വിശുദ്ധ ഖുര്‍ആനില്‍ ദുര്‍ബല വചനങ്ങളുണ്ടെന്നോ?
പി കെ മൊയ്തീന്‍ സുല്ലമി
ഖുര്‍ആന്‍ ദുര്‍ബലപ്പെട്ടവ(മന്‍സൂഖ്) ഉണ്ടോ? കാലാകാലങ്ങളായി പണ്ഡിതലോകത്ത് ചര്‍ച്ച ചെയ്യുന്ന ഈ വിഷയം പ്രാമാണികമായി പരിശോധിക്കുകയാണ് ഈ ലേഖനത്തില്‍. ഹദീസ് ഗ്രന്ഥങ്ങളിലും തഫ്‌സീറുകളിലും കര്‍മശാസ്ത്ര ഗ്രന്ഥങ്ങളിലും പണ്ഡിതാഭിപ്രായങ്ങളിലും വിശുദ്ധ ഖുര്‍ആനിന് വിരുദ്ധമായ നിരവധി പ്രസ്താവനകള്‍ കടന്നുകൂടിയിട്ടുണ്ട്. ഉദാഹരണങ്ങള്‍ പറയാം:
ഹദീസുകള്‍: സ്വഹീഹുല്‍ ബുഖാരിയിലെ 5101-ാം നമ്പര്‍ ഹദീസ്. ഇസ്‌ലാമിന്റെ ശത്രുവും നരകത്തില്‍ കത്തിയെരിയുമെന്ന് അല്ലാഹു പറഞ്ഞതുമായ അബൂലഹബിന് നരകത്തില്‍ കുടിനീര്‍ ലഭിക്കുന്ന ഹദീസ്.
തഫ്‌സീര്‍: സൂറത്ത് അഹ്‌സാബിലെ 36-ാം വചനം വിശദീകരിച്ച് ജലാലൈനി തഫ്‌സീര്‍ വിശദീകരിക്കുന്നു: ‘അങ്ങനെ അവളെ (സൈനബയെ) നബി(സ) സെയ്ദിന്(റ) വിവാഹം ചെയ്തു കൊടുത്തു. പിന്നീട് അദ്ദേഹത്തിന്റെ (നബിയുടെ) കണ്ണ് അവളില്‍ പതിഞ്ഞു. അങ്ങനെ നബി(സ)യുടെ മനസ്സില്‍ അവളോട് പ്രേമം ഉടലെടുത്തു. സെയ്ദിന് അവളോട് മനസ്സില്‍ വെറുപ്പും തോന്നി. പിന്നീട് നബി(സ)യോട് ഇപ്രകാരം പറയുകയും ചെയ്തു: ഞാന്‍ അവളുമായി വിവാഹബന്ധം വേര്‍പെടുത്താന്‍ ഉദ്ദേശിക്കുന്നു.” (ജലാലൈനി 2:484)
പണ്ഡിതാഭിപ്രായങ്ങള്‍: മുസ്‌ലിം ലോകത്ത് അറിയപ്പെടുന്ന പണ്ഡിതനാണ് ഇബ്‌നുതൈമിയ(റ). ബറാഅ് രാവിന്റെ പുണ്യം എല്ലാ ഹദീസ് നിദാനശാസ്ത്ര പണ്ഡിതന്മാരും തള്ളിക്കളഞ്ഞതാണ്. എന്നാല്‍ ഇബ്‌നുതൈമിയ്യ(റ) രേഖപ്പെടുത്തുന്നു: ‘തീര്‍ച്ചയായും ആ രാവ് ശ്രേഷ്ഠമാക്കപ്പെട്ടതു തന്നെയാണ്’ (ഇഖ്തിളാഉ അസ്സ്വിറാത്തുല്‍ മുസ്തഖീം 2:136)
കര്‍മശാസ്ത്ര പണ്ഡിതന്മാര്‍: തല മുഴുവന്‍ തടവാനാണ് അല്ലാഹു സൂറത്തുന്നിസാഅ് 6-ാം വചനത്തില്‍ കല്പിക്കുന്നത്. എന്നാല്‍ ശാഫിഈ കര്‍മശാസ്ത്രമനുസരിച്ച് തലയുടെ അല്പം ഭാഗം മാത്രമാണ് തടവുന്നത്.
ഇങ്ങനെ നിരവധി അഭിപ്രായങ്ങള്‍ ഹദീസുകളിലും പണ്ഡിതന്മാരില്‍ നിന്നും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അതില്‍ പെട്ടതാണ് നാസിഖും മന്‍സൂഖും. നാസിഖ് എന്നാല്‍ ദുര്‍ബലപ്പെടുത്തുന്ന വചനം. മന്‍സൂഖ് എന്നാല്‍ ദുര്‍ബലപ്പെടുത്തപ്പെട്ട വചനം. ദുര്‍ബലം എന്നാല്‍ ആവശ്യമില്ലാത്തത്, സത്യസന്ധമല്ലാത്തത്, പ്രമാണയോഗ്യമല്ലാത്തത് എന്നൊക്കെയാണല്ലോ വിവക്ഷ. അല്ലാഹു ഖുര്‍ആനെ മൊത്തത്തില്‍ വിലയിരുത്തി ഇപ്രകാരമാണ് പറഞ്ഞത്: ‘അതിന്റെ മുന്നിലൂടെയോ പിന്നിലൂടെയോ അതില്‍ അസത്യം വന്നെത്തുകയില്ല. യുക്തിമാനും സ്തുത്യര്‍ഹനുമായിട്ടുള്ളവന്റെ പക്കല്‍ നിന്നും അവതരിപ്പിക്കപ്പെട്ടിട്ടുള്ളതത്രെ അത്’ (ഫുസ്സ്വിലത് 42)
ഖുര്‍ആനിലെ മന്‍സൂഖിന് ഹദീസുകളിലെ ദ്വഈഫിന്റെ സ്ഥാനമാണുള്ളത്. വിശുദ്ധ ഖുര്‍ആനില്‍ യാതൊരു നിലയ്ക്കും അസത്യം വന്നെത്തുകയില്ലായെന്നാണല്ലോ അല്ലാഹു അരുളിയത്. അപ്പോള്‍ ഖുര്‍ആനില്‍ മന്‍സൂഖായ വചനങ്ങള്‍ ഉണ്ടെന്നു പറഞ്ഞാല്‍ മുഴുവന്‍ സത്യസന്ധമല്ല. ആവശ്യമില്ലാത്തതും പാരായണത്തിനു മാത്രം ഉപയോഗിക്കുന്നതുമായ ചില വചനങ്ങളും അതിലുണ്ട് എന്നാണ് ഇത്തരക്കാര്‍ സമര്‍ഥിക്കുവാന്‍ ശ്രമിക്കുന്നത്. ഇത്തരം തെളിവുകളൊന്നും നാം കാണായ്കയല്ല. മറിച്ച്, ഖുര്‍ആന്‍ വചനങ്ങള്‍ക്കു തന്നെ വിരുദ്ധമായതുകൊണ്ടാണ് ചര്‍ച്ച ചെയ്യാത്തത്.
‘അല്ലാഹു ചില വചനങ്ങളുടെ പാരായണം ദുര്‍ബലപ്പെടുത്തുകയും അതിന്റെ ആശയം നിലനിര്‍ത്തുകയും ചെയ്തു’ എന്ന് പറഞ്ഞാല്‍ അത് ശരിയല്ല. കാരണം അത് ഖുര്‍ആനിന്റെ നസ്സിനും സ്വഹീഹായ ഹദീസുകള്‍ക്കും വിരുദ്ധമാണ്. അല്ലാഹു ഇറക്കിയ മുഴുവന്‍ വചനങ്ങളും ജനങ്ങളില്‍ പ്രബോധനം ചെയ്യാനാണ് അല്ലാഹുവിന്റെ കല്പന. അതില്‍ പാരായണം ചെയ്യേണ്ടതും പാരായണം ചെയ്യല്‍ ദുര്‍ബലപ്പെടുത്തിയതും, ആശയം മാത്രം പ്രചരിപ്പിക്കേണ്ടതുമായ ഒറ്റ വചനവും ഇല്ല. ഖുര്‍ആന്‍ മൊത്തം പ്രബോധനം ചെയ്യാനാണ് അല്ലാഹുവിന്റെ കല്പന. അല്ലാഹു അരുളി: ‘റസൂലേ, താങ്കളുടെ രക്ഷിതാവിങ്കല്‍ നിന്ന് താങ്കള്‍ക്ക് അവതരിക്കപ്പെട്ടത് താങ്കള്‍ ജനങ്ങള്‍ക്ക് എത്തിച്ചു കൊടുക്കുക. അങ്ങനെ ചെയ്യാത്ത പക്ഷം താങ്കള്‍ അല്ലാഹുവിന്റെ ദൗത്യം നിറവേറ്റിയിട്ടില്ല’ (മാഇദ 67).
അല്ലാഹു ഏല്പിച്ച ദൗത്യം ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കാതെ പൂഴ്ത്തിവെക്കുകയെന്നത് വന്‍ കുറ്റവുമാകുന്നു. അല്ലാഹു അരുളി: ‘നാം അവതരിപ്പിച്ച തെളിവുകളും മാര്‍ഗ ദര്‍ശനവും വേദഗ്രന്ഥത്തിലൂടെ ജനങ്ങള്‍ക്ക് നാം വിശദീകരിച്ചു കൊടുത്തതിനു ശേഷം മറച്ചുവെക്കുന്നവരാരോ അവരെ അല്ലാഹു ശപിച്ചിരിക്കുന്നു. ശപിക്കുന്നവരൊക്കെയും അവരെ ശപിക്കുന്നതാണ്’ (അല്‍ബഖറ 159). അല്‍ബഖറ 174-ാം വചനത്തിലും അല്ലാഹു ഇപ്രകാരം അരുളിയിട്ടുണ്ട്. അപ്പോള്‍ ഖുര്‍ആനെന്ന പേരില്‍ അല്ലാഹു അവതരിപ്പിച്ച മുഴുവന്‍ വചനങ്ങളും അല്ലാഹുവിന്റെ റസൂല്‍ വിശുദ്ധ ഖുര്‍ആനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒന്നും തന്നെ നബി(സ) മറച്ചു വെച്ചിട്ടില്ല. ഇത് ഹജ്ജത്തുല്‍ വിദാഇല്‍ വെച്ച് നബി(സ) ലക്ഷക്കണക്കില്‍ സ്വഹാബികളെ സാക്ഷിനിര്‍ത്തി പ്രസ്താവിച്ചിട്ടുമുണ്ട്.
അല്ലാഹു അവതരിപ്പിച്ച ചില ഖുര്‍ആന്‍ വചനങ്ങള്‍ ഓതാന്‍ പോലും പാടില്ലാതെ മന്‍സൂഖ് (ദുര്‍ബലപ്പെടുത്തിയതും) ആക്കിയതും ചില വചനങ്ങള്‍ ഒഴിവാക്കി ആശയം മാത്രം നിലനിര്‍ത്തിയതും മുസ്‌ലിംകള്‍ക്ക് തീരെ പരിചയമില്ലാത്ത സങ്കല്പങ്ങളാണ്. പൂര്‍വീകരായ ചില പണ്ഡിതന്മാരുടെ ഇത്തരം പ്രസ്താവനകള്‍ വിശുദ്ധ ഖുര്‍ആനിനോടുള്ള ഭക്തിയും ബഹുമാനവും കുറക്കാനേ ഉപകരിക്കുകയുള്ളൂ. ഖുര്‍ആന്‍ വചനങ്ങ ള്‍ക്ക് ദുര്‍ബലതയോ അതിനെ ദുര്‍ബലപ്പെടുത്തുന്ന മറ്റു വചനങ്ങളോ ഇല്ല.
ചില ആയത്തുകള്‍ മന്‍സൂഖാണെന്ന് പറഞ്ഞാല്‍ ഖുര്‍ആനില്‍ വൈരുധ്യമുണ്ട് എന്നാണല്ലോ അതിന്റെ അര്‍ഥം! അല്ലാഹു അരുളി: ‘അവര്‍ ഖുര്‍ആനിനെപ്പറ്റി ചിന്തിക്കുന്നില്ലേ? അത് അല്ലാഹു അല്ലാത്തവരുടെ പക്കല്‍ നിന്നുള്ളതായിരുന്നുവെങ്കില്‍ അവരതില്‍ ധാരാളം വൈരുധ്യങ്ങള്‍ കണ്ടെത്തുമായിരുന്നു’ (നിസാഅ് 82). ഇന്ന വചനം കൊണ്ട് ഇന്ന വചനം മന്‍സൂഖാണ് എന്നതിന്റെ താല്പര്യം മന്‍സൂഖ് (ദുര്‍ബലം) ആക്കപ്പെട്ട വചനം തെളിവിന് പറ്റുന്നതല്ല എന്നാണ്. അപ്പോള്‍ നാസിഖ് ആയ വചനം തെളിവും, മന്‍സൂഖായ വചനം തെളിവില്‍ നിന്നും വിദൂരവുമാണ്.
ചിലര്‍ ഖുര്‍ആനില്‍ വൈരുധ്യമുണ്ടെന്ന് വരുത്താന്‍ ശ്രമം നടത്തുന്നുണ്ട്. സിഹ്‌റിന് ഫലമുണ്ട് എന്ന് വാദിക്കുന്നവര്‍ അത്തരക്കാരില്‍ ഉള്‍പ്പെടുന്നു. കാരണം, സൂറത്തുല്‍ ബഖറ 102-ാം വചനത്തിന്റെ തുടക്കത്തില്‍ സിഹ്‌റ് കുഫ്‌റാണെന്നും അവസാനത്തില്‍ കുഫ്‌റ് പഠിപ്പിക്കാന്‍ അല്ലാഹു രണ്ട് മലക്കുകളെ ഇറക്കിയെന്നും വ്യാഖ്യാനിക്കുന്നു. യഥാര്‍ഥത്തില്‍ അത് വൈരുധ്യമാണ്. കാരണം അല്ലാഹു ശിര്‍ക്കും കുഫ്‌റും പഠിപ്പിക്കുന്നതല്ല എന്ന് ഖുര്‍ആനില്‍ വ്യാപിച്ചു കിടക്കുന്ന വസ്തുതയാണ്. എന്നാല്‍ അല്ലാഹു സിഹ്‌റ് പഠിപ്പിക്കാന്‍ രണ്ട് മലക്കുകളെ ബാബിലോണിയയില്‍ ഇറക്കി എന്നത് അവിടുത്തെ യഹുദികളുടെ പ്രസ്താവനയാണ്.
ഒരു ഖുര്‍ആന്‍ വചനമിറക്കി അതിനെ ദുര്‍ബലപ്പെടുത്തി മറ്റൊരു വചനം ഇറക്കല്‍ വിശുദ്ധ ഖുര്‍ആനിന് വിരുദ്ധമാണ്. അല്ലാഹു അരുളി: ‘അല്ലാഹുവിന്റെ വചനങ്ങള്‍ക്ക് യാതൊരു മാറ്റവുമില്ല’ (യൂനുസ് 64). ‘അല്ലാഹുവിന്റെ വചനങ്ങള്‍ക്ക് മാറ്റം വരുത്താന്‍ ആരും തന്നെയില്ല’ (അന്‍ആം 34). നബി(സ)ക്കു പോലും അല്ലാഹുവിന്റെ വചനത്തില്‍ മാറ്റം വരുത്താന്‍ അവകാശമില്ല. അല്ലാഹു അരുളി: ‘നബിയേ, പറയുക: എന്റെ സ്വന്തം വകയായി അത് (ഖുര്‍ആന്‍) ഭേദഗതി വരുത്തുവാന്‍ എനിക്ക് പാടുള്ളതല്ല.’ (യൂനുസ് 15)
നസ്ഖിനെ ന്യായീകരിക്കുന്നവര്‍ പറയാറുള്ളത്; ഖുര്‍ആന്‍ ഖുര്‍ആന്‍ കൊണ്ടും ഹദീസുകൊണ്ടും ഹദീസുകള്‍ ഖുര്‍ആന്‍ കൊണ്ടും ഹദീസുകള്‍ കൊണ്ടും നസ്ഖ് ചെയ്യും എന്നൊക്കെയാണ്. അഥവാ അല്ലാഹുവിന്റെ വചനം നബിവചനം കൊണ്ടും നബിവചനം അല്ലാഹുവിന്റെ വചനം കൊണ്ടും നസ്ഖ് ചെയ്യാം എന്നുമാണ്. യഥാര്‍ഥത്തില്‍ ഖുര്‍ആന്‍ വചനങ്ങളും ദീനീ വിഷയങ്ങളില്‍ ഇറങ്ങിയ വഹ്‌യുകളും ഖുദ്‌സിയായ ഹദീസുകളും ഒക്കെ തന്നെ അല്ലാഹുവിങ്കല്‍ നിന്ന് മാത്രമുള്ള വഹ്‌യാണ്. ആ നിലയില്‍ നബിവചനം അല്ലാഹുവിന്റെ വചനംകൊണ്ടും മറിച്ചും നസ്ഖ് ചെയ്യുമെന്ന വാദം എന്തുമാത്രം പരിഹാസ്യവും യുക്തിരഹിതവുമാണ്.
സൂറത്തുല്‍ ബഖറയിലെ നസ്ഖിനെ സംബന്ധിച്ചുവന്ന 106-ാം വചനം ഇപ്രകാരമാണ്: ‘വല്ല ആയത്തും നാം ദുര്‍ബലപ്പെടുത്തുകയോ വിസ്മരിപ്പിക്കുകയോ ചെയ്യുന്ന പക്ഷം പകരം അതിനെക്കാള്‍ ഉത്തമമായതോ അതിനു തുല്യമായതോ നാം കൊണ്ടുവരുന്നതാണ്’ (അല്‍ബഖറ 106). ഈ തൗറാത്ത്, ഇന്‍ജീല്‍, സബൂര്‍ എന്നീ ഗ്രന്ഥങ്ങളില്‍ നിന്നും ആവശ്യമുള്ള നിയമങ്ങള്‍ അല്ലാഹു ഖുര്‍ആനില്‍ നിലനിര്‍ത്തുമെന്നും തത്തുല്യമായ നിയമങ്ങള്‍ കൊണ്ടുവരുമെന്നും ആവശ്യമില്ലാത്തവ ഒഴിവാക്കുമെന്നുമാണ്. അത് മിക്കവാറും എല്ലാ ഖുര്‍ആന്‍ വ്യാഖ്യാതാക്കളും രേഖപ്പെടുത്തിയിട്ടുമുണ്ട്. അല്ലാതെ നിലവിലുള്ള ഖുര്‍ആനില്‍ ചിലത് ഒഴിവാക്കാനും മറ്റു ചിലത് നിലനിര്‍ത്താനുമല്ല. വിശുദ്ധ ഖുര്‍ആനില്‍ ഒരു വചനത്തില്‍ പറഞ്ഞതിന് ഉപരിയായി മറ്റൊരു വചനം വരുന്നുണ്ടെങ്കില്‍ അത് അതിന്റെ വിശദീകരണം എന്ന നിലയിലായിരിക്കും.
ഇമാം ഇബ്‌നുകസീര്‍ പറയുന്നു: ‘ഖുര്‍ആന്‍ ഖുര്‍ആന്‍ കൊണ്ടും പിന്നീട് ഹദീസുകള്‍ കൊണ്ടും അനന്തരം സ്വഹാബികളുടെ ചര്യകള്‍ കൊണ്ടും ശേഷം താബിഉകളുടെ പ്രസ്താവനകള്‍കൊണ്ടും വ്യാഖ്യാനിക്കപ്പെടും” (മുഖ്തസ്വര്‍ ഇബ്‌നുകസീര്‍ 1:3). വിവാഹിതന്‍ വ്യഭിചരിച്ചാല്‍ എറിഞ്ഞുകൊല്ലുന്ന ചര്യ മാത്രമല്ല ഖുര്‍ആനിലില്ലാത്തത്. മറ്റു നിരവധി ഖുര്‍ആനിലില്ലാത്ത ചര്യകള്‍ ഹദീസുകളില്‍ വന്നിട്ടുണ്ട്.
‘ദീര്‍ഘമായ ഖുര്‍ആന്‍ പാരായണം മനസ്സിനെ കടുപ്പമാക്കിത്തീര്‍ക്കും’ എന്ന അബൂമൂസല്‍ അശ്അരിയുടെ പ്രസ്താവനയും ഖുര്‍ആനിന് എതിരാണ്. അല്ലാഹു അരുളി: ‘അവരുടെ മേല്‍ അവന്റെ വചനങ്ങള്‍ ഓതിക്കേള്‍പ്പിക്കപ്പെട്ടാല്‍ അവരുടെ വിശ്വാസം വര്‍ധിക്കുകയും തങ്ങളുടെ രക്ഷിതാവിന്റെ മേല്‍ അവര്‍ അവരുടെ കാര്യങ്ങള്‍ ഭരമേല്പിക്കുകയും ചെയ്യുന്നവര്‍ മാത്രമാണ് സത്യവിശ്വാസികള്‍’ (അന്‍ഫാല്‍ 2). സൂറത്തുസ്സുമര്‍ 23-ാം വചനത്തിലും ഇതേ ആശയമുള്ള വചനം വന്നിട്ടുണ്ട്.