ഖുര്‍ആന്‍ കീറുന്നു, കത്തിക്കുന്നു, ഫലസ്തീനികളെ കൊല്ലുന്നു; ഇസ്‌റാഈല്‍ വിനോദം അവസാനിക്കുന്നില്ല

ജനീന്‍ നഗരത്തില്‍ ഇസ്‌റാഈല്‍ സൈന്യത്തിന്റെ വെടിയേറ്റ് മരണപ്പെട്ട 12-കാരന്‍ മഹ്മൂദ് മുഹമ്മദ് ഖലീല്‍ സമൂദിയുടെ മൃതദേഹത്തെ അനുഗമിച്ച് നൂറുകണക്കിനു ഫലസ്തീനികള്‍ വടക്കുപടിഞ്ഞാറ് യാമൂന്‍ പട്ടണത്തില്‍ ഒത്തുചേര്‍ന്നു. ഇസ്‌റാഈലി സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെടുന്ന 41-ാമത്തെ കുട്ടിയാണ് മഹ്മൂദ് സമൂദി. ഈ വര്‍ഷം ഇതുവരെ 170 ഫലസ്തീനികള്‍ മേഖലയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
അധിനിവിഷ്ട ജറൂസലമിനു വടക്കുകിഴക്കുള്ള ശഅ്ഫാള് ക്യാമ്പില്‍ ഇസ്‌റാഈലി സൈന്യവും ഫലസ്തീനി യുവാക്കളും തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്നുള്ള വെടിവെപ്പിലാണ് മഹ്മൂദ് സമൂദി മരണപ്പെട്ടത്. ഇസ്‌റാഈല്‍ സൈന്യം ദാഹിയ്യത്തുസ്സലാം ക്യാമ്പിലേക്ക് അതിക്രമിച്ചു കയറി വീടുകളും പള്ളികളും റെയ്ഡ് നടത്തിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. രണ്ടാം ദിവസവും ശഅ്ഫാള് ക്യാമ്പിലേക്കുള്ള പ്രവേശന കവാടത്തിലെ ചെക് പോയിന്റ് അടച്ച് കിഴക്കന്‍ ജറൂസലമിലെ വിവിധ പട്ടണങ്ങളില്‍ പതിനായിരക്കണക്കിന് ഫലസ്തീനികളെ ഇസ്‌റാഈലി സേന ഉപരോധിച്ചു. അധിനിവിഷ്ട വെസ്റ്റ്ബാങ്കിലുണ്ടായ ഏറ്റുമുട്ടലുകളിലും റെയ്ഡുകളിലും ഒരു കുട്ടി ഉള്‍പ്പെടെ നാലു ഫലസ്തീനികളും കൊല്ലപ്പെട്ടിരുന്നു. ഫലസ്തീനികളുടെ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനുള്ള ‘ഭീകരവിരുദ്ധ പ്രവര്‍ത്തന’ത്തിന്റെ ഭാഗമായാണ് ദിനംപ്രതി ആക്രമണം നടത്തുന്നതെന്ന് ഇസ്രായേലി സൈന്യം പറഞ്ഞു. അതേസമയം, കുടിയേറ്റക്കാര്‍ വിശുദ്ധ ഖുര്‍ആന്‍ കീറിക്കളയുകയും കത്തിക്കുകയും അധിനിവിഷ്ട വെസ്റ്റ്ബാങ്കിനു തെക്കുള്ള ഹെബ്രോണ്‍ നഗരത്തിലെ മാലിന്യങ്ങളിലേക്ക് വലിച്ചെറിയുകയും ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
