ഖുര്‍ആന്‍ മാനുഷിക പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം – ഖുര്‍ആന്‍ സംഗമം
ജിദ്ദ: പ്രതിസന്ധികളിലും പ്രയാസങ്ങളിലും പിടിച്ചുനില്‍ക്കാനുള്ള പിടിവള്ളിയാണ് വിശുദ്ധ ഖുര്‍ആനെന്നും മനുഷ്യരുടെ സകല പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം നിര്‍ദേശിക്കുന്ന വിശുദ്ധ ഖുര്‍ആന്‍ മനുഷ്യസമൂഹത്തിന്റെ രക്ഷാകവചമാണെന്നും ജിദ്ദ ഇസ്‌ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഖുര്‍ആന്‍ പഠിതാക്കളുടെ സംഗമം അഭിപ്രായപ്പെട്ടു. മുജാഹിദ് സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സംഗമം കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി എന്‍ എം അബ്ദുല്‍ജലീല്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറര്‍ എം അഹ്മദ് കുട്ടി മദനി പ്രഭാഷണം നടത്തി. നന്മയുടെ വ ക്താക്കളാവുകയും സഹജീവികളെ പരിഗണിക്കുകയും ചെയ്യാന്‍ ഖുര്‍ആന്‍ പഠിതാക്കള്‍ക്ക് സാധിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിശുദ്ധ ഖുര്‍ആനിന്റെ കേവല പാരായണമല്ല, അതിന്റെ ജീവിക്കുന്ന പതിപ്പുകളായിത്തീരുകയാണ് വേണ്ടത്. ജിദ്ദ ഇസ്‌ലാഹി സെന്ററിന്റെ കീഴില്‍ വിവിധ ഏരിയകളില്‍ നടക്കുന്ന ഖുര്‍ആന്‍ പഠനക്ലാസ്സുകളിലെ പഠിതാക്കള്‍ സംഗമത്തില്‍ പങ്കെടുത്തു. ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ജിദ്ദ പ്രസിഡണ്ട് അബ്ദുല്‍ ഗഫൂര്‍ വളപ്പന്‍ അധ്യക്ഷത വഹിച്ചു. ലിയാഖത്ത് അലി ഖാന്‍, ജമാല്‍ ഇസ്മായില്‍, മുഹമ്മദ് യൂനുസ് പ്രസംഗിച്ചു.