9 Monday
September 2024
2024 September 9
1446 Rabie Al-Awwal 5

ഖുത്ബിയ്യത്ത് ബെയ്ത്തും ജീലാനിയുടെ പ്രസ്താവനകളും

പി കെ മൊയ്തീന്‍ സുല്ലമി


റബീഉല്‍ ആഖിര്‍ മാസത്തിലാണ് ശൈഖ് അബ്ദുല്‍ഖാദിര്‍ ജീലാനി അഥവാ മുഹ്‌യിദ്ദീന്‍ ശൈഖിന്റെ ജനനം. ജീലാന്‍ അദ്ദേഹത്തിന്റെ ജന്മനാടാണ്. നബി(സ)യുടെ ജന്മദിനത്തില്‍ യാഥാസ്ഥിതികര്‍ പാരായണം ചെയ്യാറുള്ളത് മന്‍ഖൂസ് മൗലിദാണെങ്കില്‍ ജീലാനി ദിനത്തില്‍ ഖുത്ബിയ്യത്ത് ബെയ്ത്താണ്. മന്‍ഖൂസ് മൗലിദിനെക്കാള്‍ അപകടം പിടിച്ചതാണ് പ്രസ്തുത ബെയ്ത്ത്. ചില ഉദാഹരണങ്ങള്‍ നോക്കാം.
”പ്രവാചകന്മാരുടെ മുഅ്ജിസത്തുകള്‍ പോലെ എത്ര കറാമത്തുകളാണ് താങ്കളില്‍ നിന്നും വെളിപ്പെട്ടിട്ടുള്ളത്. ദീനിനെ ഹയാത്താക്കുന്നവരേ, അല്ലാഹു പോലും താങ്കളെ അപ്രകാരം വിളിച്ചിരിക്കുന്നു.” (ഖുത്ബിയ്യത്ത്, പേജ് 212). ഇതില്‍ മൂന്ന് അബദ്ധങ്ങളുണ്ട്. ഒന്ന്, ശൈഖിന് കറാമത്തുകള്‍ വെളിപ്പെട്ടു എന്നതിന് യാതൊരു രേഖയും ഖുര്‍ആനിലോ സുന്നത്തിലോ ഇല്ല. അത് ഉണ്ടാകാന്‍ സാധ്യതയുമില്ല. കാരണം ശൈഖിന്റെ ജനനം ഹിജ്‌റ 400നു ശേഷമാണ്.
രണ്ട്, മുഅ്ജിസത്തും കറാമത്തും ഒന്നല്ല. നബി(സ)യുടെ മുഅ്ജിസത്തുകള്‍ക്ക് ഖുര്‍ആനിലും സുന്നത്തിലും വ്യക്തമായ തെളിവുകളുണ്ട്. പ്രവാചകന്മാരുടെ മുഅ്ജിസത്തുകള്‍ പോലും പരസ്പരം വ്യത്യാസപ്പെട്ടതാണ് എന്നാണ് ശൈഖ് രേഖപ്പെടുത്തിയത്. ”ഒരു പ്രവാചകനും അല്ലാഹു മറ്റൊരു പ്രവാചകന് നല്‍കിയ മുഅ്ജിസത്ത് നല്‍കിയിട്ടില്ല.” (അല്‍ഗുന്‍യ 1:75). മുഅ്ജിസത്തും കറാമത്തും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് ശൈഖ് രേഖപ്പെടുത്തുന്നു: ”ഒരു വ്യക്തി അല്ലാഹുവിന്റെ വലിയ്യാകാനുള്ള നിബന്ധന കറാമത്തുകള്‍ മറച്ചുവെക്കുകയെന്നതാണ്. പ്രവാചകത്വത്തിന്റെയും രിസാലത്തിന്റെയും നിബന്ധന മുഅ്ജിസത്തുകള്‍ പ്രകടിപ്പിക്കുകയെന്നതുമാണ്.” (അല്‍ഗുന്‍യ 2:163).
മൂന്ന്, അല്ലാഹു അദ്ദേഹത്തെ ‘ഹേ, ദീനിനെ ജീവിപ്പിക്കുന്നവനേ’ എന്ന് വിളിച്ചു എന്നാണ്. അത് എവിടെയാണ് പറഞ്ഞത്? ഖുര്‍ആനിലുണ്ടോ? സുന്നത്തിലുണ്ടോ? അല്ലാഹുവിന്റെ മേല്‍ കളവ് ആരോപിക്കല്‍ എന്തുമാത്രം കുറ്റകരമാണ്. അല്ലാഹു പറയുന്നു: ”അല്ലാഹുവിന്റെ മേല്‍ കളവ് ആരോപിക്കുകയോ അല്ലാഹുവിന്റെ വചനത്തെ കളവാക്കുകയോ ചെയ്യുന്നുവനെക്കാള്‍ അക്രമിയായി ആരാണുള്ളത്?” (അഅ്‌റാഫ് 37)
ഖുത്ബിയ്യത്തിലെ മറ്റൊരു ഉദ്ധരണി നോക്കുക: ”എല്ലാ ദൂതന്മാരും ദുനിയാവിനോട് വിരക്തി നേടിയവരും ത്യാഗികളും താങ്കളെ ‘ഹേ, ദീനിന് ജീവന്‍ നല്‍കുന്ന ഏറ്റവും വലിയ സഹായി’ എന്ന് വിളിച്ചു കൊണ്ടിരിക്കുന്നു.” (പേജ് 212).
അല്ലാഹുവിന്റെ റസൂലും സ്വഹാബത്തും താബിഉകളും മുഹ്‌യുദ്ദീന്‍ ശൈഖിനെ(റ) ഏറ്റവും വലിയ സഹായി എന്ന് വിളിക്കാന്‍ സാധ്യതയില്ല. കാരണം അവരുടെയൊക്കെ മരണശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞതിനു ശേഷമാണല്ലോ ശൈഖിന്റെ ജനനം. അവരൊക്കെ ആപല്‍ഘട്ടത്തില്‍ വിളിച്ചു തേടിയത് അല്ലാഹുവിനെ മാത്രമാണ്. അത് ഖുര്‍ആനിലും ഹദീസിലും വന്നിട്ടുള്ളതുമാണ്. നബി(സ)യും സ്വഹാബത്തും അവരുടെ മുമ്പ് കഴിഞ്ഞു പോയ ഒരു പ്രവാചകനോടും സഹായം തേടിയിരുന്നില്ല. അല്ലാഹു പറയുന്നു: ”നിങ്ങള്‍ നിങ്ങളുടെ റബ്ബിനോട് സഹായം തേടിയിരുന്ന സന്ദര്‍ഭം.” (അന്‍ഫാല്‍ 9)
നബി(സ)യും സ്വഹാബത്തും ബദ്‌റില്‍ വെച്ച് അല്ലാഹുവോട് സഹായം തേടിയിരുന്ന സന്ദര്‍ഭത്തെക്കുറിക്കുന്നതാണ് മേല്‍വചനം. മുന്‍ കഴിഞ്ഞുപോയ എല്ലാ സത്യവിശ്വാസികളും മനുഷ്യകഴിവില്‍ പെടാത്ത കാര്യങ്ങള്‍ അല്ലാഹുവോടാണ് തേടിയിരുന്നത്. സത്യവിശ്വാസികളായ മാതാപിതാക്കള്‍ തന്റെ മകന്റെ വഴിപിഴവില്‍ അല്ലാഹുവോട് സഹായം തേടിയിരുന്നതായി ഖുര്‍ആനില്‍ കാണാന്‍ കഴിയും. ”അവര്‍ (മാതാപിതാക്കള്‍) അല്ലാഹുവോട് സഹായം തേടുകയുണ്ടായി” (അഹ്ഖാഫ് 17). കളവുകള്‍ എഴുതുന്നവര്‍ക്ക് എന്തുമാവാം.
അല്ലാഹു പോലും അബ്ദുല്‍ഖാദിര്‍ ജീലാനിയോട് സഹായം തേടിയിരുന്നുവെന്ന് മുഹ്‌യുദ്ദീന്‍ മാലയില്‍ കാണാം. അതിപ്രകാരമാണ്: ‘യാ ഗൗസുല്‍ അഅ്‌ളം എന്ന് അല്ലാഹ് വിളിച്ചോവര്‍’ (പേ 228). അല്ലാഹു അദ്ദേഹത്തെ വിളിച്ചു സഹായം തേടി എന്നാണ് മേല്‍വരിയുടെ താല്പര്യം. അല്ലാഹു എപ്പോഴാണ് വിളിച്ചതെന്നോ എന്തിനാണ് വിളിച്ചതെന്നോ എന്നതിനൊന്നും യാതൊരു രേഖയുമില്ല.
ഖുത്ബിയ്യത്ത് ബൈതില്‍ പറഞ്ഞ മറ്റു ചില വരികളുടെ ആശയം ഇപ്രകാരമാണ്: ”ശരിയായ മനക്കരുത്തോടെ മുഹ്‌യിദ്ദീന്‍ ശൈഖിനെ ഒറ്റക്കിരുന്ന് 12 റക്അത്ത് വിനയത്തോടെ ഫാതിഹയും സൂറത്തുല്‍ ഇഖ്‌ലാസും ഓതി നമസ്‌കരിച്ചതിനുശേഷം ആയിരം വട്ടം വിളിക്കുന്ന പക്ഷം അവന്റെ പ്രാര്‍ഥനയ്ക്ക് ക്ഷണത്തില്‍ തന്നെ ഞാന്‍ ഉത്തരം നല്‍കുന്നതാണ്.” (പേജ് 213)
പ്രാര്‍ഥന ഇബാദത്താണ്. അത് അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാണ്. അല്ലാഹു പറയുന്നു: ”എന്നോട് നിങ്ങള്‍ പ്രാര്‍ഥിക്കുക. നിങ്ങള്‍ക്ക് ഞാന്‍ ഉത്തരം നല്‍കും. നിശ്ചയം, എനിക്ക് ഇബാദത്തെടുക്കാന്‍ അഹങ്കരിക്കുന്നവര്‍ നിന്ദ്യരായി നരകത്തില്‍ പ്രവേശിക്കുന്നതാണ്.” (ഗാഫിര്‍ 60). അല്ലാഹു അല്ലാത്തവരോട് തേടല്‍ ശിര്‍ക്കാണ്. അല്ലാഹു പറയുന്നു: ”നബിയേ പറയുക: ഞാന്‍ എന്റെ റബ്ബിനെ മാത്രമേ വിളിച്ചു പ്രാര്‍ഥിക്കുകയുള്ളൂ. അവനോട് യാതൊരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല.” (ജിന്ന് 20)
ഖുത്ബിയ്യത്ത് നമസ്‌കാരം എന്നൊരു കര്‍മം ഇസ്‌ലാമില്‍ ഇല്ല. അത് ശൈഖിന്റെ പൊരുത്തം കിട്ടാന്‍ ചിലര്‍ നിര്‍വഹിക്കുന്ന നമസ്‌കാരമാണ്. അത്തരം ആരാധനാ കര്‍മങ്ങള്‍ ഇസ്‌ലാമില്‍ ശിര്‍ക്കാണ്. അല്ലാഹു പറയുന്നു: ”വല്ലവനും തന്റെ രക്ഷിതാവിനെ കണ്ടുമുട്ടണം എന്നാഗ്രഹിക്കുന്ന പക്ഷം അവന്‍ സല്‍കര്‍മം പ്രവര്‍ത്തിക്കുകയും തന്റെ റബ്ബിനുള്ള ആരാധനയില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്തുകൊള്ളട്ടെ.” (കഹ്ഫ് 110)
ഖുത്ബിയ്യത്തില്‍ പറഞ്ഞത് ആയിരംപ്രാവശ്യം ഒറ്റക്കിരുന്ന് പ്രാര്‍ഥിച്ചെങ്കിലേ ശൈഖ് ഉത്തരം നല്‍കൂ എന്നാണ്. എന്നാല്‍ മുഹ്‌യിദ്ദീന്‍മാലയില്‍ പറഞ്ഞത് അതിന് വിരുദ്ധമാണ്. ”ബല്ലേ നിലത്തിന്നും യെന്നെ വിളിപ്പോര്‍ക്ക് ബായ്കൂടാ ഉത്തിരം ചെയ്യും ഞാനെന്നോവര്‍.” (പേ. 230). ഒരു പ്രാവശ്യം വിളിച്ചാല്‍ വായ പൂട്ടുന്നതിന് മുമ്പ ഉത്തരം ചെയ്യും എന്നാണ് മാലയില്‍ പറഞ്ഞത്. അത് അല്ലാഹുപോലും പറഞ്ഞിട്ടില്ല.
പ്രാര്‍ഥന സ്വീകരിക്കുന്നതിനു അല്ലാഹു ചില നിബന്ധനകള്‍ വെച്ചിട്ടുണ്ട്. ശൈഖിനെ അല്ലാഹുവെക്കാള്‍ ഉയര്‍ത്തിക്കാണിക്കലാണ് ലക്ഷ്യം. ഖുത്ബിയ്യത്ത് ബെയ്ത്തിന്റെ നിര്‍മാതാവ് തമിഴ്‌നാട്ടിലെ കായല്‍പട്ടണം സ്വദേശി സ്വദഖത്തുല്ലാഹില്‍ ഖാഹിരിയാണ്. മുഹ്‌യിദ്ദീന്‍ മാലയുടെ രചയിതാവ് കോഴിക്കോട്ടുകാരന്‍ ഖാദി മുഹമ്മദുമാണ്. ഇവര്‍ രണ്ടുപേരും രേഖപ്പെടുത്തിയത് അടിസ്ഥാനമില്ലാത്ത വസ്തുതകളാണ്. ഇക്കാര്യം ശൈഖിന്റെ ഗ്രന്ഥങ്ങള്‍ പരിശോധിച്ചാല്‍ ബോധ്യപ്പെടും. ”അല്ലാഹു അരുളി: നിങ്ങള്‍ അല്ലാഹുവോട് അവന്റെ അനുഗ്രഹത്തില്‍ നിന്നും തേടുക”. അല്ലാഹു അരുളി: ”നിങ്ങള്‍ അല്ലാഹുവെ കൂടാതെ ആരോട് വിളിച്ചു തേടുന്നുവോ അവരാരും തന്നെ നിങ്ങള്‍ക്ക് ഭക്ഷണം ഉടമപ്പെടുത്തുന്നില്ല.” നിങ്ങള്‍ അല്ലാഹുവോട് രിസ്ഖിനെ തേടുക. പരമപരിശുദ്ധനായ അല്ലാഹു അരുളി: ”എന്റെ അടിമകള്‍ എന്നെക്കുറിച്ച് താങ്കളോട് ചോദിച്ചാല്‍ ഞാന്‍ അടുത്തവനാണ്. എന്നോട് പ്രാര്‍ഥിക്കുന്നവന്റെ പ്രാര്‍ഥനയ്ക്ക് ഞാന്‍ ഉത്തരം നല്‍കുന്നതുമാണ്.” അല്ലാഹു പറയുന്നു: ”നിങ്ങള്‍ എന്നോട് പ്രാര്‍ഥിക്കുക, നിങ്ങള്‍ക്ക് ഞാന്‍ ഉത്തരം നല്‍കുന്നതാണ്.” (ഫത്ഹുല്‍ഗൈബ് പേജ് 50).
”ഈമാനിന്റെ ദുര്‍ബലത കൊണ്ടും അല്ലാഹുവെ സംബന്ധിച്ച അറിവില്ലായ്മ നിമിത്തവും അറിവിന്റെയും മനസ്സുറപ്പിന്റെയും ക്ഷമയുടെയും പോരായ്മ കൊണ്ടും മാത്രമാണ് ചില മനുഷ്യര്‍ മനുഷ്യരെ വിളിച്ചു തേടുന്നത്. അല്ലാഹുവെ സംബന്ധിച്ച അറിവിന്റെ പൂര്‍ണത കൊണ്ടും ഈമാനിന്റെയും മനസ്സുറപ്പിന്റെയും ബലം കൊണ്ടും മാത്രമാണ് ചിലര്‍ അത്തരം തേട്ടങ്ങളില്‍ നിന്നും വിട്ടു നില്ക്കുന്നത്.” (ഫത്ഹുല്‍ഗൈബ്, പേജ് 104)
അല്ലാഹു അല്ലാത്ത ശക്തികളെ വിളിച്ചുതേടല്‍ ശിര്‍ക്കാണെന്നും ശൈഖ് പഠിപ്പിച്ചു. ”നീ പരീക്ഷണ ഘട്ടത്തില്‍ ഒരു സൃഷ്ടിയോടും നിന്റെ വിഷമത്തെ സംബന്ധിച്ച് ആവലാതിപ്പെടരുത്. നീ നിന്റെ മനസ്സില്‍ നിന്റെ റബ്ബിനെ സംബന്ധിച്ച് (സഹായിക്കുകയില്ല) എന്ന നിലയില്‍ തെറ്റിദ്ധരിക്കരുത്. നീ നിന്റെ മനസ്സുകൊണ്ട് പോലും (സഹായം അപേക്ഷിച്ച്) ഒരു സൃഷ്ടിയിലേക്കും കടന്നുചെല്ലരുത്. അതൊക്കെ ശിര്‍ക്കില്‍ പെട്ടതാണ്. നമുക്ക് ഉപകാരവും ഉപദ്രവവും വരുത്തുന്നതും നമുക്ക് വരുന്ന ഉപദ്രവങ്ങള്‍ തടുക്കുന്നതും നമ്മോട് പ്രതികാരം ചെയ്യുന്നതും നമ്മെ പരീക്ഷിക്കുന്നതും അല്ലാഹു മാത്രമാണ്. അതിനാല്‍ രഹസ്യമായോ പരസ്യമായോ അല്ലാഹു അല്ലാത്ത ശക്തികളോട് സഹായം തേടുന്നതില്‍ വ്യാപൃതനാകരുത്. അവര്‍ക്കൊന്നും തന്നെ അല്ലാഹുവിങ്കല്‍ നിന്നും യാതൊന്നും തന്നെ നിനക്ക് നേടിത്തരാന്‍ സാധ്യവുമല്ല. അവനോട് മാത്രം ഇസ്തിഗാസ(സഹായം തേടല്‍) നിനക്ക് നിര്‍ബന്ധവുമാണ്.” (ഫത്ഹുല്‍ ഗൈബ്, പേജ് 137).
ഫത്ഹുര്‍റബ്ബാനിയില്‍ രേഖപ്പെടുത്തുന്നു: ”നീ എങ്ങനെ ലാഇലാല ഇല്ലല്ലാഹ് ഉരുവിടും? നിന്റെ മനസ്സില്‍ എത്ര ദൈവങ്ങളാണുള്ളത്? അല്ലാഹുവിന് പുറമെ നിന്നെ രക്ഷിക്കുമെന്ന് നീ വിശ്വസിക്കുകയും അവലംബമാക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന എല്ലാ ശക്തികളും നിന്റെ വിഗ്രഹങ്ങളാണ്. മനസ്സില്‍ ശിര്‍ക്കു വെച്ചുകൊണ്ട് നാക്കുകൊണ്ട് തൗഹീദ് ഉരുവിടുന്നത് നിനക്ക് പ്രയോജനം ചെയ്യുന്നതല്ല.” (പ്രസംഗം 38).
അല്ലാഹു അല്ലാത്ത ശക്തികളെ വിളിച്ചു തേടാന്‍ കല്പിക്കുന്ന പണ്ഡിതന്മാരെ അദ്ദേഹം നിശിതമായി വിമര്‍ശിക്കുന്നുണ്ട്: ”തീര്‍ച്ചയായും നിങ്ങളുടെ പണ്ഡിതന്മാരെ ഞാന്‍ ജാഹിലുകളായി കാണുന്നു. ഭക്തന്മാര്‍ ദുനിയാവിനെ തേടുന്നവരുമാണ്. അവര്‍ അല്ലാഹുവിനെ മറന്നുകളയുന്നവരുമാണ്. അല്ലാഹു അല്ലാത്ത ശക്തികളില്‍ വിശ്വാസമര്‍പ്പിക്കല്‍ ശാപത്തിന് കാരണമായിത്തീരും. നബി(സ) ഇപ്രകാരം പറയുകയുണ്ടായി: ഒരാള്‍ തന്നെപ്പോലുള്ള ഒരു സൃഷ്ടിയിലാണ് (സഹായം തേടുന്നതില്‍) വിശ്വാസമര്‍പ്പിക്കുന്നതെങ്കില്‍ അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു.” (ഫത്ഹുര്‍റബ്ബാനി, പ്രസംഗം 38)
മരണസന്ദര്‍ഭത്തില്‍ ശൈഖ് മകന്‍ അബ്ദുല്‍വഹ്ഹാബിനോട് ചെയ്ത വസ്വിയ്യത്ത് ശ്രദ്ധിക്കുക: ”എല്ലാ കാര്യങ്ങളും നീ അല്ലാഹുവില്‍ ഭരമേല്പിക്കണം. അവനോട് മാത്രം തേടുകയും വേണം. അല്ലാഹു ഒഴികെയുള്ള ഒരു ശക്തിയിലും നീ വിശ്വാസമര്‍പ്പിക്കുകയോ അവലംബമാക്കുകയോ ചെയ്യരുത്. അല്ലാഹുവെ മാത്രം അവലംബമാക്കുക. തൗഹീദ്, തൗഹീദ്, തൗഹീദ്.” (ഫത്ഹുര്‍റബ്ബാനി പേജ് 302)

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x