23 Monday
December 2024
2024 December 23
1446 Joumada II 21

ഖുര്‍ആനില്‍ വൈരുധ്യങ്ങളോ?

ഖലീലുര്‍റഹ്മാന്‍ മുട്ടില്‍


ഖുര്‍ആനിന് അല്ലാഹുവും പ്രവാചകനും അംഗീകരിച്ച ഏഴു പാഠഭേദങ്ങളെ തെറ്റായി ചിത്രീകരിച്ചുകൊണ്ട് ഖുര്‍ആനിന് വിവിധ രാജ്യങ്ങളില്‍ വ്യത്യസ്ത പതിപ്പുകളുണ്ടെന്നും ഖുര്‍ആനില്‍ മനുഷ്യരുടെ കൈകടത്തലുകള്‍ നടന്നിട്ടുണ്ടെന്നും സമര്‍ഥിക്കാന്‍ ശ്രമിക്കുന്ന ഖുര്‍ആന്‍ വിമര്‍ശകരുടെ അതിപ്രധാനമായ മറ്റൊരാരോപണമാവുന്നു ഇവയില്‍ പരസ്പര വൈരുധ്യവും ആശയക്കുഴപ്പവുമുണ്ടെന്ന കണ്ടുപിടുത്തം; ”സത്യത്തില്‍ ലോക മുസ്ലിംകള്‍ അവര്‍ സുന്നികളാകട്ടെ ശിയാക്കളാകട്ടെ ഖുര്‍ആന്‍ കൈയൊഴിഞ്ഞ് സ്വന്തം മദ്ഹബുകളും ത്വരീഖത്തുകളുമുണ്ടാക്കി താന്താങ്ങളുടെ പാട്ടിനുപോയത് ഖുര്‍ആനിന്റെ ഈ ആശയക്കുഴപ്പവും വൈരുധ്യവും കൊണ്ടു തന്നെയാവണം. നമ്മളുപയോഗിക്കുന്ന ഹഫ്്സിന്റെ ഖുര്‍ആനും ലിബിയയില്‍ ഉപയോഗിക്കുന്ന കാലൂന്റെ ഖുര്‍ആനും തമ്മില്‍ മാത്രം ആയിരക്കണക്കിന് പാരായണ ഭേദങ്ങളുണ്ട്” (ഖുര്‍ആന്‍ ദൈവിക ഗ്രന്ഥം?- ദാറുല്‍ ഹിക്മ- കാപ്പാട്; പേജ് :8)
വിമര്‍ശകരുന്നയിക്കുന്ന വൈരുധ്യം സത്യത്തില്‍ ആശയ തലത്തിലുള്ളതല്ല. ചില വചനങ്ങളിലെ ഒറ്റപ്പെട്ട പദങ്ങളുടെ ഘടനയില്‍, മാത്രമുള്ള വ്യത്യാസങ്ങളാണ്. ”ഏഴു പാഠഭേദങ്ങളില്‍ എളുപ്പമായതില്‍ നിങ്ങള്‍ പാരായണം ചെയ്തുകൊള്ളുവിന്‍.” എന്ന പ്രവാചകന്റെ അനുമതി ഈ വ്യത്യാസങ്ങള്‍ക്കുള്ള ഔദ്യോഗികാംഗീകാരം സ്ഥിരീകരിക്കുന്നുണ്ട്. ഈ വ്യത്യാസങ്ങള്‍ അല്ലാഹു ഉദ്ദേശിച്ച ആശയത്തെ പ്രതിഫലിപ്പിക്കാതിരിക്കുകയോ വൈരുധ്യമായിത്തീരുകയോ ചെയ്യുമെങ്കില്‍ അവയ്ക്ക് അല്ലാഹുവിന്റെയും പ്രവാചകന്റെയും ഔദ്യോഗികാംഗീകാരമുണ്ടാവില്ലല്ലോ. എന്നുമാത്രമല്ല ഖുര്‍ആനിലെ പാഠഭേദങ്ങള്‍ അതിന്റെ ആശയങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത വരുത്തുകയാണ് ചെയ്യുന്നത്. അതുകൊണ്ട് വായനക്കാരന് ഖുര്‍ആന്‍ എളുപ്പത്തില്‍ ഗ്രഹിക്കാന്‍ കഴിയുന്നു. ഉദാഹരണമായി സൂറത്തുല്‍ ബഖറയിലെ പത്താം വചനം ഇപ്രകാരമാകുന്നു. ”അവരുടെ മനസ്സുകളില്‍ രോഗമുണ്ട്. അപ്പോള്‍ അല്ലാഹു അവരുടെ രോഗം വര്‍ധിപ്പിച്ചു. അവര്‍ കളവ് പറഞ്ഞതു കൊണ്ട് അവര്‍ക്ക് വേദനയേറിയ ശിക്ഷയുമുണ്ട്”(2:10). ഈ വചനം അവസാനിക്കുന്നത് ‘യക്ദിബൂന്‍’ എന്ന വാക്കിലാവുന്നു. എന്നാല്‍ മറ്റൊരു പാഠഭേദമനുസരിച്ച് ‘യുകദ്ദിബൂന്‍’ എന്ന പാരായണവും പ്രവാചകന്‍(സ) അനുവദിച്ചു. ഒരേ വാക്കിന്റെ രണ്ടു ഘടന വൈരുധ്യമാണെന്നാണ് ആരോപണം. എന്നാല്‍ യക്ദിബൂന്‍ എന്ന വാക്ക് നല്‍കുന്ന ആശയതലത്തെ ഒന്നുകൂടി വിശദീകരിക്കുകയും വ്യക്തമാക്കുകയും ചെയ്യുകയാണ് യുകദ്ദിബൂന്‍ എന്ന വാക്ക്. യക്ദിബൂന്‍ എന്നാല്‍ അവര്‍ കളവാക്കി എന്നും യുകദ്ദിബൂന്‍ എന്ന വാക്കിന് കള്ളം ആരോപിച്ചു എന്നുമാണര്‍ഥം. അവിശ്വാസികളായ ആളുകള്‍ പ്രവാചകന്മാരിലും മറ്റും കള്ളം ആരോപിച്ചുകൊണ്ടാണ് ദിവ്യസന്ദേശത്തെ കളവാക്കിയതെന്ന് ഈ വായന വ്യക്തമാക്കുന്നു. പാരായണ ഭേദങ്ങള്‍ പരസ്പര വൈരുധ്യത്തിനു പകരം വിശദീകരണ ക്ഷമതയാണ് പ്രദാനം ചെയ്യുന്നതെന്ന് വ്യക്തം.
രണ്ടുതരം വ്യത്യാസങ്ങള്‍
ഏഴ് പാഠഭേദങ്ങളില്‍ കാണുന്ന വ്യത്യാസത്തെ രണ്ടായി തിരിക്കാം.
ഒന്ന്: വാക്കുകളില്‍ വ്യത്യാസമുണ്ടെങ്കിലും ഒരേ ആശയമുള്ളത്. രണ്ട്: വാക്കിലും ആശയത്തിലും വ്യത്യാസം കാണാമെങ്കിലും സമന്വയിപ്പിക്കാന്‍ കഴിയുന്നവ.
സൂറത്തുല്‍ ഫാത്തിഹയിലെ സ്വിറാത്തുന്‍ എന്ന വാക്കില്‍ ‘സ്വാദ്’ എന്ന അക്ഷരമാണ് ഒരു പാരായണത്തിലെങ്കില്‍ മറ്റൊന്നില്‍ ‘സീന്‍’ എന്ന അക്ഷരമാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ ഇതിന്റെ രണ്ടിന്റെയും അര്‍ഥം ‘വഴി’ എന്നാകുന്നു. ഈ രൂപത്തില്‍ പദങ്ങള്‍ വ്യത്യസ്തമാണെങ്കിലും ഒരേ ആശയമുള്ള ഒട്ടേറെ വചനങ്ങള്‍ ഖുര്‍ആനിന്റെ പാഠഭേദങ്ങളില്‍ കാണാന്‍ കഴിയും.
”വഇത്തഹിദൂ മിന്‍ മഖാമി ഇബ്റാഹീമ മുസ്വല്ല”(2:125). എന്ന വചനത്തിന് രണ്ട് പാരായണ ഭേദങ്ങള്‍ പ്രവാചകന്‍ (സ) അനുവദിച്ചു ‘ഹ’ എന്ന അക്ഷരത്തിന് ‘ഇ’ കാരം നല്‍കിക്കൊണ്ടും ‘അ’ കാരം നല്‍കിക്കൊണ്ടും ഈ വചനം വായിക്കാം. അപ്പോള്‍ ആശയത്തില്‍ വ്യത്യാസവും ഉണ്ടാകും. ‘ഇ’ കാരം നല്‍കിക്കൊണ്ട് ‘വഇത്തഹിദൂ’ എന്നു വായിക്കുമ്പോള്‍ അത് കല്‍പനാ ക്രിയയായി മാറും. ‘നിങ്ങള്‍ ഇബ്റാഹീം നിന്ന സ്ഥലം നമസ്‌കാര സ്ഥലമായി സ്വീകരിക്കുവീന്‍’ എന്ന ഉത്തരവായി മാറുകയും ചെയ്യും. എന്നാല്‍ ‘ഹ’ എന്ന അക്ഷരത്തിന് ‘അ’ കാരം നല്‍കുമ്പോള്‍ ‘അവര്‍ ഇബ്റാഹീം നിന്ന സ്ഥലം നമസ്‌കാര സ്ഥലമായി സ്വീകരിച്ചു.’ എന്ന പ്രസ്താവനയായി മാറും. പ്രത്യക്ഷത്തില്‍ ആശയ തലത്തില്‍ വൈരുധ്യമുണ്ടെന്ന് തോന്നാമെങ്കിലും അവ പരസ്പര വൈരുധ്യമില്ലാതെ ഒരേ ആശയത്തില്‍ സമന്വയിക്കുന്നത് കാണാന്‍ കഴിയും. ‘നിങ്ങള്‍’ ‘അവര്‍’ എന്നീ രണ്ട് പ്രയോഗങ്ങളിലും ഉദ്ദേശിക്കുന്നത് മുസ്ലിംകളെയാകുന്നു. അല്ലാഹുവിന്റെ കല്‍പനയുണ്ടെങ്കിലേ മുസ്ലിംകള്‍ മഖാമു ഇബ്റാഹീം നമസ്‌കാര സ്ഥലമാക്കുകയുള്ളൂ. അവരത് പ്രാവര്‍ത്തികമാക്കുകയും ചെയ്തു. അതുകൊണ്ടാവുന്നു പ്രവാചകന്‍ രണ്ടുതരം പാരായണങ്ങളും അനുവദിച്ചത്.
ഖുര്‍ആനില്‍ മനുഷ്യരുടെ കൈകടത്തലുകള്‍ നടന്നു കഴിഞ്ഞു എന്നു സമര്‍ഥിക്കുവാന്‍ വേണ്ടി വിമര്‍ശകരുന്നയിക്കുന്ന ഇത്തരം ആരോപണങ്ങളെ സൂക്ഷ്മ വിശകലനത്തിനു വിധേയമാക്കിയാല്‍ അവയില്‍ വൈരുധ്യമില്ലെന്നും അവ പരസ്പര പൂരകങ്ങളാണെന്നും ബോധ്യമാകുക തന്നെ ചെയ്യും, തീര്‍ച്ച.

Back to Top