1 Tuesday
July 2025
2025 July 1
1447 Mouharrem 5

ഖുര്‍ആന്‍ സ്വാധീനം ബേവിഞ്ചന്‍ സാഹിത്യത്തില്‍

അഡ്വ. ബി എഫ് അബ്ദുറഹ്മാന്‍


പ്രവാചക കീര്‍ത്തന കാവ്യങ്ങളില്‍ വിശ്വ വിശ്രുതമാണ് കഅബു ബിന്‍ സുഹൈറിന്റെ ‘ബാനത് സുആദ്’ എന്ന അറബി കാവ്യം. അറുപത്തിരണ്ട് ഈരടികളിലായി വിരചിതമായ ഈ കാവ്യം വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. ഹാവര്‍ഫോര്‍ഡ് കോളജിലെ മൈക്കിള്‍ എ സെല്‍സ്, മേല്‍ കൃതിയുടെ മുപ്പത്തിയെട്ടാം ഈരടികളെ വിവര്‍ത്തനം ചെയ്തതു നോക്കുക:
Every woman’s son,
long safe,
will one day be carried off
on a curvebacked bier.
ഏതൊരുമ്മ പെറ്റ പുത്രനും ഒരുനാള്‍ മയ്യത്ത് കട്ടിലാല്‍ വഹിക്കപ്പെട്ട് പള്ളിപ്പറമ്പിലേക്ക് യാത്രയാകും എന്ന അര്‍ത്ഥം വരുന്ന ഈ വരികളില്‍ കൂടി എന്റെ വായന ഉത്സാഹപൂര്‍വ്വം സഞ്ചരിക്കുന്നതോടെയാണ് ഇബ്‌റാഹീം ബേവിഞ്ചയുടെ മരണ വൃത്താന്തം വന്നെത്തുകയും എന്നെ അസ്വസ്ഥനാക്കുകയും ചെയ്തത്.
പുണ്യ പ്രവാചകനെ മാത്രമല്ല, ഖുര്‍ആനെയും അത് പ്രവാചകന് സമ്മാനിച്ച അല്ലാഹുവിനെയും ബാനത് സുആദില്‍ പ്രകീര്‍ത്തിക്കുന്നുണ്ട്. ബേവിഞ്ചയുടെ മിക്ക കൃതികളും വായിക്കുമ്പോള്‍ മാന്ത്രിക ശക്തിയുള്ള ഖുര്‍ആനികാശയങ്ങളും, സാഹിത്യത്തിന്റെ ഉത്തുംഗതയും നമ്മുടെ മുന്നില്‍ തെളിമയോടെ വന്നു നില്‍ക്കുന്ന പ്രതീതിയുണ്ടാവും. അവ ഹൃദയത്തെ ചലിപ്പിക്കുകയും ചെയ്യും. ഇംഗ്ലീഷില്‍ ബിരുദവും മലയാളത്തില്‍ ബിരുദാനന്തര ബിരുദവും സമ്പാദിച്ച ബേവിഞ്ചക്ക്, ഖുര്‍ആനെ പരിചയപ്പെടാന്‍ പറ്റിയത് സാഹിത്യസപര്യക്ക് വലിയ മുതല്‍ക്കൂട്ടായി മാറി. ‘മതത്തില്‍ നിന്നാണ് സാഹിത്യത്തിലേക്കും കഥയിലേക്കും താന്‍ പ്രവേശിച്ചത്’ എന്ന് ബേവിഞ്ച തന്നെ പറഞ്ഞിട്ടുണ്ട്.
മലയാള സാഹിത്യ ചരിത്രത്തില്‍ എണ്ണപ്പെട്ട പല പുസ്തകങ്ങളുടെയും രചയിതാവ് എന്നതുപോലെ, ‘ശബാബ്’ അടക്കം പല ആനുകാലികങ്ങളിലും വളരെയേറെ ലേഖനങ്ങള്‍ എഴുതിയ ഇബ്‌റാഹീം ബേവിഞ്ച, എഴുത്തിലും പ്രഭാഷണത്തിലും പ്രയോഗിച്ചിരുന്ന ഭാഷയും രീതിയും വേറിട്ടതായിരുന്നു. വിദ്യാര്‍ഥിയായിരുന്നപ്പോള്‍ തന്നെ ധാരാളം വായിക്കുകയും പുസ്തകങ്ങളെ പ്രണയിക്കുകയും ചെയ്തു അദ്ദേഹം. വായന ബേവിഞ്ചയുടെ ജീവവായു ആയിരുന്നു എന്ന് തന്നെ പറയാം.
ഒരു ഡസനില്‍ പരം കൃതികള്‍ അദ്ദേഹം രചിച്ചു. അത്രതന്നെ അവാര്‍ഡുകളും അദ്ദേഹത്തെ തേടിയെത്തി. പുസ്തകങ്ങളെ കുറിച്ച് സമഗ്രമായി പഠിച്ചതിനുശേഷം, അവയ്ക്ക് അവതാരികകള്‍ എഴുതി. ശാരീരിക അവശതകള്‍ക്കിടയിലും വായനയും അവതാരികകളും ഒന്നും മാറ്റിവെച്ചില്ല.
പാര്‍ക്കിന്‍സന്‍സ് രോഗം അദ്ദേഹത്തെ വല്ലാതെ ആക്രമിച്ചുകൊണ്ടിരുന്ന സമയത്താണ് ഈ ലേഖകന്റെ ‘ഉബൈദോര്‍മ്മകള്‍’ എന്ന പുസ്തകത്തിന് ഇബ്‌റാഹിം ബേവിഞ്ച ആമുഖക്കുറിപ്പ് എഴുതിത്തന്നത്. ഒരുപക്ഷേ അതാവും ബേവിഞ്ച മാഷ് അവസാനമായി എഴുതിയ ആമുഖക്കുറിപ്പ്.
സവിശേഷമായ സ്‌നേഹത്തില്‍ പൊതിഞ്ഞ് തന്ന ആ സൗമനസ്യത്തിന്, പ്രാര്‍ഥന അല്ലാതെ വേറെന്ത് തിരിച്ചു നല്‍കും!

Back to Top