3 Tuesday
December 2024
2024 December 3
1446 Joumada II 1

ഖുര്‍ആന്‍ വ്യാഖ്യാനത്തിലെ ശരി തെറ്റുകള്‍

പി കെ മൊയ്തീന്‍ സുല്ലമി


വിശുദ്ധ ഖുര്‍ആന്‍ തോന്നിയതുപോലെ വ്യാഖ്യാനിക്കുന്ന സമ്പ്രദായം വളരെ മുമ്പുതന്നെയുണ്ട്. ചില ഉദാഹരണങ്ങള്‍ രേഖപ്പെടുത്താം. ഒന്ന്: നാലിലൊരു മദ്ഹബ് സ്വീകരിക്കല്‍ ഓരോ മുസ്‌ലിമിനും നിര്‍ബന്ധമാണ്. അതിനു തെളിവായി താഴെ വരുന്ന വചനമാണ് അവര്‍ ഉദ്ധരിക്കാറുള്ളത്: ‘നമ്മുടെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പ്പെട്ടവരാരോ അവരെ നമ്മുടെ വഴികളിലേക്ക് നാം നയിക്കുക തന്നെ ചെയ്യുന്നതാണ്’ (അന്‍കബൂത്ത് 69). മേല്‍ വചനത്തില്‍ പറഞ്ഞത് ‘നമ്മുടെ വഴികള്‍’ എന്ന വിധമാണ്. അപ്പോള്‍ അത് ബഹുവചനമാണ്. ഇസ്‌ലാം ഒരു വഴിയല്ല, പല വഴികളാണ്. അതില്‍ പെട്ടതാണ് മദ്ഹബുകളും എന്നതാണ് അവരുടെ ദുര്‍വ്യാഖ്യാനം.
ഈ വചനത്തിന് ഇമാം ഇബ്‌നു കസീറിന്റെ വ്യാഖ്യാനം ശ്രദ്ധിക്കുക: ‘തനിക്ക് ലഭിച്ച അറിവനുസരിച്ച് പ്രവര്‍ത്തിക്കുന്നവരെ അവര്‍ അറിയാത്ത വിധം അല്ലാഹു നേര്‍വഴിയിലാക്കും’ (3:422). ഈ ഖുര്‍ആന്‍ വചനങ്ങളും മദ്ഹബുകളും തമ്മില്‍ യാതൊരുവിധ ബന്ധവുമില്ല. അത് നിരവവധി ഖുര്‍ആന്‍ വചനങ്ങള്‍ക്കും സഹീഹായ ഹദീസുകള്‍ക്കും വിരുദ്ധമാകുന്നു. ‘ഇതത്രേ എന്റെ നേരായ വഴി. അത് നിങ്ങള്‍ പിന്തുടരുക. മറ്റു മാര്‍ഗങ്ങള്‍ നിങ്ങള്‍ പിന്‍പറ്റരുത്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് അതൊക്കെ നിങ്ങളെ വേര്‍പെടുത്തിക്കളയും’ (അന്‍ആം 153). നബി(സ) ഒരു നേര്‍േരഖ വരച്ചുകൊണ്ടും അതിന്റെ വലതുഭാഗത്തും ഇടതുഭാഗത്തും കുറേ വരകള്‍ വരച്ചുകൊണ്ടുമാണ് പ്രസ്തുത വചനം സഹാബത്തിനെ ഓതിക്കേള്‍പ്പിച്ചതെന്ന് സഹീഹായ ഹദീസുകളില്‍ വന്നിട്ടുണ്ട്. നബി(സ) വരച്ച ആ നേര്‍വരയാണ് ഖുര്‍ആനിന്റെയും അതിന്റെ വിശദീകരണമായ സുന്നത്തിന്റെയും മാര്‍ഗമെന്നും മറ്റു വഴികളൊന്നും തന്നെ പിന്തുടരാന്‍ പാടില്ലെന്നും അഹ്‌ലുസ്സുന്നഃയുടെ പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുമുണ്ട്.
രണ്ട്: ചില ത്വരീഖത്തിന്റെ വക്താക്കള്‍ ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം ചെയ്തിട്ടുണ്ട്. അഥവാ ത്വരീഖത്തില്‍ മെമ്പര്‍ഷിപ് എടുത്തവര്‍ ഹഖീഖത്തിന്റെ ദറജയില്‍ (സ്ഥാനത്ത്) എത്തിക്കഴിഞ്ഞാല്‍ അവര്‍ക്ക് അല്ലാഹുവെ സംബന്ധിച്ച് യഖീന്‍ (മനസ്സുറപ്പ്) ബോധ്യപ്പെടും. പിന്നീട് അവര്‍ക്ക് ആരാധനാ കര്‍മങ്ങളൊന്നും നിര്‍ബന്ധമില്ല എന്നു മാത്രമല്ല, എല്ലാ ഹറാമുകളും അവര്‍ക്ക് അനുവദനീയവുമാണ്. അതിന് അവര്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്ന വചനം താഴെ വരുന്നു: ‘ഉറപ്പായ കാര്യം (മരണം) നിനക്ക് വന്നെത്തുന്നതുവരെ നീ നിന്റെ റബ്ബിനെ ആരാധിക്കുകയും ചെയ്യുക’ (ഹി. 99).
ത്വരീഖത്തുകാരുടെയും സൂഫികളുടെയും പ്രമാണങ്ങള്‍ ഒന്നുതന്നെയാണ്. സൂഫിസം നടപ്പാക്കുന്ന മാര്‍ഗമാണ് ത്വരീഖത്ത്. അവരുടെ വാദത്തെക്കുറിച്ച് ഇബ്‌നുഹസം പറയുന്നു: ‘സൂഫികളില്‍ ഒരു വിഭാഗം വാദിക്കുന്നത്, എല്ലാ പ്രവാചകന്മാരെക്കാളും ശ്രേഷ്ഠതയുള്ളവര്‍ അവരിലുണ്ട് എന്നതാണ്. ഒരു വ്യക്തിവലയത്തിന്റെ അങ്ങേയറ്റത്ത് എത്തിപ്പെടുന്നപക്ഷം നമസ്‌കാരം, നോമ്പ്, സകാത്ത് എന്നിവയിലും മറ്റുള്ള ആരാധനാകര്‍മങ്ങളിലും അദ്ദേഹത്തിന് വിടുതിയുണ്ട് (നിര്‍ബന്ധമില്ല) എന്നാണ്. വ്യഭിചാരം, ലഹരി ഉപയോഗം, മറ്റുള്ള തെറ്റുകള്‍ എല്ലാംതന്നെ അദ്ദേഹത്തിന് അനുവദനീയമാണ്’ (അല്‍ ഫസ്‌ലു ഫില്‍ മിലലി വല്‍ അഹ്‌വാഇ വന്നഹ്‌ലി 4:226).
മൂന്ന്: 1921ല്‍ മുസ്‌ലിംകളെ വിജ്ഞാനപരമായും സാംസ്‌കാരികമായും സമുദ്ധരിക്കാന്‍ വേണ്ടി നിര്‍മിച്ചതായിരുന്നു ഐക്യസംഘം. അവരെ അന്നത്തെ സമസ്തക്കാര്‍ നേരിട്ടത് ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ടായിരുന്നു. ‘തീര്‍ച്ചയായും ഐക്കത്തുകാര്‍ അക്രമികള്‍ തന്നെയായിരുന്നു’ (ഹിജ്‌റ 78).
ഇവിടെ ഖുര്‍ആനില്‍ വന്ന ഐക്കത്തുകാര്‍ ഐക്യസംഘമല്ല, മറിച്ച് നബി(സ)ക്ക് എത്രയോ ആയിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ജീവിച്ചു മരണപ്പെട്ടുപോയ, അഥവാ അല്ലാഹുവിന്റെ ശിക്ഷയ്ക്ക് വിധേയരായ ശുഐബ് നബി(അ)യുടെ ജനതയായിരുന്നു അവര്‍. ഐക്കത്തുകാര്‍ എന്നു പറഞ്ഞാല്‍ വനവാസികള്‍ എന്നാണ്. താഴെ വരുന്ന വചനത്തില്‍ അല്ലാഹു അക്കാര്യം പറയുന്നുണ്ട്: ‘ഇവരുടെ (മക്കക്കാരുടെ) മുമ്പ് നൂഹിന്റെ ജനതയും റസ്സുകാരും സമൂദ് സമുദായവും ഫിര്‍ഔനും ലൂത്തിന്റെ സഹോദരന്മാരും ഐക്കത്തുകാരും (വനവാസികള്‍) തുബ്ബഇന്റെ ജനതയും സത്യം നിഷേധിച്ചിട്ടുണ്ട്. ഇവരൊക്കെ ദൈവദൂതന്മാരെ നിഷേധിച്ചു തള്ളിക്കളഞ്ഞു. അപ്പോള്‍ അവരില്‍ എന്റെ താക്കീത് (ശിക്ഷ) സത്യമായി പുലര്‍ന്നു’ (ഖാഫ് 12-14).
ഇങ്ങനെ ഓരോ വ്യക്തികളും തങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് വിശുദ്ധ ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാര്‍ ഖുര്‍ആന്‍ വ്യാഖ്യാനിക്കുന്ന വിഷയത്തില്‍ മാര്‍ഗരേഖ പുറപ്പെടുവിച്ചത്. ഇമാം ഇബ്‌നു കസീര്‍ രേഖപ്പെടുത്തിയത് ശ്രദ്ധിക്കുക:
‘വിശുദ്ധ ഖുര്‍ആന്‍ ആദ്യമായി വ്യാഖ്യാനിക്കേണ്ടത് ഖുര്‍ആന്‍ കൊണ്ടുതന്നെയാണ്. പിന്നീട് വ്യാഖ്യാനിക്കേണ്ടത് സ്വഹീഹ് മശ്ഹൂറായ ഹദീസുകള്‍ കൊണ്ടാണ്. അനന്തരം വ്യാഖ്യാനിക്കേണ്ടത് സ്വഹാബത്തിന്റെ പ്രസ്താവനകള്‍ കൊണ്ടും ശേഷം താബിഉകളുടെ ഖീലു കൊണ്ടുമാണ്’ (മുഖ്തസറു ഇബ്‌നി കസീര്‍, മുഖദ്ദിമ 1:3). ആ വിഷയത്തില്‍ ജലാലുദ്ദീനുസ്സുയൂത്വിയുടെ പ്രസ്താവന: ‘വിശുദ്ധ ഖുര്‍ആനിന്റെ ചില ഭാഗങ്ങള്‍ മറ്റു ചില ഭാഗങ്ങള്‍ കൊണ്ട് വ്യാഖ്യാനിക്കപ്പെടും’ (അബ്ദുല്‍ മന്‍സൂര്‍ 5:325). ഇബ്‌നു ഹജര്‍(റ) പ്രസ്താവിച്ചു: ‘ഖുര്‍ആനിന്റെ ചില ഭാഗങ്ങള്‍ മറ്റു ചില ഭാഗങ്ങള്‍ സത്യപ്പെടുത്തുന്നു’ (ഫത്ഹുല്‍ബാരി 8:445).
ഖുര്‍ആനിനെ ഖുര്‍ആന്‍ കൊണ്ട് വ്യാഖ്യാനിക്കുന്ന ഒരു ഉദാഹരണം താഴെ വരുന്നു. ഖുര്‍ആന്‍ ഭൂമിയിലേക്ക് ആദ്യമായി ഇറക്കപ്പെട്ടത് ശഅ്ബാന്‍ പാതിരാവിനാണെന്ന് ഇക്‌രിമയില്‍ നിന്ന് ജലാലൈനി തഫ്‌സീറില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അത് ശരിയല്ലെന്ന് ഖുര്‍ആന്‍ കൊണ്ടുതന്നെ തെളിയിക്കാം. അല്ലാഹു അരുളി: ‘വിശുദ്ധ ഖുര്‍ആന്‍ അവതരിക്കപ്പെട്ട മാസമാകുന്നു റമദാന്‍’ (അല്‍ബഖറ 185). പ്രസ്തുത വചനത്തെ വിശദീകരിച്ചുകൊണ്ട് അല്ലാഹു പറയുന്നു: ‘തീര്‍ച്ചയായും നാം ഇതിനെ (ഖുര്‍ആനിനെ) ലൈലത്തുല്‍ ഖദ്‌റില്‍ അവതരിപ്പിച്ചിരിക്കുന്നു’ (ഖദ്ര്‍ 1).
വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു തന്നെ ഇപ്രകാരം അരുളിയിട്ടുണ്ട്: ‘മനസ്സിലാക്കുന്ന ആളുകള്‍ക്കു വേണ്ടി അപ്രകാരം നാം തെളിവുകള്‍ വിശദീകരിക്കുന്നു’ (അഅ്‌റാഫ് 32). മറ്റൊരു വചനം ‘ചിന്തിക്കുന്ന ആളുകള്‍ക്കു വേണ്ടി അപ്രകാരം നാം തെളിവുകള്‍ വിശദീകരിക്കുന്നു’ (യൂനുസ് 24).
രണ്ടാമതായി ഖുര്‍ആന്‍ വ്യാഖ്യാനിക്കേണ്ടത് പ്രവാചക ചര്യകള്‍ കൊണ്ടാണ്. അല്ലാഹു അരുളി: ‘താങ്കള്‍ക്ക് ഞാന്‍ ഉദ്‌ബോധനം അവതരിപ്പിച്ചുതന്നിരിക്കുന്നു. ജനങ്ങള്‍ക്കായി അവതരിപ്പിക്കപ്പെട്ടത് നീ അവര്‍ക്ക് വിശദീകരിച്ചുകൊടുക്കാന്‍ വേണ്ടിയും അവര്‍ ചിന്തിക്കാന്‍ വേണ്ടിയും’ (നഹ്ല്‍ 44). ‘വേദഗ്രന്ഥവും തത്വജ്ഞാനവും അവരെ പഠിപ്പിക്കുകയും ചെയ്യുന്നു’ (ജുമുഅ 2). ഇവിടെ തത്വജ്ഞാനം എന്നതിന് ഇമാം ശാഫിഈ അടക്കമുള്ള പല പണ്ഡിതന്മാരും വ്യാഖ്യാനം നല്‍കിയത് പ്രവാചക ചര്യ എന്നാണ്.
ഖുര്‍ആനിനെ ഹദീസു കൊണ്ട് വ്യാഖ്യാനിക്കുന്ന ഒരു ഉദാഹരണം മാത്രം താഴെ വരുന്നു. അല്ലാഹു വുദുവിനെക്കുറിച്ച് വിശുദ്ധ ഖുര്‍ആനില്‍ അരുളി: ‘നിങ്ങളുടെ തല തടവുകയും ചെയ്യുക’ (മാഇദ 6). അതിന്റെ വിശദമായ രൂപം നബിചര്യയില്‍ ഇപ്രകാരമാണ്: ‘നബി(സ) തലയുടെ മുന്‍ഭാഗത്തുനിന്ന് തല തടവല്‍ ആരംഭിക്കുകയും പിന്നീട് തല തടവിയ രണ്ടു കൈകളും തടവിയേടത്തുതന്നെ മടക്കുകയും ചെയ്തു’ (ബുഖാരി). ഖുര്‍ആന്‍ വചനത്തെ സുന്നത്തു കൊണ്ട് വിശദീകരിച്ച മറ്റൊരു ഉദാഹരണവും കൂടി ശ്രദ്ധിക്കൂ: ‘ഞാനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാല്‍ എന്നെ നിങ്ങള്‍ ആരാധിക്കുക എന്ന് ബോധനം നല്‍കിക്കൊണ്ടല്ലാതെ താങ്കള്‍ക്കു മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല’ (അമ്പിയാഅ് 25). ഈ വചനത്തെ വിശദീകരിച്ചുകൊണ്ട് നബി(സ) പറഞ്ഞു: ‘ഞാനും എനിക്കു മുമ്പുള്ള പ്രവാചകന്മാരും പറഞ്ഞ വാക്കുകളില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠമായത് ‘അല്ലാഹു ഒഴികെ ആരാധനയ്ക്ക് അര്‍ഹനായി മറ്റാരുമില്ല’ എന്നതാണ്’ (മാലിക്, മുവത്വ 1:215).
മൂന്നാമതായി, ഖുര്‍ആന്‍ വ്യാഖ്യാനിക്കേണ്ടത് സഹാബികളുടെ ഖീലു കൊണ്ടാണ്. നബി(സ)യുടെ ജീവിക്കുന്ന കണ്ണാടിയായിരുന്നു അദ്ദേഹത്തിന്റെ സഹാബത്ത്. അവരെക്കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞു: ‘മുഹാജിറുകളില്‍ നിന്നും അന്‍സാറുകളില്‍ നിന്നും ആദ്യമായി (ഇസ്‌ലാമിലേക്ക്) മുന്നോട്ടുവന്നവരും സുകൃതം ചെയ്തുകൊണ്ട് അവരെ പിന്തുടര്‍ന്നവരും ആരോ അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവനെക്കുറിച്ച് അവരും സംതൃപ്തരായിരിക്കുന്നു’ (തൗബ 100).
സഹാബത്തിന്റെ വാക്കു കൊണ്ട് ഖുര്‍ആന്‍ വ്യാഖ്യാനിച്ച ഒരു ഉദാഹരണം താഴെ വരുന്നു. ‘വേദഗ്രന്ഥത്തില്‍ നിന്ന് ഒരു വിഹിതം നല്‍കപ്പെട്ടവരെ നീ കണ്ടില്ലേ? അവര്‍ ജിബ്തിലും ത്വാഗൂതിലും വിശ്വസിക്കുന്നു’ (നിസാഅ് 51). ഈ വചനം പ്രമുഖരായ സഹാബിമാര്‍ വിശദീകരിക്കുന്നതായി ഇമാം ഇബ്‌നു കസീര്‍ രേഖപ്പെടുത്തിയതു ശ്രദ്ധിക്കുക: ‘ഇവിടെ ജിബ്ത് സിഹ്‌റാണ്. ഉമര്‍(റ), ഇബ്‌നു അബ്ബാസ് തുടങ്ങിയവര്‍ അപ്രകാരം പ്രസ്താവിച്ചിരിക്കുന്നു’ (ഇബ്‌നു കസീര്‍ 1:626).
സൂറഃ നിസാഇലെ അടുത്ത വചനം ഇപ്രകാരമാണ്: ‘എന്നാല്‍ അവരെയാണ് അല്ലാഹു ശപിച്ചിരിക്കുന്നത്. ഏതൊരുവനെ അല്ലാഹു ശപിക്കുന്നുവോ അവന് ഒരു സഹായിയെയും നീ കണ്ടെത്തുകയില്ല’ (നിസാഅ് 52).
51-ാം വചനത്തില്‍ അല്ലാഹു പറഞ്ഞിരിക്കുന്നത് സിഹ്‌റില്‍ വിശ്വസിച്ചു എന്ന കാരണത്താല്‍ അവരെ (യഹൂദികളെ) അല്ലാഹു ശപിച്ചിരിക്കുന്നു എന്നാണ്. അല്ലാഹു ശപിക്കപ്പെട്ടവന് ഒരു സഹായിയുമില്ല എന്നാണ് നിസാഇലെ 52-ാം വചനം. സിഹ്‌റ് ഫലിക്കുമെന്ന് വിശ്വസിക്കല്‍ അല്ലാഹുവിന്റെ ശാപത്തിനു വിധേയമായ യഹൂദി സമ്പ്രദായമാണ്. ഇനി സിഹ്‌റില്‍ വിശ്വസിക്കലാണെങ്കില്‍ സിഹ്‌റ് എന്ന ഒരു അനാചാരമുണ്ട് എന്നു വിശ്വസിക്കാത്തവര്‍ ലോകത്ത് ആരും തന്നെയില്ല. അങ്ങനെയാണെങ്കില്‍ ലോകത്തുള്ള എല്ലാവരും കാരണം കൂടാതെ അല്ലാഹുവിന്റെ ശാപത്തിനു വിധേയരായിത്തീരും.
നാലാമത് ഖുര്‍ആന്‍ വ്യാഖ്യാനിക്കേണ്ടത് താബിഉകളുടെ വാക്കനുസരിച്ചാണ്. അത് തഫ്‌സീറുകളില്‍ വ്യാപകമായി കണ്ടുവരുന്ന വ്യാഖ്യാനമാണ്. ഇനി ഹദീസുകളിലെയോ സഹാബികളുടെയോ താബിഉകളുടെയോ വ്യാഖ്യാനം ഖുര്‍ആനിന്റെ നസ്സിനോ സത്യസന്ധമായ ശാസ്ത്രീയ നിരീക്ഷണങ്ങള്‍ക്കോ നമുക്ക് അനുഭവപ്പെടുന്ന യാഥാര്‍ഥ്യങ്ങള്‍ക്കോ വിരുദ്ധമാണെങ്കില്‍ അത്തരം വ്യാഖ്യാനങ്ങള്‍ തള്ളിക്കളയേണ്ടതാണ്.

Back to Top