29 Friday
March 2024
2024 March 29
1445 Ramadân 19

ഖുര്‍ആന്‍ പാരായണത്തിന്റെ പുണ്യം

എം ടി അബ്ദുല്‍ഗഫൂര്‍


ആഇശ(റ) പറയുന്നു: നബി(സ) പറഞ്ഞിരിക്കുന്നു. വിശുദ്ധ ഖുര്‍ആന്‍ മനസ്സിലാക്കി അതില്‍ നൈപുണ്യം നേടി പാരായണം ചെയ്യുന്നവന്‍ അനുഗൃഹീതരുടെയും മാന്യന്മാരുടെയും പുണ്യാത്മാക്കളുടെയും കൂടെയാണ്. പ്രയാസത്തോടെ തപ്പിത്തടഞ്ഞുകൊണ്ട് ഖുര്‍ആന്‍ വായിക്കുന്നവര്‍ക്ക് രണ്ട് പ്രതിഫലമുണ്ട്. (ബുഖാരി, മുസ്‌ലിം)

ജനങ്ങള്‍ക്ക് സന്മാര്‍ഗവും പ്രകാശവുമാണ് വിശുദ്ധ ഖുര്‍ആന്‍. പ്രപഞ്ച സ്രഷ്ടാവായ അല്ലാഹു അവന്റെ സൃഷ്ടികള്‍ക്ക് അവരുടെ ജീവിത രേഖയായി നല്‍കിയ നിര്‍ദേശങ്ങളത്രെ വിശുദ്ധ ഖുര്‍ആന്‍. കഴിഞ്ഞകാല സമുദായങ്ങളുടെ ചരിത്രവും വരാനിരിക്കുന്ന സംഭവങ്ങളുടെ വിവരണവും പ്രാപഞ്ചിക രഹസ്യങ്ങളും ശാസ്ത്രീയ സത്യങ്ങളും താക്കീതും മുന്നറിയിപ്പും സന്തോഷവാര്‍ത്തയും സുവിശേഷവും എല്ലാം അടങ്ങിയിരിക്കുന്നു ആ വേദഗ്രന്ഥത്തില്‍. അതുകൊണ്ടുതന്നെ അതിനനുസൃതമായി ജീവിക്കുകയും അതിലെ കല്‍പനാ നിര്‍ദേശങ്ങള്‍ പരമാവധി പാലിക്കുകയും ചെയ്യുക എന്നത് ഒരു മനുഷ്യന്റെ ജീവിത വിജയത്തിന്നാധാരമാണ്.
ദൈവികമായ ഈ ഗ്രന്ഥം പാരായണം ചെയ്യുന്നതുപോലും ആരാധനയാണെന്നാണ് പരിചയപ്പെടുത്തിയിട്ടുള്ളത്. ”തീര്‍ച്ചയായും അല്ലാഹുവിന്റെ ഗ്രന്ഥം പാരായണം ചെയ്യുകയും നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും നാം കൊടുത്തിട്ടുള്ളതില്‍ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും ചെയ്യുന്നവരാരോ അവര്‍ ആശിക്കുന്നത് ഒരിക്കലും നഷ്ടം സംഭവിക്കാത്ത ഒരു കച്ചവടമാകുന്നു” (35:29) എന്ന വിശുദ്ധ ഖുര്‍ആന്‍ വാക്യത്തില്‍ നിന്നുതന്നെ പാരായണത്തിന്റെ മഹത്വം വ്യക്തമാവുന്നു.
ഖുര്‍ആന്‍ പാരായണത്തെ ശബ്ദംകൊണ്ടും പാരായണ നിയമങ്ങള്‍ പാലിച്ചുകൊണ്ടും നന്നാക്കിത്തീര്‍ക്കുകയും അവഗാഹത്തോടെയും അവധാനതയോടെയും പാരായണം നിര്‍വഹിക്കുകയും നന്നായി ഹൃദിസ്ഥമാക്കുകയും ചെയ്യുന്നത് ഖുര്‍ആനുമായുള്ള ആത്മബന്ധം സുദൃഢമാക്കുന്നു. പാരായണത്തോടൊപ്പംതന്നെ അതിലെ നിര്‍ദേശങ്ങള്‍ പാലിക്കുകയും തദനുസൃതമായി ജീവിതത്തെ ചിട്ടപ്പെടുത്തുകയും ചെയ്യുന്നവരുടെ സ്ഥാനം അനുഗൃഹീതരും പുണ്യവാന്മാരുമായ മഹത്തുക്കളോടൊപ്പം ആയിരിക്കുമെന്ന നബിവചനം നമുക്ക് പ്രചോദനമാകുന്നു.
കൃത്യമായ അവഗാഹമില്ലാതെയാണെങ്കിലും പഠിക്കാനും പാരായണം ചെയ്യാനുള്ള ആഗ്രഹവും ഖുര്‍ആനിനെ സ്‌നേഹിക്കുന്നവരുടെ മനസ്സില്‍ സ്വാഭാവികമത്രെ. അതുകൊണ്ടാണ് തപ്പിത്തടഞ്ഞാണെങ്കിലും അതിലെ വചനങ്ങള്‍ ഉരുവിടാന്‍ അവര്‍ ശ്രമിക്കുന്നത്. എങ്ങനെയെങ്കിലും അത് പഠിക്കാനുള്ള അവരുടെ ശ്രമത്തെ അല്ലാഹു പരിഗണിക്കുന്നു എന്നത്രെ ഉപര്യുക്ത നബിവചനത്തിന്റെ സന്ദേശം. പാരായണത്തിനും പ്രയാസം സഹിച്ചുകൊണ്ടുള്ള പഠനശ്രമത്തിനുമാകുന്നു ഇരട്ട പ്രതിഫലം വാഗ്ദാനം ചെയ്യുന്നത്.
ഖുര്‍ആന്‍ പഠനമെന്നാല്‍ കേവലം പാരായണത്തില്‍ മാത്രമൊതുങ്ങേണ്ടതല്ല. അതിന് മഹത്തായ പ്രതിഫലമുണ്ട്. എന്നാല്‍ പാരായണത്തിനുമപ്പുറം അതിലെ ആശയങ്ങള്‍ പഠിച്ച് അവ ജനങ്ങളിലേക്കെത്തിക്കുകയും ചെയ്യാനുള്ള അറിവ് നേടേണ്ടത് അനിവാര്യമത്രെ. ഖുര്‍ആനിലെ നിയമങ്ങളും നിര്‍ദേശങ്ങളും പഠിക്കാന്‍ ശ്രദ്ധിക്കുകയും അവ അനുസരിക്കുകയും ചെയ്തുകൊണ്ട് സന്തോഷപ്രദമായ ജീവിതം കൈവരിക്കുന്നവര്‍ക്ക് ലഭിക്കുന്ന പ്രതിഫലം അനിര്‍വചനീയമത്രെ.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x