ആര്‍ പി അഹമ്മദ്കുട്ടി ഹാജി
വി കെ ജാബിര്‍
പൂനൂര്‍: പൗരപ്രമുഖനും പൊതുപ്രവര്‍ത്തകനും മുജാഹിദ് കാരണവരുമായിരുന്ന ആര്‍ പി അഹമ്മദ്കുട്ടി ഹാജി (97) അന്തരിച്ചു. ഇരുപത് വര്‍ഷത്തോളം ഉണ്ണികുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിന്റായിരുന്നു. പൂനൂര്‍ ഗവ. മാപ്പിള യു.പി സ്‌കൂളിന് സ്ഥലം നല്‍കിയ അദ്ദേഹം പൂനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കൊണ്ടുവരുന്നതില്‍ മുഖ്യ പങ്കുവഹിക്കുകയും സ്‌കൂള്‍ കെട്ടിടം നിര്‍മിച്ചു നല്‍കുകയും ചെയ്തു. പൂനൂരില്‍ പോസ്റ്റ് ഓഫിസ് കൊണ്ടുവരുന്നതിന് നേതൃത്വം നല്‍കിയ അദ്ദേഹം ടൗണിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അസ്തിവാരമിട്ടു. മങ്ങാട് ജുമാ മസ്ജിദ്, പൂനൂര്‍ മസ്ജിദുല്‍ മുജാഹിദീന്‍, കോളിക്കല്‍ മഹല്ല് ജുമാ മസ്ജിദ്, കോളിക്കല്‍ സലഫി മസ്ജിദ് തുടങ്ങിയ സ്ഥാപനങ്ങളുടെ മുതവല്ലിയും പ്രസിഡന്റുമായിരുന്നു. പൂനൂര്‍ (മഠത്തുംപൊയില്‍) മഹല്ല് മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ്, മുബാറക് മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ്, ജെ ടി ഐ ട്രസ്റ്റ് ചെയര്‍മാന്‍ തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. പൂനൂര്‍ കള്‍ച്ചറല്‍ സൊസൈറ്റി, എം ഇ എസ് എന്നീ സാമൂഹിക വിദ്യാഭ്യാസ സംഘടനകളില്‍ ആജീവനാന്ത മെമ്പറായിരുന്നു. പ്രദേശത്തിന്റെ വികസനപ്രവര്‍ത്തനങ്ങളില്‍ നേരിട്ടിടപെട്ട അദ്ദേഹം ഇസ്‌ലാഹി പ്രസ്ഥാനത്തിന് പൂനൂര്‍ പ്രദേശത്ത് വേരു പടര്‍ത്തുന്നതില്‍ നേതൃപരമായ പങ്കുവഹിച്ചു. സൗജന്യമായി സ്ഥലം നല്‍കിയതിനൊപ്പം മുബാറക് സ്ഥാപനങ്ങളുടെ വളര്‍ച്ചയില്‍ അദ്ദേഹം വലിയ ഊര്‍ജം പകര്‍ന്നു കൂടെ നിന്നു.
പൂനൂരില്‍ നടന്ന വാദപ്രതിവാദങ്ങളില്‍ മുജാഹിദ് പക്ഷത്തിനു വേണ്ടി സജീവമായി പങ്കു കൊണ്ടു. ആദ്യകാലത്ത് ഇസ്‌ലാഹി പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണങ്ങളുണ്ടായപ്പോള്‍ ധൈര്യം പകര്‍ന്നത് ആര്‍ പിയുടെ പിന്തുണ കൂടിയായിരുന്നു. സൗമ്യപ്രകൃതക്കാരനും സരസനും ക്രാന്ത ദര്‍ശിയുമായ അദ്ദേഹം കക്ഷി രാഷ്ട്രീയ മത ഭേദമെന്യെ ആളുകള്‍ക്ക് സ്വീകാര്യനായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വീട് ആദ്യകാലത്ത് പ്രാദേശിക തര്‍ക്കങ്ങള്‍ ഒത്തുതീര്‍ക്കുന്ന കോടതി പഞ്ചായത്തായി പ്രവര്‍ത്തിച്ചിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് സിവില്‍ സ്‌റ്റേഷനു സമീപത്തായിരുന്നു അവസാന നാളുകളില്‍ താമസം. പരേതയായ കുറ്റ്യാടി വരപ്പുറത്ത് വി കെ കുഞ്ഞി കദീജയാണ് ഭാര്യ. മക്കള്‍: സുബൈദ, സുഹറ, സൈദ, സോഫിയ, പരേതയായ സാറ. അല്ലാഹു പരേതന് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ (ആമീന്‍)