8 Sunday
September 2024
2024 September 8
1446 Rabie Al-Awwal 4

നിങ്ങള്‍ ഖുര്‍ആന്‍ കണ്ടിട്ടുണ്ടോ?

ഖലീലുര്‍റഹ്മാന്‍ മുട്ടില്‍


ഒരു പ്രദേശത്തെ ഖുര്‍ആന്‍ പഠനക്ലാസാണ് വേദി. ‘ഖുര്‍ആനിലെ ശാസ്ത്രസൂചനകള്‍’ എന്ന വിഷയം അവതരിപ്പിക്കുന്ന അവതാരകന്‍ തുടക്കത്തില്‍ തന്നെ സദസ്സിനോട് കൗതുകം ഉണര്‍ത്തുന്ന ഒരു ചോദ്യം ഉന്നയിച്ചു: ”നിങ്ങള്‍ ഖുര്‍ആന്‍ കണ്ടിട്ടുണ്ടോ?” ആരും ഒന്നും മിണ്ടിയില്ല. അദ്ദേഹം ചോദ്യം ആവര്‍ത്തിച്ചു: ”ആര്‍ക്കും ഒന്നും പറയാനില്ലേ? നിങ്ങളില്‍ എത്ര പേര്‍ ഖുര്‍ആന്‍ കണ്ടിട്ടുണ്ട്?”
സദസ്സിലുള്ളവര്‍ പരസ്പരം നോക്കാന്‍ തുടങ്ങി. തളംകെട്ടിനില്‍ക്കുന്ന നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ട് ഒരു മദ്റസാ വിദ്യാര്‍ഥി പറഞ്ഞു: ”പള്ളിയില്‍ നിന്നും മദ്റസയില്‍ നിന്നും ഞാന്‍ ഖുര്‍ആന്‍ കണ്ടിട്ടുണ്ട്.” അവതാരകന്‍ സദസ്സിനോട്: ”ഈ കുട്ടി കണ്ട ഖുര്‍ആന്‍ തന്നെയാണോ നിങ്ങളും കണ്ടത്?” അവരില്‍ പലരും തലയാട്ടി.
അവതാരകന്‍: ”എങ്കില്‍ മുഹമ്മദ് നബി(സ) ഖുര്‍ആന്‍ കണ്ടിട്ടില്ല എന്ന് പറയേണ്ടിവരും. മാത്രമല്ല, പ്രവാചകന്റെ കാലത്തെ സഹാബികളും ഇതുപോലുള്ള ഖുര്‍ആന്‍ കണ്ടിട്ടില്ല.” ആകാംക്ഷയോടുകൂടി ശ്രദ്ധിച്ചുനില്‍ക്കുന്ന സദസ്സിനോട് അദ്ദേഹം വിശദീകരണം തുടര്‍ന്നു: ”അവരുടെ കാലത്ത് രണ്ടു ചട്ടകള്‍ക്കിടയില്‍ കുറേ പേജുകളിലായി ഖുര്‍ആന്‍ ശേഖരിച്ചിരുന്നില്ല. അത് പില്‍ക്കാലത്താണ് ചെയ്തത്. അതിന് മുസ്ഹഫ് എന്നാണ് പറയുന്നത്. പ്രവാചകന്റെ കാലത്ത് കുരുത്തോലയിലും തുകലിലുമെല്ലാം ഖുര്‍ആന്‍ എഴുതിവെച്ചിരുന്നുവെങ്കിലും അത് പലരുടെയും കൈകളിലായി ചിന്നിച്ചിതറി കിടക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ഇന്ന് നമ്മുടെ കൈകളിലുള്ളപോലെ സമ്പൂര്‍ണ മുസ്ഹഫ് അവര്‍ കണ്ടിട്ടില്ല.”
പ്രവാചകന്‍ കണ്ട
ഖുര്‍ആന്‍

പ്രവാചകനും സമകാലികരായ സഹാബിമാരും ഖുര്‍ആന്‍ പുറംകണ്ണുകൊണ്ട് കാണുകയല്ല ചെയ്തത്. അകക്കണ്ണുകൊണ്ട് അനുഭവിക്കുകയായിരുന്നു. അവരുടെ കൈകളിലായിരുന്നില്ല, ഹൃദയങ്ങളിലായിരുന്നു ഖുര്‍ആന്‍. അവരുടെ പള്ളിയിലും വീടുകളിലും നൂറുകണക്കിന് ഖുര്‍ആന്‍ കോപ്പികള്‍ വിശ്രമിച്ചിട്ടില്ല. ഒരു ഖുര്‍ആനിന്റെ കോപ്പി പോലുമില്ലാത്ത പള്ളിയായിരുന്നു പ്രവാചകന്റേത്. എന്നാല്‍ പ്രവാചകനും അനുയായികളും ഖുര്‍ആനിന്റെ ജീവിക്കുന്ന പതിപ്പുകളായിരുന്നു. മനസ്സുകളില്‍ ഖുര്‍ആന്‍ നിറഞ്ഞുനിന്നതുകൊണ്ട് ഖുര്‍ആനിലെ വചനങ്ങള്‍ കേവല വരികളായി അവര്‍ക്ക് അനുഭവപ്പെട്ടില്ല. ഓരോ വചനങ്ങളും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളായി അവര്‍ക്ക് ബോധ്യപ്പെട്ടു. അവരുടെ ജീവിതത്തിലെ ഓരോ സംഭവങ്ങളിലും ഖുര്‍ആന്‍ അവരോട് സംസാരിക്കുന്നതായി അവര്‍ക്ക് അനുഭവപ്പെട്ടു.
പ്രവാചകന്‍(സ) ഈ ലോകത്തോട് വിടപറഞ്ഞിരിക്കുകയാണ്. എന്നാല്‍ അദ്ദേഹത്തിന്റെ മരണവാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മരിച്ചെന്നും ഇല്ലെന്നുമുള്ള വാര്‍ത്ത അവര്‍ക്കിടയില്‍ അസ്വസ്ഥതയുണ്ടാക്കി. അദ്ദേഹത്തിന്റെ മരണം ഉള്‍ക്കൊള്ളാന്‍ സഹാബികള്‍ക്ക് കഴിയുന്നില്ല. പലരും നിയന്ത്രണം വിട്ടു. ഉമര്‍(റ) കോപാന്ധനായി. പ്രവാചകന്‍(സ) മരിച്ചെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവന്റെ തല ഉമര്‍ എടുക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. രോഷാകുലനായ ഉമറിനെ തണുപ്പിക്കാന്‍ എന്തു ചെയ്യുമെന്നറിയാതെ മറ്റു ള്ളവര്‍ കുഴങ്ങി.
ഉമര്‍ വാളൂരിയാല്‍ അപകടമാണെന്ന് അവര്‍ക്കറിയാം. ഒടുവില്‍ അബൂബക്കര്‍(റ) മിമ്പറില്‍ കയറി വിശുദ്ധ ഖുര്‍ആനിലെ വചനം ഓതിക്കേള്‍പ്പിച്ചു: ”മുഹമ്മദ് ദൈവദൂതനല്ലാതാരുമല്ല. അദ്ദേഹത്തിനു മുമ്പും ദൈവദൂതന്മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്. അദ്ദേഹം മരണപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്താല്‍ നിങ്ങള്‍ പിന്തിരിഞ്ഞുപോവുകയോ? ആരെങ്കിലും പിന്തിരിഞ്ഞുപോകുന്നുവെങ്കില്‍ അറിയുക: അവന്‍ അല്ലാഹുവിന് ഒരു ദ്രോഹവും വരുത്തുകയില്ല. അതോടൊപ്പം, നന്ദി കാണിക്കുന്നവര്‍ക്ക് അല്ലാഹു അര്‍ഹമായ പ്രതിഫലം നല്‍കും” (3:144). എന്നിട്ട് അദ്ദേഹം പറഞ്ഞു: ”ആരെങ്കിലും മുഹമ്മദ് നബി(സ)യെയാണ് ആരാധിച്ചിരുന്നതെങ്കില്‍ അദ്ദേഹം മരിച്ചിരിക്കുന്നു. ആരെങ്കിലും അല്ലാഹുവിനെയാണ് ആരാധിക്കുന്നതെങ്കില്‍ അവന്‍ എന്നെന്നും ജീവിച്ചിരിക്കുന്നവനാകുന്നു” (ബുഖാരി).
മിമ്പറില്‍ നിന്നിറങ്ങിയ അബൂബക്കറിനെ കെട്ടിപ്പിടിച്ചുകൊണ്ട് ഉമര്‍ പ്രവാചകന്റെ വിയോഗം അംഗീകരിച്ചു. ഉഹ്ദ് യുദ്ധവേളയില്‍ ഇറങ്ങിയ വചനമായിരുന്നു ഇതെങ്കിലും പ്രവാചകന്‍(സ) മരിച്ച സമയത്ത് ഇറങ്ങിയതുപോലെയാണ് ഉമറിനത് അനുഭവപ്പെട്ടതെന്ന് അദ്ദേഹം അബൂബക്കറിനെ അറിയിച്ചു. ആര്‍ക്കും തണുപ്പിക്കാന്‍ കഴിയാത്ത ഉമറിന്റെ രോഷത്തെ തല്ലിക്കെടുത്തിയത് കുളിര്‍മഴയായി പെയ്തിറങ്ങിയ ഖുര്‍ആന്‍ വചനമായിരുന്നു.

ഖുര്‍ആന്‍ വായന
പഠനത്തിന് ആഹ്വാനം ചെയ്തുകൊണ്ടാണ് ഖുര്‍ആന്‍ അവതരണം കുറിച്ചിട്ടുള്ളത്. ‘നീ വായിക്കുക’ എന്ന കല്‍പനാക്രിയയാണ് ഹിറാ ഗുഹയിലെ ആദ്യ വചനത്തിന്റെ തുടക്കം. നിരക്ഷരനായ പ്രവാചകന്‍(സ) അത് കേള്‍പ്പിച്ചതും നിരക്ഷരരായ പ്രബോധിതരെയാകുന്നു. പേന കൊണ്ട് പഠിപ്പിച്ചവന്റെ തിരുനാമത്തില്‍ വായിക്കാനാണ് അടുത്ത ആഹ്വാനം.
അന്നത്തെ അറബികള്‍ക്ക് ഒട്ടും പരിചയമില്ലാത്ത ആയുധമായിരുന്നു അത്. അവര്‍ക്ക് പരിചയമുള്ളത് വാളായിരുന്നു. വാളിന് സെയ്ഫ് എന്നാണ് അറബിയില്‍ പറയുന്നത്. എന്നാല്‍ ഈ വാക്ക് ഖുര്‍ആനില്‍ ഒരിടത്തുപോലും കാണാന്‍ കഴിയുന്നില്ല. ഒരുതല മൂര്‍ച്ചയുള്ള രക്തം ചിന്തുന്ന വാളില്‍ നിന്നു ഇരുതല മൂര്‍ച്ചയുള്ള സ്‌നേഹം തുളുമ്പുന്ന പേനയിലേക്ക് എത്താനുള്ള ആഹ്വാനമായിരുന്നു, വികാരത്തില്‍ നിന്നു വിചാരത്തിലേക്ക് മടങ്ങാനുള്ള, പേന കൊണ്ട് മാത്രം സാധ്യമാവുന്ന വിപ്ലവാഹ്വാനമായിരുന്നു വായന. വികാരത്തിന് ബുദ്ധിയും ചിന്തയും വേണ്ട. വിചാരത്തിന് അവ അനിവാര്യമാണ്.
വായിക്കുക എന്ന ഖുര്‍ആനിന്റെ ആഹ്വാനം അക്ഷരങ്ങള്‍ കൂട്ടിവെച്ചുള്ള വായന എന്ന അര്‍ഥത്തില്‍ മാത്രമല്ല. മുഹമ്മദ് നബിക്കും അനുയായികള്‍ക്കും പുസ്തക വായന എന്ന സങ്കല്‍പം രൂപപ്പെടാന്‍ സാധ്യതയില്ലല്ലോ? വാക്കുകളും വാചകങ്ങളും ഉള്‍ക്കൊള്ളുന്ന ഖുര്‍ആന്‍ പോലും അവര്‍ക്ക് പരിചയമില്ല. അവര്‍ വായിച്ചത് അക്ഷരങ്ങളില്ലാത്ത വാചാലമായ പ്രപഞ്ചത്തെയാണ്. വിശദീകരണക്ഷമതയുള്ള അവരുടെ സൃഷ്ടിപ്പിനെക്കുറിച്ചും ആകാശഭൂമിയെ കുറിച്ചും രാപകലുകളെ കുറിച്ചുമൊക്കെയായിരുന്നു അവര്‍ വായിച്ചത്. അതുകൊണ്ടുതന്നെ അവരുടെ മനസ്സിലെ ഖുര്‍ആന്‍ വചനങ്ങള്‍ ഓരോന്നും അവര്‍ക്ക് ദൃഷ്ടാന്തങ്ങളായി പുലര്‍ന്നു. ”ഈ ഖുര്‍ആന്‍ സത്യമാണെന്ന് അവര്‍ക്ക് വ്യക്തമാകുംവിധത്തില്‍ നാനാദിക്കുകളിലും അവരില്‍ തന്നെയും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നാം അവര്‍ക്കു കാണിച്ചുകൊടുക്കും” (41:53).
ഖുര്‍ആന്‍ പഠനത്തിന്റെ പ്രവാചക മാതൃകയില്‍ പ്രഥമഗണനീയമാണ് വചനങ്ങളെ കുറിച്ചുള്ള ചിന്തയും പഠനവും. ഖുര്‍ആന്‍ പഠനത്തിന് ഇസ്‌ലാമിക ലോകം അവലംബിച്ച രീതിശാസ്ത്രത്തില്‍ നാലു തലങ്ങള്‍ കാണാന്‍ കഴിയും.
ഒന്ന്: ഖുര്‍ആനിനെ ഖുര്‍ആന്‍ കൊണ്ടുതന്നെ മനസ്സിലാക്കുക. ഖുര്‍ആനിലെ ഒരു വചനത്തെ മറ്റു വചനങ്ങള്‍ വ്യക്തമാക്കാറുണ്ട്. ‘സ്വിറാത്വല്ലദീന അന്‍അംത അലൈഹിം’ എന്ന വചനത്തിന്റെ വ്യാഖ്യാനമാണ് 4:69, 19:58 എന്നീ വചനങ്ങളില്‍ കാണാന്‍ കഴിയുന്നത്.
രണ്ട്: ഖുര്‍ആനിനെ പ്രവാചക ചര്യയില്‍ നിന്നു മനസ്സിലാക്കുക. നിങ്ങള്‍ നമസ്‌കാരം നിലനിര്‍ത്തുവിന്‍ എന്ന വചനത്തിന്റെ വ്യാഖ്യാനമാണ് പ്രവാചകന്‍ നിത്യജീവിതത്തില്‍ കാണിച്ചുതന്നത്. നമസ്‌കാരത്തിന്റെ രൂപം, സമയം, റക്അത്തുകളുടെ എണ്ണം തുടങ്ങിയവയെല്ലാം അതില്‍ ഉള്‍പ്പെടും.
മൂന്ന്: സഹാബികള്‍ നല്‍കിയ വ്യാഖ്യാനം മനസ്സിലാക്കല്‍.
നാല്: ബുദ്ധിയും ചിന്തയും ഉപയോഗിച്ച് ഖുര്‍ആന്‍ വചനങ്ങളുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലല്‍. ”നിങ്ങള്‍ ഖുര്‍ആനിനെ കുറിച്ച് ചിന്തിച്ച് മനസ്സിലാക്കുന്നില്ലേ? അതല്ല, അവരുടെ ഹൃദയങ്ങള്‍ താഴിട്ടു പൂട്ടിയിട്ടുണ്ടോ?” (47:24).
ഈ നാല് രീതികളും ഖുര്‍ആന്‍ പഠിതാവ് അവലംബിക്കേണ്ടതുണ്ട്. ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങള്‍ രചിച്ചവര്‍ നാലാമത്തെ തലത്തില്‍ അവരുടെ വീക്ഷണങ്ങള്‍ കുറിക്കാറുണ്ട്. അവ അവസാന നിരീക്ഷണമല്ലെന്ന് ഖുര്‍ആന്‍ പഠിതാവ് തിരിച്ചറിയേണ്ടിയിരിക്കുന്നു. അവരുടെ നിരീക്ഷണങ്ങള്‍ക്ക് സ്ഥല-കാല-വൈജ്ഞാനിക സമ്മര്‍ദങ്ങളും സ്വാധീനങ്ങളും ഉണ്ടാവുക സ്വാഭാവികമാണ്. ശാസ്ത്രജ്ഞാനമുള്ള ഖുര്‍ആന്‍ വ്യാഖ്യാതാവിന്റെ രചന മതവിജ്ഞാനം മാത്രമുള്ളവരില്‍ നിന്നു വിഭിന്നമായിരിക്കും. 12-ാം നൂറ്റാണ്ടിലെ ഖുര്‍ആന്‍ വ്യാഖ്യാനത്തിലെ ബൗദ്ധിക നിരീക്ഷണങ്ങള്‍ ആയിരിക്കുകയില്ല 21-ാം നൂറ്റാണ്ടിലെ വ്യാഖ്യാനത്തിലുള്ളത്. ഈ വസ്തുത മനസ്സിലാക്കാതെ ഖുര്‍ആന്‍ പഠനത്തിന് ഒരുമ്പെടുന്നവരുണ്ട്. പൂര്‍വികരായ മുഫസ്സിറുകളുടെ നിരീക്ഷണങ്ങള്‍ ആദ്യമേ മനസ്സിലാക്കിവെക്കുകയും അവര്‍ പറഞ്ഞതിനപ്പുറം ചിന്തിക്കുന്നതുപോലും കുറ്റകരമാണെന്ന് കരുതുകയും ചെയ്യുന്നവരാണ് അവര്‍. ഹൃദയങ്ങള്‍ താഴിട്ടു പൂട്ടുന്നതിന്റെ മറ്റൊരു രീതിയാണിത്.
വായനയും
പാരായണവും

ഓരോരുത്തര്‍ക്കും സാധ്യമായ രീതിയില്‍ ഗവേഷണാത്മകമായി ഖുര്‍ആനിനെ സമീപിക്കുന്നതിനാണ് ഖുര്‍ആന്‍ ‘വായന’ എന്ന് ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ അര്‍ഥവും ആശയവും അറിയാതെ, ഒന്നും മനസ്സിലാകാതെ ദിവ്യവചനങ്ങളാണ് എന്ന അര്‍ഥത്തില്‍ ഖുര്‍ആന്‍ പാരായണം ചെയ്യാറുണ്ട്. പ്രതിഫലാര്‍ഹമായ കാര്യമായി തന്നെയാണ് പ്രവാചകന്‍(സ) ഇതിനെ വിശേഷിപ്പിച്ചത്. തിരുമേനി(സ) പറഞ്ഞു: ”ആരെങ്കിലും അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ നിന്ന് ഒരക്ഷരം പാരായണം ചെയ്താല്‍ അവന് ഒരു നന്മയുണ്ട്. നന്മകള്‍ പത്തിരട്ടിയോളം വര്‍ധിക്കും. അലിഫ് ലാം മീം എന്നത് ഒരു അക്ഷരമാണെന്ന് ഞാന്‍ പറയുന്നില്ല. മറിച്ച് അലിഫ് ഒരക്ഷരമാകുന്നു. ലാം ഒരക്ഷരവും മീം മറ്റൊരു അക്ഷരവുമാകുന്നു” (തിര്‍മിദി).
ഖുര്‍ആന്‍ പാരായണത്തിന് ‘തിലാവതുല്‍ ഖുര്‍ആന്‍’ എന്നാണ് സാങ്കേതികമായി ഉപയോഗിക്കാറുള്ളത്. എന്നാല്‍ ഇതര പുസ്തകങ്ങള്‍ പാരായണം ചെയ്യുന്നതുപോലെ വെറുതെ വായിക്കുന്നതാവരുത് ഖുര്‍ആന്‍ പാരായണം എന്ന് ഖുര്‍ആനിനു തന്നെ നിര്‍ബന്ധമുണ്ട്. ‘തെലാ’ എന്ന പദത്തില്‍ നിന്നുടലെടുത്തതാണ് ‘തിലാവത്ത്’ എന്ന വാക്ക്. ‘തെലാ’ എന്നാല്‍ ‘പിന്തുടരുക’ എന്നാണ് അര്‍ഥം. ”സൂര്യനും അതിന്റെ പ്രഭയും തന്നെയാണ് സത്യം. ചന്ദ്രന്‍ തന്നെയാണ് സത്യം, അത് സൂര്യനെ പിന്തുടരുമ്പോള്‍” (91:1,2). ചന്ദ്രന്‍ സൂര്യനെ പിന്തുടരുന്നതിന് ‘തെലാ’ എന്ന വാക്കാണ് ഖുര്‍ആന്‍ ഉപയോഗിച്ചിരിക്കുന്നത്. ഖുര്‍ആന്‍ പഠിതാവ് ഒരു വചനം പഠിച്ചുകഴിഞ്ഞാല്‍ അത് തന്റെ ജീവിതത്തില്‍ പകര്‍ത്തണമെന്നാണ് ഇതെല്ലാം അറിയിക്കുന്നത്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x