ) ഇങ്ങനെ മൊഴിഞ്ഞത്: ”അറബ് വംശജന് അനറബ് വംശജനേക്കാളോ അനറബിക്ക് അറബിയേക്കാളോ വെള്ളക്കാരന് നീഗ്രോകളെക്കാളോ നീഗ്രോകള്‍ക്ക് വെള്ളക്കാരനേക്കാളോ യാതൊരുവിധ ശ്രേഷ്ഠതയുമില്ല, സൂക്ഷ്മതാബോധത്തിന്റെ അടിസ്ഥാനത്തിലല്ലാതെ.”

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x