ഖുര്‍ആന്‍ പഠനവും പാരായണവും റമദാനില്‍
ഡോ. മുനീര്‍ മുഹമ്മദ് റഫീഖ്
”മനുഷ്യര്‍ക്കാകമാനം മാര്‍ഗദര്‍ശകമായും സുവ്യക്തമായ സന്മാര്ഗ പ്രമാണങ്ങളായും സത്യാസത്യങ്ങളെ വേര്‍തിരിച്ചു കാണിക്കുന്ന ഉരകല്ലായും ഖുര്‍ആന്‍ അവതരിച്ച മാസമാകുന്നു റമദാന്‍. അതിനാല്‍, ഇനിമുതല്‍ നിങ്ങളില്‍ ആര്‍ ആ മാസം ദര്‍ശിക്കുന്നുവോ അവന്‍ ആ മാസം മുഴുവന്‍ വ്രതമനുഷ്ഠിക്കേണ്ടത് നിര്‍ബന്ധമാകുന്നു. രോഗിയോ യാത്രക്കാരനോ ആയവന്‍ മറ്റു നാളുകളില്‍ നോമ്പ് എണ്ണം തികക്കട്ടെ. അല്ലാഹു നിങ്ങള്‍ക്ക് എളുപ്പമാണിച്ഛിക്കുന്നത്, ഞെരുക്കമിച്ഛിക്കുന്നില്ല. നിങ്ങള്‍ക്ക് നോമ്പിന്റെ എണ്ണം തികക്കാന്‍ സാധിക്കുന്നതിനും അല്ലാഹു സന്മാര്‍ഗം നല്‍കി ആദരിച്ചതിന്റെ പേരില്‍ നിങ്ങള്‍ അവന്റെ മഹത്വം അംഗീകരിച്ചു പ്രകീര്‍ത്തിക്കുന്നതിനും, അവനോട് കൃതജ്ഞതയുള്ളവരായിരിക്കുന്നതിനും വേണ്ടിയത്രെ അവന്‍ ഈ രീതി നിര്‍ദേശിച്ചു തന്നത്.” (സൂറതുല്‍ബഖറ 185)
വ്രതാനുനുഷ്ഠാനത്തെക്കുറിച്ച പ്രഥമ പരാമര്‍ശത്തിനു ശേഷം വിശുദ്ധ ഖുര്‍ആന്റെ അവതരണമാണ് റമദാന്‍ മാസത്തിന്റെ പ്രത്യേകതയെന്ന് ഖുര്‍ആന്‍ മേല്‍ സൂക്തത്തിലൂടെ കൃത്യമായി പറഞ്ഞുവെയ്ക്കുന്നു. മറ്റൊരു ഭാഷയില്‍, വിശുദ്ധ ഖുര്‍ആന്റെ അവതരണം നിമിത്തമാണ് റമദാന്‍ മാസത്തിന് സവിശേഷമായ ശ്രേഷ്ഠത കൈവന്നത്. റമദാന്‍ മാസത്തില്‍ വ്രതാനുഷ്ഠാനം നിയമമാക്കിയത് വിശുദ്ധ ഖുര്‍ആന്‍ ഈ മാസത്തില്‍ അവതീര്‍ണമായി എന്നതിനാലാണ്. ഖുര്‍ആന്‍ എന്തിനാണെന്ന ലക്ഷ്യം അല്ലാഹു കൃത്യമായി വിശദീകരിക്കുന്നിണ്ടിവിടെ. മനുഷ്യര്‍ക്കാകമാനം മാര്‍ഗദര്‍ശകമായും സുവ്യക്തമായ സന്മാര്ഗ പ്രമാണങ്ങളായും സത്യാസത്യങ്ങളെ വേര്‍തിരിച്ചു കാണിക്കുന്ന ഉരക്കല്ലുമാണ് ഖുര്‍ആന്‍. ഖുര്‍ആന്‍ എന്ന പദം ഖറഅ (വായിക്കുക) എന്ന വാക്കില്‍ നിന്ന് നിഷ്പന്നമായതാണ്. ഏറെ വായിക്കപ്പെടുന്നത് എന്ന അര്‍ഥമാണ് ഇതിന് പൊതുവെ. എന്നാല്‍ പ്രാചീന അറബികള്‍ അതിനെ മനസ്സിലാക്കിയത്, (ജംഅ്, ദ്വമ്മ്) കൂട്ടിച്ചേര്‍ക്കപ്പെട്ടത് എന്ന അര്‍ഥത്തിലാണ്. വിവിധങ്ങളായ അധ്യായങ്ങള്‍ കൂട്ടിച്ചേര്‍ത്തവ എന്ന അര്‍ഥത്തിലാണ് ഈ പേരു വന്നത്. ഇമാം അബൂ ഉബൈദ പറയുന്നത് ഖുര്‍ആന് ആ പേര് വരാന്‍ കാരണം, വിവിധ സൂറത്തുകള്‍ (അധ്യായങ്ങള്‍) പരസ്പരം ചേര്‍ത്ത് വെയ്ക്കപ്പെട്ടതുകൊണ്ടാണ് എന്നാണ്. അല്ലാഹു പറയുന്നു: ”അത് ഓര്‍മിപ്പിച്ചു തരേണ്ടതും വായിപ്പിക്കേണ്ടതും നമ്മുടെ ചുമതലയാകുന്നു.” (സൂറത്തുല്‍ ഖിയാമ 17)
ഖുര്‍ആന്‍ വായനക്ക് വിശുദ്ധ ഖുര്‍ആന്‍ മറ്റൊരു പദം കൂടി ഉപയോഗിക്കുന്നുണ്ട്. തിലാവത്ത് എന്ന പദമാണത്. മനുഷ്യരെ സംസ്‌കരിക്കുകയും അവര്‍ക്ക് ദൈവികസൂക്തങ്ങള്‍ ഓതി കേള്‍പ്പിക്കുകയും ചെയ്യുന്ന പ്രവാചകനായിട്ടാണ് അല്ലാഹു പ്രവാചകനെ സൂറതുല്‍ ജുമുഅയില്‍ പരിചയപ്പെടുത്തുന്നത്. ”നിരക്ഷരന്മാര്‍ക്കിടയില്‍ അവരില്‍ നിന്നു തന്നെ ഒരു ദൈവദൂതനെ നിയോഗിച്ചത് അവനാകുന്നു. അദ്ദേഹം അവന്റെ സൂക്തങ്ങള്‍ ഓതിക്കൊടുക്കുന്നു, അവരുടെ ജീവിതത്തെ സംസ്‌കരിക്കുന്നു. വേദവും തത്ത്വജ്ഞാനവും പഠിപ്പിച്ചു കൊടുക്കുന്നു. അവര്‍, ഇതിനു മുമ്പ് തികഞ്ഞ ദുര്‍മാര്‍ഗത്തിലായിരുന്നുവല്ലോ.”
കേവല വായനക്കപ്പുറം ആശയം ഗ്രഹിച്ചു കൊണ്ടുള്ള ഏറ്റവും ശരിയായ രീതിയിലുള്ള പാരായണത്തിനാണ് തിലാവത്ത് എന്നു പറയുന്നത്. തലാ എന്ന പദത്തിനര്‍ഥം ഒന്നിനെ മറ്റൊന്നു പിന്തുടരുക എന്നാണ്. പാരായണത്തിലൂടെ അക്ഷരങ്ങളെ കണ്ണുകള്‍ പിന്തുടരുകയും കണ്ണുകളെ ചിന്ത പിന്തുടരുകയും ചെയ്യുന്നതിനാലാണത്. അക്ഷരങ്ങളെ അതിന്റെ യഥാര്‍ഥ ഉറവിടങ്ങളില്‍ നിന്ന് കൃത്യമായ ഉച്ഛാരണശുദ്ധിയോടെ വായിക്കുക മാത്രമല്ല തിലാവത്ത്. കണ്ണുകളും ചുണ്ടും നാവുമെല്ലാം ഒന്നിനു പിറകെ ഒന്നായി ഈ പ്രക്രിയയില്‍ പങ്കാളിയാവുന്നു. സൂക്തങ്ങളെ ഉച്ഛാരണത്തിലൂടെ പാരായണം ചെയ്യുക മാത്രമല്ല, ആ സൂക്തങ്ങളുടെ പൊരുള്‍ മനസ്സിനെയും ചിന്തയെയും ഉദ്ദീപിപ്പിക്കുന്നു. സൂക്തങ്ങള്‍ ആവശ്യപ്പെടുന്ന കര്‍മങ്ങള്‍ സ്വജീവിതത്തില്‍ പ്രയോഗവല്‍ക്കരിക്കുന്നതിലേക്കു കൂടി എത്തുമ്പോഴാണ് തിലാവത്ത് പൂര്‍ത്തിയാകുന്നത്.
സാധാരണ സംസാരം പോലെയോ മറ്റു പദ്യ ഗദ്യങ്ങളുടെ ഉച്ഛാരണം പോലെയോ ആകരുത് ഖുര്‍ആന്‍ പാരായണമെന്ന് പ്രവാചക തിരുമേനി(സ)ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ദൈവിക സന്ദേശമാണ് എന്ന മഹത്വവും ഗാഭീര്യവും പരിഗണിച്ചു കൊണ്ട് അത് പാരായണം ചെയ്യുന്നതിന് പ്രവാചകന്‍ ചില നിയതമായ രീതികളും ചിട്ടകളും നിര്‍ദേശിച്ചിട്ടുണ്ട്. നബി (സ) പറഞ്ഞതായി സെയ്ദ് ബ്‌നു സാബിത് പറയുന്നു: ”എങ്ങനെയാണോ ഖുര്‍ആന്‍ ഇറക്കപ്പെട്ടത്, അതുപോലെ തന്നെ അത് പാരായണം ചെയ്യപ്പെടണമെന്ന് അല്ലാഹു ആഗ്രഹിക്കുന്നു.”
”നാം വേദം നല്‍കിയിട്ടുള്ളവര്‍, അതിനെ വായിക്കേണ്ടവണ്ണം വായിക്കുന്നവര്‍ ആരോ അവര്‍, ഇതിലും (ഖുര്‍ആനിലും ആത്മാര്‍ഥമായി) വിശ്വസിക്കുന്നു.” (അല്‍ബഖറ 121)
ഖുര്‍ആന്‍ വ്യാഖ്യാതാക്കളായ ഇമാം ത്വബ്‌രിയും ഇബ്‌നുകസീറും ഈ സൂക്തത്തെ വിശദീകരിച്ച് ഇബ്‌നു മസ്ഊദില്‍ നിന്ന് ഉദ്ധരിക്കപ്പെട്ട ഒരു നബിവചനം ചേര്‍ത്തിട്ടുണ്ട്. നബി(സ) പറഞ്ഞു: ”എന്റെ ആത്മാവ് ആരുടെ കൈയ്യിലാണോ അവനാണു സത്യം. ഹക്ക തിലാവത്ത് (ഖുര്‍ആനെ വായിക്കേണ്ട വിധം വായിക്കുക) എന്നാല്‍ അല്ലാഹു ഹലാലാക്കിയതിനെ ഹലാലാക്കുകയും അവന്‍ വിലക്കിയതിനെ വിലക്കുകയുമാണ്. അല്ലാഹു ഇറക്കിയതു ഏതു പോലെയാണോ അതുപോലെ തന്നെ അതിനെ വായിക്കുക. അതിന്റെ യഥാര്‍ഥ സ്ഥാനങ്ങളില്‍ നിന്ന് അവയെ മാറ്റാതിരിക്കുക. അതിന്റെ വ്യാഖ്യാനത്തിനു ചേരാത്തവിധം അതിനെ വ്യാഖ്യാനിക്കാതിരിക്കുക.”
ഇവ്വിധം ഖുര്‍ആനെ പാരായണം ചെയ്യുന്നതിലും മനസ്സിലാക്കുന്നതിലും ദത്തശ്രദ്ധരായിരുന്നു സ്വഹാബികള്‍. ചില സൂക്തങ്ങളിലൂടെ കടന്നുപോകുമ്പോള്‍ അത് ആഴത്തില്‍ മനസ്സിലാക്കാന്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പാരായണം ചെയ്യുകയും അതിന്റെ അന്തസ്സത്തയെകുറിച്ച് ആഴത്തില്‍ ആലോചിക്കുകയും ചെയ്യുമായിരുന്നു.
സഈദിബ്‌നു ജുബൈര്‍(റ) സൂറത്തുല്‍ ബഖറയിലെ 281-ാം സൂക്തം നമസ്‌കാരത്തിലായിരിക്കെ ഇരുപതിലധികം തവണ ആവര്‍ത്തിച്ച് ഓതുന്നത് കേട്ടതായി അല്‍ഖാസിമിബ്‌നു അയ്യൂബ് സാക്ഷ്യപ്പെടുത്തുന്നു. വിശുദ്ധ ഖുര്‍ആനില്‍ അവസാനമായി അവതീര്‍ണമായ സൂക്തമാണിതെന്നും ഈ സൂക്തം അവതരിച്ച ശേഷം 9 ദിവസങ്ങള്‍ കൂടി മാത്രമേ നബി തിരുമേനി (സ) ജീവിച്ചിരുന്നുള്ളൂവെന്നും ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറയുന്നു. അല്‍യൗമ അക്മല്‍തു ലകും എന്ന സൂക്തമാണ് അവസാനമായി അതരിച്ചത് എന്ന ഒരു ധാരണ പരക്കെയുണ്ട്. എന്നാല്‍ ആ സൂക്തം ഇറങ്ങിയതിനു ശേഷം നബി നാലു മാസം കൂടി ജീവിച്ചു.
അബൂബകറിന്റെ(റ) പുത്രിയായിരുന്ന അസ്മാ(റ) നമസ്‌കാരത്തില്‍ സൂറതുത്ത്വൂര്‍ പാരായണം ചെയ്യുകയായിരുന്നു. 27-ാമത്തെ സൂക്തം, ‘അങ്ങനെ അല്ലാഹു ഞങ്ങള്‍ക്ക് ഔദാര്യമരുളി. ചുട്ടുപൊള്ളിക്കുന്ന ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുത്തി’ എന്ന സൂക്തം അവര്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പാരായണം ചെയ്തു. അസ്മയുടെ പേരക്കുട്ടി ഈ സൂക്തം ആവര്‍ത്തിച്ച് ഓതുന്നതു കേട്ടു. പിന്നീട് ഒരാവശ്യത്തിന് വേണ്ടി ചന്തയില്‍ പോയി തിരികെ വരുമ്പോഴും ഈ സൂക്തം അവര്‍ ആവര്‍ത്തിച്ച് ഓതിക്കൊണ്ടിരിക്കുകയായിരുന്നു.
അബ്ദുല്ലാഹിബ്‌നു മസ്ഊദിന്റെ(റ) അടുക്കല്‍ ഒരാള്‍ വന്ന് തനിക്ക് ഏറ്റവും പ്രയോജനപ്രദമായ ചില സംക്ഷിപ്ത വചനങ്ങള്‍ പഠിപ്പിച്ചു തരാന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ ഇബ്‌നു മസ്ഊദ് പറഞ്ഞു: ”നീ അല്ലാഹുവിനെ മാത്രം ആരാധിക്കുക. ഒരിക്കലും ശിര്‍ക്ക് ചെയ്യാതിരിക്കുക. നീ എവിടെയാണെങ്കിലും ഖുര്‍ആനോടൊപ്പമാവുക. സത്യവുമായി, വലിയവനോ ചെറിയവനോ ആരു വന്നാലും അത് സ്വീകരിക്കുക. കളവുമായി വരുന്നത് നിന്റെ ഏറ്റവും അടുത്ത ബന്ധുവോ സുഹൃത്തോ ആണെങ്കിലും അതിനെ തള്ളിക്കളയുക.”
സൂറത്തുല്‍ ബഖറയിലെ 284-ാം സൂക്തം അവതരിച്ചപ്പോള്‍, സ്വഹാബികള്‍ റസൂലിന്റെ അടുക്കല്‍ ചെന്ന് പരാതി പറഞ്ഞു. ”ആകാശ ഭൂമികളിലുള്ളതൊക്കെയും അല്ലാഹുവിന്റേതാകുന്നു. നിങ്ങളുടെ മനസ്സിലുള്ളതിനെ വെളിപ്പെടുത്തിയാലും മറച്ചുവെച്ചാലും ശരി, തീര്‍ച്ചയായും അല്ലാഹു അതേക്കുറിച്ചു നിങ്ങളെ വിചാരണ ചെയ്യും. എന്നിട്ട് ഇഷ്ടമുള്ളവര്‍ക്കു പൊറുത്തുകൊടുക്കുന്നതിനും ഇഷ്ടമുള്ളവരെ ശിക്ഷിക്കുന്നതിനും അവനധികാരമുണ്ട്. അല്ലാഹു സകല കാര്യങ്ങള്‍ക്കും കഴിവുള്ളവനല്ലോ.” (സൂറതുല്‍ ബഖറ 284).
അല്ലാഹുവിന്റെ ദൂതരേ, അല്ലാഹു ഞങ്ങള്‍ക്ക് താങ്ങാനാവാത്ത ഭാരമാണ് ഞങ്ങളുടെ മേല്‍ വഹിപ്പിച്ചിരിക്കുന്നത്. നമസ്‌കാരവും നോമ്പും ജിഹാദും ഞങ്ങളുടെ മേല്‍ നിര്‍ബന്ധമാക്കി. അതു ഞങ്ങള്‍ സ്വീകരിച്ചു. എന്നാല്‍ ഇപ്പോള്‍ താങ്കള്‍ക്ക് അവതരിച്ച ഈ സൂക്തം ആവശ്യപ്പെടുന്നത് ഞങ്ങളുടെ കഴിവിനുമപ്പുറമുള്ള കാര്യമാണ്. ഇതു കേട്ട പ്രവാചകന്റെ മുഖം കോപം കൊണ്ടു ചുവന്നു. നബി ചോദിച്ചു: നിങ്ങള്‍ വേദക്കാരായ യഹൂദരും ക്രിസ്ത്യാനികളും പറഞ്ഞതു പോലെ ‘ഞങ്ങള്‍ കേട്ടു, ഞങ്ങള്‍ ധിക്കരിക്കുന്നു’ എന്നു പറയുകയാണോ? പകരം നിങ്ങള്‍ ശ്രവിക്കുന്നു, അനുസരിക്കുന്നു എന്നു പറയുക. ഇതു കേട്ടതോടെ സ്വഹാബത്ത് ‘ഞങ്ങള്‍ വിധി കേട്ടു. വിധേയത്വം സ്വീകരിച്ചു. നാഥാ! ഞങ്ങള്‍ നിന്നോട് പാപമോചനം തേടുന്നവരാകുന്നു. ഞങ്ങള്‍ നിന്നിലേക്കുതന്നെ മടങ്ങേണ്ടവരല്ലേ’ എന്നു പറഞ്ഞു.
റമദാന്‍ മാസത്തില്‍ ഖുര്‍ആന്‍ പാരായണത്തില്‍ വ്യാപൃതരാകുന്നവര്‍ തന്നെയാണ് അധിക മുസ്‌ലിംകളും. എന്നാല്‍ കേവല പാരായണത്തിനപ്പുറം ഖുര്‍ആനിക ആശയങ്ങളുടെ അന്തസ്സത്തയിലേക്ക് ഇറങ്ങിച്ചെല്ലും വിധമുള്ള പാരായണം ശീലിച്ചവരല്ല അധിക പേരും. മുസ്ഹഫ് കാണുമ്പോഴും തൊടുമ്പോഴും അതെടുക്കുമ്പോഴും ദൈവിക വചനങ്ങളാണവ എന്ന ബോധം നമ്മില്‍ അതിനോട് ബഹുമാനവും ഭക്തിയും നിറക്കുന്നുണ്ടെന്നത് ശരിയാണ്. എന്നാല്‍ ഖുര്‍ആനിക വചനങ്ങളിലൂടെ നാം കടന്നു പോകുമ്പോള്‍, ഇവ നമ്മോട് സംവദിക്കുന്നതെന്താണെന്ന് മനസ്സിലാക്കാനുള്ള താല്‍പ്പര്യവും കൂടി നമ്മില്‍ ഉണ്ടാകണം. നമുക്ക് വഴികാട്ടിയായും നമ്മുടെ ജീവിതത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ സത്യാസത്യവിവേചനത്തിന്റെ ഉരക്കല്ലായും ഖുര്‍ആന്‍ നമുക്ക് പ്രയോജനപ്പെടുക അപ്പോള്‍ മാത്രമായിരിക്കും.