വിശുദ്ധ ഖുര്‍ആനില്‍ ദുര്‍ബല സൂക്തങ്ങളോ?
പി കെ മൊയ്തീന്‍ സുല്ലമി
ഖുര്‍ആനില്‍ സത്യസന്ധമായ വചനങ്ങള്‍ മാത്രമേയുള്ളൂ. അതില്‍ നിന്ന് യാതൊന്നും ഒഴിവാക്കാനോ കൂട്ടിച്ചേര്‍ക്കാനോ ഇല്ലെന്ന് ഖുര്‍ആന്‍ അസന്നിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. ‘അതിന്റെ മുന്നിലൂടെയോ പിന്നിലൂടെയോ അതില്‍ ഒരു അസത്യവും വരുന്നതല്ല’ (ഫുസ്സിലത് 42). ‘അത് അല്ലാഹുവിന്റെ അടുക്കല്‍ നിന്നല്ലായിരുന്നുവെങ്കില്‍ അവരതില്‍ നിരവധി വൈരുധ്യങ്ങള്‍ കണ്ടെത്തുമായിരുന്നു’ (നിസാഅ് 82). ‘അല്ലാഹു ഇറക്കിയ ഒരു വഹ്‌യും ജനങ്ങളില്‍ എത്തിക്കാതെ പൂഴ്ത്തിവെക്കലും നബി(സ)ക്ക് പറ്റിയ ഏര്‍പ്പാടല്ല’ (മാഇദ 67). ‘അല്ലാഹു ഇറക്കിയ ഖുര്‍ആന്‍ വചനങ്ങളില്‍ ഭേദഗതി വരുത്താന്‍ നബി(സ)ക്ക് പാടുള്ളതല്ല’ (യൂനുസ് 15). ‘അല്ലാഹുവിന്റെ വചനങ്ങളില്‍ മാറ്റമില്ല’ (അന്‍ആം 34) എന്നിങ്ങനെ വിശുദ്ധ ഖുര്‍ആനില്‍ നസ്സ്വായി വന്നിട്ടുള്ള വചനങ്ങള്‍ ഉള്ള കാലത്തോളം എങ്ങനെയാണ് വിശുദ്ധ ഖുര്‍ആനില്‍ ‘മന്‍സൂഖായ’ (ദുര്‍ബലപ്പെടുത്തപ്പെട്ട) വചനങ്ങള്‍ ഉണ്ടാവുക
വിശുദ്ധ ഖുര്‍ആനില്‍ എല്ലാ കാര്യങ്ങളെ സംബന്ധിച്ചും സൂചനകള്‍ വന്നിട്ടുണ്ടല്ലോ. എന്നിട്ട് എന്തുകൊണ്ട് അല്ലാഹു ഇന്ന വചനം ‘മന്‍സൂഖാ’ണെന്നു പറഞ്ഞില്ല? അല്ലാഹു അരുളി: ‘ഈ ഗ്രന്ഥത്തില്‍ നാം യാതൊന്നും തന്നെ വിട്ടുകളഞ്ഞിട്ടില്ല’ (അന്‍ആം 38). വിശുദ്ധ ഖുര്‍ആനില്‍ രണ്ടുതരം വചനങ്ങള്‍ മാത്രമാണുള്ളത്. മൂന്നാമതായോ നാലാമതായോ നാസിഖും മന്‍സൂഖും ഇല്ല. അല്ലാഹു അരുളി: ‘അതില്‍ (ഖുര്‍ആനില്‍) സുവ്യക്തവും ഖണ്ഡിതവുമായ വചനങ്ങളുണ്ട്. അവയത്രെ വേദഗ്രന്ഥത്തിന്റെ മൗലികമായ ഭാഗം. ആശയത്തില്‍ സാദൃശ്യമുള്ള ചില വചനങ്ങളുമുണ്ട്. എന്നാല്‍ മനസ്സുകളില്‍ വക്രതയുള്ളവര്‍ കുഴപ്പമുണ്ടാക്കാനുദ്ദേശിച്ചുകൊണ്ടും ദുര്‍വ്യാഖ്യാനം നടത്താനാഗ്രഹിച്ചുകൊണ്ടും ആശയത്തില്‍ സാദൃശ്യമുള്ള വചനങ്ങളെ പിന്തുടരുന്നു’ (ആലുഇംറാന്‍ 7). അപ്പോള്‍ വിശുദ്ധ ഖുര്‍ആനില്‍ രണ്ടുതരം വചനങ്ങള്‍ മാത്രമേയുള്ളൂ. ഇവ രണ്ടും ആധികാരികമാണ്. ദുര്‍ബലമായതോ കാലഹരണപ്പെട്ടതോ ഖുര്‍ആന്‍ വചനങ്ങളില്‍ കാണുകയില്ല.
‘മുഹ്കമത്തായ’ വചനങ്ങള്‍ വിശദീകരിച്ച് ഇബ്‌നുകസീര്‍(റ) രേഖപ്പെടുത്തുന്നു: ‘ഒരാള്‍ക്കും സംശയത്തിന്നിടം നല്‍കാത്ത വിധം വിശദീകരിക്കപ്പെട്ടതും പ്രമാണങ്ങളാല്‍ വ്യക്തമാക്കപ്പെട്ടതുമാണവ’ (മുഖ്തസ്വര്‍ ഇബ്‌നുകസീര്‍ 1:262). അഥവാ മുതശാബിഹല്ലാത്ത എല്ലാ ഖുര്‍ആന്‍ വചനങ്ങളും മുഹ്കമത്തായ വചനങ്ങളില്‍ പെട്ടതാണ്. മുതശാബിഹ് എന്ന് പറഞ്ഞാല്‍, പരസ്പരം സാദൃശ്യമുള്ളത്, അവ്യക്തമായത് എന്നൊക്കെയാണ് അര്‍ഥം.
ഉദാഹരണം: ‘അല്ലാഹുവിന്റെ കൈ അവരുടെ കൈകളുടെ മീതെയാണ്’ (ഫത്ഹ് 10). ഇതിന്റെ താല്പര്യം അല്ലാഹുവിന് മാത്രമേ അറിയൂ എന്നതിനാല്‍ അത് അപ്രകാരം മനസ്സിലാക്കിയാല്‍ മതി എന്നാണ് പറഞ്ഞത്. മുഹ്കമത്തായ വചനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, സുവ്യക്തങ്ങളായ വചനങ്ങളാണ്. ഉദാഹരണം: ‘പകലിന്റെ രണ്ടറ്റങ്ങളിലും രാത്രിയിലെ ആദ്യ യാമങ്ങളിലും നീ നമസ്‌കാരം മുറപോലെ നിര്‍വഹിക്കുക’ (ഹൂദ് 114).
നാസിഖോ മന്‍സൂഖോ ആയ വചനങ്ങള്‍ ഖുര്‍ആനില്‍ ഉണ്ടെന്ന് അല്ലാഹു ഒരിടത്തും സൂചിപ്പിച്ചിട്ടില്ല. ‘വല്ല ആയത്തും നാം ദുര്‍ബലപ്പെടുത്തുകയോ വിസ്മരിപ്പിക്കുകയോ ചെയ്യുന്നപക്ഷം പകരം അതിനെക്കാള്‍ ഉത്തമമായതോ അതിനു തുല്യമായതോ നാം കൊണ്ടുവരുന്നതാണ്” (അല്‍ബകറ 106). ഒരു ഖുര്‍ആന്‍ വചനത്തിന് വ്യാ ഖ്യാനം നല്‍കുമ്പോള്‍ മറ്റുള്ള ഖുര്‍ആന്‍ വചനങ്ങള്‍ നിഷേധിച്ചുകൊണ്ടാവരുത് എന്നത് ഇസ്‌ലാമില്‍ നിര്‍ബന്ധമാണ്. ആ നിലയില്‍ മേല്‍ രേഖപ്പെടുത്തിയ അല്‍ബഖറയിലെ 106-ാം വചനം വിശുദ്ധ ഖുര്‍ആനിനെ സംബന്ധിച്ചാകാന്‍ നിര്‍വാഹമില്ല. അത് മുന്‍ കഴിഞ്ഞുപോയ വേദഗ്രന്ഥങ്ങളായ തൗറാത്ത്, ഇന്‍ജീല്‍, സബൂര്‍ എന്നീ വേദഗ്രന്ഥങ്ങളെ സംബന്ധിച്ചാണ്. അഥവാ വിശുദ്ധ ഖുര്‍ആന്‍ അല്ലാഹു ഇറക്കിയത് പ്രസ്തുത വേദഗ്രന്ഥങ്ങളില്‍ നിന്നു ആവശ്യമുള്ളത് നിലനിര്‍ത്തിയും ആവശ്യമില്ലാത്തത് ഒഴിവാക്കിക്കൊണ്ടുമാണ്. അവര്‍ക്ക് അനുവദിച്ച പലതിനെയും നിഷിദ്ധമാക്കിക്കൊണ്ടും നിഷിദ്ധമാക്കിയിരുന്ന പലതും അനുവദനീയമാക്കിക്കൊണ്ടുമാണ് ഖുര്‍ആന്‍ ഇറക്കിയത്.
ഭാവിയില്‍ ഒരു ദുര്‍ബലപ്പെടുത്തലുകളും ആവശ്യമില്ലാത്ത അവസ്ഥയിലാണ് ഖുര്‍ആനിന്റെ അവതരണം. ഇബ്‌നുകസീര്‍(റ) പറയുന്നു: ‘അല്ലാഹു അവന്‍ ഉദ്ദേശിച്ചത് വിധിക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നത് പ്രവര്‍ത്തിക്കുന്നതു പോലെ. കഴിഞ്ഞുപോയ അവന്റെ വേദഗ്രന്ഥങ്ങളിലും മതപരമായ ആചാരങ്ങളിലും അപ്രകാരം സംഭവിച്ചിട്ടുണ്ട്. ആദമിന്റെ(അ) ആണ്‍മക്കള്‍ക്ക് അദ്ദേഹത്തിന്റെ പെണ്‍മക്കളെ വിവാഹം കഴിക്കാന്‍ അനുവദിച്ചത് അതില്‍ പെട്ടതാണ്. പിന്നീട് നിഷിദ്ധമാക്കുകയുണ്ടായി. നൂഹ് നബി(അ) കപ്പലില്‍ രക്ഷപ്പെട്ടതിനു ശേഷം എല്ലാ ജീവികളെയും ഭക്ഷിക്കാന്‍ അദ്ദേഹത്തിനും ജനതയ്ക്കും അനുവദനീയമാക്കി. പിന്നീട് ആ നിയമം ദുര്‍ബലപ്പെടുത്തുകയും ചില ജീവികളെ മാത്രം അനുവദനീയമാക്കുകയും ചെയ്തു. ഇസ്‌റാഈല്‍ വംശജര്‍ക്ക് രണ്ട് സഹോദരിമാരെ ഒപ്പം വിവാഹം കഴിക്കാന്‍ അനുവാദമുണ്ടായിരുന്നു. പിന്നീട് തൗറാത്തിലും അതിനു ശേഷം വന്ന ഗ്രന്ഥത്തിലും അത് നിഷിദ്ധമാക്കുകയുണ്ടായി. ഇബ്‌റാഹീം നബി(അ)യോട് സ്വന്തം പുത്രനെ അറുക്കാന്‍ കല്പിക്കുകയും പിന്നീട് അത് പ്രവര്‍ത്തിക്കുന്നതിനു മുമ്പായി ആ നിയമം ദുര്‍ബലപ്പെടുത്തുകയും ചെയ്തു.’ (മുഖ്തസ്വര്‍ ഇബ്‌നുകസീര്‍ 1:104)
അപ്പോള്‍ അല്‍ബഖറ 106-ാം വചനത്തില്‍ വന്ന നാസിഖും മന്‍സൂഖും വിശുദ്ധ ഖുര്‍ആനിനെ സംബന്ധിച്ചല്ല. മറിച്ച്, മുന്‍കഴിഞ്ഞ വേദഗ്രന്ഥങ്ങളെ സംബന്ധിച്ചാണ്. എന്നാല്‍ ഖുര്‍ആനിലെ ചില വചനങ്ങള്‍ മറ്റു ചില വചനങ്ങളുടെ വിശദീകരണങ്ങളുമായി വന്നിട്ടുണ്ട്. അതില്‍ വിട്ടുവീഴ്ചയുടെയും ആശ്വാസത്തിന്റെയും സമ്പൂര്‍ണതയുടെയും വിശദീകരണത്തിന്റെയും നിര്‍ണയത്തിന്റെയും വചനങ്ങള്‍ വന്നിട്ടുണ്ട്. അതിനാണ് ചില പണ്ഡിതന്മാര്‍ നാസിഖെന്നും മന്‍സൂഖെന്നും പറഞ്ഞുവരുന്നത്. അത് ശരിയല്ല.
ചില ഉദാഹരണങ്ങള്‍: ‘സത്യവിശ്വാസികളേ, നിങ്ങളുടേതല്ലാത്ത വീടുകളില്‍ നിങ്ങള്‍ പ്രവേശിക്കരുത്. നിങ്ങള്‍ അനുവാദം ചോദിക്കുകയും ആ വീട്ടുകാര്‍ക്ക് സലാം പറയുകയും ചെയ്തിട്ടല്ലാതെ’ (നൂര്‍ 27). ഈ വചനത്തില്‍ പറഞ്ഞ കല്പന, അന്യവീടുകളില്‍ കടക്കുമ്പോള്‍ വീട്ടുകാരുടെ അനുവാദവും അവരോട് സലാം പറയുകയും വേണം എന്നാണ്. അതിന്റെ വിശദീകരണമായി വന്ന മറ്റൊരു വചനം ഇപ്രകാരമാണ്: ‘ആള്‍പാര്‍പ്പില്ലാത്തതും നിങ്ങള്‍ക്ക് എന്തെങ്കിലും പ്രയോജനമുള്ളതുമായ ഭവനങ്ങളില്‍ നിങ്ങള്‍ പ്രവേശിക്കുന്നതിനു കുറ്റമില്ല’ (നൂര്‍ 29).
ഈ ആയത്തില്‍ വിശദീകരിക്കുന്നത് പൊതു ഉപയോഗത്തിനുവേണ്ടി നിര്‍മിക്കപ്പെട്ടിട്ടുള്ള കെട്ടിടങ്ങളില്‍ ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കുവേണ്ടി പ്രവേശിക്കുന്നതിന് കുറ്റമില്ലായെന്നാണ്. സലാം പറയല്‍ അതുകൊണ്ടും അവസാനിച്ചില്ല. അല്ലാഹു അരുളി: ‘നിങ്ങള്‍ (നിങ്ങളുടെ) വീടുകളില്‍ പ്രവേശിക്കുമ്പോള്‍ നിങ്ങള്‍ അന്യോന്യം സലാം പറയണം’ (നൂര്‍ 61). ഇങ്ങനെ ഖുര്‍ആന്‍ ഒരു വചനത്തിന്റെ വിശദീകരണം എന്ന നിലയില്‍ മറ്റു വചനങ്ങള്‍ കൊടുത്തതായി നമുക്ക് കാണാന്‍ കഴിയും.
മറ്റൊരു ഉദാഹരണം: ‘വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാന്‍’ (അല്‍ബഖറ 185). അതിന്റെ വിശദീകരണമാണ് താഴെ വരുന്ന വചനം. ‘തീര്‍ച്ചയായും നാം അതിനെ ഒരനുഗ്രഹീത രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു’ (ദുഖാന്‍ 3). അതിന്റെ വിശദീകരണം എന്ന നിലയിലാണ് അല്ലാഹു ഇപ്രകാരം അരുളിയത്: ‘തീര്‍ച്ചയായും നാം ഇതിനെ(ഖുര്‍ആനിനെ) നിര്‍ണയത്തിന്റെ രാവില്‍ അവതരിപ്പിച്ചിരിക്കുന്നു’ (ഖദ്ര്‍ 1).
സൂറതുല്‍ ബഖറ 240-ാം വചനം ഭര്‍ത്താക്കന്മാര്‍ മരണപ്പെട്ട ഭാര്യമാരുടെ ഇദ്ദയെക്കുറിച്ചാണ്. അതിന് ആശ്വാസം നല്‍കിക്കൊണ്ടുള്ള വിശദീകരണമാണ് ബഖറയിലെ 234-ാം വചനം. ഇതുപോലെ ധാരാളം ഉദാഹരണങ്ങള്‍ കാണാം. ഭാര്യമാരുടെ ചെലവിനെക്കുറിച്ച് അല്ലാഹു അരുളി: ‘അവര്‍ക്ക് (മുലകൊടുക്കുന്ന മാതാക്കള്‍ക്ക്) മാന്യമായ നിലയില്‍ ഭക്ഷണവും വസ്ത്രവും നല്‍കല്‍ കുട്ടിയുടെ പിതാവിന്റെ ബാധ്യതയാകുന്നു’ (അല്‍ബഖറ 233). താഴെ വരുന്ന വചനം അതിന്റെ വിശദീകരണമാണ്. ‘കഴിവുള്ളവന്‍ തന്റെ കഴിവനുസരിച്ച് ചെലവിന് കൊടുക്കട്ടെ. വല്ലവനും തന്റെ ഉപജീവനം കുടുസ്സായാല്‍ അല്ലാഹു അവന് നല്‍കിയതില്‍ നിന്നും അവന്‍ ചെലവിനു കൊടുക്കട്ടെ’ (ത്വലാഖ് 7). ഒരു ആയത്തിനെ അല്പം മാറ്റം വരുത്തിക്കൊണ്ട് മറ്റൊരു വചനം അവതരിപ്പിക്കല്‍ ‘മന്‍സൂഖാണെ’ങ്കില്‍ വിശുദ്ധ ഖുര്‍ആനില്‍ മൂന്നിലൊന്ന് മന്‍സൂഖായി വരും.
ആയത്തുര്‍റജ്മ് (വിവാഹിതരെ എറിഞ്ഞുകൊല്ലുന്ന വചനം) മന്‍സൂഖാണെങ്കില്‍ സൂറത്തുല്‍ ബഖറ 106-ാം വചനത്തിന്റെ ആശയപ്രകാരം അതിനേക്കാള്‍ ഉത്തമമായ നിലയിലോ അതേപോലെയോ ഖുര്‍ആനില്‍ തന്നെ വേണ്ടതായിരുന്നില്ലേ? അതെങ്ങനെ സുന്നത്തില്‍ ഉള്‍പ്പെടും? ഖുര്‍ആനില്‍ പരാമര്‍ശിക്കാത്ത ഒരുപാട് ചര്യകള്‍ ഹദീസുകളില്‍ സ്ഥിരപ്പെട്ടുവന്നിട്ടില്ലേ? ഖുര്‍ആന്‍ അവതരണവും ആയത്തുകളുടെ ക്രോഡീകരണവും അധ്യായങ്ങളുടെ ക്രമീകരണവും പൂര്‍ണമായി അല്ലാഹുവില്‍ നിന്നുള്ളതാണ്. അതില്‍ ഒന്നും തന്നെ ദുര്‍ബലമാക്കപ്പെടേണ്ട ആവശ്യമില്ല.