30 Monday
December 2024
2024 December 30
1446 Joumada II 28

പേവിഷബാധപ്പേടിയില്‍ കേരളം

ടി പി എം റാഫി


തെരുവുനായയുടെ കടിയേറ്റ് റാന്നി പെരുനാട് ചേര്‍ത്തലപ്പടിയിലെ പന്ത്രണ്ടുകാരി അഭിരാമി ഈയടുത്ത ദിവസം മരിച്ചതോടെ കേരളം മുമ്പൊന്നുമില്ലാത്തവിധം പേവിഷബാധപ്പേടിയില്‍ അകപ്പെട്ടിരിക്കുകയാണ്. ഈ സീസണില്‍ മാത്രം 21 പേരുടെ ജീവനാണ് കേരളത്തില്‍ തെരുവുനായ്ക്കള്‍ കവര്‍ന്നത്.
അഭിരാമിക്ക് പേവിഷബാധ ഏറ്റിരുന്നതായി പൂനെ ലാബില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞു. അഭിരാമിയുടെ കണ്ണിനോടു ചേര്‍ന്ന് ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. അതുവഴി വൈറസ് വളരെ വേഗം തലച്ചോറില്‍ എത്തിയതാകാമെന്നും, വാക്‌സിന്‍ എടുത്താലും വൈറസ് അതിനു മുമ്പ് തലച്ചോറില്‍ പ്രവേശിക്കുകയാണെങ്കില്‍ ചികിത്സകള്‍ ഫലപ്രാപ്തിയില്‍ എത്താറില്ലെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.
അതിനിടെ, അഭിരാമിയുടെ ശരീരത്തില്‍ മികച്ച രീതിയില്‍ ആന്റിബോഡി സാന്നിധ്യം ഉണ്ടായിരുന്നതായി പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ഫലം സപ്തംബര്‍ ഏഴിന് വന്നു. ഇതോടെ വാക്‌സിന്‍ ഫലപ്രദമായിരുന്നുവെന്ന നിഗമനത്തിലാണ് ആരോഗ്യ വകുപ്പ്. എന്നിരുന്നാലും, മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ സംഭരിച്ചുവെച്ച ബാച്ച് പേവിഷ പ്രതിരോധ മരുന്നിന്റെ കാര്യക്ഷമത വിലയിരുത്താന്‍ കസോളിയിലെ സെന്‍ട്രല്‍ ലാബിലേക്ക് അയക്കുന്നുണ്ടെന്ന് ഡയറക്ടര്‍ ഡോ. ചിത്ര പറഞ്ഞു.
പേവിഷബാധയ്‌ക്കെതിരെയുള്ള വാക്‌സിന്റെ ഗുണനിലവാരം സംബന്ധിച്ച് ഉയര്‍ന്ന വിവാദത്തിന്റെ ചൂടാറും മുമ്പാണ് വാക്‌സിന്‍ സ്വീകരിച്ച ഈ കുഞ്ഞിന്റെ ദാരുണാന്ത്യം നടന്നത്. വാക്‌സിന്‍ എടുത്ത ആറു പേര്‍ ഇതിനകം മരിച്ചിട്ടും അതിന്റെ ഗുണനിലവാര പരിശോധന ഇതുവരെ എവിടെയും എത്തിയില്ലെന്നതാണ് സത്യം. മുഖ്യമന്ത്രി നിര്‍ദേശിച്ചതുപ്രകാരം വിദഗ്ധ സമിതിയുണ്ടാക്കാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചിരുന്നുവത്രേ. എന്നിട്ടോ? സംഘം വന്നതുമില്ല, രോഗികളെ കണ്ടതുമില്ല.
പേവിഷബാധയേറ്റ് മരിക്കുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ വാക്‌സിന്റെ ഫലപ്രാപ്തിയും സംസ്ഥാനത്തെ പ്രതിരോധ കുത്തിവെപ്പ് രീതികളും പരിശോധിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. തോമസ് മാത്യുവിന്റെ അധ്യക്ഷതയില്‍ വിദഗ്ധ സമിതിയെ അന്വേഷണത്തിനു നിയോഗിച്ചിരിക്കുകയാണ് ഇപ്പോള്‍. വാക്‌സിന്റെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രിക്ക് കേരള ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കത്തയച്ചത് അഭിരാമിയുടെ മരണത്തിനു ശേഷമാണ്.
ഹിമാചല്‍പ്രദേശിലെ കസൗളിയിലാണ് സെന്‍ട്രല്‍ ഡ്രഗ് ലാബ് നിലകൊള്ളുന്നത്. കൃത്യമായ പരിശോധന നിര്‍വഹിക്കാന്‍ സാമ്പിളുകള്‍ അവിടേക്കാണ് അയക്കേണ്ടത്. താഴ്ന്ന ഊഷ്മാവില്‍ (3-8 ഡിഗ്രി) വേണം ഇത് അയക്കാന്‍. അതിനുള്ള നടപടികളായില്ലെന്നു മാത്രമല്ല, മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ഇതിന് അനുമതി തേടിയതു പോലുമില്ല. ഇപ്പോള്‍ മാത്രമാണ് അധികൃതര്‍ കണ്ണു തുറക്കുന്നത്.
കേരളത്തില്‍ നായശല്യം രൂക്ഷമായിട്ടും താഴേത്തട്ടിലുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്‌സിന്‍ എത്തിയിട്ടില്ല. ജില്ലാ ആശുപത്രികളിലും മെഡിക്കല്‍ കോളജുകളിലും മാത്രമാണ് ഇപ്പോള്‍ വാക്‌സിന്‍ ലഭിക്കുന്നത്.
കേരളത്തില്‍ 2012നെ അപേക്ഷിച്ച് തെരുവുനായ്ക്കളുടെ എണ്ണം 2.68 ലക്ഷത്തില്‍ നിന്ന് 2.89 ലക്ഷമായി വര്‍ധിച്ചു. മൃഗസംരക്ഷണ വകുപ്പ് ശേഖരിച്ച വിവരങ്ങള്‍ പ്രകാരം സംസ്ഥാനത്ത് ഇപ്പോള്‍ രണ്ടര ലക്ഷം തെരുവുനായ്ക്കള്‍ ഉണ്ടത്രേ. കേരളത്തില്‍ മാത്രം പ്രതിദിനം ശരാശരി 335 പേര്‍ തെരുവുനായ്ക്കളുടെ ആക്രമണത്തിന് വിധേയരാകുന്നുവെന്നാണ് കണക്ക്. 20 കോടി രൂപയാണ് നമ്മുടെ സംസ്ഥാനം ഒരു വര്‍ഷം പട്ടികടിയേല്‍ക്കുന്നവരുടെ ചികിത്സയ്ക്കും മറ്റുമായി ചെലവിടുന്നത്.
വന്ധ്യംകരണത്തിലൂടെ മാത്രം കേരളത്തിലെ തെരുവുനായ പ്രശ്‌നത്തിന് പരിഹാരം കാണാനാവില്ലെന്ന് ഇതു സംബന്ധിച്ചു പഠിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് സിരിജഗന്‍ സമിതി ആറു വര്‍ഷം മുമ്പേ റിപോര്‍ട്ട് നല്‍കിയിരുന്നു. യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രായോഗിക പദ്ധതികളാണ് വേണ്ടതെന്നും സമിതി അന്നു നിര്‍ദേശിച്ചതാണ്. വന്ധ്യംകരണവുമായി മുന്നോട്ടുപോയാല്‍ നായ്ക്കളുടെ എണ്ണം കുറയ്ക്കാന്‍ ചുരുങ്ങിയത് നാലു വര്‍ഷമെങ്കിലും എടുക്കുമെന്ന് സമിതി മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ടായിരുന്നു. 70 ശതമാനം നായ്ക്കളെയെങ്കിലും വന്ധ്യംകരിച്ചാലേ നായ്ക്കളുടെ എണ്ണം കാര്യമായി കുറയ്ക്കാനാവൂ. അതിനാല്‍ ചട്ടത്തില്‍ നിര്‍ദേശിക്കുന്ന മറ്റു നടപടികള്‍ സ്വീകരിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്തിരുന്നു. എന്തിട്ട് എന്തുണ്ടായി? വന്ധ്യംകരണംപോലും ശരിക്കു നടന്നില്ല. പലരുടെയും നിസ്സംഗതയുടെ ഫലമാണ് നമ്മള്‍ ഇന്ന് അനുഭവിക്കുന്നത്.
പേവിഷബാധ എങ്ങനെ?
റാബീസ് വൈറസ് മസ്തിഷ്‌കത്തെയും നാഡീവ്യൂഹത്തെയുമാണ് ആക്രമിക്കുന്നത്. പേവിഷബാധയേറ്റ ജന്തുക്കളുടെ കടിയിലൂടെയാണ് ഇതു പകരുന്നത്. വൈറസ് ശരീരത്തില്‍ കയറി രോഗലക്ഷണങ്ങള്‍ തുടങ്ങുന്നതു വരെയുള്ള കാലയളവിനെയാണ് ഇന്‍കുബേഷന്‍ പിരിയഡ് എന്നു വിളിക്കുന്നത്. ഇത് ദീര്‍ഘമായ കാലമാവാം, കുറഞ്ഞ കാലവുമാവാം. ശരാശരി രണ്ടു മാസമാണ് റാബീസിനിത്. അതുകൊണ്ടാണ് കടിയേറ്റ ശേഷവും വാക്‌സിനെടുത്താല്‍ ഫലപ്രദമാകുന്നത്. എന്നാല്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ പിന്നെ രക്ഷപ്പെടല്‍ ക്ലേശകരമാണ്.
ആദ്യ ലക്ഷണം ക്ഷീണമാണ്. പിന്നെ തൊണ്ടവേദനയും പനിയും ഛര്‍ദിയും തലവേദനയും. ഒരാഴ്ച കൊണ്ട് രോഗിയുടെ ആരോഗ്യം വഷളാവുന്നു. വിഭ്രാന്തിയും അസാധാരണമായ പെരുമാറ്റവുമാണ് പിന്നീടുള്ള ലക്ഷണം. ഇരിപ്പുറയ്ക്കായ്മയും ബദ്ധപ്പാടും ഒടുവില്‍ ബോധക്ഷയവും കുഴഞ്ഞുവീഴലും. തുടര്‍ന്നാണ് മരണം സംഭവിക്കുന്നത്.
പേവിഷബാധയേറ്റ ജന്തുക്കളുടെ ഉമിനീരിലൂടെ പകരുന്ന റാബീസ് ഏതു സസ്തനിയെയും ബാധിച്ചേക്കാം. യു എസില്‍ കുറുക്കന്മാരെയും വവ്വാലുകളെയും മറ്റുമാണ് ആദ്യം റാബീസ് ബാധിക്കുന്നത്. രോഗബാധയുള്ള മൃഗങ്ങള്‍ മുറിവില്‍ നക്കിയാലും വിഷബാധയ്ക്ക് കാരണമാകും.
പ്രഥമ ശുശ്രൂഷയും
കുത്തിവെപ്പും

പട്ടി കടിച്ചാല്‍ വൃത്തിയായി മുറിവു കഴുകുന്നതാണ് പ്രധാനം. സോപ്പിട്ടു പതപ്പിച്ച് പത്തുപതിനഞ്ചു മിനിറ്റ് ഒഴുകുന്ന വെള്ളത്തില്‍ കാണിച്ച് കഴുകണം. പലപ്പോഴും, മുഖത്തും തലയ്ക്കും കടിയേറ്റാല്‍ പലരും കൃത്യമായി കഴുകാറില്ല. ഇങ്ങനെ കഴുകുന്നതിലൂടെ 90 ശതമാനം വൈറസും നശിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. മുറിവില്‍ മഞ്ഞള്‍പൊടിയോ മറ്റോ തേക്കുന്നതും കെട്ടിവെക്കുന്നതും ശരിയായ രീതിയല്ലെന്നും അവര്‍ വിശദീകരിക്കുന്നു. പ്രാഥമിക ചികിത്സയ്ക്കു ശേഷം തൊട്ടടുത്ത ആശുപത്രിയില്‍ ചികിത്സ തേടണം. പോറലോ കടിയോ ഉണ്ടെങ്കില്‍ വാക്‌സിന്‍ എടുക്കാന്‍ അമാന്തിച്ചു നില്‍ക്കരുത്. വലിയ മുറിവാണെങ്കില്‍ ആദ്യം ഇമ്യൂണോഗ്ലോബുലിനും തുടര്‍ന്ന് വാക്‌സിനും എടുക്കണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശം.
നാലു ഡോസ് വാക്‌സിനാണ് എടുക്കേണ്ടത്. ഒന്നോ രണ്ടോ ഡോസ് വാക്‌സിനെടുത്ത് നിര്‍ത്താന്‍ പാടില്ല. വൈറസിനെതിരെ ശരീരത്തിന്റെ സ്വയംപ്രതിരോധ തന്ത്രം പുറത്തെടുക്കാനാണ് വാക്‌സിന്‍ നല്‍കുന്നത്. വാക്‌സിന്‍ എടുക്കുന്നതിലൂടെ ശരീരത്തില്‍ പേവിഷബാധയുണ്ടാക്കുന്ന വൈറസുകള്‍ക്കെതിരെ ആന്റിബോഡി രൂപപ്പെടും. കടിച്ച ജന്തു പത്തു ദിവസത്തിനുള്ളില്‍ പേയിളകിയതിന്റെ ലക്ഷണങ്ങളൊന്നും കാട്ടുന്നില്ലെങ്കില്‍ പിന്നെ ചികിത്സയൊന്നും വേണ്ടതില്ല. വാക്‌സിന്‍ എടുത്ത വളര്‍ത്തു നായ്ക്കളിലൂടെയും പേവിഷബാധയേല്‍ക്കാം. രോഗലക്ഷണങ്ങള്‍ കാണിക്കുന്നില്ലെങ്കിലും അവയില്‍ നിന്ന് നമ്മളിലേക്ക് വൈറസ് സംക്രമിക്കാറുണ്ട്. എലികളും മുയലുകളും അണ്ണാന്മാരും പക്ഷികളും പൊതുവേ റാബീസ് പരത്താറില്ല.
വാക്‌സിന്‍ പരാജയം
എന്തുകൊണ്ട്?

റാബീസ് വാക്‌സിന്‍ പരാജയപ്പെടാനുള്ള സാധ്യത അത്യപൂര്‍വമാണെന്ന് ലോകാരോഗ്യ സംഘടന തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നൂറു ശതമാനം ഫലപ്രാപ്തിയുള്ള മരുന്നാണിത്. അങ്ങനെയാണെങ്കില്‍, കേരളത്തില്‍ ഇപ്പോള്‍ സംഭവിക്കുന്ന ദാരുണ മരണങ്ങള്‍ ആരുടെ കെടുകാര്യസ്ഥത മൂലമാണ്?
കുത്തിവെക്കല്‍ പ്രക്രിയയില്‍ വരുന്ന സാങ്കേതിക പിഴവ് വാക്‌സിന്‍ പരാജയപ്പെടാന്‍ ഒരു കാരണമായേക്കാം. 0.1 മില്ലിലിറ്ററാണ് ചര്‍മപാളികളിലേക്ക് കുത്തിവെക്കുന്നത്. പ്രത്യേകം പരിശീലനം ലഭിച്ച നഴ്‌സുമാര്‍ക്കു മാത്രമേ ഇത് കുത്തിവെക്കാന്‍ പറ്റൂ. അതില്‍ താളപ്പിഴ വന്നാല്‍ ഉദ്ദേശിച്ച ഫലം ലഭിക്കില്ല. കൂടാതെ വാക്‌സിന്‍ സൂക്ഷിക്കുന്ന പ്രക്രിയയിലെ അശ്രദ്ധയും പഠിക്കപ്പെടേണ്ടതാണ്- പ്രത്യേകിച്ച് കേരളത്തിലെ നിലവിലുള്ള ഭീതിദ സാഹചര്യം അപഗ്രഥിക്കുമ്പോള്‍. 2.8 ഡിഗ്രി സെല്‍ഷ്യസിലാണ് വാക്‌സിന്‍ സൂക്ഷിക്കേണ്ടത്. ഇതില്‍ സംഭവിച്ചേക്കാവുന്ന താപവ്യതിയാനവും വാക്‌സിന്റെ ഗുണമേന്മയെ ബാധിക്കും.
ഒരു വാക്‌സിന്‍ തുറന്നുകഴിഞ്ഞാല്‍ എട്ടു മണിക്കൂറിനുള്ളില്‍ ഉപയോഗിച്ചു തീര്‍ക്കണം. ഡോസ് പൂര്‍ത്തിയാക്കാതിരിക്കുക, മുറിവ് നന്നായി കഴുകാതിരിക്കുക എന്നിവയെല്ലാം വാക്‌സിന്‍ പരാജയപ്പെടാനുള്ള മറ്റു കാരണങ്ങളായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. കടിയേറ്റ സമയത്ത് വൈറസ് നേരിട്ട് നാഡീഞരമ്പുകളിലേക്ക് പ്രവേശിക്കുകയാണെങ്കിലും അവ പെട്ടെന്ന് മസ്തിഷ്‌കത്തെ ബാധിക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളിലും പൊതുവെ വാക്‌സിന്‍ പ്രയോജനപ്പെടാറില്ല. രക്തത്തില്‍ കലരുന്ന വൈറസുകളെ നിര്‍വീര്യമാക്കാനേ വാക്‌സിനുകള്‍ക്ക് കഴിയാറുള്ളൂ.
കടിയേറ്റ ഉടനെ വാക്‌സിന്‍ എടുക്കുന്ന ആദ്യ ദിവസവും തുടര്‍ന്ന് 3, 7, 28 ദിവസങ്ങളിലുമാണ് കുത്തിവെപ്പ് എടുക്കേണ്ടത്. പേശികളില്‍ കുത്തിവെക്കുന്നതിനേക്കാള്‍ (0.5 എംഎല്‍) വളരെ കുറച്ച് അളവില്‍ മാത്രമേ (0.1 എംഎല്‍) തൊലിക്കടിയിലെ കുത്തിവെക്കലിന് മരുന്ന് ആവശ്യമുള്ളൂ.
വാക്‌സിന്റെ തത്വം
1800-ന്റെ രണ്ടാംപാതിയില്‍ ഫ്രഞ്ച് സൂക്ഷ്മജീവി ശാസ്ത്രജ്ഞനായ ലൂയി പാസ്റ്ററും പിന്നീട് ജര്‍മന്‍ ഭിഷഗ്വരനായ റോബര്‍ട്ട് കോക്കും നടത്തിയ പഠനങ്ങളാണ് ‘രോഗാണുസിദ്ധാന്തം’ മുന്നോട്ടുവെച്ചത്. കോക്കിനെ 1905ലെ നൊബേല്‍ സമ്മാനം തേടിയെത്തിയെന്നതില്‍ അത്ഭുതപ്പെടാനില്ല. എന്നാല്‍ ആദ്യ നൊബേല്‍ സമ്മാനം പ്രഖ്യാപിക്കുന്നതിന് ആറു വര്‍ഷം മുമ്പ്, 1895ല്‍ പാസ്റ്റര്‍ മരിച്ചുപോയതിനാല്‍, പേവിഷബാധ വാക്‌സിന്റെ ഉപജ്ഞാതാവു കൂടിയായ അദ്ദേഹത്തിന് ആ ഭാഗ്യമുണ്ടായില്ലെന്നു മാത്രം.
രോഗാണുക്കളെ വകവരുത്താന്‍ രോഗാണുക്കളെത്തന്നെ പ്രയോജനപ്പെടുത്തുക എന്നതാണ് വാക്‌സിനേഷന്റെ തത്വം. ശ്വേതരക്താണുക്കളെ രോഗാണുക്കള്‍ക്കെതിരെ പടപൊരുതാന്‍ നേരത്തെത്തന്നെ സജ്ജമാക്കിവെക്കുകയാണ് പ്രതിരോധ മരുന്നുകളുടെ ധര്‍മം. ആന്റിജനുകളെ തിരിച്ചറിയാന്‍ രക്തത്തിലെ ലിംഫോസൈറ്റുകള്‍ക്ക് കഴിവുണ്ട്. ടി-കോശങ്ങള്‍ അഥവാ ടി-ലിംഫോസൈറ്റുകള്‍, ബി-കോശങ്ങള്‍ അഥവാ ബി-ലിംഫോസൈറ്റുകള്‍ എന്നിവ യുദ്ധസന്നാഹങ്ങളൊരുക്കി എപ്പോഴും രോഗാണുക്കളെ നേരിടാന്‍ തയ്യാറായിരിപ്പുണ്ട്.
ജീവനുള്ളവയും ജീവനില്ലാത്തവയുമായ രോഗാണുക്കളെ വാക്‌സിന്‍ ഉല്‍പാദനത്തിനായി പ്രയോജനപ്പെടുത്താറുണ്ട്. പേവിഷബാധക്കെതിരെയുള്ള റാബീസ് വാക്‌സിനുകളിലും പിള്ളവാതത്തിനെതിരെയുള്ള സാല്‍ക്ക് വാക്‌സിനുകളിലും മൃതപ്രായമായ അണുക്കളെയാണ് സ്വീകരിക്കുന്നത്. ശരീരത്തിന്റെ സ്വയംപ്രതിരോധതന്ത്രത്തിനാണല്ലോ വാക്‌സിനുകള്‍ ശക്തി പകരുന്നത്.
റാബീസിന് രണ്ടു തരം വാക്‌സിനുകളുണ്ട്. നെര്‍വ് ടിഷ്യൂ വാക്‌സിനും സെല്‍ കള്‍ചര്‍ വാക്‌സിനും. ലോകാരോഗ്യ സംഘടന ഏറ്റവും ഫലപ്രദവും കാര്യക്ഷമവുമായ വാക്‌സിനായി നിര്‍ദേശിക്കുന്നത് സെല്‍ കള്‍ചര്‍ വാക്‌സിനാണ്. പേശികളില്‍ കുത്തിവെക്കുന്ന വാക്‌സിനുകളേക്കാള്‍ എന്തുകൊണ്ടും ഫലപ്രദം തൊലിക്കടിയില്‍ കുത്തിവെക്കുന്ന വാക്‌സിനുകളാണെന്നും പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു. വാക്‌സിന്റെ അളവ് കുറയ്ക്കാമെന്നതും ഇതിന്റെ മേന്മയാണ്.
സുപ്രിംകോടതി കനിയുമോ?
‘കേരളത്തിലെ തെരുവുനായ പ്രശ്‌നത്തിന് പരിഹാരം കണ്ടേ മതിയാവൂ’ എന്ന് സപ്തംബര്‍ 9-ന് കേസ് പരിഗണിച്ചപ്പോള്‍ സുപ്രിംകോടതി വ്യക്തമാക്കി. പേവിഷബാധയേറ്റുള്ള വാര്‍ത്തകള്‍ കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ചത് ശ്രദ്ധയില്‍ പെട്ടപ്പോഴാണ് കേസ് 9-ന് പരിഗണിച്ചത്. കേരളം ‘ഗോഡ്‌സ് ഓണ്‍ കണ്‍ട്രി’യില്‍ നിന്ന് ‘ഡോഗ്‌സ് ഓണ്‍ കണ്‍ട്രി’യായി മാറിയെന്ന് സാബു സ്റ്റീഫന്‍ നല്‍കിയ ഹര്‍ജിയില്‍ അഡ്വ. വി കെ ബിജു കുറ്റപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലും കൂടിയാണ് കേസ് പെട്ടെന്നു തന്നെ പരിഗണിച്ചത്. സംസ്ഥാനത്ത് അഞ്ചുവര്‍ഷത്തിനിടെ പത്തുലക്ഷത്തിലേറെ പേരെയാണ് തെരുവുനായ്ക്കള്‍ ആക്രമിച്ചതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. കൂലിപ്പണിക്കാര്‍, സ്‌കൂള്‍കുട്ടികള്‍, സ്ത്രീകള്‍ എന്നിവരാണ് കൂടുതലും ആക്രമണത്തിന് ഇരയാകുന്നത് എന്ന വസ്തുതയും അദ്ദേഹം ഹര്‍ജിയില്‍ ബോധിപ്പിച്ചിരുന്നു. കേരളത്തിലെ തെരുവുനായ പ്രശ്‌നത്തില്‍ ഇടപെടാനായി സുപ്രിംകോടതി 2016-ല്‍ നിയോഗിച്ച ജസ്റ്റിസ് സിരിജഗന്‍ സമിതിയോട് ഇപ്പോഴത്തെ സ്ഥിതി ചോദിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
‘ഞാനും പട്ടികളെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. പട്ടികളെ വളര്‍ത്തുകയും ചെയ്യുന്നുണ്ട്. എന്നാല്‍ കേരളത്തിലെ പ്രശ്‌നത്തിന് അടിയന്തിര പരിഹാരം കാണേണ്ടതുണ്ട്’-ബെഞ്ചിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് സഞ്ജീവ് ഖന്ന അഭിപ്രായപ്പെട്ടു. പേബാധ സ്ഥിരീകരിച്ചതും അക്രമകാരികളായതുമായ തെരുവുനായകളെ കേന്ദ്രചട്ടങ്ങള്‍ പാലിച്ച് കൊന്നുകൂടെ എന്ന് സുപ്രിംകോടതി ചോദിച്ചു. സപ്തംബര്‍ 28ന് ഇതു സംബന്ധിച്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്നും സുപ്രിംകോടതി വ്യക്തമാക്കി.
സുപ്രിംകോടതി വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി കാര്യക്ഷമമായ തീരുമാനമെടുക്കുകയും ഭരണാധികാരികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്താലേ പേവിഷബാധപ്പേടിയില്‍ നിന്നും ദാരുണ മരണങ്ങളില്‍ നിന്നും കേരളത്തെ കരകയറ്റാനാവൂ.