22 Sunday
December 2024
2024 December 22
1446 Joumada II 20

ആര്‍ എ ഹംസ മാസ്റ്റര്‍

സാദിഖ് അസീസ്


എറണാകുളം: കൊച്ചിയിലെ മത സാംസ്‌കാരിക രംഗത്ത് നിറഞ്ഞുനിന്നിരുന്ന ആര്‍ എ ഹംസ മാസ്റ്റര്‍ നിര്യാതനായി. കര്‍മോത്സുകതയുടെ പ്രതീകവും സമര്‍പ്പണത്തിന്റെ പര്യായവുമായിരുന്നു മാഷിന്റെ ജീവിതം. ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ സന്ദേശം കൊച്ചിയിലെത്തിയ ആദ്യനാളുകളില്‍ തന്നെ ഹംസ മാസ്റ്റര്‍ അതില്‍ ആകൃഷ്ടനായിരുന്നു.
പ്രസ്ഥാനത്തെ നന്നായി പഠിച്ചുള്‍ക്കൊണ്ട അദ്ദേഹം അക്കാലത്തുണ്ടായിരുന്ന എല്ലാവിധ ബുദ്ധിമുട്ടുകളെയും അതിജീവിച്ചു ഉറച്ചുനിന്നു. താനുള്‍ക്കൊണ്ട ആദര്‍ശം മറ്റുള്ളവരുടെ മുന്നില്‍ സമര്‍ഥിക്കാനും പ്രാപ്തനായിരുന്നു അദ്ദേഹം. നീണ്ട മൂന്നര പതിറ്റാണ്ടുകാലം കെ എന്‍ എം കൊച്ചി മണ്ഡലം സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു.
ഫോര്‍ട്ടുകൊച്ചി കല്‍വത്തി ഗവ. ഹൈസ്‌കൂള്‍ പ്രധാനാധ്യാപകനായി 1995-ല്‍ വിരമിച്ച അദ്ദേഹം, മരണം വരെ മുഴുസമയ പ്രവര്‍ത്തകനും ഉപദേശിയും മാര്‍ഗദര്‍ശിയുമായി നിലകൊണ്ടു. മട്ടാഞ്ചേരി പുതിയ പള്ളി കേന്ദ്രീകരിച്ച് കെ ഉമര്‍ മൗലവി നടത്തിയ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടായി ഹംസ മാസ്റ്റര്‍ ഉണ്ടായിരുന്നു. ‘ഓര്‍മ്മകളുടെ തീരത്ത്’ എന്ന പുസ്തകത്തില്‍ ഉമര്‍ മൗലവി ഹംസ മാസ്റ്ററെ അനുസ്മരിക്കുന്നുണ്ട്.
എതിര്‍പ്പിന്റെ കൊടുംകാറ്റ് യഥാസ്ഥിതിക വിഭാഗങ്ങള്‍ ഉയര്‍ത്തിയപ്പോള്‍ അതിനെയൊക്കെ അദ്ദേഹം അവഗണിച്ചു. മതരാഷ്ട്രവാദത്തെയും അന്ധവിശ്വാസങ്ങളെയും തുറന്നെതിര്‍ത്തതിനാല്‍ നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നു. പാണ്ടികുടിയിലെ വീട്ടില്‍ താമസിക്കുമ്പോള്‍ ഉമ്മര്‍ മൗലവി സ്ഥിരമായ അതിഥിയായിരുന്നു. ദീനും ദുനിയാവും, മതരാഷ്ട്രവാദം, ഇസ്തിഗാസ തുടങ്ങി നീണ്ട ചര്‍ച്ചകള്‍ക്ക് അന്ന് വീട് വേദിയായി.
പ്രസ്ഥാനം ഛിന്നഭിന്നമാവുന്നത് അദ്ദേഹം ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. സി പി യെ പോലുള്ള പണ്ഡിതന്മാര്‍ക്കെതിരെ ആദര്‍ശവ്യതിയാനം ഉന്നയിച്ചത് അദ്ദേഹത്തിന് അംഗീകരിക്കാനാവുമായിരുന്നില്ല. സാമ്പത്തികമായ കാര്യങ്ങളില്‍ അദ്ദേഹം കണിശത പുലര്‍ത്തി. അല്ലാഹു പരേതന് സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ. (ആമീന്‍)

Back to Top