ഖുര്‍ആന്‍ ശൈലികളിലെ സാഹിത്യ സൗന്ദര്യം
ഡോ. ജമാലുദ്ദീന്‍ ഫാറൂഖി
ഭാഷയുടെ രൂപഘടനയില്‍ പ്രധാനമാണ് ശൈലികള്‍. മനസ്സുകളിലേക്ക് ആശയങ്ങള്‍ക്ക് കടന്നുചെല്ലാനുള്ള പാതയാണത്. ആശയവിനിമയം ആകര്‍ഷകമാക്കാന്‍ ഔചിത്യബോധത്തോടെ ഭാഷാശൈലികള്‍ ഉപയോഗിക്കാന്‍ ശീലിക്കണം. ഒരു സമൂഹത്തിന്റെ സാംസ്‌കാരിക സ്വത്വം കുറേയൊക്കെ അവരുടെ ഭാഷാശൈലികള്‍ അനാവരണം ചെയ്യുന്നു.
സഹസ്രാബ്ദങ്ങളുടെ പാരമ്പര്യവും ജ്ഞാനശേഖരവുമുള്ള അറബി ഭാഷയ്ക്ക് തനിമയും ആധുനികതയും ഒത്തുചേരുന്ന ധാരാളം ആവിഷ്‌കാര ശൈലികളുണ്ട്. അര്‍ഥകല്‍പന-അലങ്കാര (ലൊമിശേര െ& ൃവലീേൃശര) ശാസ്ത്രങ്ങളില്‍ ഇതില്‍ പലതും വിവരിക്കുന്നുണ്ട്. അറബി ഭാഷാവിജ്ഞാനങ്ങള്‍ക്ക് കൂടുതല്‍ ഇഴയടുപ്പം ലഭിച്ചത് ഖുര്‍ആന്റെ അവതരണത്തോടെയാണ്. നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന ആശയ കൈമാറ്റത്തിലൂടെ വികസിച്ച ഭാഷ എല്ലാ അര്‍ഥത്തിലും സമ്പന്നമായത് ഖുര്‍ആന്റെ ‘അറബിയ്യത്തി’ ലായിരുന്നു. സ്ഫടികസമാനമായ ആഖ്യാനശൈലിയാണ് ദൈവിക ഗ്രന്ഥത്തിന്റെ പ്രത്യേകത. അത് ഭദ്രവും മികവാര്‍ന്നതുമാണ്. അതിലെ പദഘടനകളില്‍ ദുരൂഹതയില്ല. 14 നൂറ്റാണ്ടിനു മുമ്പുണ്ടായിരുന്നവരെയും ഇന്ന് ജീവിക്കുന്നവരെയും അതിലെ ആഖ്യാനശൈലി ഒരുപോലെആകര്‍ഷിക്കുന്നു.
ആശയാവിഷ്‌കാരം എത്രത്തോളം ലളിതമാക്കാം എന്നതിന്റെ അനശ്വര പ്രഖ്യാപനമാണ് ഖുര്‍ആന്‍. അറബി ഭാഷയിലെ വ്യാകരണം, ശബ്ദവിജ്ഞാനം, അലങ്കാരശാസ്ത്രം, അക്ഷരപ്രാസം തുടങ്ങിയവയ്‌ക്കെല്ലാം പൂര്‍ണത നല്‍കിയത് ഖുര്‍ആനാണ്. സന്ദര്‍ഭോചിതം വാക്കുകള്‍ ചേര്‍ത്തുവെക്കുമ്പോഴാണ് ഉല്‍കൃഷ്ട സാഹിത്യ സൃഷ്ടി ഉണ്ടാകുന്നത്. ഖുര്‍ആനില്‍ ഉപയോഗിച്ചിരിക്കുന്ന ഓരോ പദവും, പകരം വെക്കാന്‍ കഴിയാത്ത വിധം സന്ദര്‍ഭവുമായി ചേര്‍ന്നുനില്‍ക്കുന്നു. അറബി തനിമ നല്‍കുന്ന ആസ്വാദനം മറ്റു ഭാഷകളില്‍ ഖുര്‍ആന്‍ പദങ്ങള്‍ക്ക് ലഭിക്കില്ല. അനുകരണത്തിനും പുനരാവിഷ്‌കാരത്തിനും വഴങ്ങാത്ത പ്രതിപാദനശൈലി ഖുര്‍ആന്റെ മാത്രം പ്രത്യേകതയാണ്.
ഖുര്‍ആന്‍
ശൈലികളുടെ
മാസ്മരികത
ഖുര്‍ആന്‍ ഭാഷാശൈലികള്‍ ഉണ്ടാക്കുന്ന അദ്ഭുതങ്ങള്‍ അല്ലാഹു വിവരിക്കുന്നുണ്ട്: ”മലയുടെ മുകളിലായിരുന്നു ഖുര്‍ആന്‍ ഇറങ്ങിയിരുന്നതെങ്കില്‍ അത് പൊട്ടിപ്പിളരുമായിരുന്നു” (59:21) എന്ന വചനം ശ്രദ്ധേയമാണ്. ഗ്രാമീണതയില്‍ തിളങ്ങിനിന്ന ശുദ്ധ അറബി സംസാരിച്ചിരുന്നവര്‍ ഈ ശൈലികളുടെ മാസ്മരികത തിരിച്ചറിഞ്ഞിരുന്നു. ഭാഷാപണ്ഡിതന്‍ അസ്വ്മഈ (831) ഇക്കാര്യം അനുസ്മരിക്കുന്നു. പദങ്ങളുടെ ഉത്ഭവവും യഥാര്‍ഥ അര്‍ഥസങ്കല്‍പവും മനസ്സിലാക്കാന്‍ അദ്ദേഹം ഉള്‍ഗ്രാമങ്ങളിലെ പരമ്പരാഗത ഖബീലകള്‍ സന്ദര്‍ശിക്കാറുണ്ടായിരുന്നു. ‘ഫസ്ദഅ ബിമാ തുഅവര്‍’ (15:94) എന്ന ആയത്തിന്റെ സാഹിത്യഭംഗി ആസ്വദിച്ച് സുജൂദ് ചെയ്യുന്ന ഗ്രാമീണനെ അദ്ദേഹം കണ്ടുവത്രേ. ‘ഉറക്കെ പ്രഖ്യാപിക്കുക’ എന്ന മലയാള അര്‍ഥത്തിന്റെ പതിന്‍മടങ്ങ് ശക്തിയാണ് ‘സ്വദഅ’ എന്നു കേട്ടപ്പോള്‍ അദ്ദേഹത്തിനുണ്ടായത്.
ബനൂസഅ്‌ലബ് ഗോത്രത്തില്‍ ഉണ്ടായ അനുഭവം അദ്ദേഹം പങ്കുവെക്കുന്നു: ”വസ്സാരിഖു വസ്സാരിഖത്തു…’ (5:38) എന്ന അദ്ദേഹത്തിന്റെ പാരായണം ഒരു സ്ത്രീ ശ്രദ്ധിച്ചു. ‘വല്ലാഹു ഗഫൂറുന്‍ റഹീം’ എന്നായിരുന്നു അദ്ദേഹം അവസാനിപ്പിച്ചത്. ഉടനെ സ്ത്രീ പറഞ്ഞു: ‘താങ്കള്‍ക്ക് തെറ്റി.’ അസ്മഈ ശരി ഓര്‍ത്തെടുത്ത് ‘അസീസുന്‍ ഹകീം’ എന്ന് തിരുത്തി. അദ്ദേഹം ചോദിച്ചു: ‘നിനക്ക് ഖുര്‍ആന്‍ മനഃപാഠമാണോ?’ അവള്‍ പറഞ്ഞു: ‘ഇല്ല, ഞാനൊരു ക്രിസ്ത്യാനി പെണ്ണാണ്. നിങ്ങള്‍ ഓതിയ ആയത്ത് ഗഫൂറുന്‍ റഹീം എന്ന് അവസാനിക്കാന്‍ ഇടയില്ല. അവിടെ ദൈവത്തിന്റെ ശക്തിയും പ്രതാപവുമാണ് പറയേണ്ടത്.”
ഖുര്‍ആന്‍ ശൈലിയുടെ പാരസ്പര്യം മനസ്സിലാക്കിയ ആ സ്ത്രീ അസ്മഈക്ക് വിസ്മയമായി. പദങ്ങളുടെ സന്ദര്‍ഭോചിത വിന്യാസമാണ് ഖുര്‍ആന്‍ ശൈലികള്‍ക്ക് തങ്കത്തിളക്കം നല്‍കുന്നത്. ‘അകലഹു ദിഅബു’ (12:17) എന്ന ആയത്ത് ഇത് വ്യക്തമാക്കുന്നു. ചെന്നായ വേട്ടയാടുന്നതിനു ഭാഷാപരമായി ‘ഇഫ്തറസ’ എന്ന പദം മതി. ഒന്നും ബാക്കിയാക്കാതെ ചെന്നായ യൂസുഫിനെ തിന്നുതീര്‍ത്തു എന്ന കള്ളം ബാപ്പയെ ബോധ്യപ്പെടുത്താന്‍ ‘അകല’പറഞ്ഞേതീരൂ.
ഒരു പദത്തിനു തന്നെ വിവിധ അര്‍ഥകല്‍പന നല്‍കുന്നതും ഖുര്‍ആന്‍ ശൈലിയുടെ വ്യതിരിക്തതയാണ്. 27-ാം അധ്യായത്തില്‍ ‘നദറ’ എന്നത് ഉദാഹരണം. നോക്കുക എന്നാണ് അര്‍ഥം. എന്നാല്‍ ഇതിന്റെ ക്രിയാ-നാമ പദങ്ങള്‍ക്ക് വിവിധ ആയത്തുകളില്‍ വ്യത്യസ്ത അര്‍ഥകല്‍പനയാണുളളത്. 27-ാം വചനത്തില്‍ ഈ പദം ‘ഉറപ്പു വരുത്തുക’ എന്ന അര്‍ഥത്തിനാണ്. 28-ാം വചനത്തില്‍ അര്‍ഥം ‘ശ്രദ്ധിക്കുക’ എന്നാണ്. 33-ല്‍ ‘ആലോചിക്കുക’ എന്നായിരിക്കും. 35-ല്‍ ‘കാത്തിരിക്കുക’ എന്നാണ്. 41-ല്‍ ‘മനസ്സിലാക്കുക’ എന്നും. സന്ദര്‍ഭങ്ങള്‍ക്ക് അനുസൃതമായി ഖുര്‍ആന്‍ നല്‍കുന്ന അര്‍ഥകല്‍പന അവഗണിച്ചുകൊണ്ടുള്ള പദാനുപദ അര്‍ഥസങ്കല്‍പം വികലവും അപൂര്‍ണവുമായിരിക്കും.
അനുഭവസാക്ഷ്യ
ശൈലികള്‍
നമ്മുടെ സ്വന്തം അനുഭവങ്ങളില്‍ തൊട്ട് സംസാരിക്കുമ്പോള്‍ അതുണ്ടാക്കുന്ന സ്വാധീനം വലുതായിരിക്കും. ഖുര്‍ആന്‍ ആവിഷ്‌കാരങ്ങളില്‍ ഇത്തരം ശൈലികള്‍ മികച്ചുനില്‍ക്കുന്നു. ഫജ്ര്‍ (പ്രഭാതം), നഹാര്‍ (പകല്‍), ലൈല്‍ (രാത്രി), സമാ (ആകാശം), അര്‍ദ് (ഭൂമി), ദുഹാ (മധ്യാഹ്നം), നജ്മ് (നക്ഷത്രം) തുടങ്ങിയവയില്‍ സത്യം ചെയ്തു പറയുന്ന ശൈലി ഖുര്‍ആന്റെ മാത്രം പ്രത്യേകതയാണ്. ഇവ ആര്‍ക്കും നിഷേധിക്കാന്‍ കഴിയാത്തപോലെ അനുബന്ധമായി പറയുന്ന കാര്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ സാധ്യമല്ല എന്നുകൂടി ബോധ്യപ്പെടുത്താനാണ് ഈ ആഖ്യാനശൈലി. ജീവിതാനുഭവങ്ങളിലെ ഇത്തരം പ്രതിഭാസങ്ങള്‍ അല്ലാഹു മനുഷ്യന് നല്‍കിയ അനുഗ്രഹങ്ങള്‍ കൂടിയാണ്. ”അനുഗ്രഹങ്ങള്‍ മനസ്സിലാക്കുന്നു, എന്നിട്ടും നിഷേധിക്കുന്നു” (16:83) എന്ന ആയത്ത് ലളിതശൈലിയിലാണെങ്കിലും മനുഷ്യന്റെ ധിക്കാരത്തിന്റെ മൂര്‍ത്തഭാവമാണ് വ്യക്തമാക്കുന്നത്.
കൃഷിയിറക്കി വിളവെടുക്കുന്നതും മാനത്തുനിന്ന് വര്‍ഷിക്കുന്ന ദാഹജലവും ഭൂമിയിലെ യാത്രാസൗകര്യങ്ങളും കാടും കുന്നും മലയുമെല്ലാം ഖുര്‍ആന്‍ വിവരിക്കുന്നത് മനുഷ്യനെ ചിന്തിപ്പിക്കുന്ന ശൈലിയിലാണ്. ദാരിയാത്ത് 23-ാം വചനം (ഫവ റബ്ബി സമാഇ…) കേട്ടപ്പോള്‍ ഗ്രാമീണ അറബി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു: ”നിഷേധികളുടെ ധിക്കാരത്തിനോടുള്ള അല്ലാഹുവിന്റെ അമര്‍ഷമാണ് ഈ സത്യപ്രസ്താവന.” ആവിഷ്‌കാരഭംഗിയും സൂക്ഷ്മ അര്‍ഥപരികല്‍പനയും ഭാവനാത്മകതയും ഇത്തരം ശൈലിയില്‍ കൂടുതലായി കാണാം. ശപഥവാക്കുകളില്ലാതെയും സമാനാര്‍ഥ ഗൗരവം ധ്വനിപ്പിക്കുന്ന സന്ദര്‍ഭങ്ങള്‍ വേറെയുമുണ്ട്. നൂര്‍ 55, ആലുഇംറാന്‍ 187 എന്നിവ ഉദാഹരണങ്ങള്‍.
പ്രചോദനാത്മക
ശൈലി
ഖുര്‍ആന്റെ പരമലക്ഷ്യം മനുഷ്യന്റെ ഹിദായത്താണ്. അതിലേക്ക് നയിക്കുന്ന വിവിധ കാര്യങ്ങളില്‍ ഖുര്‍ആന്‍ ശൈലി ശ്രദ്ധേയമാണ്. ‘അഫലാ തഅ്കിലൂന്‍’, ‘അഫലാ തദക്കറൂന്‍’, ‘അഫലാ യുഅ്മിനൂന്‍’ തുടങ്ങിയവ ഇതിന്റെ ഭാഗമാണ്. തെളിവുകള്‍ കണ്ടിട്ടും കേട്ടിട്ടും മനസ്സിന് ഇളക്കം വരാത്തവര്‍ക്ക് വീണ്ടും സത്യത്തിലേക്കുള്ള പ്രചോദനമാണിവ. അന്വശരമായ സ്വര്‍ഗീയാനന്ദങ്ങള്‍, അത് ആസ്വദിക്കാനുള്ള മോഹമുണ്ടാക്കും വിധമാണ് വിവരിക്കുന്നത്. ഉദാ: ‘ലി മിസ്‌ലി ഹാദാ’ (37:61), ‘വഫീ ദാലിക ഫല്‍ യതനാഫസില്‍’ (83:26). ആരാധനാ താല്‍പര്യം, ധര്‍മസമര സാന്നിധ്യം, പുണ്യങ്ങളിലെ മത്സരവീര്യം എന്നിവയിലും മനുഷ്യനെ കൂടുതല്‍ പ്രചോദിപ്പിക്കുന്ന ശൈലികള്‍ കാണാം. ഖുര്‍ആന്റെ സര്‍ഗശക്തിയുംഅതുതന്നെയാണ്.
ചരിത്രബോധമുണ്ടാക്കാനുള്ള ആഹ്വാനവും ഈ ഗണത്തില്‍ പെടുത്താവുന്നതാണ്. ‘അവര്‍ ഭൂമിയില്‍ സഞ്ചരിക്കുന്നില്ലേ’ എന്ന ചോദ്യം ഖുര്‍ആന്‍ ആവര്‍ത്തിക്കുന്നുണ്ട്. സൃഷ്ടിപ്പ് എങ്ങനെ നടക്കുന്നു, മുന്‍ഗാമികളുടെ ജയപരാജയങ്ങള്‍, സത്യത്തിന്റെയും അസത്യത്തിന്റെയും പര്യവസാനം തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിച്ചറിയാനുള്ള പ്രചോദനമാണ് ചരിത്രബോധത്തിന്റെ ഭാഗമായി ഖുര്‍ആന്‍ കാണുന്നത്. ‘തീര്‍ച്ചയായും അതില്‍ ഒരു ദൃഷ്ടാന്തമുണ്ട്’ എന്ന രൂപത്തിലുള്ള അടിക്കുറിപ്പ് പൂര്‍വ ചരിത്രങ്ങളില്‍ നമുക്ക് കാണാം. ഇതും ഈമാനിന്റെ ശാക്തീകരണത്തിന് സഹായകമാകണം.
ആക്ഷേപഹാസ്യം
നിഷേധികളുടെയും ധിക്കാരികളുടെയും ഗതി എന്താണെന്ന് ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. പുനര്‍വിചാരം നടത്തി തെറ്റു തിരുത്താന്‍ ഖുര്‍ആന്‍ ഉപദേശിക്കുന്നു. എന്നിട്ടും ദൈവ-മതനിരാസം തുടരുന്നവരോട് സംവദിക്കുന്നത് ആക്ഷേപസ്വരത്തിലായിരിക്കും. ‘ദുഖ് ഇന്നക്ക അന്‍തല്‍ അസീസുല്‍ കരീം’ (44:49) എന്ന വചനം ഉദാഹരണം ‘ആസ്വദിച്ചോളൂ! നീ തന്നെയല്ലേ പ്രതാപിയും മാന്യനും!’
3:119ല്‍ ഇത് ആക്ഷേപഹാസ്യ ശൈലിയില്‍ കാണാം. സത്യവിശ്വാസികളുടെ വളര്‍ച്ചയില്‍ അസൂയപ്പെട്ട് പല്ലിറുമ്മുന്നവരോട് ഖുര്‍ആന്റെ മറുപടിയാണിതില്‍. ‘നിങ്ങളുടെ അരിശവുമായി ചത്തുകൊള്ളുക’- പ്രതിയോഗികളെ അരിശം കൊള്ളിക്കാന്‍ ഇതിനേക്കാള്‍നല്ലശൈലിയില്ല.
ഫിര്‍ഔനിന്റെ പതനം ലോകം കണ്ട കടുത്ത ദുരന്തമായിരുന്നു. ആ രംഗം ആവിഷ്‌കരിക്കാന്‍ സ്വീകരിച്ച ശൈലി ശ്രദ്ധേയമാണ്. ”എത്രയെത്ര തോട്ടങ്ങളും അരുവികളുമാണ് അവര്‍ ഇവിടെ വിട്ടേച്ചത്? കൃഷിയിടങ്ങളും മാന്യമായ പാര്‍പ്പിടങ്ങളും ആഹ്ലാദപൂര്‍വം അനുഭവിച്ചിരുന്ന അനുഗ്രഹങ്ങളും. അങ്ങനെ അതെല്ലാം മറ്റൊരു ജനതയ്ക്ക് നാം അവകാശപ്പെടുത്തിക്കൊടുത്തു. അവരുടെ പേരില്‍ ആകാശമോ ഭൂമിയോ കണ്ണീരൊഴുക്കിയില്ല” (44: 2529). ഉപമാലങ്കാരങ്ങളില്‍ ത്രസിച്ചുനില്‍ക്കുന്ന ഈ ശൈലി വായനക്കാരന്റെ മനസ്സിനെ ആഴത്തില്‍ സ്പര്‍ശിക്കുന്നു. ഇതില്‍ നിന്ന് ലഭിക്കുന്ന ഗുണപാഠവും ഹൃദയത്തില്‍ ബാക്കിനില്‍ക്കും.
ആപ്തവാക്യ
ശൈലികള്‍
ചരിത്രപാഠം, ധര്‍മമൂല്യ ഉദ്‌ബോധനം തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ ഖുര്‍ആന്റെ ദാര്‍ശനിക ആപ്തവാക്യങ്ങള്‍ മനോഹരമാണ്. പശ്ചാത്തലം മാറ്റിനിര്‍ത്തിയാലും സ്വതന്ത്ര ആശയമുള്ള ആവിഷ്‌കാര ശൈലിയിലാണവ. 2:189 ഉദാഹരണം. ‘മുന്‍വാതിലിലൂടെ വീട്ടില്‍ കടക്കുക’ എന്നത് കാര്യങ്ങളില്‍ നേര്‍ക്കുനേര്‍ ഇടപെടുക, പിന്‍വാതില്‍ പ്രവര്‍ത്തനം പാടില്ല എന്ന് ധ്വനിപ്പിക്കുന്ന ശൈലിയാണ്. 59:2 മറ്റൊരു സന്ദര്‍ഭം. ‘സ്വന്തം കൈകള്‍ കൊണ്ട് അവരുടെ വീടുകള്‍ തകര്‍ക്കുന്നു’ എന്നത് ഇരിക്കുന്ന കൊമ്പ് മുറിക്കുകയെന്ന അര്‍ഥതലത്തിലാണുള്ളത്. 35:43ലെ ‘മോശമായ തന്ത്രങ്ങള്‍, അതിന്റെ ആളുകളെ തന്നെ വലയം ചെയ്യും’ എന്നത് താനുണ്ടാക്കിയ കുഴിയില്‍ താന്‍ തന്നെ വീഴും എന്ന പാഠമാണ് നല്‍കുന്നത്. ഭാഷാസൗന്ദര്യം പകരുന്ന ഖുര്‍ആന്‍ വചനങ്ങള്‍ ഒരേ സമയം ചിന്തകള്‍ക്കും ഭാവനക്കും മനസ്സിനും കുളിരേകുന്നു.