20 Thursday
June 2024
2024 June 20
1445 Dhoul-Hijja 13

ഖുര്‍ആനും ജീവിത ക്രമീകരണവും

അലി മദനി മൊറയൂര്‍


വിശുദ്ധ ഖുര്‍ആന്‍ അനുസരിച്ച് സ്വഭാവത്തെയും വാക്കുകളെയും പ്രവര്‍ത്തനങ്ങളെയും ചിന്തകളെയും ക്രമീകരിക്കാന്‍ സാധിക്കുകയെന്നത് തഖ്‌വയുടെ ഘടകമാണ്. ‘ആശയം ഗ്രഹിച്ചു വായിക്കപ്പെടേണ്ടത്’ എന്നാണ് ഖുര്‍ആന്‍ എന്ന പദത്തിന്റെ അര്‍ഥം. അതിലെ ആദ്യത്തെ കല്‍പന അതുതന്നെയാണ്. ആ വായനയിലൂടെ ചിന്തയെ തട്ടിയുണര്‍ത്തേണ്ടതുണ്ടെന്ന് അല്ലാഹു ആവശ്യപ്പെടുന്നു. ”നിങ്ങള്‍ ചിന്തിച്ചു ഗ്രഹിക്കാന്‍ വേണ്ടി അതിനെ നാം അറബിയിലുള്ള ഖുര്‍ആനായി അവതരിപ്പിച്ചിരിക്കുന്നു” (12:2). ഇങ്ങനെ ഖുര്‍ആനിന്റെ അകത്തളങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാത്തവന്റെ ഖല്‍ബുകള്‍ താഴുകളിട്ട് പൂട്ടപ്പെട്ടവയാണ് എന്ന് വിശുദ്ധ ഖുര്‍ആന്‍ പ്രസ്താവിക്കുന്നു. ”അതല്ല, അദ്ദേഹം (പ്രവാചകന്‍) അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമച്ചു എന്നാണോ അവര്‍ പറയുന്നത്? എന്നാല്‍ അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ നിന്റെ ഹൃദയത്തിനു മേല്‍ അവന്‍ മുദ്ര വെക്കുമായിരുന്നു. അല്ലാഹു അസത്യത്തെ മായ്ച്ചുകളയുകയും തന്റെ വചനങ്ങള്‍ കൊണ്ട് സത്യത്തെ സ്ഥിരീകരിക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അവന്‍ ഹൃദയങ്ങളിലുള്ളതിനെപ്പറ്റി അറിവുള്ളവനാകുന്നു” (42:24). ഖുര്‍ആനിന്റെ ആശയം ഗ്രഹിച്ചള്ള വായന ഇഹത്തിലും പരത്തിലും ഗുണം ചെയ്യുന്നതാണ്. പരലോകബോധമില്ലാത്തവന്‍ മനുഷ്യനെ തിന്മകളിലേക്ക് നയിക്കുമ്പോള്‍ അത്തരക്കാരുടെ കെടുതിയില്‍ നിന്നു ഖുര്‍ആനുമായി കൃത്യമായി ബന്ധം സ്ഥാപിച്ചവനെ അല്ലാഹു രക്ഷപ്പെടുത്തും. ”നീ ഖുര്‍ആന്‍ പാരായണം ചെയ്താല്‍ നിന്റെയും പരലോകത്തില്‍ വിശ്വസിക്കാത്തവരുടെയും ഇടയില്‍ ദൃശ്യമല്ലാത്ത ഒരു മറ നാം വെക്കുന്നതാണ്” (17:45).
വിശുദ്ധ ഖുര്‍ആന്‍ പരലോകത്ത് സാക്ഷിയായിരിക്കുമെന്ന് ഖുര്‍ആനിലും ഹദീസിലും വന്നിട്ടുണ്ട് (17:18). ഖുര്‍ആന്‍ വായിക്കാനും പഠിക്കാനും നാം എളുപ്പമാക്കിയിട്ടുണ്ട് എന്ന് സൂറഃ അല്‍ഖമറിലെ 17, 22, 32, 40 വചനങ്ങളില്‍ അല്ലാഹു ആവര്‍ത്തിച്ച് ബോധ്യപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം പഠിക്കാന്‍ തയ്യാറുള്ള, ഉള്‍ക്കൊള്ളാന്‍ തയ്യാറുള്ള ആരെങ്കിലുമുണ്ടോ എന്ന ചോദ്യവും ആ വചനങ്ങളില്‍ കാണാം. നാം തയ്യാറായിട്ടുണ്ടോ? തയ്യാറായിട്ടുണ്ടെങ്കില്‍ നമുക്ക് തഖ്‌വ ഉെണ്ടന്ന് ആശ്വസിക്കാം.
മനുഷ്യമനസ്സുകളെ ബാധിക്കുന്ന കാപട്യം, ദുഷിച്ച ചിന്തകള്‍, അഹങ്കാരം, പൊങ്ങച്ചം, തന്‍പോരിമ, ഉപഭോഗ സംസ്‌കാരം തുടങ്ങിയ നിരവധി അപാകതകളില്‍ നിന്നും ദുഃസ്വഭാവങ്ങളില്‍ നിന്നും മനുഷ്യനെ മോചിപ്പിച്ചെടുത്ത് നേര്‍മാര്‍ഗത്തിലേക്കും കാരുണ്യത്തിലേക്കും അവനെ നയിക്കുന്ന സദുപദേശങ്ങളാണ് വിശുദ്ധ ഗ്രന്ഥം. അതുകൊണ്ടുതന്നെ മനുഷ്യന്‍ സന്തോഷിക്കണം. മനുഷ്യന്‍ ഇഹലോകത്ത് നേടിയെടുക്കുന്നതിനേക്കാള്‍ ഏറ്റവും വലുതാണ് അതിലെ മാര്‍ഗദര്‍ശനം. ”മനുഷ്യരേ, നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സദുപദേശവും, മനസ്സുകളിലുള്ള രോഗത്തിനു ശമനവും നിങ്ങള്‍ക്ക് വന്നുകിട്ടിയിരിക്കുന്നു. സത്യവിശ്വാസികള്‍ക്ക് മാര്‍ഗദര്‍ശനവും കാരുണ്യവും (വന്നുകിട്ടിയിരിക്കുന്നു). പറയുക: അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടും കാരുണ്യം കൊണ്ടുമാണത്. അതുകൊണ്ട് അവര്‍ സന്തോഷിച്ചുകൊള്ളട്ടെ. അതാണ് അവര്‍ സമ്പാദിച്ചുകൂട്ടിക്കൊണ്ടിരിക്കുന്നതിനേക്കാള്‍ ഉത്തമമായിട്ടുള്ളത്” (10:57,58). ഖുര്‍ആനിനെ പിന്തുടരുന്നവന് അതു സ്വസ്ഥതയും സമാധാനവും ശമനവും നല്‍കുമ്പോള്‍ അതിനെ കൈവിടുന്നവന് അതു നഷ്ടമാണ്, നാശമാണ് സമ്മാനിക്കുന്നത്. ”സത്യവിശ്വാസികള്‍ക്ക് ശമനവും കാരുണ്യവുമായിട്ടുള്ളത് ഖുര്‍ആനിലൂടെ നാം അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു. അക്രമികള്‍ക്ക് അത് നഷ്ടമല്ലാതെ (മറ്റൊന്നും) വര്‍ധിപ്പിക്കുന്നില്ല” (17:82).
പ്രവാചകന്റെ സ്വഭാവത്തെക്കുറിച്ച് അദ്ദേഹത്തിന്റെ പത്‌നി രേഖപ്പെടുത്തിയത് ”അദ്ദേഹത്തിന്റെ സ്വഭാവം ഖുര്‍ആന്‍ ആയിരുന്നു” എന്നാണ്. അതുകൊണ്ടുതന്നെ ഖുര്‍ആന്‍ അദ്ദേഹത്തെ പുകഴ്ത്തിപ്പറഞ്ഞു: ”താങ്കള്‍ അത്യുത്തമമായ സ്വഭാവത്തിന്റെ ഉടമയാണ്.” ഈ രീതിയില്‍ ഖുര്‍ആന്‍ ജീവിതത്തില്‍ ഉണ്ടാവണമെന്നു കല്‍പിച്ച സ്വഭാവഗുണങ്ങള്‍ സ്വായത്തമാക്കാനും വെടിയണമെന്ന് ഖുര്‍ആന്‍ കല്‍പിച്ചവയെ പൂര്‍ണമായും വര്‍ജിക്കാനും, വിശുദ്ധ ഖുര്‍ആനിന്റെ ആശയങ്ങളിലേക്കും നിയമങ്ങളിലേക്കും തത്വങ്ങളിലേക്കും താക്കീതുകളിലേക്കും ചരിത്രങ്ങളിലേക്കും വായനയിലൂടെ ഇറങ്ങിച്ചെല്ലാനും നമുക്ക് സാധിക്കുമ്പോഴാണ് നമ്മള്‍ തഖ്‌വ ഉള്ളവരായിത്തീരുന്നത്.
എന്നാല്‍, വിശുദ്ധ ഗ്രന്ഥത്തിന്റെ അവതരണ മാസമായ റമദാനില്‍ നോമ്പ് അനുഷ്ഠിച്ചിട്ടും ഖുര്‍ആനുമായി ബന്ധം സ്ഥാപിക്കാന്‍ കഴിയാത്തവന്‍ അല്ലാഹുവിന്റെ ശിക്ഷയെ ഭയപ്പെട്ടുകൊള്ളട്ടെ. ”എന്റെ ഉദ്‌ബോധനത്തെ വിട്ട് വല്ലവനും തിരിഞ്ഞുകളയുന്നപക്ഷം തീര്‍ച്ചയായും അവന് ഇടുങ്ങിയ ഒരു ജീവിതമാണ് ഉണ്ടായിരിക്കുക. ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ അവനെ നാം അന്ധനായ നിലയില്‍ എഴുന്നേല്‍പിച്ചുകൊണ്ടുവരുന്നതുമാണ്. അവന്‍ പറയും: എന്റെ രക്ഷിതാവേ, നീ എന്തിനാണെന്നെ അന്ധനായ നിലയില്‍ എഴുന്നേല്‍പിച്ചുകൊണ്ടുവന്നത്? ഞാന്‍ കാഴ്ചയുള്ളവനായിരുന്നല്ലോ? അല്ലാഹു പറയും: അങ്ങനെ തന്നെയാകുന്നു. നിനക്ക് നമ്മുടെ ദൃഷ്ടാന്തങ്ങള്‍ വന്നെത്തുകയുണ്ടായി. എന്നിട്ട് നീ അത് മറന്നുകളഞ്ഞു. അതുപോലെ ഇന്ന് നീയും വിസ്മരിക്കപ്പെടുന്നു” (20:124-126).
പ്രതിഫല നാളിന്റെ ഉടമസ്ഥനാണ് അല്ലാഹു എന്നത് ദിവസവും നിര്‍ബന്ധമായും 17 തവണ ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നവന്‍ തിരിച്ചറിയട്ടെ, ആ റബ്ബ് നമ്മെ മറന്നാലുള്ള അവസ്ഥ. അതിനു പുറമേ പ്രവാചകനും അത്തരക്കാര്‍ക്കെതിരെ അല്ലാഹുവിനോട് പരാതി പറയും: ”(അന്ന്) റസൂല്‍ പറയും: എന്റെ രക്ഷിതാവേ, തീര്‍ച്ചയായും എന്റെ ജനത ഈ ഖുര്‍ആനിനെ അഗണ്യമായി തള്ളിക്കളഞ്ഞിരിക്കുന്നു” (25:30). ഇനിയെങ്കിലും നമ്മള്‍ ഉറക്കെ ചിന്തിക്കുക, ഖുര്‍ആനിന്റെ ജീവിക്കുന്ന പതിപ്പുകളായി, അതുകൊണ്ട് ജിഹാദ് ചെയ്യാന്‍ നമുക്ക് സാധ്യമായിരുന്നിട്ടുണ്ടോ എന്ന്. ”അതിനാല്‍ സത്യനിഷേധികളെ നീ അനുസരിച്ചുപോകരുത്. ഇത് (ഖുര്‍ആന്‍) കൊണ്ട് നീ അവരോട് വലിയൊരു സമരം നടത്തിക്കൊള്ളുക” (25:52).
വിശുദ്ധ ഖുര്‍ആന്‍ പഠിക്കലും പകര്‍ത്തലും മറ്റുള്ളവര്‍ക്ക് പകര്‍ന്നുനല്‍കലും നമ്മുടെ ബാധ്യതയാണ്. തഖ്‌വയുടെ ഭാഗമാണ്. കാരണം, ഈ ഗ്രന്ഥമാണ് മനുഷ്യനെ ഏറ്റവും ചൊവ്വായ മാര്‍ഗത്തിലേക്ക് നയിക്കുന്നത്. ”തീര്‍ച്ചയായും ഈ ഖുര്‍ആന്‍ ഏറ്റവും ശരിയായതിലേക്ക് വഴി കാണിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് വലിയ പ്രതിഫലമുണ്ട് എന്ന സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുന്നു” (17:9).

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x