10 Monday
March 2025
2025 March 10
1446 Ramadân 10

ഖുര്‍ആനിലെ വര്‍ണപഴങ്ങളും മഴവില്ലു പര്‍വതങ്ങളും

ടി പി എം റാഫി


ചൈനയിലും പെറുവിലും ഭൂമിയിലെ മറ്റ് അപൂര്‍വ ഇടങ്ങളിലും കാണുന്ന മഴവില്ലഴകുള്ള പര്‍വതങ്ങള്‍ എങ്ങനെ രൂപം കൊണ്ടതാണ്? ആ പര്‍വതങ്ങളില്‍ വ്യത്യസ്ത വര്‍ണപാളികള്‍ ഉണ്ടാകാനുള്ള കാരണമെന്താണ്?
പാറകള്‍ രൂപപ്പെടുമ്പോഴുള്ള അതിലെ വ്യത്യസ്ത ധാതുക്കളുടെ സാന്നിധ്യമാണ് പര്‍വതങ്ങള്‍ക്ക് നിറഭേദങ്ങള്‍ നല്‍കുന്നത്. ഒരു പര്‍വതത്തില്‍ തന്നെ ഓരോ സെഡിമെന്ററി പാളിയിലും ഓരോ തരം ധാതുക്കള്‍ ചിലപ്പോള്‍ കാണാറുണ്ട്. വ്യത്യസ്ത ധാതുക്കള്‍ സൂര്യപ്രകാശത്തിലെ വ്യത്യസ്ത തരംഗദൈര്‍ഘ്യങ്ങളെ ആഗിരണം ചെയ്യുകയും പുറത്തുവിടുകയും ചെയ്യും. പാളികളുടെ നിറം നിര്‍ണയിക്കുന്നത് ധാതുക്കളിലെ രാസസംയുക്തങ്ങളുടെ ഈ സ്വഭാവമാണ്. ഉദാഹരണത്തിന്, ചുവപ്പും ഓറഞ്ചും നിറങ്ങള്‍ സൃഷ്ടിക്കുന്നത് അയേണ്‍ ഓക്‌സൈഡിന്റെ സാന്നിധ്യമാണ്. പച്ചനിറം പകരുന്നത് ക്ലോറേറ്റും മഞ്ഞനിറം നല്‍കുന്നത് ലിമോനൈറ്റുമാണ്.
ദശലക്ഷക്കണക്കിനു വര്‍ഷം മുമ്പ് ഭൂമുഖത്ത് സെഡിമെന്ററി പാറകള്‍ നിക്ഷേപിക്കപ്പെട്ടത് മണ്ണൊലിപ്പ്, കാലാന്തരങ്ങളിലൂടെയുള്ള കാലാവസ്ഥയുടെ ഗതിവിഗതികള്‍, അവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടല്‍ പോലുള്ള ഭൗമപ്രതിഭാസങ്ങള്‍ വഴിയായിരിക്കണം. ഈ സെഡിമെന്റുകളില്‍ വ്യത്യസ്ത ധാതുക്കള്‍ അടങ്ങിയ പാളികള്‍ നേരത്തേ വേറിട്ടു രൂപപ്പെട്ടുകിടക്കുന്നുണ്ടാവും.
ഹിമാലയന്‍ പര്‍വതനിരകള്‍ രൂപപ്പെടുന്നതിനു മുമ്പ് ചൈനയില്‍ നിക്ഷേപിക്കപ്പെട്ട ക്രിറ്റേഷ്യസ് മണല്‍ക്കല്ലുകളും സില്‍റ്റ് സ്റ്റോണുകളുമാണ് പിന്നീട് മഴവില്ലു പര്‍വതങ്ങള്‍ക്ക് ജന്മം നല്‍കാന്‍ കാരണമായിട്ടുണ്ടാവുകയെന്ന് ഭൂ
വിജ്ഞാനികള്‍ അനുമാനിക്കുന്നു. ഏതാണ്ട് 55 ദശലക്ഷം വര്‍ഷം മുമ്പ് ഇന്ത്യന്‍ പ്ലേറ്റ് യുറേഷ്യന്‍ പ്ലേറ്റിലേക്ക് കൂട്ടിയിടിച്ച ടെക്‌ടോണിക് ചലനത്തിലൂടെ ഭൗമ ക്രസ്റ്റ് ഉയര്‍ന്നപ്പോള്‍ ആ പ്രദേശത്തെ ധാതുവൈവിധ്യമുള്ള പാളികള്‍ വര്‍ണവരകളണിഞ്ഞ പര്‍വതങ്ങളായി പരിണമിച്ചതായിരിക്കണം.
ഇറ്റാലിയന്‍ കരാര മാര്‍ബിള്‍ പോലെ പാറകള്‍ക്ക് മഞ്ഞയും വെള്ളയും നിറങ്ങള്‍ കാണാം. പാറകള്‍ ചിലപ്പോള്‍ ഗാബ്രോ പോലെ കറുത്തിരുണ്ടതായിരിക്കും. വേറെ ചിലവ ചുവപ്പ്, ഓറഞ്ച് നിറത്തിലായിരിക്കും.

വെള്ളയും മഞ്ഞയും നിറങ്ങളുള്ള പാറകളില്‍ ക്വാര്‍ട്‌സ്, പ്ലാജിയോക്ലേസ് അല്ലെങ്കില്‍ കാല്‍സൈറ്റ് അടങ്ങിയിരിക്കും. കറുത്തിരുണ്ട പാറകളില്‍ പൈറോക്‌സൈന്‍, ബയോടൈറ്റ് അല്ലെങ്കില്‍ ക്രോമൈറ്റ് ധാതുക്കളാണ്. ചുവന്ന പാറകളില്‍ ഇരുമ്പ് ഓക്‌സൈഡുകളും കാണും.
മക്കയിലും അയല്‍നാടുകളിലും മഴവില്ലു പര്‍വതങ്ങളില്ല. അതുകൊണ്ടുതന്നെ ഖുര്‍ആന്‍ അവതീര്‍ണമായ കാലഘട്ടത്തിലെ അറബികള്‍ക്ക്, വളരെ വിദൂരദേശത്തു കാണുന്ന ഇത്തരം പര്‍വതങ്ങളെക്കുറിച്ച് അന്ന് അറിവുണ്ടാവില്ല. എന്നാല്‍ വിശുദ്ധ ഖുര്‍ആനി ല്‍ വ്യത്യസ്ത വര്‍ണപാളികളുള്ള പര്‍വതങ്ങളെക്കുറിച്ചുള്ള വ്യക്തമായ പരാമര്‍ശമു ണ്ട്.
”നീ കണ്ടില്ലേ? അല്ലാഹു ആകാശത്തു നിന്നു വെള്ളം ചൊരിയുന്നു. എന്നിട്ട് അതു മുഖേന വ്യത്യസ്ത വര്‍ണങ്ങളിലുള്ള പഴങ്ങള്‍ നാം ഉല്‍പാദിപ്പിക്കുന്നു. പര്‍വതങ്ങളിലുമുണ്ട് വെളുത്തതും ചുവന്നതും കറുത്തിരുണ്ടതുമൊക്കെയായ നിറഭേദങ്ങളുള്ള പാളികള്‍” (35:27).
എന്തുകൊണ്ടാണ് പഴങ്ങള്‍ക്ക് വ്യത്യസ്ത വര്‍ണങ്ങള്‍? നിറങ്ങള്‍ നല്‍കുന്ന പിഗ്‌മെന്റുകള്‍ അഥവാ രാസസംയുക്തങ്ങള്‍ പഴങ്ങളില്‍ അടങ്ങിയിട്ടുണ്ട്. പ്രാഥമിക പിഗ്‌മെന്റുകളായ ക്ലോറോഫില്‍ (പച്ചനിറം), കരോട്ടിനോയ്ഡുകള്‍ (ചുവപ്പ്, ഓറഞ്ച്, മഞ്ഞ നിറങ്ങള്‍), ആന്തോസയാനിനുകള്‍ (പര്‍പ്പിള്‍, ഓറഞ്ച്, മഞ്ഞ നിറങ്ങള്‍) എന്നിവയുടെ വൈജാത്യമാണ് പഴങ്ങള്‍ക്ക് വ്യത്യസ്ത വര്‍ണങ്ങള്‍ നല്‍കുന്നത്.
പഴങ്ങള്‍ പഴുക്കുമ്പോള്‍ പിഗ്‌മെന്റേഷനിലെ മാറ്റങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെ ജൈവ-രാസമാറ്റങ്ങള്‍ നടക്കുന്നുണ്ട്. ഉദാഹരണത്തിന്, പച്ചനിറമുള്ള പഴങ്ങളില്‍ ഉയര്‍ന്ന അളവില്‍ ക്ലോറോഫില്‍ കാണുമല്ലോ. അവ പാകമാകുമ്പോള്‍ ക്ലോറോഫില്‍ ശിഥിലമാകുകയും കരോട്ടിനോയ്ഡുകള്‍, ആന്തോസയാനിനുകള്‍ തുടങ്ങിയ പിഗ്‌മെന്റുകള്‍ കൂടുതല്‍ വെളിപ്പെടുകയും ചെയ്യുന്നു. പഴങ്ങള്‍ പഴുക്കുമ്പോഴുള്ള നിറവ്യത്യാസത്തിന് ഇതാണ് കാരണമെന്ന് ഗവേഷകര്‍ വിശദീകരിക്കുന്നു.
മനുഷ്യരും മറ്റു ജന്തുക്കളും പക്ഷികളും ഉള്‍പ്പെടുന്ന ‘വിത്തുവിതരണക്കാരെ’ ആകര്‍ഷിക്കാന്‍ വേണ്ടി പ്രകൃതിയൊരുക്കുന്ന സൂത്രമായി, പഴങ്ങള്‍ പഴുക്കുമ്പോള്‍ ആകര്‍ഷകമായ വര്‍ണമുണ്ടാകുന്നതെന്ന് അഭിപ്രായപ്പെടുന്ന സസ്യശാസ്ത്രജ്ഞന്മാരുണ്ട്. തിളക്കമുള്ളതും ഊര്‍ജസ്വലവുമായ പഴങ്ങളുടെ വര്‍ണങ്ങള്‍, ‘ഞാന്‍ പഴുത്തു പാകമായി’ എന്നു മാലോകരോട് വിളിച്ചുപറയുകയാണ്. കൂടുതല്‍ സൂര്യപ്രകാശമേല്‍ക്കുന്ന ഭൂപ്രദേശങ്ങളിലെ പഴങ്ങള്‍ പഴുക്കുമ്പോള്‍ തീവ്രനിറങ്ങളിലേക്ക് മാറുന്നതു കാണാം.
ഈന്തപ്പഴം, ഏത്തപ്പഴം, അത്തിപ്പഴം, ഒലീവ്, മുന്തിരി, മാതളം എന്നിവ ഖുര്‍ആനില്‍ ഇടം നേടിയിട്ടുണ്ട്.
”അവനാണ് ആകാശത്തുനിന്ന് വെള്ളം ചൊരിഞ്ഞുതരുന്നവന്‍. എന്നിട്ട് അതു മുഖേന നാം സസ്യജാലങ്ങളുടെ മുളകള്‍ അങ്കുരിപ്പിക്കുകയും അതില്‍ നിന്ന് പച്ച നിറത്തിലുള്ള സസ്യങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരുകയും ചെയ്യുന്നു. ആ സസ്യങ്ങളില്‍ നിന്ന് തിങ്ങിനിറഞ്ഞ ധാന്യക്കതിരുകള്‍ സൃഷ്ടിച്ചെടുക്കുന്നു. ഈന്തപ്പനയുടെ കൂമ്പോളയില്‍ നിന്ന് തൂങ്ങിനില്‍ക്കുന്ന കുലകള്‍ പ്രത്യക്ഷപ്പെടുത്തുന്നു.
അതുപോലെത്തന്നെ മുന്തിരിത്തോട്ടങ്ങളും, പരസ്പരം സാദൃശ്യം തോന്നുന്നതും അല്ലാത്തതുമായ ഒലീവും മാതളവും. അവയുടെ ഫലങ്ങള്‍ കായ്ച്ചുവരുന്നതും പഴുത്തുവരുന്നതും നിങ്ങള്‍ നിരീക്ഷിക്കൂ. വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് അവയിലെല്ലാം ദൃഷ്ടാന്തങ്ങളുണ്ട്” (അന്‍ആം 99).

Back to Top