ഖുര്‍ആന്‍ സ്വയം പരിചയപ്പെടുത്തുന്ന രീതികള്‍
ഡോ. പി എം മുസ്തഫ കൊച്ചിന്‍
മുഹമ്മദ് നബി(സ)യിലൂടെ ജനങ്ങള്‍ക്കായി അവതരിപ്പിച്ച ദിവ്യവേദവാക്യങ്ങളാണ് ഖുര്‍ആന്‍. നബി(സ)ക്ക് അല്ലാഹു ഈ തിരിച്ചറിവിന്റെ വേദം അവതരിപ്പിച്ചിരിക്കുന്നു. ജനങ്ങള്‍ക്കായി അവതീര്‍ണമായത് അദ്ദേഹം അവര്‍ക്ക് വിവരിച്ചുകൊടുക്കാന്‍ വേണ്ടിയാണ് എന്ന് ഖുര്‍ആന്‍ (16:44) പറയുന്നുണ്ട്. ഈ വേദത്തിന്റെ ഏറ്റവും പ്രസിദ്ധമായ നാമമാണ് ഖുര്‍ആന്‍ എന്നത്.
പതിവായ വായന, അധികരിച്ച വായന, ആവര്‍ത്തിത വായന, നിരന്തര വായന, സ്ഥിരമായ വായന എന്നൊക്കെ അര്‍ഥം വരാവുന്ന പദമാണ് ഖുര്‍ആന്‍ (75:17). എന്നാല്‍ ഖിറാഅ എന്നതിന് ‘വായന’ എന്നര്‍ഥം പറഞ്ഞാല്‍ മതിയാകും. പതിവായും ആവര്‍ത്തിച്ചും സ്ഥിരമായും നിരന്തരവും അധികമായും വായന നടത്തേണ്ടതും നടത്തുന്നതുമായ ദിവ്യവേദമാണ് ഖുര്‍ആന്‍ (55:2)
പ്രതാപമുള്ള (അസീസ്) ഖുര്‍ആന്‍ (41:41), ആദരണീയമായ (കരീം) (56:77), മഹത്തായ (അദീം) (15:87), തത്വസമ്പൂര്‍ണമായ (ഹകീം) (36:2), മഹത്വമേറിയ ഖുര്‍ആന്‍ (50:1), സ്പഷ്ടമാക്കുന്ന (മുബീന്‍) (27:1) എന്നിങ്ങനെയുള്ള വിശേഷനാമങ്ങളോടെയും ഖുര്‍ആന്‍ സ്വയം പരിചയപ്പെടുത്തുന്നുണ്ട്.
അല്‍കിതാബ്(2:10), അല്‍ഫുര്‍ഖാന്‍ (25:1), അദ്ദിക്ര്‍ (43:44) എന്നീ മൂന്ന് നാമങ്ങള്‍ കൂടി ഖുര്‍ആനിനെ സൂചിപ്പിക്കാന്‍ ഖുര്‍ആന്‍ ഉപയോഗിക്കുന്നുണ്ട്. രേഖപ്പെടുത്തപ്പെട്ട ദിവ്യവേദപുസ്തകം എന്ന അര്‍ഥത്തില്‍ അല്‍കിതാബ് എന്ന നാമം നിലനില്‍ക്കുന്നു. ഭാഷാ പഠനത്തിലെ രണ്ട് ശേഷികളാണ് വായനയും(ഖിറാഅ) എഴുത്തും(കിതാബാ). ഇതുമായി ബന്ധപ്പെട്ട രണ്ട് ഖുര്‍ആനിന്റെ നാമങ്ങളാണ് അല്‍ഖുര്‍ആന്‍, അല്‍കിതാബ് എന്നിവ.
സമ്പൂര്‍ണ സത്യം – അര്‍ധസത്യം- അസത്യം എന്നിവയെ വ്യവഛേദിക്കുന്നത് എന്നതും ത്യാജ്യഗ്രാഹ്യം എന്നതും അല്‍ഫുര്‍ഖാന്‍ (ഉരകല്ല്) എന്നതിന്റെ അര്‍ഥതാല്‍പര്യത്തില്‍ വരും. ഓര്‍മപ്പെടുത്തല്‍, തിരിച്ചറിവ്, ഉണര്‍ത്തുപാട്ട് എന്നീ അര്‍ഥതലങ്ങളുള്ള പദമാണ് അദ്ദിക്ര്‍. ദിക്‌റാ (1:120), തദ്കിറാ (73:19) എന്നീ പദങ്ങളും ഖുര്‍ആനിനെക്കുറിച്ച് പ്രയോഗിച്ചിട്ടുണ്ട്. സൂറത്തുസ്സ്വാദിന്റെ ആദ്യവാക്യത്തില്‍ ദിദ്ദിക്ര്‍ (തിരിച്ചറിവുടയത്) എന്ന് ഖുര്‍ആനിനെപ്പറ്റി പരാമര്‍ശിച്ചിട്ടുണ്ട്.
വഴിയടയാളവും
വഴിവെളിച്ചവും
ഖുര്‍ആനിനെപ്പറ്റി ചില വിശേഷണനാമങ്ങള്‍ ഖുര്‍ആന്‍ പ്രയോഗിച്ചിട്ടുണ്ട്. ഖുര്‍ആനിനെപ്പറ്റി ഖുര്‍ആനിലൂടെ ആദ്യമായി വിശേഷിപ്പിക്കുന്നത് സൂറത്തുല്‍ ഫാതിഹയിലെ അസ്സ്വിറാത്വുല്‍ മുസ്തഖീം എന്നതാണ്. ഉചിതമായ ദൈവിക വഴിത്താര എന്ന് അര്‍ഥം നല്‍കാം. ഈ ദിവ്യവഴിയിലെ ദിവ്യവഴിയടയാളം (2:99) എന്നതാണ് ആയത്ത്. ഖുര്‍ആനിന്റെ ഓരോ ദിവ്യാക്ഷരി വചനങ്ങളും സൃഷ്ടികളുടെ സഞ്ചാര പാതയിലെ ദൈവിക വഴിയടയാളങ്ങളാണ്.
ഖുര്‍ആനിന്റെ മറ്റൊരു വിശേഷണ നാമമാണ് നൂര്‍ (പ്രകാശം) എന്നത്. നമ്മുടെ ജീവിത വഴിയിലെ വെളിച്ചമാണ് ഖുര്‍ആന്‍. വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവനെ ഇരുളില്‍ നിന്ന് വെളിച്ചത്തിലേക്ക് ആനയിക്കുവാനായി അല്ലാഹുവിന്റെ വ്യക്തമായ ആയത്തുകള്‍ നിങ്ങള്‍ക്ക് ഓതിത്തരുന്ന ഒരു ദിവ്യദൂതനെയാണ് അല്ലാഹു ഏര്‍പ്പെടുത്തിയിട്ടുള്ളത് എന്ന് ഖുര്‍ആന്‍ (65:11) പറയുന്നു. ചുറ്റുമതിലിനും നഗരഭിത്തിക്കും ചുറ്റുവേലി അറബിയില്‍ നൂര്‍ എന്ന് പറയുന്നു. വേദത്തിന്റെ ഒരു പരിഛേദം ആയത്തുകളുടെ സമുച്ചയം, വചനഗണങ്ങളാക്കി വേര്‍തിരിച്ചുവെച്ച വേദഭാഗം എന്നീ അര്‍ഥപരികല്‍പനകള്‍ സൂറക്ക് നല്‍കാവുന്നതാണ് (24:1)
മനുഷ്യന്‍
കേന്ദ്രബിന്ദു
ഖുര്‍ആനിക പ്രമേയങ്ങളിലെ കേന്ദ്രബിന്ദു മനുഷ്യനാണ്. പ്രപഞ്ചത്തിലെ ഏറ്റവും സവിശേഷ സൃഷ്ടിയാണ് മനുഷ്യന്‍. മനുഷ്യനെ അല്ലാഹു ആദരിക്കുകയും (17:70) ഏറ്റവും നല്ല ഘടനയില്‍ അവനെ സൃഷ്ടിക്കുകയും (95:4) ഭൂമിയിലുള്ളതെല്ലാം അവനുവേണ്ടി സൃഷ്ടിക്കുകയും (2:29) ആകാശഭൂമികളിലുള്ളത് അവന് വിധേയമാക്കുകയും (31:20) സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും രാപ്പകലുകളെയും അവന് വിധേയമാക്കുകയും (16:120) കടലിനെയും നദിയെയും വിധേയമാക്കുകയും (14:32) ചെയ്തത് അല്ലാഹുവാണ്.
മനുഷ്യന് ലൗകിക ക്ഷേമത്തിനും അലൗകിക മോക്ഷത്തിനുമായി അല്ലാഹുവിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ കാലാകാലങ്ങളില്‍ വരുമെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. ആ മാര്‍ഗനിര്‍ദേശം അനുസരിച്ച് പിന്തുടര്‍ന്നാലുള്ള ഗുണങ്ങളും ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്.
‘ഇവിടെ നിന്ന് നിങ്ങള്‍ എല്ലാവരും ഇറങ്ങുക. നിങ്ങളില്‍ ചിലര്‍ക്ക് ചിലര്‍ ശത്രുക്കളാകുന്നു. എന്നില്‍ (അല്ലാഹുവില്‍ നിന്ന്) നിങ്ങള്‍ക്ക് സന്മാര്‍ഗ നിര്‍ദേശം വന്നെത്തുമ്പോള്‍ എന്റെ ആ സന്മാര്‍ഗസന്ദേശം ആര് പിന്‍പറ്റുന്നുവോ അവന്‍ മാര്‍ഗം പിഴച്ചുപോവുകയില്ല. കഷ്ടപ്പെടുകയില്ല (20:123). അവര്‍ക്ക് ഭയം ഇല്ല, ദുഃഖിക്കുകയുമില്ല (2:38) എന്ന് അല്ലാഹു ഉറപ്പുപറയുന്നുണ്ട്. വഴിപിഴപ്പിക്കല്‍ (ദലാല), കഷ്ടപ്പാട് (ശഖാവാ), ഭീതി (ഖൗഫ്), ദുഃഖം (ഹുസ്ന്‍) എന്നിവയില്ലാത്ത അവസ്ഥയാണ് ദൈവികസന്മാര്‍ഗം പിന്തുടരുന്നവര്‍ക്ക് ലഭിക്കുക. അതായത് സന്മാര്‍ഗാര്‍ജനം (ഹിദായ) സൗഭാഗ്യസന്തോഷം (സആദ), ഫറഹ് (സന്തോഷം), അഭയം (അന്‍) എന്നീ അവസ്ഥകള്‍ സംജാതമാകുമെന്നര്‍ഥം”.
‘നീ കഷ്ടപ്പെടാന്‍ വേണ്ടിയല്ല നിനക്ക് ഖുര്‍ആനിനെ നാം അവതരിപ്പിച്ചത്’ (20:2). ‘മനുഷ്യരേ, നിങ്ങളുടെ സംരക്ഷകനില്‍ നിന്നുള്ള സദുപദേശവും മനസ്സുകള്‍ക്ക് രോഗശമനവും സത്യവിശ്വാസികള്‍ക്കുള്ള മാര്‍ഗദര്‍ശനവും കാരുണ്യവും വന്നുകിട്ടിയിരിക്കുന്നു. അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടും കാരുണ്യം കൊണ്ടുമാണത്. അതിനാല്‍ അവര്‍ സന്തോഷമനുഭവിക്കട്ടെ. അതാണ് അവര്‍ സമ്പാദിച്ചതിനേക്കാള്‍ ഉത്തമം’ (10:57, 58) എന്നീ വാക്യങ്ങള്‍ ഖുര്‍ആനിന്റെ അവതരണലക്ഷ്യം വ്യക്തമാക്കുന്നുണ്ട്.
ഖുര്‍ആന്‍ ഇഹലോക ക്ഷേമത്തിനും പരലോക മോക്ഷത്തിനുമായുള്ള വേദമാണ്. തിരിച്ചറിവ് നല്‍കലാണ് അതിന്റെ ലൗകികത. ‘നിങ്ങള്‍ക്കുള്ള തിരിച്ചറിവിനുവേണ്ടി ഒരു ഗ്രന്ഥം നിങ്ങള്‍ക്ക് നാം അവതരിപ്പിച്ചുതന്നിട്ടുണ്ട്. എന്നിട്ടും നിങ്ങള്‍ ചിന്തിക്കുന്നില്ലേ?’ (21:10). നിനക്ക് ബോധനം നല്‍കപ്പെട്ടതിനെ നീ മുറുകെ പിടിക്കുക. ഉചിതമായ വഴിത്താരയിലാകുന്നു നീ. നിനക്കും നിന്റെ ജനതയ്ക്കും അത് ഒരു തിരിച്ചറിവാകുന്നു. വഴിയെ നിങ്ങള്‍ ചോദ്യം ചെയ്യപ്പെടും (43:43,44) എന്നീ വാക്യങ്ങളില്‍ തിരിച്ചറിവ് (ദിക്ര്‍) എന്ന പദം വന്നിട്ടുണ്ട്. അനുഭവത്തിലൂടെ ലഭിച്ച അറിവിനെ സ്മൃതിപഥത്തില്‍ കൊണ്ടുവരുന്നതാണ് തിരിച്ചറിവ്. അപ്പോഴാണ് അത് ഉപകാരപ്പെടുക.
ഖുര്‍ആന്‍
സൗകര്യപ്രദമാണ്
‘മനുഷ്യര്‍ തിരിച്ചറിവ് നല്‍കുവാന്‍ വേണ്ടി നാം സൗകര്യപ്രദമാക്കിയിരിക്കുന്നു. തിരിച്ചറിവ് നേടാന്‍ സന്മനസ്സുള്ളവരുണ്ടോ?’ (54:17) എന്ന് ഖുര്‍ആന്‍ നാലിടത്ത് ആവര്‍ത്തിച്ചു ചോദിക്കുന്നുണ്ട്. തിരിച്ചറിവ് നേടി ജീവിതത്തില്‍ പിന്‍പറ്റാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഖുര്‍ആനിനെ സ്വീകരിക്കാന്‍ സൗകര്യമാക്കിയാണ് അത് സംവിധാനിച്ചിട്ടുള്ളത്.
ഖുര്‍ആന്‍ ഘട്ടം ഘട്ടമായി അവതരിപ്പിച്ചതിലും അതിനെ സമീപിക്കുന്നതില്‍ അവധാനത വേണമെന്നു പറയുന്നുണ്ട്. ‘ജനങ്ങള്‍ക്ക് സാവകാശത്തില്‍ നീ ഓതിക്കൊടുക്കേണ്ടതിനാല്‍ ഖുര്‍ആനിനെ നാം വേര്‍തിരിച്ചിരിക്കുന്നു. അതിനെ ക്രമേണയായി നാം അവതരിപ്പിച്ചു’ (17:106). ‘ഖുര്‍ആന്‍ നിനക്ക് ബോധനം നല്‍കപ്പെട്ടുകഴിയുന്നതിനു മുമ്പായി നീ അതില്‍ ധൃതി കാണിക്കരുത്. എന്റെ സംരക്ഷകാ, ജ്ഞാനം എനിക്ക് നീ വര്‍ധിപ്പിച്ചുതരേണമേ. എന്ന് പ്രാര്‍ഥിക്കുകയും വേണം’ (20:114)
ഭാരം ലഘൂകരിച്ച് പ്രയാസം അകറ്റാനാണ് ഖുര്‍ആന്‍ ശ്രമിക്കുന്നത്. ‘നിങ്ങള്‍ക്ക് ഒരു പ്രയാസവും വരുത്തിവെക്കണമെന്ന് അല്ലാഹു ഉദ്ദേശിക്കുന്നില്ല’ (5:6). ‘മതകാര്യത്തില്‍ യാതൊരുവിധ പ്രയാസവും നിങ്ങളുടെമേല്‍ അവന്‍ ചുമത്തിയിട്ടില്ല’ (22:78), നിങ്ങളുടെ ഭാരം ലഘൂകരിച്ച് തരണമെന്ന് അല്ലാഹു ഉദ്ദേശിക്കുന്നു. ദുര്‍ബലനായാണ് മനുഷ്യനെ സൃഷ്ടിച്ചത്. (4:28) എന്നീ ഖുര്‍ആനിക വാക്യങ്ങള്‍ ഈ ആശയത്തെ അടിവരയിടുന്നു.
നിയമങ്ങളുടെ
ക്രമപ്രവൃദ്ധി
മദ്യം നിരോധിച്ച് ഘട്ടം ഘട്ടമായാണെന്ന് ഖുര്‍ആന്‍ പരിശോധിച്ചാല്‍ മനസ്സിലാകും. നല്ല വസ്തുക്കളില്‍ നിന്ന് മദ്യം നിര്‍മിച്ചുപയോഗിക്കുന്ന അവസ്ഥ മനുഷ്യനുണ്ട് എന്ന് പറയുന്ന ഖുര്‍ആന്‍ മദ്യത്തില്‍ പാപമുണ്ടെന്ന് ഉണര്‍ത്തി. പിന്നീട് നമസ്‌കാരത്തില്‍ മദ്യപിച്ച് വരരുതെന്ന് പറഞ്ഞശേഷം ഒടുവില്‍ അത് മുഴുവനായി വിലക്കുകയുണ്ടായി. താഴെ കൊടുക്കുന്ന നാല് വാക്യങ്ങളില്‍ നിന്ന് ഇത് മനസ്സിലാക്കാം.
1). ഈത്തപ്പനകളുടെയും മുന്തിരിവള്ളികളുടെയും ഫലങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് കുടിക്കുവാനായി നാം നല്‍കുന്നു. അതില്‍ നിന്ന് ലഹരിപദാര്‍ഥവും നല്ല വിഭവവും നിങ്ങളുണ്ടാക്കുകയും ചെയ്യുന്നു (16:67). 2) മദ്യത്തെയും ചൂതുകളിയെയും കുറിച്ച് നിന്നോടവര്‍ ചോദിക്കുമ്പോള്‍ നീ പറയണം. അവ രണ്ടിലും ഗുരുതര പാപമുണ്ട്. ജനങ്ങള്‍ക്ക് ചില ഉപകാരങ്ങളുമുണ്ട്. അവയിലെ പ്രയോജനത്തെക്കാള്‍ പാപമാണ് വലുത് (2:219). 3) സമ്പൂര്‍ണ സത്യവിശ്വാസികളെ, ലഹരി ബാധിച്ച നിലയില്‍ നമസ്‌കാരത്തെ നിങ്ങള്‍ സമീപിച്ചുപോകരുത്. നിങ്ങള്‍ പറയുന്നതെന്തെന്ന് നിങ്ങള്‍ക്ക് ബോധമുണ്ടാകുന്നതുവരെ… (4:43). 4) സമ്പൂര്‍ണ സത്യവിശ്വാസികളെ, മദ്യവും ചൂതുകളിയും പ്രതിഷ്ഠകളും പ്രശ്‌നംവെച്ചുനോക്കലും ചെകുത്താന്റെ മ്ലേച്ഛവൃത്തിയാണ്. അതെല്ലാം നിങ്ങള്‍ വെടിയുവീന്‍ (5:90)
ലോക സംരക്ഷകനില്‍നിന്ന്
ഈ ഖുര്‍ആനിന്റെ അവതരണം സകലലോക സംരക്ഷകനില്‍ നിന്നാണ് (32:2) എന്നതിലും, ഇത് ലോകസംരക്ഷകനില്‍ നിന്നുള്ള വേദപ്രമാണത്തിന്റെ വിശദീകരണമാണ് (10:37) എന്നതിലും, നിയമം പാലിക്കാന്‍ തയ്യാറുള്ളവര്‍ക്കുള്ള സന്മാര്‍ഗമാണ് (2:2) എന്നതിലും യാതൊരുവിധ സംശയത്തിനുമിടമില്ല എന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്.
‘ഇതേ ലോകസംരക്ഷകനില്‍നിന്ന് അവതരിപ്പിക്കപ്പെട്ടതാണ്. നമ്മുടെ പേരില്‍ വല്ല വാക്കുകളും കെട്ടിച്ചമച്ചു പ്രവാചകന്‍ പറഞ്ഞിരുന്നുവെങ്കില്‍ വലതുകരംകൊണ്ട് അദ്ദേഹത്തെ നാം പിടിക്കുകയും അദ്ദേഹത്തിന്റെ ജീവനാഡി(വത്തീന്‍) നാം മുറിച്ചുകളയുമായിരുന്നു” (69:44-46) എന്ന് മുഹമ്മദ് നബിയോട് ഖുര്‍ആന്‍ പറയുന്നുണ്ട്.
സമ്പൂര്‍ണ സത്യം
സമ്പൂര്‍ണ സത്യം (ഹക്ക്), അസത്യം (ബാത്വില്‍), അര്‍ധസത്യം(ദന്‍ന്) എന്നിവയെക്കുറിച്ചും ഖുര്‍ആനിനെക്കുറിച്ചും സമ്പൂര്‍ണസത്യം(അല്‍ഹക്ക്) എന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. ‘സംരക്ഷകനില്‍ നിന്ന് അവതരിപ്പിച്ച ഗ്രന്ഥം സമ്പൂര്‍ണസത്യം’ (13:1). ‘യുക്തിമാനും സ്തുത്യര്‍ഹനുമായിട്ടുള്ളവന്റെ പക്കല്‍നിന്ന് അവതരിപ്പിക്കപ്പെട്ട പ്രതാപമുള്ള ഒരു ഗ്രന്ഥമാണിത്. അതിന്റെ മുന്നിലൂടെയോ പിന്നിലൂടെയോ അതില്‍ അസത്യം (ബാത്വില്‍) വന്നെത്തുകയില്ല” (41:41,42) അസത്യത്തിന്നെതിരെ ജാഗ്രത പുലര്‍ത്താന്‍ ഖുര്‍ആന്‍ പറയുന്നു: ‘സമ്പൂര്‍ണ സത്യം അസത്യവുമായി നിങ്ങള്‍ കൂട്ടിക്കുഴക്കരുത്. അറിഞ്ഞുകൊണ്ട് പരമസത്യം മറച്ചുവെക്കുകയുമരുത്’ (2ച42). വേദക്കാരേ, പൂര്‍ണ സത്യത്തെ അസത്യവുമായി കൂട്ടിക്കലര്‍ത്തുകയും അറിഞ്ഞുകൊണ്ട് പരമസത്യത്തെ നിങ്ങള്‍ മറച്ചുവെക്കുകയും ചെയ്യുന്നതെന്തിനാണ്’ (3:7)
അവതരണരീതിയനുസരിച്ച് സത്യവും അസത്യവുമാകാന്‍ സാധ്യതയുള്ളവയാണ് അര്‍ധസത്യം. അര്‍ധസത്യത്തെ ജാഗ്രതയോടെ കാണണമെന്ന് ഖുര്‍ആന്‍ പറയുന്നു. ‘സമ്പൂര്‍ണ സത്യവിശ്വാസികളെ, അര്‍ധസത്യത്തില്‍നിന്ന് മിക്കതും നിങ്ങള്‍ വെടിയുക. അര്‍ധസത്യത്തില്‍ ചിലത് കുറ്റമാകുന്നു. (49:12)
സുരക്ഷിതത്വമുള്ള
വേദം
തൗറാത്തിന്റെ സംരക്ഷണബാധ്യത അതിന്റെ അനുയായികള്‍ക്കായിരുന്നുവെന്ന് ഖുര്‍ആന്‍ പറയുന്നു: ‘അല്ലാഹുവിന്റെ വേദമായ തൗറാത്തിന്റെ സംരക്ഷണം അവര്‍ക്ക് ഏല്‍പിക്കപ്പെട്ടിരുന്നു. അവരതിന് സാക്ഷികളുമായിരുന്നു”’ (5:44). എന്നാല്‍ ഖുര്‍ആനിന്റെ സംരക്ഷണത്തെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നത് നോക്കുക. ‘ഈ ഖുര്‍ആനിനെ അവതരിപ്പിച്ചത് നാമാകുന്നു. നാം തന്നെ അതിനെ സംരക്ഷിക്കുന്നതുമാകുന്നു’ (15:9). ‘അതിന്റെ സമാഹരണവും വായനയും നമ്മുടെ ബാധ്യതയാകുന്നു’ (75:17).
ഖുര്‍ആനിന്റെ സുരക്ഷിതത്വവും സംരക്ഷണവും സുസ്ഥിരതയും അതിന്റെ ഉടമ സ്വയം ഏറ്റെടുത്തതാണെന്ന് ഇതില്‍ നിന്ന് നമുക്ക് മനസ്സിലാക്കാം. മാറ്റത്തിരുത്തലുകളോ കൈകടത്തലുകളോ ബാധിക്കാത്ത രൂപത്തില്‍ അല്ലാഹു ഖുര്‍ആനിനെ കാത്തുസൂക്ഷിക്കുന്നു. ഖുര്‍ആന്‍ പറയുന്നു. ‘സമ്പൂര്‍ണ സത്യപ്രകാരം, അതിന്റെ മുന്‍വേദങ്ങളെ സത്യപ്പെടുത്തുന്നതും അവയെ കാത്തുസൂക്ഷിക്കുന്നതുമായ നിലയില്‍ ദിവ്യവേദം നിനക്ക് നാം അവതരിപ്പിച്ചിരിക്കുന്നു’ (5:48). പൂര്‍വ ദിവ്യവേദങ്ങളിലുള്ള സമ്പൂര്‍ണസത്യം എന്താണെന്ന് വ്യക്തമാക്കുകയും അതിലെ കൈകടത്തലില്‍ കടന്നുകൂടിയ അര്‍ധസത്യങ്ങളും അസത്യങ്ങളും തുറന്നുകാട്ടിക്കൊണ്ട് ഖുര്‍ആന്‍ അവയെ കാത്തുസംരക്ഷിക്കുന്നുണ്ട്.
പാഠവും
പാഠസന്ദര്‍ഭവും
പാഠ സന്ദര്‍ഭം(രീിലേഃ)േ മനസ്സിലാക്കിയാല്‍ മാത്രമേ പാഠം(ലേഃ)േ കൃത്യമായി മനസ്സിലാക്കാനാകുകയുള്ളൂ. ‘യഹൂദരില്‍ പെട്ടവര്‍ വാക്കുകളെ സ്ഥാനം തെറ്റിച്ച് പ്രയോഗിക്കുന്നു’ (4:46) എന്ന കാര്യം തുറന്നുപറയുന്നു. സൂറതുല്‍ മാഇദയിലെ രണ്ടിടങ്ങളില്‍ അവയുടെ യഥാസ്ഥാനങ്ങളില്‍ നിന്ന് അവര്‍ തെറ്റിച്ചുകളയുന്നു’ (5:13,41). ‘വേദഗ്രന്ഥത്തിലെ വാചകശൈലികള്‍ വളച്ചൊടിക്കല്‍” (3:78). ‘വേദവചനങ്ങളില്‍ കൃത്രിമം കാണിക്കല്‍” (2ച75) എന്നീ വഴിവിട്ട രീതികളെ ഖുര്‍ആന്‍ ശക്തമായി വിമര്‍ശിക്കുന്നുണ്ട്.
‘സ്വന്തം കരങ്ങള്‍കൊണ്ട് ഗ്രന്ഥം എഴുതുകയും അത് മുഖേന വിലകുറഞ്ഞ നേട്ടങ്ങള്‍ കരസ്ഥമാക്കാനായി അത് ദൈവത്തിന്റെ അടുക്കല്‍ നിന്നുള്ളതാണെന്ന് പറയുകയും ചെയ്യുന്നവര്‍ക്കു നാശം. അവരുടെ കരങ്ങള്‍ എഴുതിയ വകയിലും അവര്‍ നേടുന്ന വകയിലും അവര്‍ക്ക് നാശം’ (2:79). ‘ഭൗതികനേട്ടങ്ങള്‍ക്കായി തുച്ഛമായ വിലയ്ക്ക് ദിവ്യവചനങ്ങള്‍ വില്‍ക്കരുത്’ (2:41) എന്ന് ഖുര്‍ആന്‍ വിലക്കുന്നുമുണ്ട്.
ഖുര്‍ആനിനോട് സമഗ്രമായ കാഴ്ചപ്പാട് വേണമെന്നതിലേക്ക് സൂചന നല്‍കുന്ന വാക്യമാണ് സൂറത്തുല്‍ ഹിജ്‌റിലേത്. ‘ഞാന്‍ വ്യക്തമായ ഒരു താക്കീതുകാരന്‍ തന്നെയാണെന്ന് പറയുക. ഖുര്‍ആനിനെ വ്യത്യസ്ത കഷ്ണങ്ങളാക്കി മാറ്റി വിഭജനം നടത്തിക്കളഞ്ഞവരുടെ മേല്‍ നാം ഇറക്കിയതുപോലെതന്നെ” (15:89-91). ‘പിന്നീട് ആ ഖുര്‍ആന്‍ വിവരിച്ചുതരലും നമ്മുടെ ബാധ്യതയാണ്'(75:19). എന്നതില്‍ ഖുര്‍ആനിനെ ഖുര്‍ആന്‍ തന്നെ വിവരിക്കുന്ന ആശയത്തെ ബലപ്പെടുന്നു. സമഗ്രമായ നിലപാട് ഖുര്‍ആനോട് എടുക്കണമെന്ന് നമുക്കിതില്‍നിന്ന് മനസ്സിലാക്കാം.
ഖുര്‍ആനിന്റെ
വെല്ലുവിളി
‘അല്ലാഹുവിന്റെ വചനങ്ങളായ ഖുര്‍ആന്‍ അവര്‍ക്ക് ഓതിക്കേള്‍പ്പിക്കപ്പെടുമ്പോള്‍ അവര്‍ പറയും. ഞങ്ങള്‍ കേട്ടിരിക്കുന്നു. ഞങ്ങള്‍ വിചാരിച്ചാല്‍ ഈ ഖുര്‍ആന്‍ പോലെ ഞങ്ങളും പറയും’ (8:31). ഖുര്‍ആന്‍ ഒരു സാധാരണ സാഹിത്യസൃഷ്ടിയാണെന്ന് വരുത്തിത്തീര്‍ക്കുന്നവര്‍ക്ക് മുമ്പില്‍ മൂന്ന് രീതിയില്‍ ഓപ്ഷന്‍ നല്‍കിക്കൊണ്ട് വെല്ലുവിളിക്കുന്നുണ്ട്.
ഒന്ന്) മാനവരും ജിന്നുകളും പരസ്പരം പിന്തുണ നല്കി ഒത്തുചേര്‍ന്നുകൊണ്ട് ഈ ഖുര്‍ആന്‍ പോലൊന്ന് കൊണ്ടുവരാന്‍ ശ്രമിച്ചാല്‍ അതിന് സാധ്യമല്ല (17:88), രണ്ട്) ഈ ഖുര്‍ആന്‍ മുഹമ്മദ് (സ) കെട്ടിച്ചമച്ചതാണെന്ന് വാദിക്കുന്നവന്‍ ഇതിനെപോലൊന്ന് കൊണ്ടുവരേണ്ടതില്ല. ഇതുപോലുള്ള പത്തു സൂറത്തുകള്‍ ചമച്ചുണ്ടാക്കി കൊണ്ടുവരിക. അതിന് അവര്‍ക്ക് സാധ്യമാകുന്നവരെയെല്ലാം വിളിക്കുകയുമാവാം (11:13). മൂന്ന്) നബി(സ) അത് കെട്ടിച്ചമച്ചതാണെന്ന് പറയുന്നവര്‍ അതിന് തുല്യമായ ഒരു സൂറത്തെങ്കിലും കൊണ്ടുവരിക. അല്ലാഹുവിനെക്കൂടാതെ അവര്‍ക്ക് സാധിക്കുന്നവരെയെല്ലാം വിളിച്ചുകൊള്ളുക (10:38)
അല്ലാഹുവിന്റെ ദാസന് അവന്‍ അവതരിപ്പിച്ചുകൊടുത്ത ഖുര്‍ആനിനെപ്പറ്റി സംശയാലുക്കളായവര്‍ അതിന്റേതുപോലുള്ള ഒരു സൂറത്തെങ്കിലും കൊണ്ടുവരിക. അല്ലാഹുവിന് കൂടാതെ അവര്‍ക്കുള്ള സഹായികളെയും വിളിച്ചുകൊള്ളുക. നിങ്ങള്‍ക്കത് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ക്കത് ഒരിക്കലും ചെയ്യാന്‍ കഴിയുകയില്ല.. (2:23,24)
അറബിയ്യത്ത്
ഇതിനെ ഒരു അനറബീ ഖുര്‍ആന്‍ നാം ആക്കിയിരുന്നെങ്കില്‍ ഇതിലെ വാക്യങ്ങള്‍ ആശയം വിശദമാക്കപ്പെട്ടവായാകാത്തത് എന്തുകൊണ്ട്? അനറബി ഗ്രന്ഥവും അറബി പ്രവാചകനുമോ? എന്നായിരിക്കും അവര്‍ പറയുക. (41:44). ഇനി അറബി ഭാഷ മാതൃഭാഷയായ നബി(സ)ക്ക് അവതരിപ്പിച്ചതിന് കാരണവും ഖുര്‍ആന്‍ പറയുന്നുണ്ട്. ‘മാതൃനഗരിയായ മക്കയിലും അതിന് ചുറ്റുമുള്ള മാതൃഭാഷ അറബിയായവര്‍ക്ക് നീ താക്കീത് നല്‍കുവാനും സംശയരഹിതമായ ഒത്തുചേരല്‍ നാളിനെപ്പറ്റി താക്കീത് നല്‍കുവാനും വേണ്ടിയാണ് നിനക്ക് അറബി ഭാഷയിലുള്ള ഖുര്‍ആനിനെ നാം ദിവ്യബോധനമായി നല്‍കിയത് എന്ന് ഖുര്‍ആന്‍ (42:7) പറയുന്നുണ്ട്.
ഖുര്‍ആനിനെ അല്ലാഹു അറബി ഭാഷയില്‍ പാരായണം ചെയ്യാവുന്നതും വാക്യങ്ങള്‍ വ്യക്തമാക്കപ്പെട്ടതുമാക്കിയത് അവര്‍ക്ക് ചിന്തിക്കുവാനും (12:2), തിരിച്ചറിവ് നേടാനും (20:113), നിയമനിര്‍ദേശങ്ങള്‍ കാത്തുസൂക്ഷിക്കുവാനും (39:27,28) മനസ്സിലാകുന്ന ആളുകള്‍ക്ക് വേണ്ടിയുമാണ് (41:3)
ഖുര്‍ആനിന്റെ അറബീ മൂലം ദൈവദത്തമാണ്. അതിന്റെ മൊഴിമാറ്റങ്ങള്‍ മനുഷ്യനിര്‍മിതമാണ്. ഖുര്‍ആന്‍ ഒരു വസ്തുവാണെന്ന് സങ്കല്‍പിച്ചാല്‍ അതിന്റെ നിഴലുകളാകുന്നു പരിഭാഷകള്‍. അറബി ഖുര്‍ആന്‍ അലൗകിക പ്രതിഭാസമാണ്. അലൗകികമായതിനെ മനുഷ്യര്‍ക്ക് അനുകരിക്കാനാവില്ല. അതിനാല്‍ പരിഭാഷകള്‍ മൊഴിമാറ്റം ചെയ്യപ്പെട്ട ഭാഷയിലെ ഖുര്‍ആനാകുകയില്ല. ഖുര്‍ആനിലെ മൂലവചനങ്ങള്‍ക്കുള്ള എല്ലാ കാര്യങ്ങളും പരിഭാഷകളില്‍ നിന്ന് ഒരിക്കലും ലഭ്യമാവില്ല. ഖുര്‍ആനിന്റെ സത്യാസത്യ വിവേചനമുഖം(ഫുര്‍ഖാന്‍) പരിഭാഷയ്ക്ക് വഴങ്ങുന്നതും പരിഭാഷയിലൂടെ ആവിഷ്‌കരിക്കാവുന്നതുമാണ്. എന്നാല്‍ ഖുര്‍ആനിന്റെ ഖുര്‍ആനിയ്യാ പരിഭാഷയ്ക്ക് വിധേയമാകുന്നതല്ല.