27 Friday
December 2024
2024 December 27
1446 Joumada II 25

ഖുര്‍ആനിക സന്ദേശവും വ്യാഖ്യാതാക്കളും

എ അബ്ദുല്‍ഹമീദ് മദീനി


വിശുദ്ധ ഖുര്‍ആനിന്റെ ഒന്നാമത്തെ തഫ്‌സീര്‍ ഖുര്‍ആന്‍ തന്നെയാണ്. ഒരിടത്ത് വന്ന പൊതുവായ പ്രയോഗത്തിന്റെ വ്യാപ്തിയെ മറ്റൊരിടത്ത് ചുരുക്കിക്കൊണ്ടുവരും. ഇതിന് തഖ്‌സീസ് എന്നാണ് പറയുക. ഉദാഹണം, വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീകള്‍ തങ്ങളുടെ കാര്യത്തില്‍ മൂന്നു മാസമുറകള്‍ കഴിയുംവരെ കാത്തിരിക്കേണ്ടതാണ്. (2:227) ഈ വചനത്തില്‍ നിന്ന് എല്ലാ വിവാഹമോചിതരായ സ്ത്രീകളും മൂന്ന് മാസമുറകള്‍ കഴിയുന്നതുവരെ കാത്തിരിക്കണമെന്നാണ് മനസ്സിലാവുക.
എന്നാല്‍ പിന്നീട് ഇതിന് വിശദീകരണങ്ങള്‍ മറ്റു പല വചനങ്ങളിലായി വന്നിട്ടുണ്ട്. ശാരീരിക ബന്ധം ഉണ്ടായിട്ടില്ലെങ്കില്‍ സ്ത്രീക്ക് ഇദ്ദ വേണ്ടതില്ലെന്ന് 33:40ല്‍ വ്യക്തമാക്കുന്നുണ്ട്. ആര്‍ത്തവം ഉണ്ടായിട്ടില്ലാത്തവരോ ആര്‍ത്തവം നിലച്ചുപോയവരോ ആണെങ്കില്‍ അവരുടെ ഇദ്ദ കാലാവധി മൂന്നുമാസമാണെന്നും ഗര്‍ഭിണികളുടെ ഇദ്ദ അവരുടെ പ്രസവംവരെ ആണെന്നും 65:4ലും വ്യക്തമാക്കിയിട്ടുണ്ട്. മേല്‍ പറഞ്ഞ വിഭാഗത്തില്‍ പെടാത്ത സ്ത്രീകളെക്കുറിച്ചാണ് 2:228ല്‍ പറഞ്ഞത് എന്ന് ഇതിലൂടെ മനസ്സിലാക്കാം. ഇങ്ങനെ ഖുര്‍ആനിലെ പല വചനങ്ങളും മറ്റു വചനങ്ങള്‍ കൊണ്ട് വിശദീകരിച്ചിട്ടുണ്ട്.
രണ്ടാമത്തെ തഫ്‌സീര്‍ നബി(സ)യും സ്വഹാബത്തും തന്നെയാണ്. ലോകത്ത് പ്രശസ്തരായ ഗ്രന്ഥകര്‍ത്താക്കള്‍ ആരുംതന്നെ തങ്ങളുടെ ഗ്രന്ഥത്തിലെ ആശയങ്ങള്‍ പൂര്‍ണമായി ജീവിതത്തില്‍ പകര്‍ത്തിയിട്ടില്ല. കാരണം അതിലെ പല ആശയങ്ങളും പ്രയോഗവല്‍ക്കരിക്കാന്‍ കഴിയാത്തവയാണ്. നബി(സ)യുടെ പ്രിയ ശിഷ്യന്‍ അബ്ദുല്ലാഹിബ്‌നു മസ്ഊദ് പറയുന്നു: പത്ത് ഖുര്‍ആന്‍ വചനങ്ങള്‍ അവതരിച്ചാല്‍ അതനുസരിച്ച് ജീവിതം ക്രമപ്പെടുത്തിയതിനു ശേഷമേ അടുത്ത വചനത്തിലേക്ക് ഞങ്ങള്‍ പ്രവേശിക്കാറുള്ളൂ. അതിനാല്‍ വിശുദ്ധ ഖുര്‍ആനി ന്റെ രണ്ടാമത്തെ തഫ്‌സീര്‍ നബി(സ)യുടെയും അനുയായികളുടെയും ജീവിതം തന്നെയാണ്. ഒരിക്കല്‍ ആഇശ(റ)യോട് നബി(സ)യുടെ സ്വഭാവത്തെപ്പറ്റി ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു: അദ്ദേഹത്തിന്റെ സ്വഭാവം ഖുര്‍ആന്‍ ആയിരുന്നു.
വിശുദ്ധ ഖുര്‍ആന്റെ ആഴങ്ങളിലേക്ക് കടന്നുചെല്ലാന്‍ സഹായിക്കുന്ന പഠനത്തെ തദബ്ബുര്‍ (ചിന്തിച്ചു പഠനം നടത്തുക) എന്നാണ് പറയുന്നത്. ‘നിനക്ക് അവതരിപ്പിച്ചുതന്ന അനുഗൃഹീത ഗ്രന്ഥമത്രെ ഇത്. ഇതിലെ ദൃഷ്ടാന്തങ്ങളെപ്പറ്റി അവര്‍ ചിന്തിച്ചു നോക്കുന്നതിനും ബുദ്ധിമാന്മാര്‍ ഉല്‍ബുദ്ധരാകേണ്ടതിനും വേണ്ടി’ (38:29). ഇങ്ങനെ ചിന്തിച്ചു മനസ്സിലാക്കുന്നതിന് തഫ്‌സീര്‍ എന്നും തഅ്‌വീല്‍ എന്നും പറയാറുണ്ട്.
കഴിഞ്ഞ പതിനാല് നൂറ്റാണ്ടിനിടെ ധാരാളം തഫ്‌സീറുകള്‍ വിരചിതമായിട്ടുണ്ട്. പക്ഷെ അതൊന്നും അന്യൂനമായ വ്യാഖ്യാനമാണെന്ന് പറയാവതല്ല. രചയിതാക്കളുടെ വിജ്ഞാനത്തിന്റെ ആഴവും അവര്‍ ജീവിച്ച സാഹചര്യങ്ങളുടെ പ്രതിഫലനങ്ങളും ഈ തഫ്‌സീറുകളില്‍ കാണാം. ഏത് തഫ്‌സീറും നമുക്ക് വായിക്കാം. പക്ഷെ ഒരു തഫ്‌സീറും ഖുര്‍ആന്‍ പഠനത്തിന്റെ അവസാനവാക്കല്ല. ഖുര്‍ആനിലെ ഏതെങ്കിലും ഒരു വചനത്തിന് നബി(സ)യുടെ വിശദീകരണം വന്നിട്ടുണ്ടെങ്കില്‍ പിന്നെ മറ്റൊന്നും ആലോചിക്കേണ്ടതില്ല.
അല്ലാഹു പറയുന്നു: ‘ഈ ഉത്‌ബോധനം നിനക്കിറക്കിത്തന്നത് ജനങ്ങള്‍ക്കവതീര്‍ണമായ കാര്യങ്ങള്‍ വിശദീകരിച്ചുകൊടുക്കാന്‍ വേണ്ടിയാകുന്നു’ (16:44). ഇതാണ് നാം മുന്നേ സൂചിപ്പിച്ചത്. നബി(സ)യുടെയും സ്വഹാബത്തിന്റെയും ജീവിതം ഖുര്‍ആനിന്റെ തഫ്‌സീറ് ആണെന്ന്. മറ്റൊരു സൂക്തത്തില്‍ പറയുന്നു: ‘പ്രവാചകരേ, താങ്കളുടെ രക്ഷിതാവിങ്കല്‍ നിന്ന് നിനക്ക് അവതരിക്കപ്പെട്ടത് നീ (ജനങ്ങള്‍ക്ക്) എത്തിച്ചുകൊടുക്കുക. അങ്ങനെ ചെയ്യാത്തപക്ഷം നീ അവന്റെ ദൗത്യം നിറവേറ്റിയിട്ടില്ല’ (5:67)
ശീഅകള്‍ ദുര്‍വ്യാഖ്യാനം നല്‍കുന്ന ഒരായത്താണിത്. അതായത് നബി(സ)യുടെ കാലശേഷം അലി(റ)ക്കാണ് അധികാരം ലഭിക്കേണ്ടതെന്ന അല്ലാഹുവിന്റെ കല്‍പന അബൂബക്കറിനെയും ഉമറിനെയും പേടിച്ചുകൊണ്ട് നബി(സ) മറച്ചുവെച്ചുവെന്നും, അത് പാടില്ല, ആ സന്ദേശം ഉടനെ ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കണമെന്നാണ് പ്രസ്തുത വചനത്തില്‍ അല്ലാഹു കല്‍പിച്ചതെന്നും, നബി(സ) ഹജ്ജത്തുല്‍വിദാഇല്‍ നിന്ന് മടങ്ങുമ്പോള്‍ ഗദിറുഖുമ്മില്‍വെച്ച് അലി(റ)യുടെ അധികാരലബ്ധിയെപ്പറ്റി അദ്ദേ ഹം പറഞ്ഞു എന്നുമാണ് ശീഅകള്‍ പറയുന്നത്.
നബി(സ)യുടെ കാലശേഷം ഖുര്‍ആന്‍ സന്ദേശങ്ങള്‍ ജനങ്ങള്‍ക്ക് വിവരിച്ചുകൊടുത്തിരുന്നത് സ്വഹാബിമാരായിരുന്നു. അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ) മക്കയിലും അബ്ദുല്ലാഹിബ്‌നുമസ്ഊദ്(റ) ഇറാഖിലും ഉബയ്യുബ്‌നു കഅ്ബ്(റ) മദീനയിലും ഖുര്‍ആന്‍ വ്യാഖ്യാനം നിര്‍വഹിച്ചുകൊണ്ടിരുന്നു. അതിനാല്‍ ഈ മൂന്നു കേന്ദ്രങ്ങള്‍ ഖുര്‍ആന്‍ വ്യാഖ്യാനത്തിന്റെ ശ്രദ്ധാകേന്ദ്രങ്ങളായി മാറി.
ഇതില്‍ ഇബ്‌നുഅബ്ബാസ്(റ) ആണ് ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ കൂടുതല്‍ ശ്രദ്ധേയനായത്. കുട്ടിക്കാലം മുതല്‍ നബി(സ)യുമായുള്ള അടുപ്പം ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ മുന്നില്‍ നില്‍ക്കാന്‍ അദ്ദേഹത്തെ സഹായിച്ചു. തഫ്‌സീര്‍ കൂടുതല്‍ പഠിച്ചത് മക്കക്കാരാണ്. കാരണം അവര്‍ ഇബ്‌നു അബ്ബാസിന്റെ ശിഷ്യന്മാരാണ്. ഏറ്റവും കൂടുതല്‍ നിര്‍മിത ഹദീസുകള്‍ വന്നിട്ടുള്ളതും അദ്ദേഹത്തിന്റെ പേരിലാണ്. കാരണം അദ്ദേഹം നബി(സ)യുടെ കുടുംബത്തിലാണ് ജനിച്ചത്. അതിനു പുറമെ അബ്ബാസീ ഭരണകര്‍ത്താക്കള്‍ ഇബ്‌നു അബ്ബാസിന്റെ സന്താനപരമ്പരയില്‍ വന്നവരാണ്. അതിനാല്‍ ജനങ്ങള്‍ ഭരണകര്‍ത്താക്കളുമായടുക്കാന്‍ അവരുടെ പിതാമഹനായ ഇബ്‌നു അബ്ബാസിന്റെ പേരില്‍ ഹദീസുകള്‍ നിര്‍മിച്ചു (അത്തഫ്‌സീറു വല്‍മുഫസ്സിറൂന്‍, ദഹബി 1:83).
ഇമാം ശാഫിഈ പറഞ്ഞു: ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ ഇബ്‌നു അബ്ബാസില്‍ നിന്ന് നൂറോളം ഹദീസുകള്‍ മാത്രമേ വന്നിട്ടുള്ളൂ. (അല്‍ഇത്ഖാന്‍ 2:189). ഇമാം സുയൂത്വി തന്റെ ഇത്ഖാനില്‍ പറയുന്നു: സ്വഹാബിമാരില്‍ ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ പ്രസിദ്ധരായവര്‍ നാല് ഖലീഫമാര്‍ക്ക് പുറമെ ഇബ്‌നുമസ്ഊദ്, ഇബ്‌നു അബ്ബാസ്, ഉബയ്യുബ്‌നു കഅ്ബ്, സൈദുബ്‌നുസാബിത്, അബൂമൂസല്‍ അശ്അരി, അബ്ദുല്ലാഹിബ്‌നു സുബൈര്‍, പിന്നെ സ്വഹാബികളില്‍ രണ്ടാം നിരയിലുള്ളവര്‍ അനസുബ്‌നു മാലിക്, അബുഹുറയ്‌റ, അബ്ദുല്ലാഹിബ്‌നു ഉമര്‍, ജാബിറുബ്‌നു അബ്ദില്ല, അബ്ദുല്ലാഹിബ്‌നു അംറുബ്‌നുല്‍ ആസി, ആഇശ(റ) തുടങ്ങിയവരാണ്. ഇവരില്‍ നിന്ന് വളരെ കുറഞ്ഞ റിപ്പോര്‍ട്ടുകളാണ് ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ വന്നിട്ടുള്ളത്.
മക്കയില്‍ ഇബ്‌നു അബ്ബാസിന്റെ ശിഷ്യന്മാരാണ് ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവര്‍. സഈദുബ്‌നു സുബൈര്‍, മുജാഹിദ്, ഇക്‌രിമ, ത്വാഊസ്, അത്വാഅ്ബ്‌നു അബീറബാഹ് മുതലായവര്‍. മദീനയില്‍ ഉബയ്യുബ്‌നു കഅ്ബിന്റെ ശിഷ്യന്മാരായ സൈദുബ്‌നു അസ്‌ലം അബുല്‍ആലിയ, മുഹമ്മദുബ്‌നു കഅ്ബുല്‍ കുറളി എന്നിവരും ഇറാഖില്‍ അബ്ദുല്ലാഹിബ്‌നു മസ്ഊദിന്റെ ശിഷ്യന്മാരായ അല്‍ഖമത്തുബ്‌നുല്‍ഖൈസ്, മസ്‌റൂഖ്, അസ്‌വദുബ്‌നുസൈദ്, മുറര്‍ത്തുല്‍ ഹമദാനി, ആമിറുശ്ശഅബി, ഹസനുല്‍ബസ്വരി, ഖതാദ മുതലായവരും മുന്‍പന്തിയില്‍ നില്‍ക്കുന്നു.
ഈ ഘട്ടത്തില്‍ ധാരാളം യഹൂദികളും നസാറാക്കളും ഇസ്‌ലാമില്‍ പ്രവേശിച്ചതു നിമിത്തം അവരോടുകൂടി ധാരാളം ഇസ്‌റാഈലീ കഥകളും തഫ്‌സീറുകളില്‍ കടന്നുകൂടി. ഇതിന് വഴിതെളിയിച്ചത് അന്ന് തഫ്‌സീര്‍ വാമൊഴിയായിരുന്നു, വരമൊഴിയായിരുന്നില്ല എന്നതാണ്. അതിനാല്‍ വക്രബുദ്ധികള്‍ക്ക് ഖുര്‍ആന്‍ തഫ്‌സീര്‍ എന്ന പേരില്‍ എന്തും പ്രചരിപ്പിക്കാന്‍ എളുപ്പമായി.
ഇതിനു പുറമെ വ്യത്യസ്ത മദ്ഹബീ ചിന്താധാരകളും തഫ്‌സീറുകളില്‍ സ്ഥലം പിടിച്ചു. ഖദ്വാഅ്, ഖദര്‍ വിഷയങ്ങളില്‍ ഖതാദത്തുബ്‌നു ദുആമ അഭിപ്രായങ്ങള്‍ പറഞ്ഞിരുന്നതുകൊണ്ട് അദ്ദേഹത്തെ ഖദ്‌രി അതായത് ഖദ്ര്‍ നിഷേധിയായി മുദ്രകുത്തി. ഹസന്‍ ബസ്വരിയുടെ ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ ഖദ്വാഅ് ഖദ്‌റിനെ സ്ഥിരപ്പെടുത്തുകയും നിഷേധകര്‍ ഇസ്‌ലാമില്‍ നിന്ന് പുറത്തുപോയവരാണെന്ന് വാദിക്കുകയും ചെയ്തു.

ഇതിനുശേഷം ഇബ്‌നുമാജ, ഇബ്‌നുജരീറുത്ത്വബ്‌രി, അബൂബക്കറുന്നൈസാബൂരി, ഇബ്‌നു അബീഹാതിം, ഇബ്‌നുഹിബ്ബാന്‍, ഹാകിം, അബൂബക്കറുബ്‌നു മര്‍ദവൈഹി മുതലായ പണ്ഡിതന്മാര്‍ ഖുര്‍ആന്‍ വ്യാഖ്യാനരംഗത്ത് കടന്നുവന്നു. ഇവര്‍ പൊതുവെ മിതവാദികളായിരുന്നു. പിന്നീട് ധാരാളം പണ്ഡിതന്മാര്‍ ഈ രംഗത്ത് പ്രവര്‍ത്തിച്ചു. അവര്‍ തഫ്‌സീര്‍ ഗ്രന്ഥങ്ങള്‍ രചിക്കുകയും അതില്‍ നെല്ലും പതിരും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയുണ്ടാകുകയും ചെയ്തു. പിന്നീട് അബ്ബാസി കാലഘട്ടം മുതല്‍ തഫ്‌സീര്‍ ലോകത്ത് തലയുയര്‍ത്തിനിന്നു. ഇന്നും ആ നില തുടര്‍ന്നുവരുന്നു.
മദ്ഹബുകളുടെ പക്ഷപാതിത്വവും ശീഅകളുടെയും ഖവാരിജുകളുടെയും രംഗപ്രവേശവും ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇസ്‌റാഈലി കഥകള്‍ കടന്നുവന്നതിനൊരു ഉദാഹരണം: സൂറത്ത് സ്വാദ് 34-ാം വചനത്തിന്റെ വ്യാഖ്യാനത്തില്‍ ഇമാം ബുഖാരി റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസ് ശ്രദ്ധേയമാണ്: അബൂഹുറയ്‌റ(റ) റിപ്പോര്‍ട്ട്: നബി(സ) പറഞ്ഞു: ദാവൂദിന്റെ മകന്‍ സുലൈമാന്‍(അ) പറഞ്ഞു: ഇന്ന് ഞാന്‍ നൂറ് (സ്ത്രീകളെ) ഭാര്യമാരെ സമീപിക്കും. അല്ലെങ്കില്‍ 99 പേരെ സമീപിക്കും. ഓരോ സ്ത്രീയും അല്ലാഹുവിന്റ മാര്‍ഗത്തില്‍ ജിഹാദ് ചെയ്യുന്ന ഓരോ കുതിരപ്പടയാളിയെ പ്രസവിക്കും. അപ്പോള്‍ സുലൈമാന്‍ നബിയോട് തന്റെ കൂട്ടുകാരന്‍ പറഞ്ഞു: ഇന്‍ശാ അല്ലാഹ് എന്ന് പറയുക. പക്ഷെ സുലൈമാന്‍ നബി അങ്ങനെ പറഞ്ഞില്ല. അതിനാല്‍ ഒരു സ്ത്രീ മാത്രമേ ഗര്‍ഭിണി ആയൂള്ളൂ. അതും ഒരു ചാപിള്ളയെയാണ് പ്രസവിച്ചത്. അദ്ദേഹം ഇന്‍ശാ അല്ലാഹ് എന്നു പറഞ്ഞിരുന്നുവെങ്കില്‍ ആ സ്ത്രീകള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജിഹാദ് ചെയ്യുന്ന 100 കുതിരപ്പടയാളികളെ പ്രസവിക്കുമായിരുന്നു.
ഈ ഹദീസിന്റെ മത്‌നിനെ സംബന്ധിച്ച് ഇമാം ബുഖാരി തീരെ ചിന്തിച്ചില്ല. ഒരു രാത്രിയില്‍ പരമാവധി 12 മണിക്കൂറാണുണ്ടാവുക. ഇതിനിടെ ഒരാള്‍ക്ക് 100 സ്ത്രീകളുമായി ലൈംഗികബന്ധം പുലര്‍ത്താന്‍ കഴിയുമോ? അതും ഒരു പ്രവാചകന്? നമസ്‌കരിക്കാനും മറ്റു ഇബാദത്തുകള്‍ ചെയ്യാനും കുറച്ചു സമയം ആവശ്യമാണ്. അതെല്ലാം കഴിഞ്ഞ് 100 സ്ത്രീകളെ എങ്ങിനെയാണ് സമീപിക്കാന്‍ കഴിയുക. ഇത് ഒരു പ്രവാചകന്റെ മുഅ്ജിസത്തില്‍ എണ്ണാന്‍ പറ്റുന്ന കാര്യമല്ല. ഈ കഥ തഫ്‌സീറുകളിലും സ്ഥലം പിടിച്ചിട്ടുണ്ട്.
നിരവധി തഫ്‌സീറുകളില്‍ ശീഅകളുടെ രാഷ്ട്രീയ വീക്ഷണം തെളിഞ്ഞ് കിടക്കുന്നുണ്ട്. അബ്ദുല്ലത്തീഫ് കാസാനിയുടെ മിര്‍ആത്തുല്‍ അന്‍വാര്‍ വമിശ്ക്കാത്തുല്‍ അസ്‌റാര്‍, തഫ്‌സീര്‍ ഹസനുല്‍ അസ്‌കരി, മജ്മഉല്‍ ബയാന്‍ ലി ഉലൂമില്‍ ഖുര്‍ആന്‍ ത്വബ്‌വസി, മുല്ലാ അലിയ്യുല്‍കാശിയുടെ അസ്സ്വാഫി ഫീ തഫ്‌സീരില്‍ ഖുര്‍ആന്‍, സയ്യിദ് അബ്ദുല്ലാ അലവിയുടെ തഫ്‌സീറുല്‍ ഖുര്‍ആന്‍, സുല്‍ത്വാന്‍ മുഹമ്മദുല്‍ ഖുറാസാനിയുടെ ബയാനുസ്സആദ ഫി മഖാമാത്തില്‍ ഇബാദ തുടങ്ങിയവ ഉദാഹരണം.
രാഷ്ട്രീയ വീക്ഷണമുള്ള മറ്റൊരു വിഭാഗമാണ് ഖവാരിജുകള്‍. ഇവരുടെയും ശീഅകളുടെയും രാഷ്ട്രീയ വീക്ഷണം തികച്ചും വ്യത്യസ്തമാണ്. ഇവരുടെ പ്രധാന തഫ്‌സീറുകള്‍ ഇവയാണ്: തഫ്‌സീര്‍ അബ്ദുര്‍റഹ്മാനുബ്‌നു റസ്തുമുല്‍ ഫാരിസി, തഫ്‌സീര്‍ ഹൂദ്ബ്‌നു മുഹ്കമുല്‍ ഹവാരി, യൂസുഫ്ബ്‌നു ഇബ്‌റാഹീമുല്‍ വര്‍ജിലാനിയുടെ തഫ്‌സീര്‍ അബീയഅഖൂബ്, ശൈഖ് മുഹമ്മദ് യൂസുഫ് അത്വഫീശിന്റെ ദവാഈ അല്‍അമല്‍ ലിയൗമില്‍ അമല്‍. ശൈഖ് മുഹമ്മദ് യൂസുഫ് അത്വഫീശിന് മറ്റു രണ്ട് തഫ്‌സീറുകള്‍ കൂടിയുണ്ട്. ഹൈമാനുസ്വാദ് ഇലാദാരില്‍ മആദ്, തസ്‌യീറുത്തഫ്‌സീര്‍. മൗലാനാ അബുല്‍ അഅ്‌ലാ മൗദൂദിയുടെ തഫ്ഹീമുല്‍ ഖുര്‍ആന്‍ ഈ ഇനത്തില്‍ പെട്ടതാണ്.
തഫ്‌സീറുകളില്‍ രാഷ്ട്രീയ വീക്ഷണം ഉള്‍ക്കൊള്ളിച്ച മറ്റൊരു വിഭാഗമാണ് മുഅ്തസിലികള്‍. അമവീ കാലഘട്ടത്തില്‍ ഉടലെടുക്കുകയും അബ്ബാസി കാലഘട്ടത്തില്‍ പ്രചരിക്കുകയും രാഷ്ട്രത്തിന്റെ ഔദ്യോഗിക പദവി നേടുകയും ചെയ്തവരാണിവര്‍. ഇവരുടെ അഞ്ച് മൗലികതത്വങ്ങളില്‍ ഊന്നിക്കൊണ്ടുള്ള വ്യാഖ്യാനമാണവര്‍ ഖുര്‍ആനിന് നല്‍കുക. ഖാസി അബ്ദുല്‍ജബ്ബാറിന്റെ തന്‍വീഹുല്‍ ഖുര്‍ആന്‍ അനില്‍ മത്വാഇനി, അല്‍കശ്ശാഫ്, സമഖ്ശരി, കൂടാതെ സൂഫികളുടെ തഫ്‌സീറുകള്‍ എന്നിവ ഇവരുടെ പ്രധാന തഫ്‌സീറുകളാണ്. ഇസ്മാഈലീ ബാത്വിനികളുടെ തഫ്‌സീറുകള്‍ വേറെയുമുണ്ട്.
ഇവയിലൊന്നിലും പെടാത്ത അഹ്‌ലുസ്സുന്നത്ത് വല്‍ജമാഅത്ത് പണ്ഡിതന്മാരുടെ തഫ്‌സീറുകള്‍ മുഴുവനും എണ്ണിപ്പറയാന്‍ കഴിയില്ല. ഇവരുടെ തഫ്‌സീറുകളില്‍ ഇസ്‌റാഈലിയ്യത്ത് കടത്തിക്കൂട്ടിയത് നാലുപേരാണ്. അബ്ദുല്ലാഹിബ്‌നു സലാം, കഅ്ബുല്‍ അഹ്ബാര്‍, വഹബ് ബ്‌നു മുഹബ്ബഹ്, ഇബ്‌നുജുറൈജ് എന്നിവര്‍. ഇതിനെല്ലാം പുറമെ ഇസ്മാഈലീ ബാത്വിനികളുടെ തഫ്‌സീറുകള്‍ വേറെയുമുണ്ട്. ഇവര്‍ ഖുര്‍ആനിന് ളാഹിറും ബാത്വിനും ഉണ്ട്. ളാഹിറാണ് കുടുതല്‍ ആളുകളും സ്വീകരിച്ചിട്ടുള്ളത്. ബാത്വിന് അവരുടെ ഇമാമുകള്‍ക്ക് മാത്രമേ അറിയൂ എന്ന് അടിസ്ഥാനപരമായി വിശ്വസിക്കുകയും വാദിക്കുകയും ചെയ്യുന്നവരാണ്..
ഇങ്ങനെ തെറ്റായ വീക്ഷണങ്ങള്‍ ഉള്‍ക്കൊള്ളുന്ന തഫ്‌സീറുകള്‍ ധാരാളമുണ്ടെങ്കിലും അതിന്റെ എത്രയോ ഇരട്ടി തഫ്‌സീറുകള്‍ നമുക്ക് നേര്‍മാര്‍ഗം കാണിച്ചുതരുന്നതായി നിലവിലുണ്ട്. നമ്മുടെ മലയാള ഭാഷയിലുള്ള തഫ്‌സീറുകള്‍ തന്നെ ഇതിനുദാഹരണമാണ്.

Back to Top