ഖുര്‍ആനാണ് പ്രമാണം; മങ്കൂസ് മൗലൂദല്ല
അബ്ദുല്‍കലാം ഒറ്റത്താണി
മുസ്‌ലിം സമുദായത്തിലെ വലിയൊരു വിഭാഗം ആളുകള്‍ വളരെ ആദരവോടെയും പുണ്യം ലഭിക്കുമെന്ന പ്രതീക്ഷയോടെയും പള്ളികളിലും വീടുകളിലും നടത്തുന്ന ഒരാചാരമാണ് മങ്കൂദ് മൗലൂദ് സദസ്സുകള്‍. ഇത് പാരായണം ചെയ്യുന്ന സാധാരണക്കാര്‍ ഈ വചനങ്ങളുടെ അര്‍ഥം ശരിക്കും ഗ്രഹിച്ചിട്ടുണ്ടോ എന്നത് സംശയമാണ്. ഇതിന് പ്രോത്സാഹിപ്പിക്കുന്ന പുരോഹിതന്മാരാകട്ടെ, സാധാരണക്കാരെ ഇതൊന്നം പഠിപ്പിക്കുന്നുമില്ല. തനി ശിര്‍ക്കും കുഫ്‌റും കലര്‍ന്നതാണ് മങ്കൂസ് മൗലൂദിലെ വചനങ്ങള്‍.
ആദം നബി(അ)യുടെ ചരിത്രം വിശുദ്ധ ഖുര്‍ആനിലെ പല സ്ഥലങ്ങളില്‍ വിശദീകരിച്ചിട്ടുണ്ട്. അല്‍ബഖറി 37-ാം വചനത്തില്‍ ആദം നബിക്ക് സംഭവിച്ച തെറ്റിനു പരിഹാരമായി അല്ലാഹുവിനോട് പ്രാര്‍ഥിക്കാനുള്ള വചനങ്ങള്‍ അല്ലാഹു പഠിപ്പിച്ചുകൊടുത്തു. അവര്‍ ഇരുവരും അല്ലാഹുവിനോട് പാപമോചനത്തിനു വേണ്ടി പ്രാര്‍ഥിച്ചത് അഅ്‌റാഫില്‍ 23ാം വചനമായി വായിക്കാം: ”ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഇരുവരും ഞങ്ങളോടു തന്നെ അക്രമം കാണിച്ചു. ഞങ്ങളുടെ രക്ഷിതാവേ, നീ ഞങ്ങളോട് പൊറുക്കുകയും ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്തില്ല എങ്കില്‍ ഞങ്ങള്‍ നഷ്ടക്കാരില്‍ പെട്ടുപോകും.”
എന്നാല്‍ മങ്കൂസ് മൗലൂദില്‍ ഈ ഒരു സംഭവത്തെ നിരാകരിക്കുകയാണ്. അതില്‍ മറ്റൊരു സംഭവമാണ് വിശദീകരിക്കുന്നത്. ‘അല്ലാഹു വല്ലദീ തവസ്വല ബിഹീ ആദം’ അഥവാ ‘ആദം നബിക്കും ഹവ്വാബീവിക്കും സംഭവിച്ച തെറ്റ് അവര്‍ക്ക് പൊറുത്തുകിട്ടാന്‍ അവര്‍ മുഹമ്മദ് നബിയെ കൊണ്ട് അല്ലാഹുവിനോട് തവസ്സുലാക്കി പ്രാര്‍ഥിച്ചു’ എന്ന്. വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു ആദം നബിയുടെ സംഭവം നമുക്ക് വിവരിച്ചുതരുമ്പോള്‍ അതേ സംഭവത്തെ ഖുര്‍ആനില്‍ പറഞ്ഞ കാര്യത്തിനു വിപരീതമായി മങ്കൂസ് മൗലൂദില്‍ എഴുതിയത് ആരായിരിക്കും? നമ്മെ സംബന്ധിച്ച് ഖുര്‍ആനില്‍ ഒരു കാര്യം പറഞ്ഞാല്‍ അത് സ്വീകരിക്കുക എന്നതാണ് നിര്‍ബന്ധമായ കാര്യം.
നൂഹ് നബിയെക്കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ ധാരാളം സംഭവങ്ങള്‍ പറഞ്ഞിട്ടുണ്ട്. നൂഹ് നബി തന്റെ ജനതയോട് ‘നിങ്ങള്‍ എന്തു പ്രയാസമുണ്ടെങ്കിലും നമ്മെ സൃഷ്ടിച്ച സ്രഷ്ടാവിനോട് മാത്രമേ പ്രാര്‍ഥിക്കാന്‍ പാടുള്ളൂ’ എന്ന് 950 വര്‍ഷം പറഞ്ഞുകൊണ്ടേയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ജനത നൂഹ് നബിയെ ഭ്രാന്തുപിടിച്ചവനാണ് എന്നു പറഞ്ഞു പരിഹസിച്ചു. നൂഹ് നബി അല്ലാഹുവിനോട് പ്രാര്‍ഥിച്ചതായി സൂറഃ മുഅ്മിനൂന്‍ 26ാം വചനത്തില്‍ ഇങ്ങനെ കാണാം: ”എന്റെ രക്ഷിതാവേ, എന്നെ കളവാക്കുന്ന ഈ ജനതയില്‍ നിന്ന് എന്നെ നീ രക്ഷപ്പെടുത്തേണമേ.”
ഈ പ്രാര്‍ഥനയുടെ മറുപടിയായി അല്ലാഹു നൂഹ് നബിയോട് ഒരു കപ്പല്‍ ഉണ്ടാക്കാന്‍ പറഞ്ഞു. അല്ലാഹുവിന്റെ നിര്‍ദേശമനുസരിച്ച് ആ കപ്പലിന്റെ പണി നൂഹ് നബി ആരംഭിച്ചു. പിന്നീട് അല്ലാഹുവിന്റെ നിര്‍ദേശപ്രകാരം നൂഹ് നബിയും കൂട്ടരും അതില്‍ കയറി രക്ഷപ്പെട്ടു. ‘അടുപ്പുകളില്‍ നിന്ന് ഉറവ പൊട്ടി വലിയ പ്രളയമുണ്ടായപ്പോള്‍ കപ്പലില്‍ കയറ്റി സുരക്ഷിതമായ ഒരു സ്ഥലത്ത് എത്തിച്ച നിന്റെ നാഥനെ നീ സ്തുതിക്കുക’ എന്നു തുടര്‍ന്നുള്ള ആയത്തുകളില്‍ അല്ലാഹു നമ്മെ പഠിപ്പിച്ചു. സൂറഃ മുഅ്മിനൂന്‍ 24 മുതല്‍ 30 വരെയുള്ള ആയത്തുകളില്‍ നൂഹ് നബി പ്രളയത്തില്‍ നിന്ന് രക്ഷപ്പെട്ടതിനെക്കുറിച്ച് അല്ലാഹു വ്യക്തമാക്കി.
എന്നാല്‍ മങ്കൂസ് മൗലൂദില്‍ ഈ സംഭവങ്ങളെ മാറ്റിമറിച്ച്, നൂഹ് നബി രക്ഷപ്പെട്ടത് മുഹമ്മദ് നബിയോട് ഇസ്തിഗാസ തേടിയതുകൊണ്ടാണ് എന്ന് പ്രചരിപ്പിക്കുന്നു. നൂഹ് നബി തന്റെ ജനതയുടെ മുമ്പില്‍ 950 വര്‍ഷം പ്രബോധനം ചെയ്തത് ‘നിങ്ങള്‍ എന്തു പ്രതിസന്ധി ഉണ്ടെങ്കിലും അല്ലാഹുവിനോട് പ്രാര്‍ഥിക്കണം’ എന്നാണല്ലോ. എന്നാല്‍ നൂഹ് നബിക്കു തന്നെ പ്രളയ പ്രതിസന്ധി വന്നപ്പോള്‍ അല്ലാഹുവിനെ ഒഴിവാക്കി മുഹമ്മദ് നബിയെക്കൊണ്ട് സഹായം തേടേണ്ടിവന്നു എന്ന ആരോപണം എത്രമാത്രം അപകടം നിറഞ്ഞതാണ്! നൂഹ് നബിയെക്കൊണ്ട് ഒരിക്കലും പറയാന്‍ പാടില്ലാത്ത, വിശുദ്ധ ഖുര്‍ആന്‍ കൊണ്ട് വളരെ കൃത്യമായി തെളിഞ്ഞ ആ സംഭവം മങ്കൂസ് മൗലൂദിലൂടെ യാതൊരു ഭയപ്പാടുമില്ലാതെ അട്ടിമറി നടത്തിയത് ആരായിരിക്കും?
ഇബ്‌റാഹീം നബി(അ)യെപ്പറ്റിയും പച്ചക്കളവ് മങ്കൂസ് മൗലൂദ് പറയുന്നുണ്ട്. തീക്കുണ്ഡത്തില്‍ നിന്ന് ഇബ്‌റാഹീം നബി രക്ഷപ്പെട്ടത് മുഹമ്മദ് നബിയുടെ ‘നൂറ്’ ഇബ്‌റാഹീം നബിയുടെ മുതുകില്‍ ഉണ്ടായതുകൊണ്ടാണ് എന്നാണ് മങ്കൂസ് മൗലൂദിലെ വാദം. എന്നാല്‍ തന്റെ ജനതയുടെ മുമ്പില്‍ ‘എന്നെയും നിങ്ങളെയും സൃഷ്ടിച്ച എന്റെ നാഥനോട് മാത്രമേ ഞാന്‍ അഭയം തേടുകയുള്ളൂ’ എന്ന് ചങ്കൂറ്റത്തോടെ പ്രഖ്യാപിച്ച ഇബ്‌റാഹീം നബിയെപ്പറ്റി വിശുദ്ധ ഖുര്‍ആന്‍ സൂറഃ അമ്പിയാഇല്‍ 69ാം വചനത്തില്‍ പറയുന്നു: ”ഇബ്‌റാഹീം നബിയെ ചുട്ടുകൊല്ലാന്‍ നംറൂദ് ഒരുക്കിയ ആളിക്കത്തുന്ന ആ തീയോട് ഇബ്‌റാഹീം നബിയുടെ മേല്‍ശാന്തിയും തണുപ്പുമായി മാറുക എന്ന് അല്ലാഹു കല്‍പിക്കുന്നു.”
വിശുദ്ധ ഖുര്‍ആനില്‍ ആദം നബി(അ), നൂഹ് നബി(അ), ഇബ്‌റാഹീം നബി(അ) എന്ന മൂന്നു നബിമാരുടെ സംഭവങ്ങള്‍ നമുക്ക് പറഞ്ഞുതരുമ്പോള്‍, അല്ലാഹുവിനോ അല്ലാഹുവിന്റെ റസൂലിനോ അറിയാത്ത തികച്ചും ഖുര്‍ആനിക വിരുദ്ധമായ കള്ളക്കഥ കെട്ടിച്ചമച്ചുണ്ടാക്കിയത് അല്ലാഹുവിന്റെ പക്കല്‍ നിന്ന് പുണ്യം ലഭിക്കുമെന്നു പറഞ്ഞ് പാരായണം ചെയ്യുന്നത് 100 ശതമാനവും പിഴച്ചതും പിഴപ്പിക്കുന്നതുമാണ് എന്നു മനസ്സിലാക്കാം.
മങ്കൂസ് മൗലൂദിലും വിശുദ്ധ ഖുര്‍ആനിലും ആദം നബി(അ), നൂഹ് നബി(അ) തുടങ്ങിയവരുടെ ജീവിതത്തിലെ ഒരേ സംഭവത്തെ വ്യത്യസ്തമായാണ് സൂചിപ്പിച്ചിരിക്കുന്നത്. ഖുര്‍ആനിക അധ്യാപനങ്ങളെയാണ് വികലമാക്കി അവതരിപ്പിക്കുന്നത്. നമ്മുടെ പരലോകം നഷ്ടമാക്കുന്ന പ്രവൃത്തിയാണത്. ഖുര്‍ആനും സുന്നത്തുമനുസരിച്ച് ജീവിക്കാനാണ് നാം ശ്രമിക്കേണ്ടത്.