ഖുര്‍ആന്‍ തന്നെ ഒന്നാം പ്രമാണം
കണിയാപുരം നാസറുദ്ദീന്‍
എല്ലായിടത്തും അല്ലാഹുവിന്റെ വചനങ്ങള്‍ക്ക് നല്‍കേണ്ട പ്രാമുഖ്യവും മുന്‍ഗണനാക്രമവും വിശദീകരിക്കുന്ന ധാരാളം വചനങ്ങള്‍ ഖുര്‍ആനില്‍ കാണാം. ഖുര്‍ആനിന്റെ വ്യാഖ്യാതാവും പ്രയോക്താവുമാണ് മുഹമ്മദ് നബി(സ). അവിടത്തെ വാക്കുകളും പ്രവൃത്തികളും അംഗീകാരങ്ങളും ഉള്‍പ്പെടുന്ന സുന്നത്ത് എന്ന പ്രവാചക ചര്യയാണ് ഇസ്‌ലാമിന്റെ രണ്ടാം പ്രമാണം.
ഹദീസുകളെല്ലാം പ്രബലമാകണമെന്നില്ല. പ്രബലമാകണമെങ്കില്‍ കൃത്യമായ മാനദണ്ഡങ്ങളും നിബന്ധനകളും നിദാനശാസ്ത്രജ്ഞന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നമുക്ക് ലഭ്യമാകുന്ന നബിവചനങ്ങള്‍, പ്രവര്‍ത്തനങ്ങള്‍, അംഗീകാരങ്ങള്‍ തുടങ്ങിയവ പ്രവാചകനിലേക്ക് എത്തുന്നതുവരെയുള്ള ശൃംഖലയിലെ (സനദ്) എല്ലാ വ്യക്തികളും സത്യസന്ധരും സ്വീകാരയോഗ്യരുമാകണം.
എത്ര പ്രബലമായ വചനങ്ങളാണെങ്കിലും വിശുദ്ധ ഖുര്‍ആനിന്റെ ഖണ്ഡിതമായ ആശയങ്ങള്‍ക്കോ താല്‍പര്യങ്ങള്‍ക്കോ വിരുദ്ധമാകാന്‍ പാടില്ല. ഇങ്ങനെയുള്ള ചില വചനങ്ങള്‍ സ്വീകരിക്കണമെന്ന് ശാഠ്യം പിടിക്കുന്നവര്‍ വിശുദ്ധ ഖുര്‍ആനിനെ ഏത് രീതിയിലാണ് കാണുന്നതെന്നത് ശ്രദ്ധിക്കേണ്ടതാണ്. മറ്റു ചില വചനങ്ങള്‍ സാമാന്യമായ മനുഷ്യയുക്തിക്കോ ബുദ്ധിക്കോ ചേരാത്തതും തികച്ചും ബാലിശമായതുമായ ആശയങ്ങളാണ് ഉള്‍ക്കൊള്ളുന്നത്. അവയൊക്കെ ഇസ്‌ലാമിന് അന്യവും പ്രവാചക താല്‍പര്യങ്ങള്‍ക്ക് വിരുദ്ധവുമാണ്. ”അല്ലാഹുവിന്റെ കിതാബിനെ മുറുകെപ്പിടിക്കുകയും നമസ്‌കാരം നിലനിര്‍ത്തുകയും ചെയ്യുന്നവര്‍, തീര്‍ച്ചയായും നന്മ ആഗ്രഹിക്കുന്ന(അക്കൂട്ടരെ)വരുടെ പ്രതിഫലം നാം പാഴാക്കുകയില്ല തന്നെ” (7:170).
നമ്മുടെ മുമ്പില്‍ ഒരു പ്രശ്‌നം വരുമ്പോള്‍ ആദ്യം പരിശോധിക്കേണ്ടത് വിശുദ്ധ ഖുര്‍ആനിനെയാണ്. അവിടെയില്ലെങ്കില്‍ പ്രവാചക ചര്യയിലേക്ക് മടങ്ങണം. അവിടെയും ഇല്ലെങ്കില്‍ പരസ്പരം താരതമ്യം ചെയ്തു ഗവേഷണം ചെയ്തു മനസ്സിലാക്കുക. ഇവിടെ എല്ലാം നാം മനസ്സിലാക്കേണ്ടത് ഇസ്‌ലാമിലെ ഒന്നാം പ്രമാണം വിശുദ്ധ ഖുര്‍ആന്‍ ആണെന്നതാണ്. മനുഷ്യര്‍ അനുഭവിക്കുന്ന സകല പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കുന്നു ഈ വിശുദ്ധ ഗ്രന്ഥം. അതുകൊണ്ടാണ് ഹൃദയങ്ങളിലുള്ള രോഗങ്ങള്‍ക്ക് ഖുര്‍ആന്‍ ശമനമാണ് എന്ന് പരിചയപ്പെടുത്തുന്നത്.
ഇങ്ങനെയൊക്കെയാണെങ്കിലും ഈ വെളിച്ചത്തെയും ഇത് ഉയര്‍ത്തിപ്പിടിക്കുന്ന ആദര്‍ശത്തെയും ഇല്ലാതാക്കാനും നിഷ്പ്രഭമാക്കാനുമുള്ള ശ്രമങ്ങള്‍ എല്ലാ കാലഘട്ടത്തിലും ഉണ്ടായിക്കൊണ്ടേയിരിക്കും. ”അവര്‍ അവരുടെ വായകള്‍ കൊണ്ട് അല്ലാഹുവിന്റെ പ്രകാശത്തെ ഊതിക്കെടുത്താന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. അല്ലാഹു അവന്റെ പ്രകാശത്തെ പൂര്‍ത്തീകരിക്കുക തന്നെ ചെയ്യും” (അസ്സ്വഫ്ഫ് 8).