29 Friday
March 2024
2024 March 29
1445 Ramadân 19

ഖുര്‍ആനിലെ സ്വര്‍ഗ വര്‍ണനയും സ്വതന്ത്ര ചിന്തകരുടെ കലിപ്പും

ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്‌


വിശുദ്ധ ഖുര്‍ആനിലെ സ്വര്‍ഗ വര്‍ണന സ്വതന്ത്ര ചിന്തകരെയും നാസ്തികരെയും വല്ലാതെ ചൊടിപ്പിച്ചിരിക്കുന്നതായി അറിയുന്നു. സ്വര്‍ഗത്തിലെ ഹൂറികളാണ് പ്രശ്‌നം. സ്വര്‍ഗത്തിലെത്തുന്ന ആണുങ്ങള്‍ക്കായി അല്ലാഹു ഹൂറികളെ തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്. അതും മാദകറാണികളായ ഹൂറികളെ. അതി സുന്ദരികളും യൗവന യുക്തകളുമായ ഹൂറികളെ. സ്വര്‍ഗത്തിലെത്തുന്ന പെണ്ണുങ്ങള്‍ക്ക് പക്ഷേ, ഹൂറന്മാരില്ല പോല്‍. എന്തൊരു അനീതി! ലിംഗ വിവേചനം! സ്ത്രീ വിരുദ്ധത! ഇതാണോ ദൈവത്തിന്റെ നീതി ബോധം? ദൈവിക ഗ്രന്ഥത്തില്‍ ഇത്ര അസംബന്ധമോ? സ്വതന്ത്ര ചിന്തകര്‍ക്കും നാസ്തികര്‍ക്കും സഹിക്കാന്‍ പറ്റുന്നില്ല. സ്വര്‍ഗ വര്‍ണനയെന്ന പേരില്‍ ഖുര്‍ആന്‍ അശ്ലീലം പറയുന്നു എന്നാണ് ഇവരുടെ കണ്ടുപിടുത്തം. ഇസ്ലാമിലേക്ക് മുഹമ്മദ് നബി ആളുകളെ കൂട്ടിയത് ഹൂറികള്‍ നിറഞ്ഞ സ്വര്‍ഗത്തിന്റെ കാമം ത്രസിപ്പിക്കുന്ന ഖുര്‍ആനിക വര്‍ണന കേള്‍പ്പിച്ചു കൊണ്ടാണത്രെ. ഇതൊക്കെ കേട്ടാല്‍ പിന്നെയാരാണ് കെണിയില്‍ വീഴാത്തത്? കേട്ടവരങ്ങനെ വീണു പോയി.
ചുരുക്കത്തില്‍ ലോകത്തിന്റെ അഷ്ട ദിക്കുകളില്‍ നിന്നും ജനങ്ങള്‍ ഇസ്ലാമിലേക്ക് കടന്നു വരുന്നത് സ്വര്‍ഗത്തിലെ ഹൂറികളെ കണ്ടു കൊണ്ടാണെന്നാണ് സ്വതന്ത്ര ചിന്തകരുടെ ഗവേഷണം. അപ്പോഴും ഒരു സംശയം! പെണ്ണുങ്ങളെങ്ങനെ ഇസ്ലാമിലേക്കൊഴുകിയെത്തി? സ്വര്‍ഗത്തില്‍ ഹൂറന്മാരെക്കുറിച്ച് യാതൊന്നും പറയാത്ത സ്ഥിതിക്ക്.
ഇപ്പോഴും ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ജീവിതത്തിന്റെ ഇരുണ്ട തടവറകള്‍ ഭേദിച്ച് ഇഹപര വിജയത്തിന്റെയും ആത്യന്തിക വിമോചനത്തിന്റെയും ആത്മ സാക്ഷാത്കാരത്തിന്റെയും രാജരഥ്യ പുണരാന്‍ ഇസ്ലാമിലേക്കൊഴുകുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായിട്ടാണ് പഠനങ്ങള്‍. യൂറോപ്പിലും അമേരിക്കയിലും ആഫ്രിക്കയിലും ഏഷ്യയിലുമെല്ലാം ഇപ്പറഞ്ഞതിനുദാഹരണങ്ങളുണ്ട്. പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളാണ് ഇസ്ലാമാശ്ലേഷിച്ചു കൊണ്ടിരിക്കുന്നത്. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയറിന്റെ സഹോദര ഭാര്യ ലോറന്‍ ബൂത്ത് (Lauren Booth) ഒരുദാഹരണം.
പുരുഷന്മാര്‍ ഇസ്ലാം സ്വീകരിക്കുന്നത് മരണാനന്തരം സ്വര്‍ഗത്തില്‍ കിട്ടാനിരിക്കുന്ന ഹൂറികള്‍ക്കു വേണ്ടിയാണെങ്കില്‍, സ്ത്രീകള്‍ ഇസ്ലാം സ്വീകരിക്കുന്നത് മരണാനന്തരം എന്ത് കിട്ടുമെന്ന് മോഹിച്ചിട്ടാണെന്ന് സ്വതന്ത്ര ചിന്തകര്‍ വ്യക്തമാക്കേണ്ടതുണ്ട്.
ഇവര്‍ ഭാഷയെക്കുറിച്ചും ഭാഷാ ധര്‍മങ്ങളെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചും സാഹിത്യത്തിന്റെ ഉള്ളടക്ക സവിശേഷതകളെക്കുറിച്ചും എന്ത് മനസ്സിലാക്കിയിട്ടാണ് വിശുദ്ധ ഖുര്‍ആനെതിരെ നിഴല്‍ യുദ്ധം നടത്തുന്നത്? അറബികളാണ് ഖുര്‍ആന്റെ ആദ്യത്തെ അഭിസംബോധിതര്‍. ആറാം നൂറ്റാണ്ടിലെ അറേബ്യന്‍ ജീവിതത്തിന്റെ പ്രത്യേകതകള്‍ എന്തായിരുന്നു എന്ന് ചരിത്രം വായിച്ചിട്ടുള്ളവര്‍ക്കറിയാം. അറബികളുടെ പൊതു സ്വഭാവത്തെ ആവിഷ്‌ക്കരിക്കാന്‍ 3W ചിലര്‍ ഉദ്ധരിക്കാറുണ്ട്. war, wine, women (യുദ്ധം, മദ്യം, പെണ്ണ്) എന്നതാണ് 3ണ എന്നതിന്റെ വിവക്ഷ. ഒട്ടും അതിശയോക്തിയില്ല ഈയൊരു വിലയിരുത്തലില്‍. യുദ്ധവും മദ്യവും പോലെ സ്ത്രീയും അറബികളുടെ ദൗര്‍ബല്യമായിരുന്നു. മുഹമ്മദ് നബിയുടെ പ്രവാചകത്വത്തിനു മുമ്പുള്ള അറേബ്യന്‍ കവിതകള്‍ എടുത്തു വായിച്ചു നോക്കിയാല്‍ സ്ത്രീ വര്‍ണനകളുടെ മഹാപ്രവാഹം തന്നെ കാണാന്‍ കഴിയും. പ്രേമ ഭാജനങ്ങളുടെ ശരീരവര്‍ണന മാത്രമല്ല, ശരീര ഭാഷകളുടെ പോലും വര്‍ണനകളാല്‍ സര്‍ഗ സമൃദ്ധമായിരുന്നു ആദ്യകാല അറബിക്കവിതകള്‍.
അറബി ഭാഷയുടെയും അറബി സാഹിത്യത്തിന്റെയും കുലപതികളെ മുട്ടുകുത്തിച്ച അനുപമ സാഹിത്യത്തിന്റെ ദൈവികാവിഷ്‌ക്കാരമായിരുന്നു വിശുദ്ധ ഖുര്‍ആന്‍. വിശുദ്ധ ഖുര്‍ആനിലെ ഒരധ്യായത്തിന്റെ പേര് തന്നെ കവികള്‍ എന്നാണ്. ജീവിതമെന്നാല്‍ യുദ്ധവും മദ്യവും മദിരാക്ഷിയുമാണെന്ന് വിശ്വസിച്ചു പോന്ന ഒരു ജനത. അഭിരമിക്കുക, അനുഭവിക്കുക, ആസ്വദിക്കുക എന്നിവ ജീവിത മ്രന്തങ്ങളായി സങ്കല്‍പ്പിച്ച ഒരു സമൂഹം. അധമമായ ദേഹേച്ഛകളുടെയും തന്നിഷ്ടങ്ങളുടെയും പിന്നാലെ അന്ധരായി പാഞ്ഞുനടന്ന ഒരു ജനവിഭാഗം. അവരോടായിരുന്നു ഖുര്‍ആന്‍ ആദ്യമായി സംസാരിച്ചത്. സംവദിച്ചത്. അവരുടെ മസ്തിഷ്‌കങ്ങളെയാണ് തട്ടിയുണര്‍ത്തിയത്. അവരുടെ യുക്തിയോടാണ് ചോദ്യങ്ങളുന്നയിച്ചത്. ജീവിതമെന്നാല്‍, ഭൂമിയില്‍ ആസ്വദിച്ചു തീര്‍ക്കേണ്ടതാണ് എന്ന് തീരുമാനിച്ച് സമസ്ത മൂല്യങ്ങളെയും തിരസ്‌കരിച്ച് മൃഗതുല്യരായി ജീവിച്ചു വന്ന ഒരു ജനതയെ മരണാനന്തരമൊരു അനശ്വര ജീവിതമുണ്ട് എന്ന യാഥാര്‍ഥ്യമംഗീകരിപ്പിച്ച് നന്നാക്കിയെടുക്കാന്‍ അവര്‍ക്ക് ചില വാഗ്ദാനങ്ങള്‍ കൊടുക്കേണ്ടതുണ്ടായിരുന്നു. പാരിതോഷികങ്ങള്‍ കാണിച്ചു കൊടുക്കേണ്ടതുണ്ടായിരുന്നു. കിട്ടാനിരിക്കുന്ന ലാഭങ്ങളും നേട്ടങ്ങളും മുന്‍കൂട്ടി പ്രവചിച്ച് പ്രത്യാശ ജനിപ്പിക്കേണ്ടതുണ്ടായിരുന്നു.
സൗന്ദര്യബോധമുള്ള മനുഷ്യനോടാണ് ആശയവിനിമയം നടത്തുന്നത് എന്നത് കൊണ്ട് ആസ്വാദന ജന്യമായ ഒരുയര്‍ന്ന സര്‍ഗാത്മക തലം വിശുദ്ധ ഖുര്‍ആനിലുടനീളം നമുക്ക് കാണാന്‍ കഴിയും. സ്വര്‍ഗത്തിലെ ഹൂറി സാന്നിധ്യത്തെ ഈയൊരു സര്‍ഗാത്മക പരിപ്രേക്ഷ്യത്തില്‍ നോക്കിക്കാണാന്‍ കഴിഞ്ഞാല്‍ അശ്ലീലമായ കാമാനുഭൂതിയല്ല, ഉദാത്തമായ ഭക്തി പാരവശ്യമാണ് യഥാര്‍ഥത്തില്‍ അനുഭവിക്കാനാവുക.
സ്ത്രീ എക്കാലത്തും ലോക സാഹിത്യത്തിന്റെ ഒരവിഭാജ്യ ഭാഗമാണ്. സ്ത്രീയെ മാറ്റി നിര്‍ത്തിയുള്ള കവിതകളും കഥകളും തിരക്കഥകളും നോവലുകളും നാടകങ്ങളും ഏത് ഭാഷകളിലാണുള്ളത്? സ്ത്രീയെയല്ലാതെ പുരുഷനെ വര്‍ണിക്കുന്ന ഏത് സാഹിത്യ ശാഖയാണ് ലോകത്ത് ശ്രദ്ധേയമായിട്ടുള്ളത്? സ്‌ത്രൈണത എന്ന വാക്ക് പോലും വശ്യതയെയും ആകര്‍ഷണീയതയെയുമാണ് ഉള്‍ക്കൊള്ളുന്നതെങ്കില്‍ പൗരുഷം പ്രതിനിധാനം ചെയ്യുന്നത് ഒരളവോളം ശക്തിയെയും ഗാംഭീര്യത്തെയുമാണ്. അതുകൊണ്ടാണ് സാഹിത്യത്തില്‍ സ്ത്രീ വര്‍ണനകള്‍ക്ക് വിഷയമാകുന്നത്.
ഒരു പെണ്ണിന്റെ കണ്ണുകളോളം സൗന്ദര്യമെന്തെന്ന് പഠിപ്പിക്കാന്‍ കഴിയുന്ന കവി ഉലകത്തിലുണ്ടോയെന്ന് ഷേക്‌സ്പിയര്‍ Love’s Labour Lost എന്ന നാടകത്തില്‍ ചോദിക്കുന്നുണ്ട്. സ്ത്രീ സൗന്ദര്യത്തിന്റെ മാസ്മരികതയും നിഗൂഢതയുമാണ് സിഗ്മണ്ട് ഫ്രോയിഡിനെ സ്ത്രീകളെ ഇരുണ്ട വന്‍കരയോട് ഉപമിക്കാന്‍ പ്രേരിപ്പിച്ചത്. മലയാളികളുടെ സംഗീതപ്രിയത്തെ വാനോളമെടുത്തുയര്‍ത്തിയ വയലാര്‍ രാമവര്‍മയുടെ ഈരടികള്‍ മാത്രം പരിശോധിച്ചാല്‍ മതി സ്ത്രീയും സാഹിത്യവും തമ്മിലുള്ള ബന്ധം മനസ്സിലാവാന്‍.
നീലക്കൂവളപ്പൂവുകളോ
വാലിട്ടെഴുതിയ കണ്ണുകളോ
മന്മദന്‍ കുലക്കും വില്ലുകളോ
മദനപ്പൊയ്കയോ നുണക്കുഴിയോ?
പകുതി തുറന്ന നിന്‍
പവിഴച്ചിപ്പിയില്‍
പ്രണയ പരാഗമോ പുഞ്ചിരിയോ?
അധരത്തളിരോ ആതിരക്കുളിരോ
അമൃതോ മുത്തോ പൂന്തേനോ?
എന്നിങ്ങനെ പോകുന്ന വയലാറിന്റെ ഈരടികള്‍ കേട്ട് എത്ര മലയാളികളാണാവോ കാമവെറി പൂണ്ട് കയറു പൊട്ടിച്ച് നാട്ടില്‍ അരാജകത്വം സൃഷ്ടിച്ചത്? സ്ത്രീയെക്കുറിച്ച് പറയുമ്പോഴേക്കും അതിനെ അശ്ലീലതയുമായും ലൈംഗികതയുമായും കൂട്ടിക്കെട്ടുന്ന അധമത്വമാണോ സ്വതന്ത്ര ചിന്ത.!
വാല്‍മീകി രാമായണം, ബാലകാണ്ഡത്തില്‍ അപ്‌സരസുകളെക്കുറിച്ച് പറയുന്നുണ്ട്. ദേവന്‍മാരും അസുരന്മാരും ചേര്‍ന്ന് പാലാഴി കടഞ്ഞപ്പോള്‍ അതില്‍ നിന്നുയര്‍ന്നു വന്നവരാണ് അപ്‌സരസുകള്‍. പുരാണങ്ങള്‍ പറയുന്നത് 60 കോടി അപ്‌സരസുകളുണ്ടെന്നാണ്. മഹാഭാരത്തില്‍ 45 അപ്‌സരസുകളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഉര്‍വശി, മേനക, രംഭ, തിലോത്തമ തുടങ്ങിയ അപ്‌സരസുകള്‍ പ്രശസ്തകളാണ്. ഋഗ്വേദത്തിലും പുരാണേതിഹാസങ്ങളിലും അപ്‌സരസുകളെക്കുറിച്ച പരാമര്‍ശമുണ്ട്.
അപ്‌സരസുകളെക്കുറിച്ചു പരാമര്‍ശിക്കുന്നു എന്ന പേരില്‍ പൗരാണിക ക്ലാസിക്കുകളെയും വേദ സാഹിത്യങ്ങളെയും സ്വതന്ത്ര ചിന്തകര്‍ ഏത് ഗണത്തിലാണ് പെടുത്തുക? ഉത്തമ ഗീതങ്ങളിലും സ്ത്രീ വര്‍ണന നമുക്ക് കാണാം:
യരൂശലേം പുത്രിമാരെ,
ഞാന്‍ കറുത്തവള്‍ എങ്കിലും
കേദാര്യ കൂടാരങ്ങളെപ്പോലെയും
ശലോമോന്റെ
തിരശ്ശീലകളെപ്പോലെയും
അഴകുള്ളവള്‍ ആകുന്നു.
സൗന്ദര്യ ബോധമുള്ള മനുഷ്യനോട് സര്‍ഗാത്മകമായി സംവദിക്കുക എന്നത് സാഹിത്യത്തിന്റെ ധര്‍മമാണ്. അതിനെ ആ നിലയില്‍ തന്നെ നോക്കിക്കാണാന്‍ കഴിയണം. നമുക്ക് സ്വതന്ത്ര ചിന്തകരുടെ ഖുര്‍ആന്‍ വിമര്‍ശനത്തിലേക്ക് വരാം. സ്വര്‍ഗ വിവരണവും ഹൂറി വര്‍ണനയും പെരുപ്പിച്ചു കാട്ടി പ്രലോഭിപ്പിക്കുകയാണത്രെ ഖുര്‍ആന്‍. തന്നെയുമല്ല, പുരുഷന്മാര്‍ക്ക് ഇഷ്ടം പോലെ ഹൂറികള്‍. സ്ത്രീകള്‍ക്ക് പേരിനു പോലും ഹൂറന്മാരില്ല. ഹൂറികളെ ചിയര്‍ ലേഡീസ് (Cheer Ladies) എന്ന ആംഗലേയ വാക്കുപയോഗിച്ച് ഇവര്‍ പരിഹസിക്കുന്നുമുണ്ട്. ഇവരുടെ വാചകമടി കേട്ടാല്‍ തോന്നും വിശുദ്ധ ഖുര്‍ആന്‍ മുഴുവനും സ്വര്‍ഗ വിവരണവും ഹൂറി വര്‍ണനയുമാണെന്ന്.
വിശുദ്ധ ഖുര്‍ആനില്‍ 114 അധ്യായങ്ങളാണുള്ളത്. ആറായിരത്തിലധികം സൂക്തങ്ങളും. ഇതില്‍ നാല് അധ്യായങ്ങളിലായി പതിനഞ്ചിനടുത്ത സൂക്തങ്ങളിലാണ് സ്വര്‍ഗത്തിലെ സ്ത്രീ വര്‍ണന കടന്നു വന്നിട്ടുള്ളത്. സ്ത്രീ വര്‍ണന എന്ന് പറയാവുന്നത് ഇവയില്‍ പതിനൊന്നെണ്ണമാണ്. അതും നിര്‍വ്യാജമായ ഭക്തിയുടെ ഉണ്മ പുറത്തെടുക്കാന്‍ പാകത്തിലുള്ള ഉദാത്തമായ വര്‍ണന. നമുക്കാ വര്‍ണന എന്തെന്ന് നോക്കാം:
”മനുഷ്യന്റെയോ ജിന്നിന്റെയോ സ്പര്‍ശമേല്‍ക്കാത്ത സുന്ദരികളായ തരുണികള്‍ അവിടെയുണ്ടാവും. മാണിക്യവും പവിഴമുത്തും പോലുള്ള മനോഹരികള്‍…… അവിടെ മികച്ച സുന്ദരികളുണ്ടാകും. അന്തപ്പുരങ്ങളില്‍ ഒതുങ്ങിക്കഴിയുന്ന വിശാലാക്ഷികളായ സുന്ദരികള്‍. മനുഷ്യന്റെയോ ജിന്നിന്റെയോ സ്പര്‍ശമേല്‍ക്കാത്തവര്‍.” (55:56-58, 70-72)
”വലതു കൈകളില്‍ കര്‍മരേഖകള്‍ കിട്ടുന്നവര്‍ക്കു വേണ്ടി ആ സ്വര്‍ഗ സുന്ദരികളെ തയ്യാറാക്കിയത് നാമാണ്. വിശുദ്ധകന്യകമാര്‍. പ്രേമ ഭാജനങ്ങള്‍. യുവത്വം തുളുമ്പുന്നവര്‍…. കാത്തുസൂക്ഷിച്ച പവിഴമുത്തു പോലെ മനോഹാരികളായ തരുണികള്‍ അവിടെയുണ്ടാവും.” (56:22-23, 35-37)
”പട്ടുടയാളകളും കസവു വസ്ത്രങ്ങളുമണിഞ്ഞ് മുഖാമുഖം നോക്കി അവര്‍ ഇരിക്കും. വിശാലാക്ഷികളായ ഇണകളെ നാമവര്‍ക്ക് സഖികളാക്കി കൊടുക്കും. എല്ലാത്തരം പഴങ്ങളും സന്തോഷത്തോടെ അവിടെ അവര്‍ക്ക് ലഭിക്കും.” (44:53-55)
”നിരത്തിയിട്ട ചാരു മഞ്ചങ്ങളില്‍ ഉല്‍സാഹത്തോടെ അവര്‍ ഇരിക്കും. വിശാലാക്ഷികളായ തരുണികളെ നാമവരുടെ സഖികളാക്കും.” (52:20)
”സൂക്ഷ്മത പുലര്‍ത്തി ജീവിച്ചവര്‍ക്ക് അവിടെ വിജയമുണ്ട്. ഉദ്യാനങ്ങളും മുന്തിരിത്തോട്ടങ്ങളുമുണ്ട്. യുവത്വം തികഞ്ഞ സമപ്രായക്കാരായ ഇണകളുണ്ട്. നിറഞ്ഞ ചഷകങ്ങളുണ്ട്.” (78:31-34)
ഈ സൂക്തത്തില്‍ കവാഇബ, അത്‌റാബ എന്ന വാക്കുകളെയാണ് യുവത്വം, തികഞ്ഞ സമപ്രായക്കാരികള്‍ എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ഉയര്‍ന്ന മാറിടമുള്ള സമപ്രായക്കാരികള്‍ എന്ന് നേര്‍ക്ക് നേരെയുള്ള അര്‍ഥം. സ്വതന്ത്രചിന്തകരെ ഈ വാക്കുകള്‍ ഇക്കിളിപ്പെടുത്തിയതു പോലെ. വാക്കുകളുടെ ബാഹ്യാര്‍ഥം മാത്രമെടുത്താല്‍ പോരല്ലോ. തികഞ്ഞ യുവത്വത്തെയാണ് ആ വാക്കുകള്‍ ദ്യോതിപ്പിക്കുന്നതെന്ന് ഭാഷ തിരിയുന്നവര്‍ക്ക് ബോധ്യപ്പെടും. ഇത്രയുമാണ് ഖുര്‍ആനിലെ സ്വര്‍ഗ സുന്ദരികളെക്കുറിച്ച വര്‍ണന. യഥാര്‍ഥത്തില്‍ ഈ വര്‍ണനയെക്കുറിച്ച് വിമര്‍ശനാത്മകമായ അഭിപ്രായം പറയേണ്ടത് സാഹിത്യ നിരൂപകന്മാരാണ്. കേരളത്തിലെ തലയെടുപ്പുള്ള നിരവധി സാഹിത്യകാരന്മാരും സാഹിത്യ നിരൂപകന്മാരും വിശുദ്ധ ഖുര്‍ആന്‍ വായിച്ചിട്ടുണ്ട്. സ്വതന്ത്ര ചിന്തകര്‍ പക്ഷേ, ഖുര്‍ആന്‍ വായിച്ചതു പോലെയായിരുന്നില്ല അവര്‍ ഖുര്‍ആന്‍ വായിച്ചത്. അര്‍ഥപൂര്‍ണമായ വായനയാണ് അവര്‍ നടത്തിയത്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ കെ പി രാമനുണ്ണിയുടെ ‘ദൈവത്തിന്റെ പുസ്തകം’ എന്ന നോവല്‍ വായിച്ചാല്‍ മനസിലാകും, നോവലിസ്റ്റ് വിശുദ്ധ ഖുര്‍ആന്‍ വായിക്കാന്‍ ശ്രമിച്ചിട്ടുണ്ട് എന്ന്. മുഹമ്മദ് നബി തിരുമേനിയുടെ വ്യക്തി മഹത്വം പ്രസ്തുത നോവലില്‍ മനോഹരമായി അനാവൃതമാകുന്നുണ്ട്.
കെ ജി രാഘവന്‍ നായര്‍ തയ്യാറാക്കിയ ‘അമൃത വാണി’ വായിച്ചിട്ടുള്ളവരാണ് മലയാളികളില്‍ പലരും. ഖുര്‍ആന്റെ കാവ്യാവിഷ്‌കാരമാണത്. വിശുദ്ധ ഖുര്‍ആന്‍ പല പ്രാവശ്യം വായിക്കാതെ അത്തരമൊരു രചന നടത്താന്‍ ഒരാള്‍ക്കും കഴിയില്ല. ഖുര്‍ആനിലെ ഹൂറി വര്‍ണനക്ക് കാവ്യാവിഷ്‌ക്കാരം നല്‍കിയപ്പോള്‍ പ്രതിഭാധനനായ കെ ജി രാഘവന്‍ നായര്‍ക്ക് ഒരു അസാധാരണത്വവും അനുഭവപ്പെട്ടില്ല. അവരാരും ഖുര്‍ആനിലെ സ്വര്‍ഗ വിവരണവും സ്ത്രീ വര്‍ണനയും ‘അതിരു വിട്ടു’പോയി എന്ന് പറഞ്ഞതായി കേട്ടു കേള്‍വിയില്ല.
ഇനി നോക്കുക, മുകളില്‍ കൊടുത്ത ഖുര്‍ആന്‍ സൂക്തങ്ങളില്‍ എവിടെയാണ് അശ്ലീലം? എവിടെയാണ് സഭ്യേതരത്വം? എവിടെയാണ് കാമഭ്രാന്ത് ഇളക്കി വിടുന്ന അതിവര്‍ണന? സുന്ദരികള്‍, തരുണികള്‍, കന്യകകള്‍, വിശാലാക്ഷികള്‍, മുത്ത്, പവിഴം, മാണിക്യം, പ്രേമ ഭാജനം തുടങ്ങിയ വാക്കുകളാണോ അശ്ലീലവും അസഭ്യവും. സ്ത്രീകളെ മിതമായി വര്‍ണിക്കാന്‍ പറ്റുന്ന ഇതിനേക്കാള്‍ ഉദാത്തമായ വാക്കുകള്‍ സ്വതന്ത്ര ചിന്തകരുടെ നിഘണ്ടുവില്‍ വേറെയേതാണാവോ.?
സ്വര്‍ഗത്തില്‍ പെണ്ണുങ്ങള്‍ക്ക് ഹൂറന്മാര്‍ ഇല്ലത്രെ.! ഖുര്‍ആനെ സമഗ്രമായി വായിക്കാതിരിക്കുകയും സത്യാന്വേഷണ ബുദ്ധിയോടെ സമീപിക്കാതിരിക്കുകയും ചെയ്താല്‍ ഇതിലും വലിയ അസംബന്ധങ്ങള്‍ വിളിച്ചു പറയും. ഖുര്‍ആനില്‍ ‘ഇണ’ എന്നതിന് ‘സൗജ്’ എന്ന വാക്കാണ് ഉപയോഗിച്ചിട്ടുള്ളത്. ഭാര്യക്കും ഭര്‍ത്താവിനും ഒരു പോലെ ഉപയോഗിക്കുന്ന വാക്കാണിത്. ‘സൗജി’ ന്റെ ബഹുവചനമാണ് ‘അസ്‌വാജ്’. ഇണകള്‍ എന്നര്‍ഥം. സ്വര്‍ഗത്തിലെത്തുന്നവര്‍ക്ക് കിട്ടുന്ന ‘വിശുദ്ധരായ ഇണകളെ’ കുറിച്ച് ഖുര്‍ആനില്‍ രണ്ടാം അധ്യായത്തിലും മൂന്നാമധ്യായത്തിലും നാലാമധ്യായത്തിലും മുപ്പത്തിയാറാമധ്യായത്തിലും പരാമര്‍ശമുണ്ട്. ആണിന് കിട്ടുന്ന പെണ്ണിണയെക്കുറിച്ചും പെണ്ണിന് കിട്ടുന്ന ആണിണയെക്കുറിച്ചുമാണ് ഈ പരാമര്‍ശം.
ആണാകട്ടെ പെണ്ണാകട്ടെ സ്വര്‍ഗത്തിലെത്തുന്നവര്‍ക്ക് വിശുദ്ധരായ ഇണകളുണ്ട് എന്നതില്‍ നിന്ന് തന്നെ, അവിടെ ലിംഗ വിവേചനമില്ലെന്ന് വ്യക്തമല്ലേ? ഇനി അതല്ല, സ്വര്‍ഗത്തിലെ പുരുഷന്മാരുടെ ഉടലും നെഞ്ചും മുടിയും താടിയും കൈകാലുകളും പേശീ ബലവും ആകാര സൗഷ്ടവവും എല്ലാം ഉന്മാദച്ചേരുവ കലര്‍ത്തി അവതരിപ്പിച്ചാലേ ദൈവത്തിന്റെ ലിംഗ നീതി ഉറപ്പിക്കാനാവു എന്നാണോ? കഷ്ടം!
ജീവിതത്തില്‍ മനുഷ്യന് വഴി കാണിച്ചു കൊടുക്കുകയാണ് ഖുര്‍ആന്‍ ചെയ്യുന്നത്. നേര്‍മാര്‍ഗം പ്രാപിക്കുന്നതിന് സഹായകമാവും വിധം സാരോപദേശങ്ങളും കഥാഖ്യാനങ്ങളും സംഭവ വിവരണങ്ങളും ഉപമകളും ഉദാഹരണങ്ങളും ശുഭ വാര്‍ത്തകളും താക്കീതുകളും താത്വിക വിശകലനങ്ങളുമെല്ലാം ഖുര്‍ആനില്‍ മനോഹരമായി വിന്യസിക്കപ്പെട്ടിട്ടുണ്ട്. അക്കൂട്ടത്തില്‍ സ്വര്‍ഗത്തെക്കുറിച്ചും നരകത്തെക്കുറിച്ചും പരാമര്‍ശമുണ്ട്. സ്വര്‍ഗം പറഞ്ഞപ്പോള്‍ സ്വര്‍ഗ സുന്ദരിമാരെക്കുറിച്ചും പറഞ്ഞു. അല്ലാതെ സ്വതന്ത്ര ചിന്തകര്‍ പറയുമ്പോലെ വിശുദ്ധ ഖുര്‍ആന്‍ ഒരു ഹൂറിപ്പുരാണമല്ല.
ഒരു കാര്യം കൂടി. സ്വര്‍ഗത്തില്‍ ആണുങ്ങള്‍ക്ക് ഹൂറികളുണ്ടെങ്കില്‍ പെണ്ണുങ്ങള്‍ക്ക് ഹൂറന്മാരുമുണ്ട്. നിങ്ങളൊട്ടും വിഷമിക്കേണ്ട.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x