ഖുര്‍ആന്‍ ജ്ഞാനബോധത്തെ ഉജ്വലമാക്കിയ ഗ്രന്ഥം
അബ്ദുല്‍അലി മദനി
ജ്ഞാന സമ്പാദനത്തെ അത്യധികം പ്രോത്സാഹിപ്പിച്ച ദൈവികമതമാണ് ഇസ്‌ലാം. വിശുദ്ധ ഖുര്‍ആനിലെ ഒട്ടനേകം സൂക്തങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട സൂചനകള്‍ കാണാം. ഇല്‍മ് (അറിവ്), ഫിഖ്ഹ് (ജ്ഞാനം), ഫിക്‌റ് (ചിന്ത), ഫഹ്മ (ഗ്രഹിക്കല്‍), തദബ്ബുര്‍ (ഉറ്റാലോചന), ഹിക്മത്ത് (തത്വജ്ഞാനം) തുടങ്ങിയ പദങ്ങളും അവയുടെ അര്‍ഥത്തിലുള്ള ഉന്നതമായ ലക്ഷ്യങ്ങളും ഊന്നിപ്പറഞ്ഞിട്ടുള്ളതായി ഖുര്‍ആനില്‍ വായിക്കാനാകും.
വിശുദ്ധ ഖുര്‍ആന്‍ അവതരിക്കുമ്പോള്‍ തന്നെ അത് പ്രവാചകനില്‍ നിന്ന് നേര്‍ക്കുനേരെ പഠിച്ചെടുത്ത ഉത്തമ നൂറ്റാണ്ടിലെ മഹാരഥന്മാരെല്ലാം ഈ സൂക്തങ്ങളിലടങ്ങിയ ആശയങ്ങള്‍ വേണ്ടവിധം ആവാഹിച്ചെടുത്തവരായിരുന്നു. വൈജ്ഞാനിക രംഗത്തും ചിന്താഗവേഷണ മണ്ഡലങ്ങളിലും അത്ഭുതകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ അവര്‍ക്ക് സാധിച്ചതും അതുകൊണ്ടുതന്നെയാണ്. തന്നെയുമല്ല, അറിവ് വര്‍ധിക്കുന്തോറും തങ്ങള്‍ക്ക് അറിവില്ലായ്മ കൂടിക്കൂടി വരികയാണെന്ന ചിന്തയാണ് അവരെ അലോസരപ്പെടുത്തിയിരുന്നത്.
ഖുര്‍ആന്‍ പഠിപ്പിക്കുന്ന ഏറ്റവും ഉന്നതമായൊരു കാര്യം മരണാനന്തര ജീവിതമാണ്. പാരത്രിക ജീവിതത്തിലെ അനുഭവങ്ങളുടെ യഥാര്‍ഥ ചിത്രം ഖുര്‍ആന്‍ വരച്ചു കാണിക്കുന്നുണ്ട്. എന്നാല്‍ മനുഷ്യരിവിടെ കേവലമൊരു ഗര്‍ഭസ്ഥ ശിശുവെപ്പോലെയാണ് മരണാനന്തര ജീവിതത്തെ വീക്ഷിക്കുന്നത്. അഥവാ, മനുഷ്യര്‍ അവരുടെ മാതാക്കളുടെ ഉദരങ്ങളില്‍ വെച്ച് അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത അനേകം യാഥാര്‍ഥ്യങ്ങള്‍ ഭൂമിയില്‍ ജനിച്ചു വീണശേഷം ആസ്വദിച്ചറിയുന്നുണ്ടെന്ന വസ്തുത ആര്‍ക്കും നിഷേധിക്കാനാവില്ലല്ലോ. മാതാവിന്റെ ഗര്‍ഭാശയത്തില്‍ വളരുന്ന കുഞ്ഞിന് ആവശ്യമായതെല്ലാം സ്രഷ്ടാവ് അവിടെ എത്തിക്കുന്നു. കുട്ടി അതെല്ലാം അനുഭവിക്കുന്നു. പക്ഷെ പുറംലോകത്ത് നടന്നുകൊണ്ടിരിക്കുന്ന യുദ്ധങ്ങളും സംഹാരങ്ങളും കെടുതികളും മനോഹരങ്ങളായ ആസ്വാദ്യതകളും അവനറിയുന്നില്ല.
ഭൂമിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഗൗരവതരമായ വസ്തുതകളൊന്നും ആ കുട്ടിക്ക് ഉള്‍ക്കൊള്ളാനാവില്ല. അതുപോലെത്തന്നെയാണ് ഈ പ്രപഞ്ചത്തില്‍ മനുഷ്യര്‍ക്കാവശ്യമായ വിഭവങ്ങളൊക്കെ തയ്യാറാക്കിവെച്ചത് അനുഭവിക്കുന്നതിന്നിടയില്‍ ഒരാള്‍ വന്ന് നീ മരണപ്പെട്ടതിനുശേഷം മറ്റൊരു ലോകത്തെത്തിയാല്‍ അവിടെയാണ് ശാശ്വതാനുഭവങ്ങളുണ്ടാവുക എന്ന് പറയുന്നത് ഉള്‍ക്കൊള്ളാന്‍ കഴിയാതാവുന്നത്. പാരത്രിക ജീവിതത്തെപ്പറ്റി ഖുര്‍ആന്‍ ശക്തിപ്പെടുത്തി ഊന്നിപ്പറയുമ്പോഴും ഗര്‍ഭസ്ഥ ശിശുവെപ്പോലെ കഴിയുന്ന മനുഷ്യര്‍ക്ക് പരമയാഥാര്‍ഥ്യത്തിന്റെ ഉള്‍ക്കാഴ്ചയുണ്ടാക്കുകയാണ് ഖുര്‍ആന്‍ ചെയ്തിട്ടുള്ളത്. ഇത്തരമൊരു ലോകത്തേക്ക് മനുഷ്യരെ എത്തിക്കാന്‍ ശാസ്ത്രത്തിന്നാവില്ല. എന്നാല്‍ ജ്ഞാനസമ്പാദനം കൊണ്ട് ഖുര്‍ആന്‍ ലക്ഷ്യമാക്കുന്നത് വെറും ബാഹ്യമായ കണ്ടെത്തലുകളുമല്ല.
പ്രവാചകന്മാരിലൂടെ അവതീര്‍ണമായ അറിവുകളും പദാര്‍ഥവാദിയും നിരീശ്വരവാദിയുമായ ഒരാള്‍ അവതരിപ്പിക്കുന്ന അറിവും തമ്മില്‍ മൗലികമായ വ്യത്യാസങ്ങള്‍ കാണാന്‍ കഴിയും. അതിനു കാരണം, ഖുര്‍ആന്‍ ആയത്തുകളിലൂടെ പഠിക്കാനും ചിന്തിക്കാനും ഉണര്‍ത്തുന്നത് പദാര്‍ഥങ്ങളിലൂടെ മനുഷ്യര്‍ക്ക് ഗവേഷണം നടത്തി കണ്ടെത്താന്‍ കഴിയുന്ന അറിവുകളല്ല. ഖുര്‍ആന്‍ വിഭാവനം ചെയ്യുന്ന അറിവുകള്‍ എല്ലാറ്റിനും അപ്പുറത്താണ്. ഈയൊരു തിരിച്ചറിവാണ് ജ്ഞാനസമ്പദാനംകൊണ്ട് ഖുര്‍ആന്‍ ലക്ഷ്യമാക്കുന്നത്. ‘രിസാലത്തും’ ‘നുബുവ്വത്തും’ ഭൗതികശാസ്ത്രീയ കണ്ടെത്തലുകളും തമ്മിലുള്ള അന്തരവും അതാണ്.
കാര്‍ഷിക ഉല്‍പന്നങ്ങള്‍ കൂടുതല്‍ വിളയിച്ചെടുക്കാനാവശ്യമായ ഗവേഷണങ്ങള്‍ പഠനനിരീക്ഷണങ്ങളിലൂടെ അഭിവൃദ്ധിപ്പെടുത്താനായേക്കാം. എന്നാല്‍ കൊയ്‌തെടുത്ത വിഭവങ്ങളില്‍ നിന്നൊരുവിഹിതം പാവങ്ങള്‍ക്ക് ആഹരിക്കാന്‍ ദാനമായി നല്‍കുന്നത് പുണ്യകര്‍മമാണെന്ന് ലാബുകളില്‍ വെച്ച് നിരീക്ഷിച്ചറിയാനാവില്ല. അതാണ് മതദര്‍ശനങ്ങളും ശാസ്ത്രീയ കണ്ടെത്തലുകളും തമ്മിലുള്ള വ്യത്യാസം.
വാതകങ്ങളും ഊര്‍ജങ്ങളും സ്‌ഫോടകവസ്തുക്കളും ആസിഡുകളും സംയോജിപ്പിച്ച് ബോംബുകളോ മിസൈലുകളോ നിര്‍മിക്കാന്‍ ശാസ്ത്രജ്ഞന്മാര്‍ക്ക് സാധിക്കും. എന്നാല്‍, അവര്‍ രൂപകല്പന ചെയ്തുണ്ടാക്കിയ സംഹാര വസ്തുക്കള്‍ മനുഷ്യര്‍ അധിവസിക്കുന്ന മഹാനഗരങ്ങളുടെ മേല്‍ പ്രയോഗിക്കാവതല്ലെന്ന അറിവ് ശാസ്ത്രീയ ഗവേഷണങ്ങള്‍ക്ക് വഴങ്ങുന്നതല്ലല്ലോ. പ്രാപഞ്ചിക പ്രതിഭാസങ്ങളെക്കുറിച്ച് യുക്തിവാദിക്ക് അവന്റേതായ ന്യായീകരണങ്ങളുണ്ടായെന്ന് വരാം. പ്രാപഞ്ചിക വസ്തുക്കളില്‍ ഇടപെട്ട് നിയന്ത്രണമേര്‍പ്പെടുത്താനൊന്നുമാവില്ലെന്ന് മാത്രം. മഴ, കാറ്റ്, ഇടിമിന്നല്‍, ജനന മരണങ്ങള്‍, കൊടുങ്കാറ്റ്, അഗ്നിപര്‍വതം, ഭൂകമ്പം, വായു, ആകാശം, സൗരയൂഥം എന്നിത്യാദി സൃഷ്ടികളിലൊന്നും ആവശ്യാനുസരണം ഇടപെടാന്‍ ശാസ്ത്രജ്ഞന്മാര്‍ക്ക് കഴിഞ്ഞിട്ടുണ്ടോ? വിഭവങ്ങളെ ശരിയായി നിലനിര്‍ത്താനോ ആപല്‍ക്കരമായ അനുഭവങ്ങളെ തടുക്കാനോ യുക്തിവാദിക്ക് സാധിക്കുമോ?
ഹൈഡ്രജനും ഓക്‌സിജനും സമ്മിശ്രമായി രൂപപ്പെടുന്നതാണ് വെള്ളമെന്ന് സമ്മതിച്ചാല്‍ തന്നെ ജീവികള്‍ക്കാവശ്യമായ ജലം ലഭിച്ചില്ലെങ്കില്‍ അത് നല്‍കാനോ കനത്ത മഴയായി രൂപപ്പെടുമ്പോള്‍ സംഭവിക്കുന്ന പ്രളയത്തെ തടഞ്ഞുനിര്‍ത്താനോ ശാസ്ത്രത്തിന്നാവില്ല.
വായു മണ്ഡലത്തില്‍ നടക്കുന്ന സമ്മര്‍ദം മൂലം കാറ്റടിക്കുന്നു എന്ന് വിവക്ഷിക്കുന്ന പദാര്‍ഥവാദിക്ക് അതുമൂലം സംഭവിക്കുന്ന കൊടുങ്കാറ്റിനെ തടുക്കാനുള്ള പോംവഴി നിര്‍ദേശിക്കാന്‍ കഴിഞ്ഞിട്ടില്ലല്ലോ. എന്നാല്‍ ഈ രംഗത്ത് പ്രവാചകന്മാര്‍ക്കും മതവിശ്വാസിക്കും കൈകടത്താനും നിയന്ത്രണമേര്‍പ്പെടുത്താനും സാധിക്കുമോ എന്ന് തിരിച്ചുചോദിച്ചാല്‍ ഇല്ലെന്ന് തന്നെയാണ് ഉത്തരം. പക്ഷേ, വിശ്വാസിയുടെ അടുക്കല്‍ പ്രാര്‍ഥനയെന്ന ഒരായുധമുണ്ട്. അതിലൂടെ രക്ഷപ്പെടുവാനും ജീവിതം ക്രമപ്പെടുത്താനും നിസ്സഹായാവസ്ഥയില്‍ ദൈവത്തില്‍ ഭരമേല്‍പിച്ച് ശക്തരാകാനും കഴിയും. ഭൗതികവാദിക്ക് അതിനു പോലുമാവില്ല. ചിലപ്പോള്‍ സന്നിഗ്ദ ഘട്ടത്തില്‍ മതവിശ്വാസിയുടെ പ്രാര്‍ഥനയുടെ ഫലസിദ്ധി കാരണമായി ലഭ്യമാകുന്ന ഐശ്വര്യങ്ങളായിരിക്കാം യുക്തിവാദി അനുഭവിക്കുന്നത്. ഞാന്‍ പ്രാര്‍ഥിച്ചതിനാലാണ് ഇങ്ങനെയൊക്കെ ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് പറയാന്‍ പോലും ഒരു യുക്തിവാദിക്കാവില്ല.
ഇത്തരം ഘട്ടത്തിലും മനുഷ്യര്‍ക്കാവശ്യമായ തിരിച്ചറിവ് പ്രവാചകന്മാര്‍ പകര്‍ന്നു തരുന്നു. ഇവിടെ സംവിധാനിച്ചിട്ടുള്ള വായുവും വെള്ളവും കായ്കനികളും ഭക്ഷ്യവസ്തുക്കളുമെല്ലാം അനുഭവിച്ചുകൊണ്ട് ഇതിന്റെ ദാതാവിനെ തള്ളിപ്പറയുന്നവനാണ് യുക്തിവാദി. അത്തരമൊരറിവാണ് നിരീശ്വരത്വം അവന് സമ്മാനിച്ചതെങ്കില്‍ പ്രവാചകന്മാര്‍ പഠിപ്പിച്ച അധ്യാപനങ്ങള്‍ ഉള്‍ക്കൊണ്ടവന്‍ ദാതാവിനെ മനസ്സിലാക്കി നിലകൊള്ളുന്നു. നിരീശ്വരത്വവും രിസാലത്തും നുബുവ്വത്തും തമ്മിലുള്ള ഈ വ്യതിരിക്തത മനസ്സിലാക്കാനുതകുന്ന വിവേകവും തിരിച്ചറിവു ഖുര്‍ആന്‍ പകര്‍ന്നു നല്‍കുന്നുണ്ട്. പരമയാഥാര്‍ഥ്യങ്ങളെ അവഗണിച്ചുകളയുന്ന അറിവാണ് യുക്തിവാദിയുടെ പക്കലുള്ളതെങ്കില്‍ അതിനെ തത്വജ്ഞാനമെന്ന് വിളിക്കാമോ? പ്രാപഞ്ചിക വ്യവസ്ഥകളെ തള്ളിക്കളയുന്നവന്, അവയെ പരിഹസിച്ചു നടക്കുന്നവന് ഈ വ്യവസ്ഥയ്ക്കനുസൃതമായി ജീവിക്കാന്‍ അവകാശമുണ്ടോ എന്നുപോലും അവന്‍ ചിന്തിക്കുന്നേയില്ല!
ശ്വാസം മുട്ടി ഒരാള്‍ ആശുപത്രി തേടുന്നു. അവന് അല്പനേരത്തേക്ക് നല്‍കുന്ന ഓക്‌സിജന്‍ എത്ര വിലപിടിപ്പുള്ളതാണ്. രക്തം ആവശ്യാനുസരണം ഉല്പാദിപ്പിക്കാന് ശാസ്ത്രത്തിന്നാകുമോ? മനുഷ്യശരീരത്തില്‍ പ്രവര്‍ത്തിക്കുന്ന ഹൃദയവും കിഡ്‌നിയും തകരാറായാല്‍ അവയെ കാര്യക്ഷമമാക്കാന്‍ ഓരോരുത്തരുടെയും യുക്തിചിന്തകൊണ്ടാകുമോ? ഇല്ലായെന്നാണെങ്കില്‍ ഈ പ്രപഞ്ചത്തെ ആവരണം ചെയ്തിട്ടുള്ളതും മനുഷ്യകഴിവുകള്‍ കൊണ്ട് നേരിടാനാവാത്തതുമായ പ്രപഞ്ചനാഥന്റെ നിശ്ചയങ്ങളെ മനസ്സിലാക്കാനുള്ള തിരിച്ചറിവാണ് ഖുര്‍ആന്‍ നല്‍കിയിട്ടുള്ളത്. ഖുര്‍ആനിക സൂക്തങ്ങള്‍ അറിവിനെ പ്രൗഢോജ്വലമാക്കും വിധം വശ്യത നിറഞ്ഞുനില്ക്കുന്നതാണ്.
യുക്തിവാദികള്‍ പ്രചരിപ്പിക്കുന്നത് പദാര്‍ഥ ലോകത്തിന്നപ്പുറം ഒന്നുമില്ലെന്നും ഈ പ്രപഞ്ചം തന്നെ സ്വയംഭൂവായുണ്ടായതാണെന്നുമാണ്. മരണാനന്തര ജീവിതം, വിചാരണ, സ്വര്‍ഗ നരകങ്ങള്‍ ഒന്നും തന്നെയില്ലെന്നതാണവരുടെ തിരിച്ചറിവ്. നമുക്കവരോട് ചോദിക്കുവാനുള്ളത്, ഈ ലോകത്തുവെച്ചേറ്റവും വലിയ ക്രൂരകൃത്യം ചെയ്തവനും സദ്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവനും സമമാണെന്ന് നിങ്ങള്‍ക്ക് വാദമുണ്ടെങ്കില്‍ മനുഷ്യരെല്ലാം നിയമവാഴ്ചയില്ലാതെ മൃഗതുല്യരായി, കൊടുംക്രൂരരായി, മൂല്യങ്ങള്‍ കയ്യൊഴിച്ചവരായി കൊലയാളികളായി അക്രമികളായി ജീവിച്ചാലും പ്രശ്‌നമില്ലെന്ന് എന്തുകൊണ്ട് മനുഷ്യരോട് പറയുന്നില്ല? ഇവിടെ താന്തോന്നിയായി ജീവിച്ചവനും പുരുഷാര്‍ഥങ്ങള്‍ പ്രവര്‍ത്തിച്ച് മാതൃക കാട്ടിയവനും മരണാനന്തര ജീവിതമെന്ന ഒന്നില്ലെങ്കില്‍ നന്മ പ്രവര്‍ത്തിക്കുന്നവരോട് അധര്‍മകാരിയാകാന്‍ എന്തുകൊണ്ട് ആവശ്യപ്പെട്ടുകൂടാ?
ആയതിനാല്‍ അതൊന്നും യുക്തിചിന്തയല്ലെന്ന് ജ്ഞാനബോധം സിദ്ധിച്ചവര്‍ ഉള്‍ക്കൊള്ളുന്നു. ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നത് കാണുക: ”അല്ലാഹു അവനുദ്ദേശിക്കുന്നവര്‍ക്ക് ജ്ഞാനം നല്‍കുന്നു. ജ്ഞാനം ആര്‍ക്കാണോ ലഭ്യമാകുന്നത് അവന്‍ ധാരാളം നന്മ കൈവന്നവനായി. ബുദ്ധിയുള്ളവനല്ലാതെ ഉറ്റാലോചന നടത്തുകയില്ല” (വി.ഖു 2:269)
ഒരു മഹാനഗരം. അവിടെ എല്ലാ തിന്മകളും അഴിഞ്ഞാടുന്നു. ലക്ഷ്യബോധമില്ലാതെ മനുഷ്യര്‍ ജീവിതം തള്ളിനീക്കുന്നു. ഇവരെ നല്ലവരാക്കിയെടുക്കാന്‍ ശാസ്ത്രത്തിനും യുക്തിവാദിക്കും സാധിക്കുമോ? ഭരണാധിപന്മാര്‍ക്കും പട്ടാളമേധാവികള്‍ക്കും കഴിയുമോ? ഇല്ലെങ്കില്‍ എന്താണ് പോംവഴി? ഇവിടെയാണ് ജ്ഞാനം, അറിവ്, സ്വബോധം, രിസാലത്ത് എന്നതിന്റെ യഥാര്‍ഥ സത്ത തിരിച്ചറിയുക. അറിവ് എന്നാല്‍ കേവലം സര്‍ട്ടിഫിക്കറ്റുകളോ മനപ്പാഠമാക്കിയ തിയറികളോ തിസീസുകളോ അല്ലെന്നും! ആയതിനാല്‍ മനുഷ്യനെ യഥാര്‍ഥ മനുഷ്യനാക്കുന്നത് യുക്തിവാദമോ നിരീശ്വര ചിന്തകളോ ദൈവധിക്കാരമോ അല്ലെന്നും തിരിച്ചറിയാനാകും. ഖുര്‍ആന്‍ പ്രോത്സാഹിപ്പിക്കുന്ന ജ്ഞാനബോധം മനുഷ്യമനസ്സുകളെ കഴുകി വൃത്തിയാക്കാനുള്ളതാണ്. സത്യവിശ്വാസവും സദ്കര്‍മങ്ങളും പഠിപ്പിച്ച്, രക്തബന്ധവും കുടുംബ ബന്ധവും മാനുഷിക ബന്ധങ്ങളും ഓതിക്കൊടുത്ത്, വിശ്വമാനവികതയും മനുഷ്യത്വവും ധരിപ്പിച്ച്, രക്തം, അഭിമാനം, സമ്പത്ത് എന്നിവയുടെ അമൂല്യതകള്‍ ബോധ്യപ്പെടുത്തി സത്യാസത്യ വിവേചനവും സന്മാര്‍ഗവും യഥാര്‍ഥ വെളിച്ചവും പകര്‍ന്നു നല്‍കി ഉള്‍ക്കാഴ്ചയോടെ നേരായ വഴിയില്‍ നടത്തുകയെന്ന ശ്രമകരമായ ദൗത്യമാണ്. അതത്രെ രിസാലത്തിന്റെ (പ്രവാചകത്വം) ആകെത്തുക.
അറിവുള്ളവനും അറിവില്ലാത്തവനും, നന്മയും തിന്മയും, കണ്ണ് കാണുന്നവനും കാണാത്തവനും, ഇരുട്ടും വെളിച്ചവും, തണലും വെയിലും, ജീവിച്ചിരിക്കുന്നവനും മരണമടഞ്ഞവനും, സന്മാര്‍ഗവും ദുര്‍മാര്‍ഗവും, ധര്‍മവും അധര്‍മവും ഒന്നും തന്നെ സമമാവുകയില്ല. ഈയൊരു തിരിച്ചറിവാണ് യഥാര്‍ഥമായ അറിവ്. പ്രപഞ്ചത്തെ ബുദ്ധിയുള്ള മനുഷ്യര്‍ക്ക് മുന്നില്‍ മലര്‍ക്കെ തുറന്നുവെച്ച് ചിന്തിച്ച് ഗ്രഹിച്ച് ജ്ഞാനബോധമുള്ളവരാകാനാണ് ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നത്. ഖുര്‍ആനിക സൂക്തങ്ങള്‍ അതിന്റെ അക്ഷരപദ വാചക വരികളിലൂടെ ഈയൊരു ചിന്തയെയാണ് അനര്‍ഘമാക്കുന്നത്. നിരന്തരമായ വായനയിലൂടെ നിലക്കാത്ത പഠന മനനത്തിലൂടെ അനന്തവും നിതാന്തമായി ഫലങ്ങള്‍ ആസ്വദിച്ചുകൊണ്ടിരിക്കുന്നതുമായ ലോകത്തേക്ക് മനുഷ്യനെ ഉയര്‍ത്തുകയാണ് ഖുര്‍ആന്‍.
അതെത്രമാത്രം ആശയ സമ്പന്നമാണ്? നോക്കുക. ”ഈ ഖുര്‍ആനിനെ നാം ഒരു പര്‍വതത്തിന്മേല്‍ അവതരിപ്പിച്ചിരുന്നെങ്കില്‍ അത്(പര്‍വതം) വിനീതമാകുന്നതും അല്ലാഹുവെപ്പറ്റിയുള്ള ഭയത്താല്‍ പൊട്ടിപ്പിളരുന്നതും നിനക്ക് കാണാമായിരുന്നു. ഉദാഹരണങ്ങള്‍ നാം ജനങ്ങള്‍ക്കുവേണ്ടി വിവരിക്കുന്നു. അവര്‍ ചിന്തിക്കുന്നവരാകാന്‍ വേണ്ടി” (വി.ഖു 59:21).
മാത്രമല്ല, ”(നബിയേ) പറയുക. ഈ ഖുര്‍ആന്‍ പോലൊന്ന് കൊണ്ടുവരുന്നതിനായി മനുഷ്യരും ജിന്നുകളും ഒന്നിച്ചു ചേര്‍ന്നാലും തീര്‍ച്ചയായും അതുപോലൊന്ന് അവര്‍ കൊണ്ടുവരികയില്ല. അവരില്‍ ചിലര്‍ ചിലര്‍ക്ക് പിന്തുണ നല്‍കുന്നതായാല്‍ പോലും” (വി.ഖു 17:88)
അതെ, ഖുര്‍ആനിന്റെ ഉള്ളടക്കം പര്‍വതങ്ങള്‍ക്ക് ഏറ്റെടുക്കാനോ അതുപോലൊന്ന് ജിന്നും മനുഷ്യനും ഒന്നിച്ച് ചേര്‍ന്ന് ഉണ്ടാക്കി അവതരിപ്പിക്കാനോ സാധ്യമല്ല. യുക്തിജ്ഞനും അപാര കഴിവിന്നുടമയുമായ പ്രപഞ്ചനാഥനില്‍ നിന്നുള്ളതാണത്. വറ്റിവരണ്ടുണങ്ങിപ്പോകാത്ത ദിവ്യസ്രോതസ്സില്‍ നിന്ന് ലഭിക്കുന്ന തീര്‍ഥജലവും ചിന്താശേഷിയുള്ളവന്റെ ജ്ഞാനബോധത്തെ അനശ്വരമാക്കുന്ന വചനങ്ങളുമത്രെ വിശുദ്ധ ഖുര്‍ആന്‍.